Image

മാത്തുക്കുട്ടിയുടെ കേരള യാത്ര(നര്‍മ്മ കഥ)-റോബിന്‍ കൈതപ്പറമ്പ് .......

റോബിന്‍ കൈതപ്പറമ്പ് Published on 19 May, 2018
മാത്തുക്കുട്ടിയുടെ കേരള യാത്ര(നര്‍മ്മ കഥ)-റോബിന്‍ കൈതപ്പറമ്പ് .......
 മാത്തുക്കുട്ടി എന്ന മത്തായിക്കുട്ടി നാട്ടിലേയ്ക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ്. വര്‍ഷത്തില്‍ കുറഞ്ഞത് അഞ്ചോ ആറോ തവണ മാത്തുക്കുട്ടി നാട്ടില്‍ പോയിരിക്കും. എന്തിനാ പോകുന്നതെന്ന് ഭാര്യക്കോ, മക്കള്‍ക്കോ എന്തിന് അടുത്ത സുഹൃത്തുക്കള്‍ക്കു പോലുമോ അറിയില്ല. ബിസിനസ് ട്രിപ് ആണെന്നാണ് പറയുന്നത്. ഇവിടെ ഏതോ കമ്പനിയുടെ ഓണ്‍ ലൈന്‍ ട്രേഡിംഗും,മറ്റെന്തൊക്കയോ പരിപാടികളും ആണ്. പക്ഷേ നാട്ടില്‍ എന്താണ് ബിസിനസെന്ന് ആര്‍ക്കും അറിയില്ല. 
   ആരെങ്കിലും 'എന്താ നാട്ടില്‍ ബിസിനസ് ' എന്ന് ചോദിച്ചാല്‍ 'കൃഷി' എന്നാണ് പറയുന്നത്. എല്ലാ ജില്ലകളിലും പുള്ളിക്കാരന് 'കൃഷി' ഉണ്ടെന്ന് അടുത്ത് അറിയുന്നവര്‍ അടക്കം പറയാറുണ്ട്.
      ഭാര്യ തുണികള്‍  അടുക്കാന്‍ മാത്തുക്കുട്ടിയെ സഹായിച്ചുകൊണ്ട് ചൊദിച്ചു.

' പോയിട്ട് വരുംബോ എനിക്ക് നല്ലൊരു കാഞ്ചീപുരം സാരി വാങ്ങിക്കൊണ്ട് വരുമോ?'

മത്തുക്കുട്ടി ഭാര്യയെ ഒന്ന് നോക്കി. 

'അയ്യടാ കാഞ്ചീപുരം ഉടുക്കാന്‍ പറ്റിയ സാധനം' 

മനസില്‍ ഓര്‍ത്തെങ്കിലും വായിലൂടെ പുറത്ത് വന്നത് മറ്റൊന്നാണ്

'അതിനെന്താ ചക്കരെ നിനക്ക് ഒന്നല്ല രണ്ട് സാരി ഞാന്‍ കൊണ്ടുവരും. ഏത് കളറാ നിനക്ക് വേണ്ടത് ' 

     ഭാര്യയെ ആലിംഗനം ചെയ്ത് തന്റെ സന്തത സഹചാരികളായ രണ്ട് ഫോണും, പെട്ടിയും തൂക്കി മാത്തുക്കുട്ടി വീട്ടില്‍ നിന്നും ഇറങ്ങി.ഏറ്റവും അടുത്ത കുറച്ച് സുഹൃത്തുക്കളോട് മാത്രം നാട്ടില്‍ പോകുന്ന വിവരം അറിയിച്ചു. യൂബര്‍കാരന്‍ വണ്ടിയുമായി എത്തി മാത്തുക്കുട്ടിയെ എയര്‍പോര്‍ട്ടില്‍ എത്തിച്ചു.ചെക്കിംഗ് കഴിഞ്ഞ് വിമാനത്തിനകത്ത് കേറാനായി വാതില്‍ക്കല്‍ ഇരിക്കുന്ന നേരത്ത് ഫോണ്‍ എടുത്ത് നാട്ടിലെ തന്റെ അരുമ സുഹൃത്തുക്കളെ ഓരോരുത്തരെയായി വിളിക്കാന്‍ തുടങ്ങി.

'യാത്ര വെറുതെ ആകരുതല്ലോ? ഒരാളില്ലെങ്കില്‍ വേറെ ഒരാള്..... കാര്യങ്ങള്‍ നടക്കണ്ടെ, മൂന്ന് നാല് മാസങ്ങളായി അടക്കിപ്പിടിച്ച് നടക്കുന്ന ആന്തരിക സംഘര്‍ഷങ്ങള്‍ എവിടെ എങ്കിലും ഇറക്കിക്കളഞ്ഞല്ലെ പറ്റൂ'.

ഭാഗ്യത്തിന് വിളിച്ചവര്‍ എല്ലാം സ്ഥലത്ത് തന്നെ ഉണ്ട്. 
      'തിരുവനന്തപുരത്തുകാരിയുടെ കെട്ടിയവന്‍ ഗള്‍ഫിന് തിരിച്ച് പോയി മക്കള്‍ ബോര്‍ഡിംഗിലും.കോട്ടയം, എറണാകുളം കുഴപ്പമൊന്നും ഇല്ല. വയനാടിന് പോകാന്‍ സമയം കിട്ടുമോ എന്ന് അറിയില്ല. നല്ല പ്രകൃതി രമണീയത നിറഞ്ഞ സ്ഥലമാണ് രാവിലത്തെ കോടമഞ്ഞിറങ്ങുന്ന നേരത്ത് .... ഹോ .... ഓര്‍ക്കുംബോള്‍ തന്നെ കുളിര് കോരുന്നു'.
     
      മാത്തുക്കുട്ടി കുളിര് കേറുന്നതും ഓര്‍ത്ത് ഇരിക്കുംമ്പോള്‍ വിമാനത്തിനകത്തേയ്ക്ക് കേറാനുള്ള അറിയിപ്പ് വന്നു. തല്‍ക്കാലത്തേയ്ക്ക് കുളിരിനെ ഇറക്കിവച്ച് പെട്ടീം തൂക്കി വിമാനത്തിനടുത്തേയ്ക്ക് നടന്നു.

'കര്‍ത്താവെ കൊള്ളാവുന്നതുങ്ങളു വല്ലോം കൂടെ ഇരിക്കാന്‍ കിട്ടണെ' 

മനമുരുകി പ്രാര്‍ത്ഥിച്ച് മാത്തുക്കുട്ടി വലതുകാല്‍ വെച്ച് വിമാനത്തിനകത്തേയ്ക്ക് കയറി. കര്‍ത്താവ് പ്രാര്‍ത്ഥന കേട്ടതുപോലെ കൂട്ടത്തില്‍ കിട്ടിയത് രണ്ട് പാകിസ്ഥാനികളെ.

'കര്‍ത്താവെ എന്നോടീ പണി വേണ്ടാരുന്നു'
മാത്തുക്കുട്ടി കര്‍ത്താവിനോട് പരിഭവിച്ചു. 

'സഹിക്കുക തന്നെ, ഇനി ഒന്നും നോക്കാനില്ല, നാലെണ്ണം, അടിച്ച് ചാരിക്കിടന് ഉറങ്ങാം'.
  
   നാട്ടില്‍ ചെന്ന് കഴിഞ്ഞുള്ള കാര്യങ്ങള്‍ ഓര്‍ത്ത് മാത്തുക്കുട്ടി സീറ്റ് ചാരിയിട്ട് പതിയെ കണ്ണുകള്‍ അടച്ചു.
  വിമാനം തിരുവനന്തപുരത്ത് എത്തി. ആള്‍ക്കാര്‍ ഞാനാദ്യം, ഞാനാദ്യം എന്ന് തിക്കിത്തിരക്കുന്നു.നേരം വെളുത്ത് വരുന്നതേ ഉള്ളൂ. പെട്ടെന്ന് ഇറങ്ങിയിട്ട് കാര്യം ഒന്നും ഇല്ലാത്തതുകൊണ്ട് മാത്തുക്കുട്ടി സീറ്റില്‍ തന്നെ കുത്തിപ്പിടിച്ച് ഇരുന്നു. ആള്‍ക്കാരുടെ തള്ളിച്ച ഒന്ന് അടങ്ങിയപ്പോള്‍ പെട്ടിയും തൂക്കി ചെക്കിംഗും കഴിഞ്ഞ് പുറത്തേയ്ക്ക് നടന്നു.വെളിയിലേയ്ക്ക് പോരുന്ന കൂട്ടത്തില്‍ ഡ്യൂട്ടീ ഫ്രീ യില്‍ കയറില്‍ മൂന്ന് നാല് കുപ്പി വാങ്ങിച്ചിടാന്‍ മറന്നില്ല.
     വെളിയില്‍ ഇറങ്ങി ഒരു സിഗരറ്റിന് തീ കൊടുത്ത് ആലോചിച്ചു.' സമയം ആറ് മണി ആകുന്നു.തിരുവനന്തപുരത്ത്കാരി ഉറക്കം ഉണര്‍ന്നിട്ടുണ്ടാവും. അങ്ങോട്ട് തന്നെ പോയാലോ അതാ ഹോട്ടലില്‍ മുറിയെടുത്ത് ഒന്ന് ഫ്രഷ് ആയിട്ട് പോകണോ?' അവസാനം ചിന്തകളെ ഉപേക്ഷിച്ച് ഫോണ്‍ എടുത്ത് തിരുവനന്തപുരത്ത് കാരിയെ വിളിച്ചു. അപ്പുറത്ത് റിംഗ് ഉണ്ട്. ഉറക്കച്ചിവടോടെ ഒരു സ്വരം ...... 'ഹലോ '.... മാത്തുക്കുട്ടിക്ക് ആശ്വാസമായി

'എല്‍സമ്മോ ഇത് ഞാനാടി മാത്തുക്കുട്ടി. ഞാന്‍ ദേ ഇവിടെ ലാന്റ് ചെയ്തു. അങ്ങോട്ട് വരുവാ, നീ ഒന്ന് എഴുന്നേറ്റ് ഫ്രഷ് ആക്'
ഉറക്കപ്പീച്ചയിലായിരുന്ന എല്‍സമ്മയുടെ ഉറക്കം പമ്പ കടന്നു. ചാടി എഴുന്നേറ്റ് കട്ടിലില്‍ കുത്തിയിരുന്ന് 
' എന്റെ മാത്തുക്കുട്ടിച്ചായാ എത്തിയോ,ഞാനങ്ങ് ഉറങ്ങിപ്പോയി, ഹോട്ടലിലോട്ടൊന്നും പോകണ്ട നേരെ ഇങ്ങോട്ട് തന്നെ പോര്.ഞാന്‍ ചായ ഇട്ട് വെയ്ക്കാം '
എല്‍സമ്മ ഫോണ്‍ കട്ട് ചെയ്ത് മാത്തുക്കുട്ടിയെ സ്വീകരിക്കാന്‍ ഒരുങ്ങാനായി ഓടി.
          മാത്തുക്കുട്ടി ചുണ്ടില്‍ എരിഞ്ഞു കൊണ്ടിരുന്ന സിഗരറ്റ് ദൂരേക്ക് എറിഞ്ഞ് കളഞ്ഞ് വായ്‌നാറ്റം മാറാനായി  ചുയിംഗം വായിലിട്ടു. എല്‍സമ്മയുടെ വീട് എയര്‍പോര്‍ട്ടിന് അടുത്ത് തന്നെ ആയിരുന്നതിനാല്‍ ഒരു ഓട്ടോറിഷ പിടിച്ച് അങ്ങോട്ടേയ്ക്ക് യാത്രയായി.
സ്വന്തം കെട്ടിയവന്‍ അവധിക്ക് വരുബോള്‍ പോലും എല്‍സമ്മയുടെ മുഖത്ത് ഇത്ര സന്തോഷം കാണാറില്ല. രാവിലെ വിസ്തരിച്ച് കുളിച്ച്, പുതിയ ഉടുപ്പുകള്‍ ധരിച്ച് എല്‍സമ്മ മാത്തുക്കുട്ടിയെ സ്വീകരിക്കാനായി ഒരുങ്ങി വാതില്‍ക്കല്‍ കാത്തു നിന്നു.
  മൂന്ന് നാല് മാസങ്ങള്‍ക്ക് ശേഷം എല്‍സമ്മയെ വീണ്ടും കണ്ട സന്തോഷത്തില്‍ മാത്തുക്കുട്ടി ആനന്ദപുളകിതനായി. ഒരു നീണ്ട ആലിംഗനത്തിന് ശേഷം മാത്തുക്കുട്ടി  ദിനചര്യകള്‍ക്കായി ബാത്ത്‌റൂമിലേയ്ക്കും, മാത്തുക്കുട്ടിക്കുള്ള ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കാനായി എല്‍സമ്മ അടുക്കളയിലേയ്ക്കും നടന്നു.
    കുളിയും മറ്റ് കാര്യങ്ങളും കഴിഞ്ഞ് ബെഡ്‌റൂമിലേയ്ക്ക് എത്തിയ മാത്തുക്കുട്ടി എല്‍സമ്മയെ കണ്ട് വീണ്ടും ആനന്ദപുളകിതനായി. ഒരു മനവും ഒരു ശരീരവുമായി അവര്‍ കട്ടിലില്‍ പരസ്പരം മെയ്യോട് മെയ് ചേര്‍ന്ന് കിടന്നു. അങ്ങനെ കിടക്കുംപോഴാണ് എല്‍സമ്മയുടെ കെട്ടിയവന്‍ അവധിക്ക് വന്നപ്പോള്‍ പുതിയ ഇന്നോവാ ഒരെണ്ണം വാങ്ങിയ കാര്യം അറിയുന്നത്. മാത്തുക്കുട്ടി എല്‍സമ്മയോട് ചോദിച്ചു.
'എന്റെ എല്‍സമ്മേ നിനക്ക് വണ്ടി ഉള്ളപ്പോള്‍ ഞാനെന്തിനാ വെറുതെ ടാക്‌സിക്ക് കാശ് കളയുന്നത്. തിരികെ പോകുന്നതു വരെ എനിക്ക് നിന്റെ വണ്ടി ഉപയോഗിക്കരുതോ?'
എല്‍സമ്മയ്ക്ക് നൂറു വട്ടം സമ്മതം.
' അതിനെന്താ മാത്തുക്കുട്ടിച്ചായാ ... ഇതൊക്കെ ചോദിക്കാനുണ്ടോ? വണ്ടി മാത്തുക്കുട്ടിച്ചായന്റെ സ്വന്തമാണെന്ന് തന്നെ കരുതിക്കോ' കൈയ്യോടെ എല്‍സമ്മ വണ്ടിയുടെ താക്കോല്‍ 
മാത്തുക്കുട്ടിയെ ഏല്‍പ്പിച്ചു.
   വണ്ടി കിട്ടിയ സന്തോഷത്തില്‍ മാത്തുക്കുട്ടി ഫോണ്‍ എടുത്ത് തന്റെ സഹപാഠിയും ആത്മാര്‍ഥ സുഹൃത്തുമായ ജയദേവനെ വിളിച്ചു.തലേന്ന് അടിച്ചതിന്റെ കെട്ടുവിടാതെ കിടക്കപ്പായില്‍ സ്ഥാനം തെറ്റിക്കിടന്ന ഉടുതുണി വാരി ചുറ്റി 'ആരാടാ നേരം വെളുക്കുന്നതിന് മുന്‍പേ' എന്നാലോചിച്ച് ജയദേവന്‍ ഫോണ്‍ എടുത്ത് നോക്കി. മാത്തുക്കുട്ടിയുടെ നമ്പര്‍ കണ്ട് വലിയൊരു കോട്ടുവായോടെ ഫോണ്‍ എടുത്തു.
' ആ എടാ നീ എത്തിയോ ,എവിടാ ഇപ്പോ?' 
മാത്തുക്കുട്ടി പറഞ്ഞു 'നീ ഒന്ന് ഒരുങ്ങി റെഡിയായി നില്‍ക്ക് ഞാനൊരു അര മണിക്കൂറിനുള്ളില്‍ എത്തും. വീട്ടിലോട്ട് കയറുന്നില്ല. നീ ആ കവലയിലോട്ട് ഇറങ്ങി നില്‍ക്ക് '
മാത്തുക്കുട്ടി അരമണിക്കൂറിനുള്ളില്‍ എത്തുമല്ലോ എന്നോര്‍ത്ത് ജയദേവന്‍ വേഗം ഒരുങ്ങി കവലയിലേയ്ക്ക് ഇറങ്ങി. രാവിലെ എത്തിയ മനോരമയും, മാത്രഭൂമിയും വായിച്ച് തീര്‍ത്തിട്ടും മാത്തുക്കുട്ടി എത്തിയില്ല. അക്ഷമനായ ജയദേവന്‍ അടുത്ത പത്രം കൈയ്യില്‍ എടുത്ത് ഒരു കാപ്പിക്കും കൂടെ ഓര്‍ഡര്‍ കൊടുത്തു.
   ജയദേവനോട് വേഗം ഒരുങ്ങി നില്‍ക്കാന്‍ പറഞ്ഞിട്ട് മാത്തുക്കുട്ടി എല്‍സമ്മയോടൊത്ത് വീണ്ടും കട്ടിലിലേയ്ക്ക് മറിഞ്ഞു. സമയം പോയത് രണ്ട് പേരും അറിഞ്ഞില്ല. കുറെക്കഴിഞ്ഞപ്പോഴാണ് ഓര്‍ത്തത് ജയദേവനോട് ഒരുങ്ങി നില്‍ക്കാന്‍ പറഞ്ഞിട്ടുണ്ടല്ലോ എന്ന്. കട്ടിലില്‍ നിന്നും ചാടി എഴുന്നേറ്റ് വീണ്ടും കുളിച്ചൊരുങ്ങി എല്‍സമ്മയുടെ ഇന്നോവായുമായി മാത്തുക്കുട്ടി വെളിയിലേയ്ക്ക് ഇറങ്ങി. 
    പുതിയ ഇന്നോവാ മാത്തുക്കുട്ടിക്ക് ഓടിക്കാന്‍ കൊടുത്ത നന്ദി സൂചകമായി വലതു വശത്തെ കണ്ണാടി എല്‍സമ്മയുടെ മതിലിന് തന്നെ സമ്മാനിച്ചു. കണ്ടു നിന്ന എല്‍സമ്മയുടെ നെഞ്ചില്‍ വലിയ ഒരു പാറക്കല്ല് വീണ പ്രതീതി. മാത്തുക്കുട്ടിച്ചായനല്ലെ എന്തു പറയാന്‍. അങ്ങനെ ഒടിഞ്ഞ് തൂങ്ങിയ സൈഡ് മിററും ആയി മാത്തുക്കുട്ടി വണ്ടി വീണ്ടും മുന്‍പോട്ട് എടുത്തു. അമേരിക്കയില്‍ ഓട്ടോമാറ്റിക് വണ്ടി മാത്രം ഓടിച്ചിട്ടുള്ള മാത്തുക്കുട്ടി ഗിയര്‍ ഉള്ള വണ്ടി അതേ ലാഘവത്തോടെ ഓടിക്കാന്‍ ശ്രമിച്ചു. ഇടയ്‌ക്കൊക്കെ ഗിയര്‍ രണ്ടിലേക്കിടുംബോള്‍ നാലിലേയ്ക്കും, മൂന്നിലേക്കിടുംമ്പോള്‍ ഒന്നിലേയ്ക്കും മാറി മാറിക്കളിച്ചു; അതുകാരണം ചില സ്ഥലങ്ങളിലൊക്കെ ചെറിയ ചെറിയ ട്രാഫിക് ജാം ഉണ്ടാക്കാന്‍ മാത്തുക്കുട്ടിക്ക് കഴിഞ്ഞു. അങ്ങനെ ഒരു വിധം മുന്‍പോട്ട് പോകുംമ്പോഴാണ് കോട്ടയംകാരിയുടെ വിളി വന്നത്. ഒരു കൈയ്യില്‍ വണ്ടി ഒരു വിധം ബാലന്‍സ് ചെയ്ത് ഫൊണ്‍ എടുക്കുംമ്പോഴാണ് റോഡു പണിക്കായി കൊണ്ടുവന്നിട്ടിരുന്ന റോഡ് റോളറിന്റെ മൂട്ടിലേയ്ക്ക് ഇന്നോവാ ചെന്ന് കയറിയത്. മുന്‍ വശത്തെ ബംബര്‍ മുഴുവനായി ഇളകി ഇങ്ങ് പോന്നു. പരിസരത്തെങ്ങും ആരും ഇല്ലാതിരുന്നതിനാല്‍ ഇളകിപ്പോയ ബംബര്‍ അടുത്തു കണ്ട വാഴയുടെ കച്ചി പിരിച്ച് കയറുണ്ടാക്കി കെട്ടിവെച്ചു. അങ്ങനെ ഇളകിയ ബംബറും ഒടിഞ്ഞ് തൂങ്ങിയ കണ്ണാടിയുമായി മാത്തുക്കുട്ടി ജയദേവന്റെ അടുത്തേയ്ക്ക് യാത്ര തുടര്‍ന്നു.
' ഇറങ്ങിയപ്പോള്‍ മുതല്‍ ശകുനപ്പിഴ ആണല്ലോ കര്‍ത്താവേ' 
മാത്തുക്കുട്ടി കര്‍ത്താവിനോട് പരാതിപ്പെട്ടു. എല്‍സമ്മയോട് എന്ത് പറയും എന്ന് ആലോചിക്കുമ്പോഴാണ് വളവ് തിരിഞ്ഞ് വന്ന തടിലോറി ഇടതുവശത്തെ കണ്ണാടിക്കിട്ട് താങ്ങിയിട്ട് പോയത്. അങ്ങനെ ഇരുവശത്തെയും കണ്ണാടികള്‍ ഒടിഞ്ഞ് തൂങ്ങി താഴേയ്ക്ക് കിടന്നു.
     ചായക്കടയിലെ പത്രങ്ങള്‍ മുഴുവന്‍ വായിച്ച് തീര്‍ത്ത് നാലഞ്ച് ചായയും കുടിച്ച് കഴിഞ്ഞിട്ടും മാത്തുക്കുട്ടിയെ കാണാത്ത ദേഷ്യത്തില്‍ ജയദേവന്‍ കടയ്ക്ക് വെളിയിലേയ്ക്ക് ഇറങ്ങി.റോഡിലേയ്ക്ക് നോക്കുബോള്‍ വാഴക്കച്ചി കൊണ്ട് കെട്ടിവെച്ച ബംബറും, ഒടിഞ്ഞ് തൂങ്ങിയ സൈഡ് മിററുകളുമായി ഒരു ഇന്നോവാ ഇഴഞ്ഞ് വരുന്നു.
  ജയദേവനെ വഴിയരികിലായി കണ്ട സന്തോഷത്തില്‍ മാത്തുക്കുട്ടി വണ്ടി ഒതുക്കി ഇറങ്ങി വന്നു.
'എടാ രണ്ട് ഗ്ലാസും ഒരു കുപ്പി തണുത്ത വെള്ളവും ഇങ്ങ് മേടിക്ക്' ജയദേവന്  എന്തെങ്കിലും ചോദിക്കാന്‍ സമയം കിട്ടുന്നതിന് മുന്‍പ് മാത്തുക്കുട്ടി പറഞ്ഞു. 'പാവം വളരെ പരവേശപ്പെട്ട് വന്നതാകും' എന്നോര്‍ത്ത് ജയദേവന്‍ ഓടിപ്പോയി ഗ്ലാസും വെള്ളവുമായി എത്തി. മാത്തുക്കുട്ടി വണ്ടി തുറന്ന് പെട്ടിയില്‍ നിന്ന് കള്ള് കുപ്പി പൊക്കി വായിലേയ്ക്ക് കമഴ്ത്തി വെള്ളവും കുടിച്ചു.
   ജയദേവനോട് കാര്യങ്ങള്‍ ചുരുക്കി പറഞ്ഞ് എല്‍സമ്മയെ വിളിച്ചു. വണ്ടിയുടെ ശരിക്കുള്ള അവസ്ഥ പറയാതെ ചെറുതായി വണ്ടി ഒന്ന് തട്ടി എന്നൊക്കെ പറഞ്ഞ് വെച്ചു.എല്‍സമ്മ മത്തായിക്കുട്ടിയെ ധൈര്യപ്പെടുത്തി.
'സാരമില്ല മാത്തുക്കുട്ടിച്ചായാ... വണ്ടി എങ്ങനെ എങ്കിലും ഷോറൂമില്‍ എത്തിച്ചാല്‍ മതി. പുതിയ വണ്ടി ആയതു കൊണ്ട് അവര് ശരിയാക്കിക്കൊള്ളും' മാത്തുക്കുട്ടി ഒരു ദീര്‍ഘനിശ്വാസം വിട്ടു. ഏതായാലും അവടെ കെട്ടിയോന്‍ വരുന്നതിന് മുന്‍പ് വണ്ടി പണിത് കിട്ടിക്കോളും, കുഴപ്പമില്ല.                                       
      ആ തലവേദന ഒഴിഞ്ഞ സന്തോഷത്തില്‍ കനത്തില്‍ ഒരെണ്ണം ഗ്ലാസില്‍ ഒഴിച്ച് ചിയേഴ്‌സ് പറഞ്ഞ് കുടിച്ചു. ജയദേവനേയും കയറ്റി മാത്തുക്കുട്ടി വണ്ടി വീണ്ടും മുന്‍പോട്ട് എടുത്തു.മാത്തുക്കുട്ടി ജയദേവനോട് ചോദിച്ചു
'എടാ നമ്മള്‍ ഇന്ധനം നിറച്ചു പക്ഷേ വണ്ടിക്ക് ഇന്ധനം നിറക്കേണ്ടെ' അടുത്തു കണ്ട പമ്പിലേയ്ക്ക് വണ്ടി കയറ്റി. 'പെട്രോളോ ഡീസലോ.......ഡീസല്‍ ആയിരിക്കും' പമ്പുകാരനും സപ്പോര്‍ട്ട് ചെയ്തു അങ്ങനെ ഫുള്‍ ടാങ്ക് ഡീസല്‍ അടിച്ച് കഴിഞ്ഞപ്പോഴാണ് എല്‍സമ്മ വിളിച്ച് പറയുന്നത് 'മാത്തുക്കുട്ടിച്ചായാ അത് പെട്രോള്‍ വണ്ടി ആണെ' എന്ന്. മാത്തുക്കുട്ടിക്ക് ഒരു കുലുക്കവും ഉണ്ടായില്ല പക്ഷേ ജയദേവന്റെ കണ്ണ് തള്ളി; 'ഇനി എന്തു ചെയ്യും'. പരിചയത്തിലുള്ള ഒരു വര്‍ക്ഷോപ്പുകാരനെ വിളിച്ച് വിവരം പറഞ്ഞു.രണ്ട് മൂന്ന്  മണിക്കൂറുകള്‍ക്ക് ശേഷം വര്‍ക്ഷോപ്പില്‍ നിന്ന് പണിക്കാരന്‍ വന്ന് ഡീസല്‍ ഊറ്റി എടുത്ത് വീണ്ടും പെട്രോള്‍ നിറച്ചു.ഈ സമയം എല്ലാം മാത്തുക്കുട്ടി തന്റെ ഫോണില്‍ കിളികളുമായി കിന്നരിച്ചു കൊണ്ടിരുന്നു. പമ്പുകാരന്റെ ദയയില്‍ ചാര്‍ജ്ജ് തീര്‍ന്ന ഒരു ഫോണ്‍ ചാര്‍ജ്ജ് ചെയ്യാനും ഇട്ടു. ജയദേവന്‍ ആകട്ടെ എന്തോ കളഞ്ഞ അണ്ണാനെപ്പോലെ വെയിലും കൊണ്ട് നിന്നു.
      ജയദേവന്‍ കൂടെ വണ്ടിയില്‍ ഉണ്ടായത് മാത്തുക്കുട്ടിക്ക് ഏറെ ആശ്വാസമായി; കാരണം വണ്ടിയുടെ ഗിയര്‍ ജയദേവന്‍ ഇട്ടോളും. മാത്തുക്കുട്ടി ഒരു കൈയ്യില്‍ വളയവും മറുകൈയ്യില്‍ ഫോണുമായി തന്റെ പതിവ് കൊഞ്ചലില്‍ അലിഞ്ഞു.. അങ്ങനെ മുന്‍പോട്ടുള്ള യാത്രയില്‍ മാത്തുക്കുട്ടിയുടെ കൈയ്യില്‍ നിന്നും വണ്ടി; വെറുതെ റോഡില്‍ നില്‍ക്കുന്ന ഇലക്ട്രിക് പോസ്റ്റുകള്‍ക്ക് ഇട്ട് ഉരസുകയും, എതിരെ വരുന്ന ഓട്ടോക്കാരുടെയും ബൈക്കുകാരുടെയും നേര്‍ക്ക് ഓടിച്ചെന്ന് കയറാന്‍ ശ്രമിക്കുകയും ചെയ്തുകൊണ്ടിരുന്നു. എന്തു ചെയ്യണം എന്നറിയാതെ പേടിച്ച് വിറച്ച് ജയദേവന്‍ ഇന്നോവായുടെ മുന്‍പില്‍ അള്ളിപ്പിടിച്ച് ഇരുന്നു.
   എല്‍സമ്മയുടെ ഭര്‍ത്താവിന്റെ അപ്പന് ഹാര്‍ട്ട്അറ്റാക്കായി ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആയതു പ്രമാണിച്ച് എല്‍സമ്മയെ അറിയിക്കാതെ എമര്‍ജന്‍സിയില്‍ കക്ഷി നാട്ടില്‍ എത്തി.ഭാര്യക്ക് ഒരു സര്‍െ്രെപസ് കൊടുക്കാം എന്ന് കരുതി വഴിയരികിലുള്ള കടയില്‍ കയറി കുറെ മധുരം വാങ്ങി ഇറങ്ങുബോള്‍ നല്ല പരിചയം ഉള്ള ഒരു ഇന്നോവാ പോകുന്നു. നമ്പര്‍ ശ്രദ്ധിച്ചപ്പോള്‍ താന്‍ ഗള്‍ഫിന് പോകുന്നതിന് മുന്‍പ് വാങ്ങിയ ഇന്നോവാ. പക്ഷേ ഇതെന്താ ഇങ്ങനെ; ബംബര്‍ എല്ലാം ഇളകി, സൈഡ് മുഴുവന്‍ ഉരഞ്ഞ്, കണ്ണാടികള്‍ ഒടിഞ്ഞ് തൂങ്ങി...... ഒന്നും മന:സിലാകാതെ വാ പൊളിച്ച് നിന്ന എല്‍സമ്മയുടെ കെട്ടിയവന്‍ ഫോണെടുത്ത് എല്‍സമ്മയെ വിളിച്ചു. കെട്ടിയവന്റെ ഗള്‍ഫിലെ നമ്പര്‍ കണ്ട എല്‍സമ്മ സംശയം ഒന്നും തോന്നാതെ ഫോണ്‍ എടുത്തു.
'എടീ നമ്മുടെ വണ്ടി എന്തിയെ?'
'അത് അച്ചായാ സര്‍വ്വീസിന് വേണ്ടി ഷോറൂമില്‍ കൊടുത്തിരിക്കുവാ; എന്താ അച്ചായാ''
' ഒന്നും ഇല്ല ചോദിച്ചതാ '
എല്‍സമ്മ ഫോണ്‍ വെച്ച് മത്തുക്കുട്ടിച്ചായനെ ഓര്‍ത്ത് കട്ടിലിലേയ്ക്ക് ചാഞ്ഞു.
ഓര്‍ക്കാപ്പുറത്ത് വീട്ടിലേയ്ക്ക് കയറി വന്ന കെട്ടിയവനെ കണ്ട് എല്‍സമ്മ ഞെട്ടി. കട്ടിലിന്റെ വശങ്ങളിലായി ചിതറിക്കിടക്കുന്ന മാത്തുക്കുട്ടിയുടെ വസ്ത്രങ്ങള്‍ കണ്ട് എല്‍സമ്മയുടെ കെട്ടിയവനും ഞെട്ടി.അങ്ങനെ എല്‍സമ്മയുടെ കാര്യത്തില്‍ ഒരു തീരുമാനമാക്കി അടുത്ത വിമാനത്തില്‍ കെട്ടിയവന്‍ ഗള്‍ഫിലേയ്ക്ക് മടങ്ങി.
  ഇതൊന്നും അറിയാതെ ജയദേവനേയും കൂട്ടി മാത്തുക്കുട്ടി കണ്ട ഊടു വഴികളിലൂടെ ഇന്നോവ പറപ്പിച്ചു.ഒരു അന്തവുമില്ലാത്ത മാത്തുക്കുട്ടിയുടെ െ്രെഡവിംഗ് കണ്ട് ജയദേവന്‍ വണ്ടി ഒതുക്കാന്‍ ആവശ്യപ്പെട്ടു.ജയദേവന് മുള്ളാന്‍ വേണ്ടിയാകും വണ്ടി ഒതുക്കാന്‍ പറഞ്ഞത് എന്ന് കരുതി മാത്തുക്കുട്ടി വണ്ടി ഒതുക്കി ഇറങ്ങി. പക്ഷേ ജയദേവന്‍ അതു വഴി വന്ന ഒരു ഓട്ടോറിക്ഷക്ക് കൈ കാണിച്ച് മാത്തുക്കുട്ടിയെ വഴിയില്‍ ഉപേക്ഷിച്ച് ജീവനും കൊണ്ട് ഓടി രക്ഷപെട്ടു.ജയദേവന്‍ തന്നെ പെരുവഴിയില്‍ ഉപേക്ഷിച്ചു പോയ വിഷമത്തില്‍ കുപ്പി പൊട്ടിച്ച് രണ്ട് എണ്ണം കൂടെ ഒഴിച്ച് അടിച്ച മാത്തുക്കുട്ടി ഇന്നോവാ നേരെ ഷോറൂമിലേയ്ക്ക് വിട്ടു.കെട്ടിയവന്‍ വന്നിട്ടുള്ള കാര്യം എല്‍സമ്മ  മാത്തുക്കുട്ടിയെ ടെക്സ്റ്റ് ചെയ്ത് അറിയിച്ചതു കൊണ്ട് വണ്ടി ഷോറൂമിലിട്ട് അടുത്തുള്ള ഹോട്ടലില്‍ മുറി എടുത്ത് അവിടെകൂടി.
ഇനി ഇപ്പോള്‍ ഇവിടെ നിന്നിട്ട് കാര്യം ഇല്ല. അത്യാവശ്യം ആത്മസംഘര്‍ഷം എല്‍സമ്മയില്‍ ഇറക്കി.ഇനി എന്ത് എന്ന് ആലോചിക്കുമ്പോഴാണ് വയനാടും രാവിലത്തെ കോടമഞ്ഞും കുളിരും എല്ലാം  ഓര്‍മ്മയിലേയ്ക്ക് എത്തിയത്. പിന്നെ ഒന്നും ആലോചിച്ചില്ല ഫോണ്‍ എടുത്ത് വയനാട്ട് കാരിയെ വിളിച്ചു.
'എന്റെ മാത്തുക്കുട്ടിച്ചായാ ഇങ്ങോട്ട് പോര്' 

എന്നുള്ള ഗ്രീന്‍ സിഗ്‌നല്‍ കിട്ടിയതുകൊണ്ട് രാവിലത്തെ ട്രയിനിന് വയനാട്ടിന് പോകാനായി മാത്തുക്കുട്ടി പെട്ടി അടുക്കാന്‍ തുടങ്ങി. അപ്പോള്‍ മാത്തുക്കുട്ടിയുടെ ചുണ്ടില്‍ ഒരു പഴയ ഗാനം തത്തിക്കളിച്ച് നിന്നു....... 'ശ്യാമ സുന്ദര പുഷ്പമേ......... '
                          
                              റോബിന്‍ കൈതപ്പറമ്പ് .......

ചആ : ഈ കഥ തികച്ചും എന്റെ ഭാവനയില്‍ വിരിഞ്ഞതാണ്. മരിച്ച് പോയവരുമായോ ജീവിച്ചിരിക്കുന്നവരുമായോ ഇതിലെ കഥാപാത്രങ്ങള്‍ക്ക് യാതൊരു ബദ്ധവും ഇല്ല. ആരുമായെങ്കിലും സാദൃശ്യം തോന്നുന്നെങ്കില്‍ ആത് യാദൃശ്ചികം മാത്രം
റോബിന്‍ കൈതപ്പറമ്പ്  നര്‍മ്മകഥ

മാത്തുക്കുട്ടിയുടെ കേരള യാത്ര(നര്‍മ്മ കഥ)-റോബിന്‍ കൈതപ്പറമ്പ് .......
Join WhatsApp News
Amerikkan Mollaakka 2018-05-20 14:04:56
ഇങ്ങനെ മത്തായികുട്ടിമാർ ഉണ്ട് കേട്ടോ. റോബിൻ
സാഹിബ് സത്തിയം  പറഞ്ഞു.  ഞമ്മക്ക് മൂന്നു
ബീവിമാരുണ്ട്  ഞമ്മള് ബേറൊരുത്തന്റെ ബീവിയെ
തേടി പോകില്ല. ഈ പഹയന്മാർ അവരുടെ
ബീവിമാരെ പറ്റിച്ചു അലാക്കിന്റെ പണി ചെയുന്നത്
ഇങ്ങള് എയ്ത്തുകാര് പുറത്തുകൊണ്ടുവരണം.ഇബൻമാരുടെ ബീവിമാർ ഇങ്ങനെ സെയ്താൽ
എന്താകും സ്ഥിതി. ക്രമേണ ബീവിമാരും കൊച്ചു
ചെറുക്കൻമാരെ തേടി പോകും.

അപ്പൊ ഞമ്മള് ബി ട  ബാങ്ങുന്നു. അസ്സാലാമു
അലൈക്കും 
മാത്തുക്കുട്ടി 2018-05-20 22:04:58
ഓരോ മലയാളികളുടെ വീടിന്റെ പുറകിൽ പോയി പമ്മി ഇരുന്നു അവര് പോകുന്നതും വരുന്നതും നോക്കി ഇരുന്നു കഥ എഴുതുന്നോടാ . നിന്റെ   കഥ കഴിക്കുന്നുണ്ട്. നീ ഒക്കെ തിരഞ്ഞെടുത്തുവിട്ട ട്രംപിന് ഇതൊക്ക ആകാം ഞങ്ങൾക്കായിക്കൂടാ അല്ലെ 
CID Moosa 2018-05-21 13:16:51
മറ്റുള്ളോരുടെ കഥ എഴുതാൻ പോകുമ്പോൾ നമ്മളുടെ കഥ ആരെങ്കിലും എഴുതുന്നുണ്ടോ എന്ന് ശ്രദ്ധിച്ചോണം !
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക