Image

ആവേശത്തിമിര്‍പ്പില്‍ മലയാളം മിഷന്‍ പഠനോത്സവം

Published on 20 May, 2018
ആവേശത്തിമിര്‍പ്പില്‍ മലയാളം മിഷന്‍ പഠനോത്സവം

കുവൈത്ത് സിറ്റി: കുവൈറ്റില്‍ ആദ്യമായി നടത്തിയ മലയാളം മിഷന്‍ പഠനോത്സവം വ്യത്യസ്തമായ പരീക്ഷാ രീതി കൊണ്ടും, വിദ്യാര്‍ത്ഥി പങ്കാളിത്തം കൊണ്ടും ആവേശമായി. മലയാളം മിഷന്‍ കണിക്കൊന്ന പരീക്ഷയുടെ ഭാഗമായാണ് മലയാളം മിഷന്‍ കുവൈത്ത് ചാപ്റ്ററിന്റെ നേതൃത്വത്തില്‍ പഠനോത്സവം സംഘടിപ്പിച്ചത്. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍ നടന്ന പരീക്ഷയില്‍ 18 ക്ലാസ്സുകളിലായി 510 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. പഠനോത്സവത്തിന്റെ ഉദ്ഘാടനം യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍ മാനേജര്‍ അഡ്വ: ജോണ്‍ തോമസ് നിര്‍വഹിച്ചു. 

സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിന് മലയാളം മിഷന്‍ കുവൈറ്റ് ചാപ്റ്റര്‍ ചീഫ് കോര്‍ഡിനേറ്റര്‍ ജെ.സജി സ്വാഗതവും, ചാപ്റ്റര്‍ അംഗം തോമസ് കുരുവിള നന്ദിയും രേഖപ്പെടുത്തി. മലയാളം മിഷന്‍ പരീക്ഷാ കോര്‍ഡിനേറ്റര്‍ എം.ടി.ശശി സംസാരിച്ചു. ചാപ്റ്റര്‍ അംഗങ്ങളായ സാം പൈനുംമൂട്, അബ്ദുള്‍ ഫത്താഹ് തയ്യില്‍, സനല്‍കുമാര്‍, സജിത സ്‌കറിയ, ബഷീര്‍ ബാത്ത, സജീവ് എം.ജോര്‍ജ്ജ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. കവിതകളും, പാട്ടുകളുമായി നടന്ന പഠനോത്സവം കുട്ടികളിലും, രക്ഷിതാക്കളും ആവേശത്തോടെ ഏറ്റെടുത്തു.

തുടര്‍ന്നു 18 ക്ലാസുകളിലായി കുട്ടികള്‍ പരീക്ഷയെഴുതി. കല കുവൈറ്റ്, എസ്.എം.സി.എ, ഫ്രണ്ട്‌സ് ഓഫ് കണ്ണൂര്‍ എന്നീ മേഖലകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതിയത്. 10 മാര്‍ക്ക് വീതമുള്ള 6 ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്. ഉത്തരങ്ങള്‍ പാട്ടുകളിലൂടെയും, കളികളിലൂടെയും കണ്ടെത്തുന്ന രീതിയാണ് അവലംബിച്ചത്. 40 മാര്‍ക്ക് പഠന ക്ലാസുകളിലെ കുട്ടികളുടെ പ്രകടനം മുന്‍ നിര്‍ത്തിയാണ് നല്‍കുക. കണിക്കൊന്ന, സൂര്യകാന്തി, ആമ്പല്‍, നീലക്കുറിഞ്ഞി എന്നിങ്ങനെ നാല് കോഴ്‌സുകളാണ് മലയാളം മിഷന്‍ പാഠ്യപദ്ധതിയുടെ ഭാഗമായി ഉള്ളത്. ഈ കോഴ്‌സുകള്‍ പൂര്‍ത്തീകരിക്കുമ്പോള്‍ പത്താം ക്ലാസിന് തത്തുല്യമായ നിലവാരത്തിലേക്ക് വിദ്യാര്‍ഥികള്‍ക്ക് എത്തിച്ചേരാന്‍ സാധിക്കും. എല്ലാ കോഴ്‌സുകളും സൗജന്യമായാണ് സംഘടിപ്പിക്കുന്നത്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക