Image

വാല്‍ക്കണ്ണാടിയിലെ ദൃശ്യങ്ങള്‍ (വിചാരവേദി നിരൂപണ പരമ്പര: ഡോ.നന്ദകുമാര്‍ ചാണയില്‍)

Published on 18 May, 2018
വാല്‍ക്കണ്ണാടിയിലെ ദൃശ്യങ്ങള്‍ (വിചാരവേദി നിരൂപണ പരമ്പര: ഡോ.നന്ദകുമാര്‍ ചാണയില്‍)

അമേരിക്കന്‍ മലയാള ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ പതിവായി കാണാറുള്ള ഒരു ലേഖന പരമ്പരയാണ് ‘വാല്‍ക്കണ്ണാടി’. കേരളത്തില്‍, ഭാരതത്തില്‍, അമേരിക്കയില്‍ എന്നുവേണ്ടാ, ആഗോളതലത്തില്‍ നടമാടുന്ന സാമൂഹിക, സാംസ്ക്കാരിക, സാമുദായിക, രാഷ്ട്രീയ, സാമ്പത്തിക സംഭവവികാസങ്ങളെ വിലയിരുത്തി വായനക്കാരെ ബോധവത്ക്കരിച്ചുകൊണ്ടിരിക്കുന്ന ലേഖനങ്ങളെഴുതി ശ്രദ്ധേയനായ ഒരു സാഹിത്യപ്രതിഭയാണ് ശ്രീ. കോരസണ്‍ വര്‍ഗ്ഗീസ്. കൂടാതെ, ഒരു വാഗ്മിയും, സംഘാടകനും, മാധ്യമപ്രവര്‍ത്തകനും കൂടിയാണ് ഇദ്ദേഹം. ഇതിനെല്ലാമുപരി, ശ്രീ. വര്‍ഗ്ഗീസ് ഒരു ചിത്രകാരനും കാര്‍ട്ടൂണിസ്റ്റുമാണന്നുള്ള വസ്തുത അധികം പേര്‍ക്കും അറിയില്ല. തന്റെ കന്നി പുസ്തകമായ ‘വാല്‍ക്കണ്ണാടി’ ചര്‍ച്ച ചെയ്യാന്‍ സന്മനസ്സു കാണിച്ചതിലൂടെ ‘വിചാരവേദി’യുടെ അക്ഷരക്കൂട്ടായ്മയെ ധന്യമാക്കിയ ഈ സാഹിത്യകാരന്‍, ‘ഈ മലയാളി’ യുടെ ഈ വര്‍ഷത്തെ ജനപ്രിയ എഴുത്തുകാരനുള്ള പുരസ്ക്കാരജേതാവാണെന്നത് ‘വിചാരരവേദി’യിലെ നമുക്കേവര്‍ക്കും അഭിമാനാര്‍ഹമാണ്. അദ്ധ്യയനവേള തൊട്ടേ വായനയിലും എഴുത്തിലും പ്രത്യേകതാല്പര്യം പൈതൃക പ്രേരിതവുമാവാം. കാരണം, പിതാവും ഒരു എഴുത്തുകാരനാണെന്ന് ‘വാല്‍ക്കണ്ണാടി’യിലൂടെ മനസ്സിലാവുന്നുണ്ട്. ‘വിത്തുഗുണം പത്തുഗുണം’ എന്നാണല്ലോ പഴമൊഴി. നമുക്കു ചുറ്റും ഒരുപാടു സംഭവങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. ജീവിതായോധനത്തിന്റെ ബദ്ധപ്പാടില്‍ സാധാരണക്കാരെല്ലാം അവ ശ്രദ്ധിക്കാറില്ല. എന്നാല്‍, സമൂഹത്തോട് പ്രതിബദ്ധതയുള്ള അല്പം ചിലര്‍ക്കേ അവയോട് സര്‍ഗ്ഗാത്മഗതയിലൂടെ പ്രതികരണശേഷി വെളിപ്പെടുത്താനാവൂ. അത്തരത്തിലുള്ള ഒരു സര്‍ഗ്ഗപ്രതിഭയാണ് ശ്രീ. കോരസണ്‍ വര്‍ഗ്ഗീസ്. കണ്ണാടി എന്താണ്? എന്തിനാണ്? കേവലം മുഖം മിനുക്കു പണിക്ക് മാത്രമുള്ള ഒന്നല്ലത്. കണ്ണാടിയില്‍ സ്വന്തം പ്രതിബിംബം കണ്ട് അറ്റകുറ്റപ്പണിക്ക് പുറമേ, ആത്മസാക്ഷാത്ക്കാരത്തിനുള്ള ഒരു ചോദനയും നല്‍കുന്നു. ആ വാഗര്‍ത്ഥത്തിലായാലും പ്രതീകാത്മകാര്‍ത്ഥത്തിലായാലും ഈ വാല്‍ക്കണ്ണാടിയും നാം തന്നെ ചെയ്തുകൂട്ടുന്ന കരണപ്രതികരണങ്ങളുടെ ഫലമായി ക്ഷതമേല്ക്കുന്ന സമൂഹത്തിന്റെ മുഖത്തിനും അറ്റകുറ്റപ്പണികള്‍ നടത്തി, ന്യൂനതകള്‍ പരിഹരിക്കാനുള്ള ഒരു താക്കീതല്ലേ ‘വാല്‍ക്കണ്ണാടി’യുടെ രചയിതാവും നല്‍കുന്നത്.

ആദ്യകാല പ്രവാസിമലയാളികള്‍ക്ക് സ്വന്തം നാടുപേക്ഷിച്ച് എത്തിപ്പെട്ട ദേശത്ത് വേരുകള്‍ ഉറപ്പിക്കുന്നതിലും പിന്നീട് വരുംതലമുറയെ പോറ്റാനുള്ളത് സ്വരൂപിക്കുന്നതിലുമായിരുന്നു ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിയിരുന്നത്. കാലം മാറിവന്നതോടെ, കോലവും മാറാന്‍ തുടങ്ങി. മലയാളികള്‍ അമേരിക്ക എന്ന പറുദീസയില്‍ പച്ചപിടിക്കാന്‍ തുടങ്ങിയപ്പോള്‍, ചില പ്രവാസ പ്രമാണികള്‍ അര്‍ദ്ധരാത്രിക്കും കുട പിടിക്കാന്‍ തുടങ്ങി. ഇത്തരത്തിലുള്ള അമേരിക്കന്‍ മലയാളികളുടെ കാപട്യത്തേയും പൊങ്ങച്ചാഭിരുചിയേയും ആക്ഷേപഹാസ്യേണ നിശിതമായി വിമര്‍ശിക്കുന്ന സരസമായ പ്രബോധനമാണ് ‘വാല്‍ക്കണ്ണാടി’യിലെ ‘അവാര്‍ഡുകളുടെ തമ്പുരാന്‍’ എന്ന പ്രഥമ ലേഖനം. ഇതിലെ ഉദാര നിമിത്തം എന്നൊരു ഭേദഗതി ഈ ആസ്വാദകന്റെ മനസ്സിലുണ്ട്. കാരണം, വയറ്റുപ്പിഴപ്പിനായല്ല ഇത്തരം കോപ്രായങ്ങള്‍; മറിച്ച് അല്പന് അല്പം കാശ് കുമിഞ്ഞുകൂടിയപ്പോള്‍ എന്തെങ്കിലും കാട്ടി അര്‍ദ്ധരാത്രിയില്‍ കുട പിടിക്കാനുള്ള വ്യഗ്രതയില്‍ ഉദാരത്തിന്റെ ഉദ്ഗിരണം ഉണ്ടായി എന്നേ ഉള്ളൂ.

പുതുമഴയ്ക്ക് മുളക്കുന്ന കൂണ്‍ പോലെ പ്രത്യക്ഷപ്പെടുന്ന ഇവിടുത്തെ സംഘടനാ ബാഹുല്യത്തെ കണക്കറ്റ് പരിഹസിക്കുന്ന ‘തട്ടുസംസ്ക്കാരവും അര്‍ത്ഥരഹിതമായ കൂട്ടായ്മകളും’ എന്ന ലേഖനവും ആദ്യ ലേഖന സന്ദേശത്തോട് ചേര്‍ത്ത് വായിക്കാവുന്നതാണ്. സംഘടനകളുടെ വെണ്‍കൊറ്റക്കുട എന്ന പേരില്‍ മാത്സര്യബുദ്ധിയോടെ തട്ടിക്കൂട്ടുന്ന നാമമാത്രസംഘടനകള്‍ ദുര്‍ബലമായ സംഘടനാ മാതൃകകളായി കൂടിവരുന്നത് ആരോഗ്യപരമായ സമീപനമല്ല എന്ന ഗ്രന്ഥകര്‍ത്താവിന്റെ നിഗനമം നമുക്കേവര്‍ക്കും ദൃഷ്ടാന്തമാണല്ലോ. തട്ടുകട സംസ്ക്കാരത്തിനും അര്‍ത്ഥരഹിതമായ കൂട്ടായ്മകള്‍ക്കും പ്രതിവിധികള്‍ നിര്‍ദ്ദേശിക്കുന്നതിലൂടെ ഈ എഴുത്തുകാരന്‍ വെറുതെ എങ്കിലും ചൂണ്ടിക്കാട്ടി, ഒഴിഞ്ഞുമാറാതെ, തന്റെ കര്‍ത്തവ്യനിര്‍വ്വഹണം ശരിയായി പാലിക്കുന്നുണ്ട്. അതോടൊപ്പം, ‘ഇവിടെ ഒരു പുതിയ കേളികൊട്ടിനുള്ള സമയമായി’ എന്ന ആഹ്വാനവും.

‘ഒരു തൂവെള്ള ക്രിസ്തുമസ്സിനെ ഞാന്‍ കിനാവുകാണുന്നു’-വില്‍ 9 തവണ ഓസ്ക്കാര്‍ അവാര്‍ഡ് നേടിയ, റഷ്യയില്‍ ജനിച്ചു വളര്‍ന്ന് അമേരിക്കയില്‍ കുടിയേറിയ, എന്നാല്‍ ഒരു വലിയ സംഗീത സാമ്രാജ്യത്തിന്റെ താക്കോലിനുടമയായ ഇര്‍വിംഗ് ബെര്‍ലിനെക്കുറിച്ചുള്ള അനുസ്മരണം ആകര്‍ഷകമാക്കിയിട്ടുണ്ട് ശ്രീ. വര്‍ഗ്ഗീസ് ബെര്‍ലിന്റെ 8 വരികളുള്ള ലളിതമായ ഒരു ഗാനം കാലാനുവര്‍ത്തിയായി ഇന്നും ജനകോടികളെ കോള്‍മയിര്‍ കൊള്ളിക്കുന്നു. കുട്ടിക്കാലത്തെ നിഷ്ക്കളങ്കമായ സ്വപ്നങ്ങളെ തട്ടിയുണര്‍ത്തുന്ന വികാരതീവ്രസ്മരണകള്‍ പ്രതിപാദിക്കുമ്പോള്‍ ഗ്രന്ഥകാരനും സഹ്യാതിര്‍ത്തി കടന്നുള്ള പ്രകൃതി രമണീയമായ, അല്ല, രമണീയം ആയിരുന്ന കൊച്ചുകേരളത്തിലെ ഗൃഹാതുരസ്മരണകള്‍ അയവിറക്കുന്നത് ഭംഗിയായിട്ടുണ്ട്. ബെര്‍ലിന്റെ അമ്മ ഇടയ്ക്കിടെ പറയുമായിരുന്ന ‘ഏീറ യഹല ൈഅാലൃശരമ’ എന്ന വായ്ത്താരിയെ, തന്റെ ജന്മവാസനകളിലൂടെ പോഷിപ്പിച്ച്, അമേരിക്കയുടെ അപ്രഖ്യാപിത ദേശീയഗാനത്തിന്റെ നിര്‍മ്മാതാവായി മാറിയ ഒരു പരിണാമദശ നന്നായി രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ദരിദ്രനായി ജീവിതമാരംഭിച്ച്, 9 തവണ അക്കാദമി അവാര്‍ഡ് കരസ്ഥമാക്കിയ അമേരിക്കന്‍ വീരഗാഥ ചേതോഹരമാം വിധം സംക്ഷിപ്തമായി വിവരിച്ചിട്ടുണ്ട് ശ്രീമാന്‍ വര്‍ഗ്ഗീസ്.

ആഖ്യാനശൈലിയുടെ മികവിനാല്‍ ‘ഓസ്ക്കാര്‍ അവാര്‍ഡ് രാത്രിയിലെ പ്രത്യാശാ മുനമ്പ്’ എന്ന ലേഖനവും മറ്റുപല ലേഖനങ്ങലെപ്പോലെ തന്നെ വിജ്ഞാനപ്രദമാണ്. ഈ പുസ്തകത്തിലെ വിവിധ ലേഖനങ്ങള്‍ വായിക്കുമ്പോള്‍ വ്യക്തമാകുന്നത് മലയാള നാട്ടില്‍ ജനിച്ചുവളര്‍ന്ന കോരസണ്‍ ഗൃഹാതുരത്വം ചുരക്കുന്ന ലേഖനങ്ങള്‍ എഴുതുന്നതോടൊപ്പം തന്നെ തന്റെ കുടിയേറ്റ മണ്ണിന്റെ മാഹാത്മ്യവും വായനക്കാരുമായി പങ്കുവെയ്ക്കുന്നതില്‍ ഉദാസീനനല്ലെന്നാണ്. അതേപോലെ കേരളത്തിലും, ഭാരതത്തിലും, ആഗോളതലത്തിലും നടമാടുന്ന സംഭവവികാസങ്ങള്‍ നിരീക്ഷിച്ച്, അപഗ്രഥിച്ച്, സംവേദനക്ഷമതയോടെ വായനക്കാരന്റെ ബോധമണ്ഡലവുമായി അനായേസേന സമ്പര്‍ക്കം പുലര്‍ത്തുന്നതിലും ഇദ്ദേഹം വിജയിച്ചിട്ടുണ്ടെന്നാണ് ഈ പുസ്തകം ഒന്നില്‍ കൂടുതല്‍ തവണ വായിക്കാനവസരം ലഭിച്ചിട്ടുള്ള ആസ്വാദകന്റെ അഭിമതം. എഛങഅഅയുടെ മതസൗഹാര്‍ദ്ദസമ്മേളനത്തില്‍ അവതരിപ്പിച്ച ചിന്തകള്‍ തികച്ചും ചിന്താദ്യോതുകങ്ങളാണ്. ‘എല്ലാ മതവിശ്വാസങ്ങളിലുള്ള നന്മകള്‍ സ്വാംശീകരിച്ച് ബഹുസ്വരസംസ്ക്കാരത്തില്‍, നിലനില്പിന്റേതായ ഒരു ആത്മീയ തലം സൃഷ്ടിക്കുകയാണ് മതേതര ആത്മീയത കൊണ്ടുദ്ദേശിക്കുന്നത്’ എന്ന സന്ദേശം ഒരു ബാക്കിപത്രമായി അവശേഷിക്കുന്നുണ്ട്.

‘ഞാന്‍ ഒരു ക്രിസ്തുവിശ്വാസിയാണ്; പക്ഷേ എന്റെ ദൈവം ക്രിസ്ത്യാനിയല്ല. പിന്നെ എന്റെ ദൈവം ആരാണ്? ഏതു ദൈവഭാഷയിലാണ് ഞാന്‍ സംവദിക്കേണ്ടത്? എവിടേക്കാണ് ഞാന്‍ ശാന്തിക്കായി തിരിയേണ്ടത്? മതസൗഹാര്‍ദ്ദവും മതേതരത്വവും അടിസ്ഥാനസിദ്ധാന്തമായി അനുവര്‍ത്തിക്കുന്നവരെ കുഴയ്ക്കുന്ന പ്രസക്തപ്രശ്‌നങ്ങള്‍ തന്നെ ഇവ. ‘മതത്തിലൂടെ ആത്മീയതയിലേക്കും ചവിട്ടിക്കയറാനാവണം. അതിനു വിഘാതമുണ്ടാക്കുന്ന മതമാണെങ്കില്‍ അതിനെ തിരസ്ക്കരിക്കുക തന്നെ വേണം’ എന്ന ബിഷ്പ് പൗലോസ് മാര്‍ പൗലോസിന്റെ സന്ദേശം, മതതീവ്രവാദം മാനവരാശിയുടെ നിലനില്‍പ്പിന് വിഘാതം സൃഷ്ടിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍, അത്യന്തം പ്രചോദനാത്മകമാണ്. ഭാരതത്തിലെ ക്രാന്തദര്‍ശികളായ ഋഷീശ്വരന്മാരും നിരന്തരം ഉദ്‌ഘോഷിച്ചത് ഇതുതന്നെ. സഹജമാര്‍ഗ്ഗ ആത്മീയചിന്തകളുടെ ആചാര്യനായ ശ്രീ. രാജഗോപാലാചാരി തന്റെ പ്രഭാഷണങ്ങളില്‍ പറയാറുണ്ട്. ‘ടുശൃശൗേമഹശ്യേ യലഴശി െംവലൃല ൃലഹശഴശീി ലിറ’െ എന്ന് അക്ഷരംപ്രതി ഉള്‍ക്കൊണ്ടുകൊണ്ട് ജീവിതാനുവര്‍ത്തിയാക്കേണ്ട പ്രമാണം തന്നെ. ‘മലയാളി സംഘടനകളുടെ ഒത്തുചേരലിലും തിരഞ്ഞെടുപ്പുകളിലും വര്‍ഗ്ഗീയ വേര്‍തിരിവ് ഒളിഞ്ഞും തെളിഞ്ഞും കാണാനാവും’ എന്ന ശ്രീ. വര്‍ഗ്ഗീസിന്റെ നിരീക്ഷണം എന്ന അര്‍ത്ഥത്തില്‍ പരമാര്‍ത്ഥം തന്നെ. അടുത്തകാലത്ത് അമേരിക്കന്‍ മലയാളി സമൂഹത്തെ നടുക്കിയ ചെറുപ്പക്കാരുടെ തിരോധാനവും ദുര്‍മ്മരണങ്ങളും ഒരു സഭാ സമ്മേളനത്തില്‍ പരാമര്‍ശിച്ചപ്പോള്‍ ഒരു മതനേതാവില്‍ നിന്ന് പുറത്തു വന്ന പൈശാചിക പരാമര്‍ശം- ആ കൂട്ടത്തില്‍ നമ്മുടെ കുട്ടികളൊന്നും ഇല്ലല്ലോ, പിന്നെന്താ? അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു കളഞ്ഞു എന്ന് പ്രസ്താവിക്കാനുള്ള ഈ ഗ്രന്ഥകാരന്റെ ധൈര്യം ഇദ്ദേഹത്തിന്റെ സാമൂഹ്യ പ്രതിബദ്ധത എടുത്തുകാണിക്കാന്‍ പര്യാപ്തമാണ്. ‘ആത്മാര്‍ത്ഥമായിപ്പറഞ്ഞാല്‍ നമ്മിലോരോരുത്തരിലും വര്‍ഗ്ഗീയതയുടെ മുനമ്പുകള്‍ നാമറിയാതെ നീട്ടപ്പെടുന്നുണ്ട്’ എന്ന തുറന്നുപറച്ചില്‍.

‘കേരളം- എന്ന ചെകുത്താന്റെ സ്വന്തം നാടോ?’ മലരണിക്കാടുകള്‍ തിങ്ങിനിറഞ്ഞ് ശാലീന വശ്യത തുളുമ്പി നിന്നിരുന്ന മലയാളി നാട്ടില്‍ മര്യാദയും സല്ക്കര്‍മ്മവും നിലനിന്നിരുന്ന ഒരു കാലം നമുക്കുണ്ടായിരുന്നു. അങ്ങിനെയുള്ള ‘ദൈവത്തിന്റെ സ്വന്തംനാടി’ന്റെ ദുരവസ്ഥ കണ്ട് മനം നോവുന്ന എഴുത്തുകാരന്‍ ആ നാടിനെ ചെകുത്താന്റെ സ്വന്തം നാടായി മാറിയ പരിണാമം, ഇദ്ദേഹത്തിന്റെ ചില സുഹൃത്തുക്കള്‍ക്കുണ്ടായ തിക്താനുഭവത്തിന്റെ വെളിച്ചത്തില്‍ വിവരിക്കുന്നുണ്ട്. സമയപരിമിതിയും വിസ്താരഭയവും മൂലം മുപ്പത്തിയൊന്നു ലേഖനങ്ങളിലെ എല്ലാം തന്നെ ആസ്വാദനവിധേയമാക്കാന്‍ സാധിക്കാതെ വരുന്നതില്‍ ഖേദമുണ്ട്.

അങ്ങിനെ ‘വാല്‍ക്കണ്ണാടി’യില്‍ വിവിധവും വ്യത്യസ്തവുമായ അനുഭവങ്ങളാണ് ശ്രീ. വര്‍ഗ്ഗീസ് വായനക്കാരുമായി പങ്കുവയ്ക്കുന്നത്. രാഷ്ട്രീയവും സാമുദായികവുമായ മൂല്യച്യുതികളും ആഗോള സമ്പദ്‌വ്യവസ്ഥയും സാമ്പത്തികപരമായ ചര്‍ച്ചകളും ലോകത്തെമ്പാടുമുള്ള അപചയങ്ങളുമെല്ലാം സാധാരണക്കാരന് മനസ്സിലാവുന്നവിധം ഈ പുസ്തകത്തില്‍ ചര്‍ച്ചയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. വളച്ചുകെട്ടില്ലാതെ, നര്‍മ്മം കലര്‍ത്തി നേരെ ചൊവ്വേ കാര്യങ്ങള്‍ വായനക്കാരുമായി പങ്കുവയ്ക്കുന്നതില്‍ ഗ്രന്ഥകര്‍ത്താവ് പ്രദര്‍ശിപ്പിച്ച ഒതുക്കവും, മികവും പ്രശംസനീയം തന്നെ. വാല്‍ക്കണ്ണാടിക്കും രചയിതാവിനും എല്ലാവിധ ഭാവുകങ്ങളും നേരുന്നു. മഹത്തരങ്ങളായ ഉല്‍കൃഷ്ട കൃതികള്‍ ഈ അനുഗ്രഹീത സാഹിതീ തല്പരനില്‍ നിന്നും ഉണ്ടായിക്കൊണ്ടിരിക്കട്ടെ എന്ന ശുഭകാമനകളോടെ വിരമിക്കുന്നു.

***********

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക