Image

മായ (കവിത: അന്‍വര്‍ ഷാ ഉമയനല്ലൂര്‍)

Published on 19 May, 2018
മായ (കവിത: അന്‍വര്‍ ഷാ ഉമയനല്ലൂര്‍)
കാല,മതിന്‍ നീല വേണിയഴിച്ചിട്ടപോല്‍
പാരിലതി,ലോലമാം രമ്യ നിശീഥിനി
ചിരിതൂകി,യങ്കണവാതിലിന്‍ നേരെയായ്
നില്‍പ്പുണ്ട് സ്‌നേഹതനൂജയാം നിശാഗന്ധി
ചാരെയെന്‍ ചാരുകസേരമേല്‍ തലചായ്ച്ച്
കോലായില്‍ വീഴുന്നു നിന്‍സാമ്യനിഴലുകള്‍
സുസ്മിത വദനമോര്‍മ്മിപ്പിച്ച് പിന്നിലെന്‍
വിസ്മൃതാതിര്‍ത്തിയില്‍ നിന്റെ ഛായാപടം!
നീ,യെത്ര രാത്രികള്‍ കവിതയ്ക്കു പാത്രമായ്
കനവിന്റെ ചില്ലയില്‍ വിടരുന്ന താരമായ്
ദൂരെനിന്നീമഹിത മണ്ണിന്‍ വിശുദ്ധിയോ
ടാര്‍ദ്രാക്ഷരങ്ങള്‍തന്‍ കര്‍ണ്ണികാരങ്ങളായ്
പരിണമിച്ചഴകാര്‍ന്നയാത്മ ചൈതന്യമേ,
പ്രണയിച്ചിടുന്നുഞാന്‍ നീയെന്ന നന്മയെ...
പരിഭവത്താലെത്ര പുലരികള്‍ വന്നുപോയ്
പരിമളത്തിന്‍ പുലര്‍പുഷ്പങ്ങളായി നീ!
സുരജന്മവാടിയില്‍ നിന്നകന്നെന്തിനായ്
ചിരിമാഞ്ഞ നീ,യിന്നൊരേകാന്ത താരമായ്?
* * * * *
ഇനിയെത്രയെന്‍ ചിത്തസാഗരത്തിരകള്‍വ
ന്നൊത്തു മായ്ച്ചീടിലും നിന്‍ നാമ,മല്പവും
മായുകില്ലെന്‍ഹൃദയതീരത്തു നിന്നുഞാ
നറിയുന്നു സൗമ്യതേ, നിന്റെയാ, നന്മകം
കൊഴിയാനൊരുങ്ങിയോരനുപമസ്സൂനമായ്
വാടിത്തുടങ്ങിയോരഴലാര്‍ന്ന യൗവ്വനം;
വായിച്ചെടുത്തു നിന്‍ പേടമാന്‍മിഴിയിലായ്
സ്‌നേഹിച്ചിടുന്നവര്‍ നീറുന്ന: നിന്നകം
സാന്ധ്യമാം ചെന്നിണപ്പാടിനാലീവിധം
തിലകമായ് തീരുന്നയഴലാര്‍ന്ന ജീവിതം
നിന്നരികിലീ,രാത്രി നില്‍ക്കവേ, സൗമ്യമായ്
പാടുന്നതാരുനിന്നാര്‍ദ്രമാം ഗീതകം?
Join WhatsApp News
വിദ്യാധരൻ 2018-05-19 23:15:50
ചില ശ്യാമളവർണ്ണന്മാരെ സുന്ദരന്മാരാക്കുന്നത് അവരുടെ മുല്ലപ്പൂപോലെ വെളുത്ത ദന്തനിരകളാണെങ്കിൽ ഇവിടെ നിശീഥിനിയെ സുന്ദരിയാക്കുന്നത് അങ്കണവാതിക്കൽ എതിരേൽക്കാൻ നില്ക്കുന്ന നിശാഗന്ധിയാണ് .  പക്ഷെ  കറുപ്പിന് ഏഴ് അഴകുണ്ടെന്ന് പറഞ്ഞതുപോലെ, നീലവേണി അഴിച്ചിട്ടു വരുന്ന സുന്ദരിയായ  നിശീഥിനിയെക്കണ്ടാൽ നിശാഗന്ധി പുഞ്ചിരിച്ചില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ . ആധുനിക കവിതകൾ കാട്ടിക്കൂട്ടുന്ന കോമാളിത്തരങ്ങൾ കണ്ടു മടുത്തിരിക്കുമ്പോൾ, ആടയാഭരണങ്ങൾ അണിയിച്ചു നഷ്ടമായിക്കൊടിരിക്കുന്ന സുന്ദരമായ മലയാള പദങ്ങളാകുന്ന മുത്തുകൾ പതിപ്പിച്ച്  ഇടയ്ക്കിടെ കവിതയെ സുന്ദരിയാക്കി വിടുന്ന അൻവർ ഷായ്ക്ക് അഭിനന്ദനം 

"നിശാഗന്ധി നീയെത്ര ധന്യ,

നിശാഗന്ധി നീയെത്ര ധന്യ..
നിഴല്‍ പാമ്പുകള്‍ കണ്ണൂകാണാതെ നീന്തും നിലാവില്‍
നിരാലംബശോകങ്ങള്‍തന്‍ കണ്ണുനീര്‍പൂക്കള്‍
കണ്‍ചിമ്മിനില്‍ക്കുന്ന രാവില്‍,
നിശാഗന്ധി നീയേതദൃശ്യപ്രകാശത്തെ
നിന്നുള്ളിലൂതിത്തെളിക്കാനൊരേ നില്പു് നിന്നൂ..
നിലാവും കൊതിക്കും മൃദുത്വം നിനക്കാരു തന്നൂ..
മഡോണാസ്മിതത്തിന്നനാഘ്രാത ലാവണ്യ നൈര്‍മല്ല്യമേ
മൂകനിഷ്പന്ദ ഗന്ധര്‍വ്വസംഗീതമേ..
മഞ്ഞുനീരില്‍ തപം ചെയ്തിടും നിത്യകന്യേ
നിശാഗന്ധി നീയെത്ര ധന്യ, 
നിശാഗന്ധി നീയെത്ര ധന്യ.."  (( ഒ .എൻ . വി )
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക