Image

പ്രവാസികളുടെ ഒന്നാം പുസ്തകം (നോവല്‍- ഭാഗം-1: സാംസി കൊടുമണ്‍)

Published on 20 May, 2018
പ്രവാസികളുടെ ഒന്നാം പുസ്തകം (നോവല്‍- ഭാഗം-1: സാംസി കൊടുമണ്‍)
മനുഷ്യാ നീ മണ്ണാകുന്നു.... മണ്ണിലേക്കു തന്നെ തിരികെച്ചേരുക...

പുരോഹിതന്‍ ഒരുപിടി മണ്ണ് കുഴിയിലേക്കുവിതറി. ഒരു ജീവിതം ഇവിടെ പൂര്‍ണ്ണമാകുകയാണ്. ചുറ്റും കൂടി നിന്നവര്‍ ആ മൃതനുവേണ്ടി നെടുവീര്‍പ്പിട്ടു. കുഴിയിലേക്കു വലിച്ചെറിയപ്പെടുന്ന പൂച്ചെണ്ട ുകള്‍ക്ക് വിതുമ്പുവാനറിയില്ലായിരുന്നു. ചിലരെല്ലാം ഓരോ നുള്ളു മണ്ണുവാരി കുഴിയിലേക്കെറിഞ്ഞ്, അവന്‍ മരിച്ചവനെന്ന് സ്വയം ബോദ്ധ്യപ്പെടുത്തി ധൃതിയില്‍ നടന്നു. എല്ലാവരും തിരക്കിലാണ്. തിരക്കുകളില്ലാത്തവനായി ഒരുവന്‍ മാത്രം. ജോണ്‍ തോമസ്... അനന്തമായ കാലത്തിലേക്കവന്‍ ഒഴുകുകയായി.... മരണത്തിന്റെ തണുപ്പിലൂടെ. അവന്‍ തടവിലാക്കപ്പെട്ടിരിക്കുന്നു. ഭൂമിയുടെ ഗര്‍ഭത്തിലേക്കവന്‍ എടുക്കപ്പെട്ടിരിക്കുന്നു. ഇനി രൂപാന്തരപ്പെട്ടവനായി... മുളച്ചുവരുന്നവന്റെ രണ്ട ാം വരവിനുവേണ്ട ി പ്രാര്‍ത്ഥിച്ചുകൊണ്ടെ ല്ലാവരും പിരിയുകയാണ്. മെയ് മാസത്തിലെ ഇളം തണുപ്പ്. മേപ്പിള്‍ മരങ്ങളുടെ ഇലകളിളക്കി ഒരു ചെറു കാറ്റ്. സെമിത്തേരിയിലെ, അസ്തിത്വം നഷ്ടപ്പെട്ട അടയാളക്കല്ലുകളായി മാറിയവര്‍ പുതുതായി ചേര്‍ക്കപ്പെട്ടവനെ വരവേല്‍ക്കുകയായിരിക്കാം.

ആലീസ് മാത്രം ഓര്‍മ്മകളില്‍ മരവിച്ചവളായി....

നിരനിരയായി നാട്ടിയിരിക്കുന്ന മാര്‍ബിള്‍കല്ലുകളിലെ ഉച്ചരിക്കാന്‍ പ്രയാസമുള്ള പേരുകളിലൂടെ അവളുടെ കണ്ണുകള്‍ ഒഴുകി. നാളെ ഇവരുടെ നടുവില്‍ ഒരു പേരുകാരനായി നീ മാറുമ്പോള്‍.... നീ സന്തുഷ്ടനാണോ? ആലീസിനു ചോദിക്കണമെന്നു തോന്നി. എന്തായിരിക്കും അച്ചായന്‍ പറയുക. ഒരു കള്ളച്ചിരി. ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറാനുള്ള ഏളുപ്പവഴി.

ഒരു നല്ല ജീവിതം. ആരൊക്കെയോ തമ്മില്‍ പറയുന്നു.

ബന്ധുമിത്രാദികള്‍ പിരിയുകയാണ്. ആരാണു ബന്ധുക്കള്‍.... മിത്രങ്ങള്‍! തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ടേ ാ?

ആലീസിന്റെ ഇടതുതോളില്‍ സ്വാന്തനത്തിന്റെ തൂവല്‍ സ്പര്‍ശം. ആലീസ് ബാബുകുട്ടിയുടെ കണ്ണുകളിലേക്കു നോക്കി. അവിടെ ദുഃഖത്തിന്റെ നനവ്.

“”ആലീസേ...’’ ബാബുçട്ടിക്ക് വാക്കുകള്‍ നഷ്ടമായിരിക്കുന്നു. ആലീസ് വലതുകയ്യില്‍ മുറുകെ പിടിച്ചു. അവള്‍ ഒന്നു കരയുവാന്‍ കൊതിക്കുന്നുണ്ട ായിരുന്നു. പക്ഷേ.... കണ്ണീരിന്റെ ഉറവകള്‍ വറ്റിയിരിക്കുന്നു.

“”ബാബുക്കുട്ടി, എന്റെ ജോണിച്ചായന്‍....’’ മുഴുമിപ്പിക്കാന്‍ കഴിയാതെ അവള്‍ വിങ്ങി. അവളുടെ അടഞ്ഞിരുന്ന കണ്ണുനീരിന്റെ ഉറവകള്‍ മെല്ലെ പൊട്ടിയൊഴുകാന്‍ തുടങ്ങി.

“”മമ്മി..... പോകാം.’’ ഹെലന്‍ വിളിച്ചു.

ബാബുക്കുട്ടി അവളുടെ കൈ മെല്ലെ വിടുവിച്ചു. അവള്‍ തലയാട്ടി.

വല്ലാത്ത ഒറ്റപ്പെടല്‍, എല്ലാവരും പോകട്ടെ.... ഒറ്റപ്പെട്ടവരുടെ തുരുത്തില്‍ ആണല്ലോ എല്ലാവരും.

“”എടി ആലീസേ.... ഞാന്‍ മരിക്കുമ്പോ നീ എന്നെ നാട്ടിലെങ്ങാനം കൊണ്ട ടക്കണം. അറിയപ്പെടാത്തവരുടെയിടയില്‍ ഈ തണുപ്പുംകൊണ്ടെ നിക്കു വയ്യ.’’ മദ്യത്തിന്റെ ലഹരിയില്‍ പറയാറുള്ള പ്രാര്‍ത്ഥനയായിരുന്നെങ്കിലും, ഉള്ളിലെ വേദനയുടെ നീറ്റല്‍ ആ വാക്കുകളില്‍ നിഴലിച്ചിരുന്നു.

പ്രിയമുള്ളവനെ... വാക്കുപാലിക്കാന്‍ എനിക്കു കഴിഞ്ഞില്ല; എന്റെ നിസ്സഹായത നീ അറിയുമല്ലോ. എന്നെ കുറ്റപ്പെടുത്തരുത്.

“”മോളേ.... ഡാഡി ഒറ്റയ്ക്ക്’’ ഹെലന്‍ മമ്മിയുടെ കണ്ണുകളിലേക്കു നോക്കി. മമ്മി പറയുന്നതിന്റെ പൊരുള്‍ അവള്‍ക്ക് മനസ്സിലായില്ല. മരിച്ചാല്‍ സെമിത്തേരിയില്‍ അടക്കും. പിന്നെ ആരെങ്കിലും കൂട്ടിരിക്കാന്‍ കഴിയുമോ? ഹെലന്റെ ചിന്തകള്‍ അങ്ങനെ ആയിരുന്നു. മോളുടെ ചിന്തകളെ തിരിച്ചറിഞ്ഞിട്ടെന്നപോലെ ആ അമ്മ ദീര്‍ഘമായൊന്നു നിശ്വസിച്ചു.

ആരൊക്കെയോ വന്ന് കവിളുകള്‍ ചുംബിക്കുന്നു. അവര്‍ കടമകള്‍ നിറവേറ്റി പോകുന്നവരാണ്.

“”മമ്മി വരൂ നമുക്ക് പോകാം.’’ എബി അവളുടെ തോളില്‍ പിടിച്ചു. ഹെലനും എബിയുംകൂടി ആലീസിനെ പിടിച്ചു നടത്തി. അവര്‍ മരിച്ചവനെ മരിച്ചവര്‍ക്കിടയിലാക്കി നടന്നു.

വീട്ടില്‍ ആരെല്ലാമോ കൂടിയിട്ടുണ്ട ്. ഉറ്റ കൂട്ടുകാര്‍, വീട്ടുകാര്‍ പിന്നെ കുറെ പള്ളിക്കാര്‍, മരണവീട്ടിലേക്കാരെയും ക്ഷണിക്കേണ്ട തില്ലല്ലോ. മനസ്സുള്ളവര്‍ വരട്ടെ..... വരുമെന്നു പ്രതീക്ഷിച്ചവര്‍... വന്നവരൊക്കെ ലഘുഭക്ഷണവും കഴിച്ചു പിരിയുകയാണ്. വിശപ്പുകളുടെ ലോകത്തുനിന്നും വേര്‍പെട്ടവന്‍ ഇപ്പോള്‍ ഇതെല്ലാം കണ്ട ് ചിരിക്കുകയായിരിക്കാം. എല്ലാത്തിനോടും നിസംഗമായ ഒരു ചിരി - അതായിരുന്നുവല്ലോ പതിവ്.

കുഞ്ഞമ്മ ആലീസിന്റെ കണ്ണുകളിലേക്കു നോക്കി. ഒരു വാക്കിനു വേണ്ടി അവള്‍ ആത്മാവില്‍ തപ്പുകയാണ്. ഒന്നും കിട്ടുന്നില്ല. അവള്‍ ആലീസിനെ ആത്മനൊമ്പരത്തോടെ ചുംബിച്ചു. “”പിന്നെ വിളിക്കാം’’ അവള്‍ പറഞ്ഞു. ബാബുക്കുട്ടിക്കൊപ്പം കുഞ്ഞമ്മ പടിയിറങ്ങി. ആലീസിന്റെ ഹൃദയത്തിനൊരു വിങ്ങല്‍. ജോയിയും ഏലിയാമ്മയും ബേബിച്ചനും പെണ്ണമ്മയുമൊക്കെ ഇറങ്ങുകയാണ്. ചങ്ങാതിക്കൂട്ടങ്ങളില്ലാതെ അവന്‍ അവിടെ എങ്ങനെ ആണോ ആവോ. ഒന്നു കിടക്കണം. ഒറ്റപ്പെട്ടവള്‍ ഏകാന്തതയുടെ തടവറയിലെന്നപോലെ കിടപ്പുമുറിയിലേക്കാനയിക്കപ്പെട്ടു. അനാതികാലം മുതല്‍ പങ്കിട്ട ഈ കിടക്കയില്‍ ഇനി ഒറ്റയ്ക്ക്.... ആലീസ് നിവര്‍ന്നു കിടന്നു. കിടക്കയുടെ മറു പകുതിയിലേക്കു നോക്കാനവള്‍ ഭയന്നു. എന്നാലും സ്വയം ഉറപ്പുവരുത്താനെന്നപോലെ അവള്‍ കിടക്കയില്‍ കൈ കൊണ്ടു പരതി. ഇല്ല അവന്റെ ഇടം ഇനി മൃതര്‍ക്കൊപ്പമാണല്ലോ. അവനു മരണമുണ്ടോ... എന്നെ ഒറ്റക്കാക്കി അവനു മരിക്കാന്‍ പറ്റുമോ. അവന്റെ ആര്‍ത്തുള്ള ചിരിയല്ലെ കേള്‍ക്കുന്നത്.

അതെ, ആര്‍ത്തു ചിരിക്കുന്ന ഒരുകൂട്ടം കൊച്ചു തെമ്മാടികള്‍. എന്‍.പി. സ്കൂളിന്റെ മുറ്റം. ഒന്നാം ഭവെളിക്കു’ വിട്ടതിന്റെ ആരവം. മൂത്രം ഒഴിക്കാനുള്ള തിരക്കില്‍ എല്ലാവരും എങ്ങോട്ടൊക്കെയോ ഓടുന്നു. ആണ്‍പിള്ളേര്‍ തെക്കേമുറ്റത്തേക്ക്, പെണ്‍പിള്ളേര്‍ സ്കൂളിനു പുറകിലുള്ള ചെറു മറവിലേക്ക്. താനും ആ തിരക്കിലെവിടെയോ ഒരിടം തേടുകയായിരുന്നു. പെട്ടെന്നു എവിടെനിന്നോ ശരം വിട്ടപോലൊരു ചെറുക്കന്‍ ഓടി വന്ന് തന്റെ പാവാട മേലോട്ടു പിടിച്ചൊരു പൊക്ക്. കൂട്ടുകാര്‍ ആര്‍ത്തു ചിരിക്കുന്നു. എന്താണു നടക്കുന്നതെന്നു തിരിച്ചറിയും മുമ്പേ ചെറുക്കന്‍ ഒരു കൂസലുമില്ലാതെ തന്നെ നോക്കി എന്നിട്ട് “”ഞാനെല്ലാം കണ്ടേ'' എന്നു പറഞ്ഞൊരോട്ടം. നാണക്കേടുകൊണ്ടാകെ ചൂളിപ്പോയി. വാവിട്ടു കരയുന്ന തന്നെ ആരെല്ലാമോ കൂടി ഹെഡ്മാസ്റ്ററുടെ മുറിയിലെത്തിച്ചു.

പെരുവിരല്‍ വണ്ണമുള്ള ചൂരല്‍കൊണ്ട ് ഹെഡ്മാസ്റ്റര്‍ അവന്റെ കൈ വെള്ളയില്‍ ആറടി. അവന്‍ കരഞ്ഞില്ല. അവന്റെ തുടുത്ത മുഖമാകെ ചുവന്നു. കരച്ചിലിനിടയിലും അവള്‍ അവനെ നോക്കി. അമ്പടാ കേമാ.... അവള്‍ ഉള്ളില്‍ പറഞ്ഞു.

നാലാം ക്ലാസ്സില്‍ പഠിക്കുന്ന ചെറുക്കനാ... ആലീസ് അന്നു മൂന്നാം ക്ലാസ്സിലും. ആ സംഭവം അവളുടെ ജീവിതത്തെ ആകെ തിരുത്തി. അതു ദൈവനിയോഗമായിരുന്നിരിക്കാം. പിന്നെ അവനെ അവള്‍ നോക്കാന്‍ തുടങ്ങി. അവന്‍ അടുത്തെങ്ങാനുമുണ്ടെ ങ്കില്‍ അകാരണമായ ഒരു ഭയം. അറിയാതെ കൈകള്‍ പാവാടയില്‍ പൊത്തിപ്പിടിക്കും. ഏതു നിമിഷവും അവന്‍ ചാട്ടുളി മാതിരി വന്ന് പവാട വലിച്ചൂരിക്കൊണ്ടേ ാടും എന്നൊരു ഭയം. അവന്റെ കണ്ണുകള്‍ എപ്പോഴും അവളുടെ പിന്നാലെ ഉണ്ടായിരുന്നു. ആ തുടുത്ത മുഖത്തെ തിളങ്ങുന്ന കണ്ണുകള്‍, വെളുത്ത നിറം, അവള്‍ എപ്പോഴും അവനെ കാണാന്‍ തുടങ്ങി. അവര്‍ ഇതിനു മുമ്പും ഒരേ വഴിയിലെ യാത്രക്കാരായിരുന്നു. പക്ഷെ അവളുടെ കണ്ണില്‍ അവന്‍ പെട്ടിരുന്നില്ല. ഇപ്പോള്‍ എല്ലായിടത്തുമവനുണ്ട്. സ്കൂളില്‍ നിന്നു വരുമ്പോള്‍ വായനശാല മുക്കിന് അവന്‍ വലത്തോട്ടു തിരിയും. അവള്‍ക്ക് നേരെ നാലുവീടുകൂടി പോയാല്‍ മതി. അവളെ നോക്കി ചിരിക്കും. അവള്‍ കണ്ട ഭാവം നടിക്കില്ല. പാവാടയിലെ പിടുത്തം വിട്ടൊന്നയഞ്ഞു നടക്കും. എന്തോ ഒരാശ്വാസം തോന്നും. പള്ളിയില്‍ ചെന്നാല്‍ അവന്‍ അവിടെയും. ഒരു ദിവസം അവന്റെ അപ്പനെ അവള്‍ തിരിച്ചറിഞ്ഞു. തന്റെ വീട്ടില്‍ പണിക്കു വരുന്ന തോമാച്ചായന്‍. അവന്റെ അമ്മ, അനുജത്തി, അനുജന്‍ അങ്ങനെ ഓരോരുത്തരേയും അവള്‍ അറിഞ്ഞു. കാരണം അവളുടെ കണ്ണുകള്‍ അവന്റെ പിന്നാലെ ഉണ്ട ായിരുന്നു.

അവന്റെ വാക്കുകള്‍ സദാ അവളുടെ ചെവിയില്‍ മുഴങ്ങിക്കൊണ്ട ിരുന്നു.

“”ഞാന്‍ കണ്ടേ ....’’

എന്താണാവോ അവന്‍ കണ്ടത്. ഒരു മൂന്നാം ക്ലാസ്സുകാരിയുടെ വേവലാതി. ഒരു ദിവസം അവള്‍ വഴിയില്‍ വെച്ചവനോടു ചോദിച്ചു

“”ചെറുക്കനൊത്തിരി നൊന്താരുന്നോ?’’

അവനൊരു നിഷേധിയെപ്പോലെ പറഞ്ഞു.

“”ഉം..... എനിക്കൊന്നും നൊന്തില്ല. ഞങ്ങടച്ചാന്‍ എന്നെ ഇതില്‍ കൂടുതല്‍ അടിക്കും.’’

ആലീസങ്ങു വല്ലാണ്ടായി. ആറടി.... ചെക്കനു നൊന്തില്ലെന്ന്. പോരാത്തതിനവന്റെ അച്ചായന്‍ അതിലും കൂടുതലവനെ അടിക്കുമെന്ന്.

അവനോടവള്‍ക്കെന്തോ ഒന്നു തോന്നി.

അവള്‍ പിന്നെയും ചോദിച്ചു. “”എന്തിനാ ചെക്കനെ അടിക്കുന്നത്.’’

അവന്‍ വല്യ താല്പര്യം കാണിക്കാതെ പറഞ്ഞു. “”ഞാന്‍ ഒരൊ വഴക്കൊക്കെ ഉണ്ട ാക്കുന്നതിനാ...’’

അവന്‍ കൂടുതല്‍ കേള്‍ക്കാനും പറയാനും നില്‍ക്കാതെ ഓടിപ്പോയി. അവള്‍ക്കു വല്ലാത്ത വിഷമം തോന്നി. അവളെ ഇതുവരെ അവളുടെ അപ്പച്ചന്‍ അടിച്ചിട്ടില്ല. അപ്പച്ചനെന്നല്ല ആരും. അടിക്കെന്തോരു വേദന ആയിരിക്കും. അവള്‍ വെറുതെ ആലോചിച്ചു.

പള്ളിയില്‍, ക്രിസ്തുവിന്റെ തലയിലെ മുള്‍ക്കിരീടത്തില്‍ നിന്നും ഇറ്റിറ്റു വീഴുന്ന രക്തത്തുള്ളികള്‍ അവളുടെ ഹൃദയത്തെ നോവിക്കും. ഓരോ രക്തത്തുള്ളികളും അവന്റെ വേദനയുടെ പ്രതീകമായവള്‍ അറിയുന്നു. ആരും കാണാതവള്‍ കണ്ണുതുടയ്ക്കും.

സ്കൂള്‍ അടച്ചപ്പോള്‍ അവള്‍ക്ക് വല്ലാത്ത വിഷമമായിരുന്നു. എന്നാല്‍ ചെറുക്കന്‍ അവന്റെ അച്ചാച്ചന്റെ കൂടെ അവളുടെ വീട്ടില്‍ വന്നു. അച്ചാച്ചന്‍ അയ്യത്തു പണിയെടുക്കുമ്പോള്‍, അവന്‍ അവള്‍ക്കൊപ്പം കളിച്ചു. പേരയുടെ ചുവട്ടില്‍ അവര്‍ കളിവീടുണ്ട ാക്കി. മാമ്പഴക്കാലത്തവന്‍ മാവിന്റെ ഉച്ചാന്തലവരെ കയറി മാങ്ങ ഉലുത്തിയിടും. അണ്ണാനെന്നപോലെയുള്ള അവന്റെ കയറ്റം കാണുമ്പോള്‍ ഉള്ളിലൊരു കിരുകിരുപ്പാണ്. ദൈവമേ.... അവള്‍ അറിയാതെ വിളിച്ചുപോകും. മാമ്പഴം പറക്കുന്നവരുടെ കണ്ണില്‍പ്പെടാതെ അവള്‍ അവനുവേണ്ടി നല്ല മാമ്പഴങ്ങള്‍ കരീലകള്‍ക്കിടയില്‍ ഒളിപ്പിച്ചു വെയ്ക്കും. അവനുവേണ്ട ി അറിയാതുണ്ട ായ ഒരു കരുതല്‍. അവര്‍ പിണക്കങ്ങളില്ലാത്ത കൂട്ടുകാരായി. അവള്‍ ഇപ്പോള്‍ അവന്റെ മുന്നില്‍ പാവാടയില്‍ മുറുക്കിപ്പിടിക്കാറില്ല.

അഞ്ചാം ക്ലാസ്സില്‍ അവന്‍ തോറ്റു. അവള്‍ ഒപ്പത്തിനെത്തി. വായനശാല മുക്കിനവന്‍ അവളെ കാക്കുന്നുണ്ട ാവും. അവള്‍ കൂട്ടുകാരറിയാതെ അല്പം പുറകോട്ടു വലിയും. മാവിന്‍ ചുവടരിച്ചു കിട്ടിയ ഒരു കണ്ണിമാങ്ങയോ, അല്ലെങ്കില്‍ ഒരു ചാമ്പയ്ക്കയോ അതുമല്ലെങ്കില്‍ ആരുടെയെങ്കിലും അയ്യത്തുനിന്നും കട്ടു പറിച്ച ഒരു പേരയ്ക്കയോ വാളന്‍ പുളിയുടെ ഒരല്ലിയോ അവന്‍ അവള്‍ക്കായി കരുതിയിരിക്കും. അവളുടെ കയ്യില്‍ അപ്പച്ചന്റെ കടയില്‍ നിന്നും എടുത്ത കടുകുമിഠായിയോ, നാരങ്ങാ മിഠായിയോ പലപ്പോഴും കാണും.

അന്നത്തെ വികാരം എന്തായിരുന്നു. അറിയപ്പെടാത്ത എന്തോ.... ഒന്ന്.

“”അമ്മാമ്മേ....’’ മാത്തുക്കുട്ടിയും മോളിയും കിടക്കയ്ക്കരുകില്‍ നിന്നു വിളിക്കുന്നു. ആലീസ് എഴുന്നേറ്റു കണ്ണുകള്‍ മിഴിച്ചു.

“”ഏ.... നിങ്ങള്‍ പോയില്ലായിരുന്നോ.... ഞാനൊന്നു കിടന്നു. ദേഹമാകെ വല്ലാത്ത വേദന.’’ ആലീസ് പറഞ്ഞു.

“”ദേ....” മാത്തുക്കുട്ടി ഒരു തുണ്ട ് കടലാസ് ആലീസിന്റെ കയ്യില്‍ കൊടുത്തു.’’ എല്ലാം എഴുതിയിട്ടുണ്ട്.” അയാള്‍ പറഞ്ഞു.

ആലീസ് അതു വാങ്ങി. അവള്‍ വികാരങ്ങളെ അടക്കി. മരിച്ചവനുവേണ്ടി തീര്‍ക്കപ്പെടേണ്ട കണക്കുകള്‍...! ഓരോരുത്തരുടേയും കണക്കുകള്‍ തീര്‍ക്കപ്പെടുകയാണ്. അവള്‍ ഓര്‍ത്തു.

അവള്‍ ഒരു നെടുവീര്‍പ്പോടെ പറഞ്ഞു. “”മാത്തുക്കുട്ടി രണ്ടു ദിവസം കഴിയട്ടെ... ഞാന്‍ എല്ലാം മടക്കിത്തരാം.’’ മാത്തുക്കുട്ടി തലയാട്ടിക്കൊണ്ട ് ഭാര്യയെ നോക്കി. കണ്ടേ ാ.... ഞാന്‍ ചോദിക്കാതിരുന്നില്ല എന്നൊരു ഭാവമായിരുന്നു മുഖത്ത്. അതു തിരിച്ചറിഞ്ഞിട്ടെന്നപോലെ ആലീസ് സ്വയം പറഞ്ഞു. ഈ ഭൂമിയില്‍ നിന്നു പോകുമ്പോള്‍ എന്റെ ജോണിച്ചായന്‍ ആര്‍ക്കുമൊരു കടക്കാരനായിരിക്കാന്‍ പാടില്ല. അവന്റെ കടങ്ങളൊക്കെ വീട്ടാന്‍ ഞാനുണ്ട ല്ലോ.

“”പിള്ളേരൊക്കെ പോയോ.’’ അവള്‍ വെറുതെ ചോദിച്ചു.

“അവര്‍ പോയി. ഞങ്ങളും ഇറങ്ങുകയാണ്.” മോളി പറഞ്ഞു.

ആലീസ് കണ്ണ് ഇറുക്കി അടച്ചു കിടന്നു. ആരൊക്കെയോ ബെയ്‌സ്‌മെന്റില്‍ വര്‍ത്തമാനം പറയുന്നു. ഇനിയും പോകാത്തവര്‍. ദുഃഖത്തില്‍ പങ്കുചേരാന്‍ വന്നവര്‍. ആര്‍ക്കാണാവോ ദുഃഖം. ഹെലനും എബിയുമെവിടെ. അവരവരുടെ മുറിയിലടച്ചിരിക്കയായിരിക്കും. അവര്‍ക്കു ദുഃഖമുണ്ടേ ാ. ആവോ.... തലയ്ക്കകത്താകെ, ഒരു വിങ്ങല്‍. പ്രഷറിന്റെ മരുന്നു കഴിച്ചില്ല. അതായിരിക്കാം. പ്രഷര്‍ കൂടി തലയിലെ ഞരമ്പുകള്‍ പൊട്ടി മരിക്കട്ടെ. പരാജിതരുടെ ജീവിതം തീരുമാനിക്കപ്പെടട്ടെ. ആരാണു പരാജിതര്‍?

എന്റെ ജോണിച്ചായന്‍ പരാജിതനായിരുന്നോ. നല്ല പോര്‍ പൊരുതിയില്ലേ. എന്നെ എന്തിനൊറ്റക്കാക്കി. ഞാന്‍ നിലയില്ലാത്ത വെള്ളത്തിലേക്കു താഴുകയാണല്ലോ.

“”ആലീസേ...’’ നിലയില്ലാത്ത കയത്തിലേക്കു താഴുമ്പോള്‍ ആരോ വിളിയ്ക്കുംപോലെ.

അമ്മച്ചിയും ചേച്ചിയും തുണി കഴുകിക്കൊണ്ടിരിക്കുന്നു. താന്‍ പെറ്റിക്കോട്ടില്‍ ആറ്റിലെ മണ്ണുവാരി നിറച്ച് ദേഹത്തോടു ചേര്‍ത്തുവെച്ച് വെള്ളത്തില്‍ മുക്കിയും പൊക്കിയും കളിക്കുന്നു. പിന്നീട് എപ്പോഴോ ഒഴുകി വരുന്ന ഒരില പിടിക്കാന്‍ ഒഴുക്കിലേക്കു മെല്ലെ മെല്ലെ ഇറങ്ങുകയായിരുന്നു. ഇലയുടെ ഒഴുക്കിലായിരുന്നു ശ്രദ്ധ. ആഴം കൂടുന്നതറിഞ്ഞില്ല. പെട്ടെന്നൊഴുക്കില്‍ പെട്ടു താഴുമ്പോള്‍ ഭഅമ്മേ....’ എന്നു വിളിച്ചതു മാത്രം ഓര്‍മ്മയുണ്ട ്.

ഒരു പത്തുവയസ്സുകാരിയെ ഒരു പതിനൊന്നുുകാരന്‍ മുടിയില്‍ കുത്തിപ്പിടിച്ച് മരണത്തിന്റെ ഇരുട്ടില്‍ നിന്നും ജീവിതത്തിന്റെ വെളിച്ചത്തിലേക്കു കൊണ്ടുവന്നു. എന്റെ ജീവിതം അവന്റെ ദാനമായി. ഞാനവനടിമയായി. മരണത്തിലേക്കു താഴുന്ന എന്നെ അവന്‍ എങ്ങനെ കണ്ട ു. അല്ലെങ്കില്‍ അവന്റെ കണ്ണു എപ്പോഴും തനിക്കു ചുറ്റുമായിരുന്നല്ലോ. ഒമ്പതു വയസ്സുള്ള ഒരു പാവാടക്കാരിയുടെ പാവാടപൊക്കി അവന്‍ കണ്ട തെന്താണ്? തന്റെ ആത്മാവിനെ അല്ലെ അവന്‍ കണ്ട ത്. ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ അവള്‍ അവനോടു ചോദിച്ചു. “”ചെറുക്കന്‍ എന്താ കണ്ടത്.’’ അപ്പോള്‍ അവന്‍ അവനു മാത്രം കഴിയുന്ന രീതിയിലൊന്നു ചിരിച്ചിട്ടു പറഞ്ഞു. എല്ലാം കണ്ട ു. എന്നിട്ടവന്‍ അവളുടെ കണ്ണിലേക്കു നോക്കി ചിരിച്ചു. അവരിരുന്ന മാവിന്‍ ചുവട്ടില്‍, ചില്ലകളെ തഴുകി ഒരിളം കാറ്റ് പറന്നിറങ്ങി അവരെ തലോടി.

പിന്നീട് അവന്റെ ആത്മാവില്‍ നിന്നും ഉദിച്ചുയരുന്ന ആ ചിരി കാണാന്‍ വേണ്ടി മാത്രം അവള്‍ അവനോടു ചോദിക്കും. “”എന്തുവാ.... കണ്ട ത്’’ അവന്‍ ചിരിച്ചു കൊണ്ട ു പറയും. “”’ഒക്കെ കണ്ടു.’

ആ പത്തു വയസ്സുകാരന്‍ അന്നേ തന്നെ സ്‌നേഹിച്ചു. താനോ....?

ജീവിതം അവനെന്നുമൊരു തമാശയായിരുന്നു.

അവന്‍ അപ്പന്റെ മൂത്ത മകനായിരുന്നു. അവനു താഴെ അപ്പോഴേക്കും ആറുപേരുകൂടി ജനിച്ചിരുന്നു. അപ്പന്‍ പണിക്കുപോയി കിട്ടുന്നതും, അരയേക്കര്‍ സ്ഥലത്തെ ആദായംകൊണ്ട ും ആ വീട്ടില്‍ പട്ടിണി മാത്രമേ ഉണ്ട ായിരുന്നുള്ളൂ. ഒമ്പതാം ക്ലാസ്സില്‍ പഠിക്കുന്ന അവനോട് അപ്പന്‍ ഒരിക്കല്‍ പറഞ്ഞു. “ഇനി നീ പഠിക്കാനൊന്നും പോകണ്ട . എവിടേലും പണിക്കുപോയി എന്തുവേലും കൊണ്ട ുവരാന്‍ നോക്ക്.” അപ്പനപ്പോള്‍ പട്ടച്ചാരായത്തിന്റെ മണമായിരുന്നു. അവന്‍ വല്ലാതെ നൊമ്പരപ്പെട്ടു. ആലീസിനൊപ്പമായതിനുശേഷം അവനെങ്ങും തോറ്റിട്ടില്ല. അവനു പഠിക്കാന്‍ കൊതിയായിരുന്നു. അവന്‍ അപ്പനെ വെറുത്തു. സന്ധ്യയായിട്ടും അവന്‍ വീട്ടില്‍ പോകാതെ ആലീസിന്റെ വീടിന്റെ തിണ്ണയില്‍ ഇരുന്ന് ഒരു നീളന്‍ ചുള്ളിക്കമ്പുകൊണ്ട ്, ഓടിന്റെ പുറത്തുനിന്നും വീഴുന്ന വെള്ളം വീണുണ്ട ായ ചെറു കുഴികള്‍ നികത്തിക്കൊണ്ട ിരുന്നു.

ആലീസിന്റെ അമ്മ "മുറുക്കാന്‍ കൊട്ടയുമായി’ തിണ്ണയില്‍ വന്നിരുന്നു. സന്ധ്യവരെയുള്ള വീട്ടുപണികള്‍ കഴിഞ്ഞു. ഇനി ഒന്നു നടു നിവര്‍ക്കണം.

“”എടാ ജോണിക്കുട്ടിയേ നീ ഇതുവരെ പോയില്ലെ. നേരം ഒത്തിരി ആയല്ലോ.’’ അമ്മച്ചി ചോദിച്ചു.

“”ഓ.......’’ അവന്‍ താല്പര്യമില്ലാതെ മൂളി.

ആലീസിന്റെ മൂത്തചേച്ചി റാഹേലും അതിനിളയവള്‍ അമ്മിണിയും അമ്മയ്‌ക്കൊപ്പം തിണ്ണയില്‍ വന്നിരുന്നു. ചേച്ചിമാര്‍ രണ്ടും ആലീസിനെക്കാള്‍ ഈരണ്ട ു വയസ്സിനു മൂത്തതാണ്. രണ്ട ുപേêും പത്താം ക്ലാസ്സു തോറ്റു നില്‍ക്കുന്നു.

“”എടാ പടിഞ്ഞാറെ മുറ്റത്തെ കൗങ്ങേല്‍ ഒരു കുല പാക്കു പഴുത്തു കിടക്കുന്നതു നീ കണ്ടില്ലെ.’’ ആലീസിന്റെ അമ്മ ചോദിച്ചു.

“”പാക്കില്ലിയോ അമ്മച്ചി ഞാനിപ്പോ പറിക്കാം.’’ അവന്‍ എഴുന്നേറ്റുകൊണ്ട ു പറഞ്ഞു.

“”നേരം ഇരുട്ടി, ഇനി നാളെ മതി. എന്താണ് നിന്റെ മുഖം കടന്നലു കൂത്തിയപോലെ.’’ അമ്മച്ചി ചോദിച്ചു.

“”ഓ....’’ അവന്‍ വീണ്ട ും നിസ്സാരമായി മൂളി.

കതകിന്നു പുറകില്‍ നിന്നിരുന്ന ആലീസ് അവനുവേണ്ട ി പറഞ്ഞു. “”അമ്മേ തോമാച്ചായന്‍ പറയുവാ. ഇനി പഠിക്കണ്ട ാന്ന്.’’ അവള്‍ ഇപ്പോളവനെ ഒന്നും വിളിക്കാറില്ല. നേരത്തെ ചെറുക്കനെന്നു വിളിക്കുമായിരുന്നു. ഇപ്പോ മനസ്സുകൊണ്ട ് ജോണിച്ചായന്‍ എന്നാണു വിളിക്കുന്നത്.

“”അയ്യോ..... അതെന്താ.... പിള്ളാരു പഠിക്കാതിരുന്നാ ഇനിയുള്ള കാലം എങ്ങനാ.... തോമാച്ചനു വെളിവില്ലിയോ.... നീ വിഷമിക്കാതിരി. ഞാന്‍ ഇവിടുത്തെ അപ്പച്ചനെക്കൊണ്ടെ ാന്നു പറയിക്കാം.’’

അവന്റെ മുഖമൊന്നു തെളിഞ്ഞു.

ആരോ വിളിക്കുന്നു. അതു ജോണിച്ചന്റെ ശബ്ദമാണല്ലോ. “”എന്തോ....?’’ അവള്‍ വിളികേട്ടു.

“”കാപ്പി’’ ആലീസിന്റെ അനുജത്തി ജോളിയായിരുന്നു അത്.

“”എവിടെ....’’ കാപ്പി ആലീസ് കണ്ടില്ല. അവന്റെ തെളിഞ്ഞ മുഖമായിരുന്നു അവള്‍ തിരഞ്ഞത്. ഇതുവരെയുമിവിടെയുണ്ട ായിരുന്നല്ലോ.

“”അമ്മാമ്മെ....” ജോളി തട്ടിവിളിച്ചു.

“”ങേ.... നീ എവിടെയാ’’ ആലീസ് പിച്ചും പേയും പറയുന്നു. ജോളി ആകെ പേടിച്ചുപോയി. അവള്‍ ഭര്‍ത്താവിനെ വിളിച്ചു. “”ജീച്ചാ.... ഇങ്ങോട്ടൊന്നു വന്നെ.’’

ശബ്ദം കേട്ട് ആലീസ് കാലത്തിലേക്കിറങ്ങി. “”നീ മേശപ്പുറത്തുനിന്നാ പ്രഷറിന്റെ ഒരു ഗുളികയിങ്ങെടുത്തു താ...’’ ആലീസ് പറഞ്ഞു. ജോളി കൊടുത്ത ഗുളിക വായിലിട്ടവള്‍ കാപ്പി ഒരു കവിള്‍ കുടിച്ചു. ജിജി വന്നപ്പോളവള്‍ പറഞ്ഞു. “”ഒന്നുമില്ല വല്ലാത്ത ക്ഷീണം. അല്പം കിടക്കട്ടെ. മാറിക്കൊള്ളും. പിള്ളേരൊക്കെ എവിടെ?’’ കിടക്കുന്നതിനിടയിലവള്‍ ചോദിച്ചു.

“”ബെയ്‌സ്‌മെന്റിലുണ്ട്’’ ജിജി പറഞ്ഞു.

(തുടരും...)
പ്രവാസികളുടെ ഒന്നാം പുസ്തകം (നോവല്‍- ഭാഗം-1: സാംസി കൊടുമണ്‍)
പ്രവാസികളുടെ ഒന്നാം പുസ്തകം (നോവല്‍- ഭാഗം-1: സാംസി കൊടുമണ്‍)
Join WhatsApp News
Amerikkan Mollaakka 2018-05-20 14:10:48
സാംസി സാഹേബ്  ഇങ്ങള് ഒരു മരണമാണല്ലോ
ആദ്യം പറയുന്നത്. പ്രവാസിയുടെ കഥ ഒരു
മരണം തന്നെ. എന്തായാലും ബായിക്കാൻ
ഒരു രസമൊക്കെയുണ്ട്. അടുത്ത അധ്യായത്തിനായി
കാത്തിരിക്കാം. പടച്ചോൻ ഇങ്ങളെ അനുഗ്രഹിക്കട്ടെ.
പ്രതികരണം നോക്കുമ്പോൾ ഇബിടെ വായനക്കാർ ബളരെ  കുറവാ 
കേട്ടോ. അതോ ബായിച്ച് മുണ്ടാണ്ടിരിക്കയാണോ?
അസ്സലാമു അലൈക്കും 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക