Image

പ്രിയപ്പെട്ട സിസ്റ്റര്‍ അഭയ! നീതി അകലെയല്ല!!! (ജോര്‍ജ് നെടുവേലില്‍, ഫ്‌ളോറിഡ)

ജോര്‍ജ് നെടുവേലില്‍, ഫ്‌ളോറിഡ) Published on 20 April, 2018
പ്രിയപ്പെട്ട സിസ്റ്റര്‍ അഭയ! നീതി അകലെയല്ല!!! (ജോര്‍ജ് നെടുവേലില്‍, ഫ്‌ളോറിഡ)
കത്താവിന്റ്റെ പുതുമണവാട്ടിയായിരുന്ന അഭയകന്യാസ്ത്രി സംശയകരമായ സാഹചര്യത്തില്‍ ഇഹലോകവാസം വെടിഞ്ഞിട്ട് കാല്‍നൂറ്റാണ്ട് കഴിഞ്ഞിരിക്കുന്നു. വിശ്വാസികളെ നാനാപ്രകാരേണ പിഴിഞ്ഞ് കുമിച്ചു കൂട്ടിയ കാശിന്റ്റെ ശക്തിയില്‍ ഇന്നേവരെ കേസ് ഇഴച്ചുകൊണ്ടുപോകാന്‍ കേരളത്തിലെ അവിശുദ്ധ കത്തോലിക്കാസഭക്കു കഴിഞ്ഞു. എന്നാല്‍ അഭയക്കു നീതി നേടിക്കൊടുക്കുവാന്‍ പാടുപെടുന്നവര്‍ക്ക്    സമീപകാലത്തെ    കോടതിവിധികള്‍ പ്രതീക്ഷയും ശുഭാപ്തിവിശ്വാസവും പ്രദാനം ചെയ്തിരിക്കുന്നു. കൂടാതെ, സമാനമായ കേസില്‍ ഒരു കത്തോലിക്കാ പുരോഹിതനെ അമേരിക്കയില്‍ അടുത്തയിടയില്‍ ജീവപര്യന്ത ജയില്‍വാസത്തിന് ശിക്ഷിച്ചത്  56 വര്‍ഷത്തിനുശേഷം    കേരള കത്തോലിക്കാസഭാവൃത്തങ്ങളെ അങ്കലാപ്പിലാക്കിയിട്ടുണ്ട്.

 ദക്ഷിണ ടെക്‌സസിലെ മക്കലന്‍ പട്ടണമാണ്, 1960ല്‍, ആ ദാരുണ കൃത്യത്തിന് സാക്ഷ്യം വഹിച്ചത്. അതിസുന്ദരിയായ ഐറീന്‍ ഗാര്‍സാ എന്ന ഇരുപത്തിയഞ്ചുകാരി പെണ്‍മണിയെ,  ഇരുപത്തിയേഴുകാരനായ ജോണ്‍ ഫെയ്റ്റ് എന്ന പുരോഹിതന്‍ കുമ്പസാരക്കൂട്ടില്‍നിന്നും കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു;  കൊലപ്പെടുത്തി.

ഇക്കാര്യത്തില്‍ കൂടുതലൊന്നും പറയാന്‍ എനിക്ക് ഇപ്പോള്‍ ആവതില്ല. എന്റ്റെ മനസ്സ് കേരളത്തിലെ പേരുകേട്ട അക്ഷര നഗരിയിലേക്ക് എന്നെ  പിടിച്ചുകൊണ്ടുപോയിരിക്കുന്നു. കഴിഞ്ഞ 26 വര്‍ഷങ്ങളായി നീതിക്കുവേണ്ടി ദാഹിക്കുന്ന നിങ്ങള്‍ക്കൊപ്പം നില്‍ക്കാനും നീങ്ങാനും എന്നെ അനുവദിക്കുക. ആ പട്ടണത്തിലെ വിശുദ്ധ പത്താം പിയൂസ് മാര്‍പ്പാപ്പായുടെ നാമധേയത്തിലുള്ള കന്യകാലയത്തിനു ചുറ്റും എന്റ്റെ മനസ്സ് പതറി പാറി  നടക്കുന്നു. ആപാദചൂഡം ആടയില്‍ മൂടി,  കണ്ണും, മൂക്കും, മുഖവും  മാത്രമോ എന്ന് തോന്നിക്കുന്ന കുറെ ജീവിതങ്ങളെ ഞാന്‍ എന്റ്റെ മനസ്സില്‍ ദര്‍ശിക്കുന്നു.

 വീട്ടിലെ സാമ്പത്തിക പരാധീനതമൂലം കര്‍ത്താവിന്റ്റെ  മണവാട്ടിപദം എറ്റെടുത്തു വന്നവരാണവര്‍. ഇതിന് അപവാദം ഇല്ലെന്നു പറയുന്നില്ല. അവര്‍ക്കും, നമ്മള്‍ക്കും, ലോകര്‍ക്കെല്ലാവര്‍ക്കും അറിയാവുന്ന കേവല സത്യമാണത്. എന്നാല്‍ വിശുദ്ധ വ്യഭിചാരവും,  ശുദ്ധമാന തട്ടിപ്പും വശമുള്ളവര്‍ക്കും, വിശുദ്ധ നുണയില്‍ അഭിരമിക്കുന്നവര്‍ക്കും അത് വിശപ്പിന്റ്റെ വിളിയല്ല; വിശുദ്ധ ദൈവവിളിയാണുപോലും!  

വിശപ്പിന്റ്റെ വിളിക്ക് ഉപശാന്തിയായി വിശുദ്ധ വസ്ത്രം എടുത്തണിഞ്ഞ ശുദ്ധമനസ്‌ക്കയായിരുന്നു കൗമാരം കടക്കാത്ത അഭയ. കര്‍ത്താവിന്റ്റെ  പുതുമണവാട്ടിയായ കുമാരിക്ക്, 1992 മാര്‍ച്ച് മാസം 27)0 തീയതി, ഒരു തെറ്റുപറ്റി  ഉമ്മിണി വലിയ തെറ്റ്   ആകാത്ത കാഴ്ച അവള്‍ കണ്ടു.

അക്കാലത്ത്, കത്തോലിക്കാ കുടുംബങ്ങളിലെ ഒരു ചിട്ട ആയിരുന്നു പുലര്‍കാലനമസ്‌കാരം.  ഉറക്കമുണര്‍ന്നാലുടന്‍ ഉടുതുണി തപ്പിയെടുത്തുടുത്ത് ഉറക്കപ്പായയില്‍ മുട്ടൂന്നിനിന്നുകൊണ്ട്: 'കര്‍ത്താവേ  കാവല്‍ മാലാഖായേ ഇന്നേ ദിവസം ആകാത്ത കാഴ്ച്ച കാണാതെയും നിരൂപിക്കാതെയും ഇരിക്കാന്‍ എന്നെ സാഹായിക്കേണമേ'  എന്ന് പ്രാര്‍ത്ഥിക്കുമായിരുന്നു. എന്നിരുന്നാലും, സ്‌കൂളിലേക്ക് പോകുന്ന വഴിയില്‍ ആറ്റരികില്‍ ചാഞ്ഞു നില്‍ക്കുന്ന തൈത്തെങ്ങില്‍ കൗപീനരഹിതനായി ചാരിനിന്ന്, മുലക്കു മുകളില്‍ മുണ്ടുകുത്തി 'കുരു ഉരുട്ടി' 'ജപമാലഭക്തി'  പ്രകടിപ്പിക്കുന്ന കാഴ്ച്ച നിത്യ സംഭവമായിരുന്നു.    

ജപമാലഭക്തിയെ കര്‍ത്താവിനും കാവല്‍ മാലാഖായ്ക്കും തടയാനാവുമോ?

അഭയക്ക് അന്ന് എന്തു പറ്റി! ആകാത്ത കാഴ്ച്ച കാണാതിരിക്കാന്‍ പ്രാര്‍ത്ഥിച്ചിട്ടുണ്ടാവില്ല;  കര്‍ത്താവിനും കാവല്‍ മാലാഖക്കും മറവി പറ്റിയിട്ടുണ്ടാവാം!

തെറ്റായ സമയത്തു് തെറ്റായ സ്ഥലത്തു കടന്നുചെന്ന് ആകാത്ത കാഴ്ച്ച കണ്ട തെറ്റുകാരിയായിരുന്നു കര്‍ത്താവിന്റ്റെ പുതുമണവാട്ടിയായ അഭയ. 'വിശുദ്ധ ശിക്ഷക്ക്'   വിളംബം ഉണ്ടായില്ല. ശരിയായ സമയത്തു്, ശരിയായ രീതിയില്‍, ശരിയായ ശിക്ഷ കര്‍ത്താവിന്റ്റെ പ്രതിപുരുഷന്മാരും പഴമണവാട്ടിയും ചേര്‍ന്നു നടപ്പിലാക്കി. കര്‍ത്താവിന്റ്റെ മഹത്വവും കത്തോലിക്കാപ്പള്ളിയുടെ സല്‍പ്പേരും നിലനിറുത്താനുള്ള കര്‍ത്തവ്യം വിളംബംവിനാ  നിര്‍വഹിച്ചതിനു വിശ്വാസികള്‍ ഏവരും അവരോട് നന്ദിയുള്ളവരായിരിക്കണം. എരിവോടുകൂടി പ്രത്യേകം പ്രാര്‍ത്ഥിക്കുകയും കൊന്ത എത്തിക്കുകയും വേണം. തിരുമേനിമാരുടെ തിരുമനസ്സും തീട്ടൂരവും അതാണല്ലോ!

 വിശ്വാസപറ്റങ്ങള്‍ തെറ്റുകൂടാതെ ഓര്‍മ്മിക്കേണ്ടുന്ന ഒന്നുണ്ട്:  'പ്രാര്‍ത്ഥന, പണസമര്‍പ്പണം,  പാദസേവ'' ഇവ മൂന്നും ശുഷ്‌ക്കാന്തിയോടെ നിര്‍വഹിച്ചാല്‍ സ്വര്‍ഗ്ഗരാജ്യത്തിന്റ്റെ ആധാരമുള്ള അവകാശികളായി അംഗീകരിക്കപ്പെടും! ഇതിനു തെറ്റ് വരുത്തിയാല്‍, ഒരിക്കലും കെടാത്ത തീയില്‍ ദഹിക്കാത്ത മാംസപിണ്ഡമായി യാതന അനുഭവിക്കേണ്ടിവരും. 

 മഠത്തിനുള്ളില്‍ കുടുങ്ങിയ കര്‍ത്താവിന്റെ മണവാട്ടികള്‍ മഠാധിപരോടിടഞ്ഞാല്‍ മാനസികരോഗികളായി മുദ്രകുത്തപ്പെട്ടതുതന്നെ!  വീട്ടുകാരും മാനസികാസ്വാസ്ഥ്യം ഉള്ളവരാണെന്നു പറഞ്ഞു പരത്തും. ഒരു വിശ്വാസി അങ്ങനെ ചെയ്താല്‍, അത് അഞ്ചാം പ്രമാണത്തിന്റ്റെ ഘനമായ ലംഘനമാണ്. കര്‍ത്താവിനോട് അടുത്തവര്‍ ചെയ്താല്‍ 'വിശുദ്ധ ലംഘനവും'.    മഠങ്ങള്‍ക്കുള്ളില്‍ സംഭവിക്കുന്ന അസ്വഭാവിക മരണങ്ങള്‍ എല്ലാംതന്നെ ആത്മഹത്യകളാക്കി മാറ്റാനുള്ള മാജിക്കുവിദ്യയില്‍ മാസ്‌റ്റേഴ്‌സ് ബിരുദമെടുത്തവരാണ് മഠാധികൃതര്‍. നൂറ്റാണ്ടുകളായി വളര്‍ത്തിയെടുത്ത ഫലവത്തായ ഒരു ശീലമായി അത് വളര്‍ന്നുകഴിഞ്ഞിരിക്കുന്നു.

അന്ധകാരയുഗം മുതല്‍ ഇന്നോളം അഭിഷിക്തരും, മുതലവായന്‍ തൊപ്പിധാരികളും, അംശവടിയുടെ അകമ്പടിയില്‍ കര്‍ത്താവിന്റ്റെ  പ്രതിപുരുഷന്മാരെന്ന കപടവേഷം അണിഞ്ഞവരുടെ കാപട്യത്തില്‍ ജീവന്‍ ഹനിക്കപ്പെട്ടത് കര്‍ത്താവിന്റ്റെ പുതുമണവാട്ടിയുടേതായിരുന്നു. പ്രതിപുരുഷന്മാരുടെ കര്‍ക്കശമായ കാര്യനിര്‍വഹണമാണത്. അവരെ ചോദ്യം ചെയ്യുന്നവര്‍ക്കുമേല്‍ അശനിപാതംപോലെ ശാപം പതിക്കും!  ഏഴു തലമുറവരെ ആ ശാപം നിലനില്കുമെത്രെ! ഇപ്രകാരമുള്ള അനേകമനേകം 'ദൈവീകമായ' വിവരങ്ങള്‍ തലയില്‍ തറച്ചുകയറ്റപ്പെട്ടവര്‍ക്ക് കത്തോലിക്കാപ്പള്ളി കല്‍പ്പിച്ചരുളിയ പേരാണ് വിശ്വാസികള്‍.

 ഒരു കാലത്ത് അടിമകളെ പടച്ചുവിട്ടിരുന്ന മദ്രാസ് ലയോള കോളേജിന്റ്റെ  'കൂടിയ' ഉല്‍പന്നമായ പൗവ്വത്തില്‍ മെത്രാന്‍ ശ്രേഷ്ഠഭാഷയായ ഇംഗ്ലീഷില്‍,  മലയാളി വിശ്വാസികളെ വത്തിക്കാനില്‍ അവതരിപ്പിച്ചത് കേവലം 'സിമ്പിള്‍ ആന്‍ഡ് ഓര്‍ഡിനറി' എന്നാണ്. എന്നിട്ടും, എന്തുകൊണ്ടോ പൗവ്വത്തില്‍ കിനാവു കണ്ട പദവി പക്കലെത്തിയില്ല. പണം മുടക്കി പടച്ച സ്ഥാനവസ്ത്രങ്ങള്‍ പെട്ടിയില്‍ പൊടി പറ്റാതെ ഇരിക്കുന്നു. ദൈവത്തിന്റെ ഒരു കളിയെ!

 കര്‍ത്താവിന്റ്റെ പ്രതിപുരുഷന്മാരുടെ പ്രതികരണരീതിയില്‍ പ്രതിക്ഷേധിക്കുവാന്‍ ആര്‍ക്കാണ് സാധിക്കുക?  ആര്‍ക്കാണ് അവകാശം?

പ്രതിക്ഷേധിച്ചവരെ പരാജയപ്പെടുത്താന്‍ നാടന്‍ പൊലീസും കൂടിയ പൊലീസും കൂട്ടു നിന്നു. മുന്തിയ കുറ്റാന്വേഷകരും,  മന്ത്രിമാരും തന്ത്രപരമായി നിലകൊണ്ടു. മെത്രാന്മാരും മെത്രാസനങ്ങളും പണമൊഴുക്കി.   ഉന്നതനീതിപീഠങ്ങളിലെ കുഞ്ഞാടുകള്‍ കൊമ്പനാടുകളായിമാറി.  അപകടം  മണത്തയാള്‍ സ്വയം ജീവന്‍ എടുത്തു.  ചിലര്‍ മറുകരപറ്റി. രാഷ്ട്രീയപ്പാര്‍ട്ടികള്‍ തഞ്ചത്തില്‍ നിലകൊണ്ടു. രാസശാലാഫലങ്ങള്‍ തിരുത്തിക്കുറിച്ചു. തൊണ്ടികള്‍ 'പെരുച്ചാഴികള്‍' വിഴുങ്ങി. തെളിവുകള്‍ മാഞ്ഞുപോയി. കര്‍ത്താവിന്റ്റെ മറ്റു മണവാട്ടികള്‍ ദൈവതിരുമനസ്സിന് കീഴ്വഴങ്ങി എല്ലാം മനസ്സില്‍ ഒതുക്കി. അഭയയുടെ കസിന്‍മാരും അവര്‍ക്കൊക്കെ കൂട്ടുനിന്നു. കഴിയുന്നതുംവേഗം നീതി നടത്തേണ്ടവര്‍തന്നെ നാനാപ്രകാരേണ അതിനെ ഒച്ചിഴക്കുന്നു. കുറ്റാരോപിതരായ മൂന്നു സഭാ സൂനങ്ങള്‍ അവരുടെ വിടുതല്‍ ഹര്‍ജി ഏഴു വര്‍ഷമായി നീട്ടി ക്കൊണ്ടുപോകുന്നു. അങ്ങനെ കാല്‍ നൂറ്റാണ്ട് പിന്നിട്ടു കഴിഞ്ഞിരിക്കുന്നു. വിവിധ താല്‍പര്യക്കാരുടെ ഏകോപന ശ്രമത്തില്‍ കത്തോലിക്കാസഭയുടെ സല്‍പ്പേരും കര്‍ത്താവിന്റ്റെ മഹത്വവും ഇന്നേവരെ അഭംഗുരം കാത്തു സൂക്ഷിച്ചു. ഇനിയുള്ള കാലവും കാര്യവും കര്‍ത്താവിന് കാഴ്ചവെച്ച് – അഭയെ  ഭയന്ന്  കാത്തിരിക്കുന്നു.

നീണ്ട കാലഘട്ടത്തിനുശേഷം,  അഭയക്ക് നീതിലഭിക്കുകയില്ലെന്ന് ധാരമാളുകള്‍ ധരിച്ചുവശായിരിക്കുന്നു. അഭയെ തന്നെ ഒട്ടുമിക്കവരും മറന്നു കഴിഞ്ഞിരിക്കുന്നു. മകള്‍ക്ക് നീതി കിട്ടുന്ന ദിവസത്തിനായി 'മരിച്ചു ജീവിച്ചിരുന്ന' പിതാവ് മകള്‍ക്കൊപ്പം ചേര്‍ന്നുകഴിഞ്ഞിരിക്കുന്നു. ഇതിനിടയില്‍, പരലോകത്തില്‍ അപ്പനും മകളും ചേര്‍ന്ന് കരുക്കള്‍നീക്കിയതിന്റ്റെ ഫലമല്ലേ കര്‍ത്താവിന്റ്റെ പ്രതിപുരുഷനും മണവാട്ടിക്കും വിടുതല്‍ നിരാകരിച്ചുകൊണ്ടുള്ള കഴിഞ്ഞ ദിവസത്തെ കോടതി വിധി എന്നനുമാനിക്കുന്നതു യുക്ക്തമല്ലേ?   ശുഭോദര്‍ക്കമല്ലേ?  അതുകൊണ്ടാണ് 'പ്രിയപ്പെട്ട സിസ്റ്റര്‍ അഭയ! നീതി അകലെയല്ല!' എന്ന ശീര്‍ഷകത്തില്‍ തുടങ്ങാന്‍ ഞാന്‍ ധൈര്യപ്പെട്ടത്.

കേരളത്തിലെ ശുദ്ധമാന കത്തോലിക്കാപള്ളിയുടെ സ്വാധീനവും, സമ്പത്തും, ശക്തിയും, മുഷ്‌ക്കും നിലനില്‍ക്കുന്നിടത്തോളംകാലം അഭയക്ക് നീതി വിധിച്ചിട്ടില്ലെന്നു വിചാരിച്ചവര്‍ക്കും,  അഭയെ മറന്നുതുടങ്ങിയവര്‍ക്കും   പുതിയ കോടതിവിധി വര്‍ദ്ധിച്ച ആത്മവിശ്വാസം പകര്‍ന്നിരിക്കുന്നു.

ഇപ്പോള്‍ ആ സമയം സമാഗതമായിരിക്കുന്നു!   നമുക്ക് ടെക്‌സസിലെ മക്‌ലന്‍   പട്ടണത്തിലേക്കു പോകാം. ഐറീനെ പരിചയപ്പെടാം. ഐറീന്റ്റെ കദനകഥ കേട്ടറിയാം. അഭയക്കും ഐറീനും തമ്മിലെന്ത് എന്നറിയാം? 

സമര്‍ത്ഥയായ വിദ്യാര്‍ത്ഥിനി, സൗമ്യമായ പെരുമാറ്റം, പഠനേതര പരിപാടികളിലും അതീവതല്‍പര, ആരെയും ആകര്‍ഷിക്കുന്ന മുഖകാന്തി  ഐറീനെ സ്‌കൂളിലെ സൗന്ദ്യരറാണിപ്പട്ടം അണിയിച്ചു. ബിരുദധാരിയായ ഐറീന്‍ ദക്ഷിണ ടെക്‌സസിന്റ്റെ സൗന്ദര്യധാമമായി തെരഞ്ഞെടുക്കപ്പെട്ടു. സാമ്പത്തികമായി ഭേദപ്പെട്ട കുടുംബത്തിലെ അംഗമായിരുന്നു ഐറീന്‍. സ്‌കൂളധ്യാപികയായ ഐറീന്‍ ശമ്പളത്തിന്റ്റെ ഒരംശം സാമ്പത്തികശേഷിയില്ലാത്ത കുട്ടികളെ സഹായിക്കാന്‍ വിനിയോഗിച്ചിരുന്നു. തീക്ഷ്ണമായ ദൈവഭക്തിയുടെ ഉടമയായിരുന്ന ഐറീന്‍ ഇടവകപ്പള്ളിയിലെ 'ലീജിയന്‍ ഓഫ് മേരി'യുടെ നായികയായിരുന്നു.  

സുന്ദരിയും സുശീലയുമായ ഐറീന്‍ കര്‍ത്താവിന്റ്റെ  മണവാട്ടിയല്ലായിരുന്നു;  കാമുകിയായിരുന്നു. എല്ലാ ആഴ്ചയിലും കളങ്കരഹിതമായ തന്റ്റെ കരളില്‍ കര്‍ത്താവിനെ കുടിയിരുത്തുന്നതില്‍ അവള്‍ ആനന്ദിച്ചിരുന്നു. 1960 ഏപ്രില്‍ 16 വൈകുന്നേരം, പാപസങ്കീര്‍ത്തനത്തിനായി, യേശുവിന്റ്റെ പരിശുദ്ധ ഹൃദയത്തിന്റ്റെ പേരിലുള്ള ഇടവകപ്പള്ളിയില്‍ അവള്‍ ആഗതയായി.   പതിവിലധികം നേരം വൈകിയിട്ടും മകളെ കാണാതെ മാതാപിതാക്കള്‍ തീ തിന്നാന്‍ തുടങ്ങി. കുമ്പസാരത്തിനുശേഷം പാതിരാകുര്‍ബാനയില്‍ സംബന്ധിക്കാന്‍ തങ്ങിയ്യതായിരിക്കാമെന്നവര്‍ സന്ദേഹിച്ചു. പാതിരാകുര്‍ബാന പിരിഞ്ഞിട്ടും ഐറീന്‍ വീടണഞ്ഞില്ല. പരിഭ്രാന്തരായ മാതാപിതാക്കള്‍ പോലീസില്‍ വിവരം അറിയിച്ചു. അന്നേരം മുതല്‍ വീട്ടുകാരും, നാട്ടുകാരും, പോലീസും  ഒത്തൊരുമിച്ച് പട്ടണവും പരിസര പ്രദേശങ്ങളും അരിച്ചു പെറുക്കി അന്വേഷണമാരംഭിച്ചു. അഞ്ചു ദിവസങ്ങള്‍ക്കുശേഷം, പള്ളിയില്‍നിന്നും അകലെയല്ലാതെ റോഡില്‍നിന്നും ഐറീന്റ്റെ പഴ്‌സും ഒരു ചെരിപ്പും കണ്ടുകിട്ടി. തുടര്‍ന്ന് മൃതശരീരത്തിനുള്ള തിരച്ചിലായി.

ഏപ്രില്‍ 21 ന്, പഴ്‌സും ചെരിപ്പും കിട്ടിയ സ്ഥലത്തുനിന്നും മൈലുകള്‍ക്കപ്പുറം ഉള്ള ഒരു ചെറു തോട്ടില്‍നിന്നും ഐറീന്റ്റെ   മൃതശരീരം പോലീസ് കണ്ടെടുത്തു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ ശ്വാസംമുട്ടി മരിച്ചതായി സ്ഥിരീകരിക്കപ്പെട്ടു;   അബോധാവസ്ഥയില്‍ മാനഭംഗപ്പെട്ടതായും. മൃതശരീരം നാലഞ്ചുനാളുകള്‍ വെള്ളത്തിലാണ്ടുകിടന്നതിനാല്‍ തെളിവുകള്‍ക്കുതകുന്ന രോമം,  രേതസ്സ് എന്നിവ നഷ്ടപെട്ടിരുന്നു. തന്മൂലം കുറ്റവാളിയെ കണ്ടുപിടിക്കുന്നത് ദുഷ്‌ക്കരമായി. നേരിയ സംശയത്തിന്റെ പേരില്‍ അഞ്ഞൂറിലധികം ആളുകള്‍ പലയിടങ്ങളിലായി ചോദ്യം ചെയ്യപ്പെട്ടു. കുടുംബാംഗങ്ങളും, സഹപ്രവര്‍ത്തകരും, ആണ്‍/പെണ്‍ അടുപ്പക്കാരും, അറിയപ്പെട്ട ലൈംഗിക പീഡകരും അതിലുള്‍പ്പെട്ടു. അന്‍പതിലധികം പോളിഗ്രാഫ് പരീക്ഷണങ്ങള്‍ നടത്തപ്പെട്ടു. പോലീസ്,  2500 ഡോളര്‍ പ്രതിഫലം പ്രഖ്യാപിച്ചു. ദക്ഷിണ ടെക്‌സസിലെ വര്‍ത്തകരുടെ വക പാരിതോഷികം 10000 ഡോളര്‍ ആയിരുന്നു. ഇതിനിടയില്‍, ഏപ്രില്‍ 16ന് ഐറീന്റ്റെ കുമ്പസാരം കേട്ട 27 വയസ്സുകാരനായ ഫാദര്‍ ജോണ്‍ ഫെയിറ്റും സംശയത്തിന്റ്റെ നിഴലിലായി.

പള്ളികളില്‍നിന്നും പരിജനങ്ങളില്‍നിന്നും പ്രതിക്ഷേധ ശബ്ദമുയര്‍ന്നു.  കര്‍ത്താവിന്റ്റെ പ്രതിപുരുഷന് അപ്രകാരമുള്ള ഒരു പാപകൃത്യം ചെയ്യാനാവില്ല  വിശ്വാസികളുടെ തലയില്‍ ശുദ്ധമാന പള്ളി തറച്ചു കയറ്റിയിരുന്ന പ്രമാണമായിരുന്നു അത്. കൂടാതെ അമേരിക്കയുടെ ചരിത്രത്തിലെ പ്രഥമ കത്തോലിക്കാ പ്രസിഡന്റ്റ്സ്ഥാനാര്‍ഥി  ജോണ്‍ കെന്നഡി  മത്സരരംഗത്തുള്ളതും സഭയെ ചകിതമാക്കിയിരുന്നു.

 ഐറീന്റ്റെ ജഡം കിടന്ന തോട്ടിലെ വെള്ളം വറ്റിച്ചപ്പോള്‍ ഫാദര്‍ ജോണ്‍ ഉപയോഗിച്ചിരുന്ന ഒരു കേബിള്‍ പോലീസിന് ലഭിച്ചു. ഐറീന്റ്റെ  കുമ്പസാരം ഫാദര്‍ ജോണ്‍ കേട്ടത് പതിവിനു വിരുദ്ധമായി, പള്ളിമേടയില്‍ വച്ചായിരുന്നു. സംഭവദിവസത്തെ പാതിരാക്കുര്‍ബാനക്കുശേഷം ഫാദര്‍ ജോണിന്റ്റെ കൈത്തണ്ടയില്‍ നഖക്ഷതം കണ്ടതായും സഹവൈദീകര്‍ പോലീസില്‍ മൊഴി നല്‍കുകയുണ്ടായി. സംഭവദിവസത്തെ കുമ്പസാരം പതിവിനു വിരുദ്ധമായി പതുക്കെയായിരുന്നു പുരോഗമിച്ചിരുന്നത് എന്നതും, കുമ്പസാരക്കൂട്ടില്‍ നിന്നും ഫാദര്‍ ജോണ്‍ കുമ്പസാരത്തിനിടയില്‍ എഴുന്നേറ്റു പോയിരുന്നു എന്നതും പള്ളിമേധാവികള്‍ക്ക് സമ്മതിക്കേണ്ടിവന്നത് ഫാദര്‍ ജോണിന് വിനയായി. എങ്കിലും, ഫാദര്‍ ജോണ്‍ പോളിഗ്രാഫ് ടെസ്റ്റ് പാസ്സായെന്ന പോലീസ് റിപ്പോര്‍ട്ട് ജോണിനെ കുറ്റവാളിയാക്കുന്നതിന് തടസ്സമായി.

പള്ളിമേടയില്‍ ഐറീനെ കുമ്പസാരിപ്പിച്ചു എന്ന ആരോപണം ഫാദര്‍ ജോണ്‍ ആദ്യം നിഷേധിച്ചുവെങ്കിലും, പിന്നീട് സമ്മതിച്ചു. കുമ്പസാരത്തിനിടയില്‍   ഇറങ്ങിപ്പോയതിന് കാരണമായി പറഞ്ഞത്, കണ്ണാടി കൈയിലെടുത്തു അമ്മാനമാടിയപ്പോള്‍ താഴെ വീണ് കേടുസംഭവച്ചതിനാല്‍ അതു മാറ്റി എടുക്കാന്‍ പോകേണ്ടിവന്നു എന്നുമാണ്. പുതിയ കണ്ണാടി എടുക്കാന്‍ മുറിയില്‍ ചെന്നപ്പോള്‍ മുറിയുടെ താക്കോല്‍ കൈവശമില്ലെന്നു  മനസ്സിലാക്കി ജന്നാലയിലൂടെ മുറിയില്‍ കടക്കാനുള്ള ശ്രമത്തില്‍ ഏറ്റതായിരുന്നുവെത്രെ കൈത്തണ്ടയിലെ പരിക്കുകള്‍.

ഗാര്‍സിയായുടെ കൊലപാതകത്തിന് മൂന്നാഴ്ചമുമ്പ് അടുത്തൊരു പള്ളിയില്‍ മരിയ എന്ന ഒരു യുവതി ലൈഗികപീഡനത്തിന് ഇരയായിരുന്നു. കൃത്യം ചെയ്തത് ഫാദര്‍ ജോണ്‍ ആണെന്നായിരുന്നു ജനസംസാരം. എന്നാല്‍ അമ്മാതിരി ഒരു കുറ്റത്തില്‍ ഒരു വൈദികന്‍ ഉള്‍പ്പെട്ടുവെന്നുള്ള ധാരണ ജനമദ്ധ്യത്തില്‍ പരക്കാതിരിക്കാന്‍ പള്ളിക്കാര്‍ പരിശ്രമിച്ചു. കൃത്യം നടന്ന ദിവസം ഫാദര്‍ ജോണ്‍ ആ പള്ളി സന്ദര്‍ശിച്ചിരുന്നു. പള്ളിയിലെ ഒരു വൈദികനെ കാണാനാണ് വന്നതെന്ന് പറഞ്ഞു തടിതപ്പാന്‍ ജോണ്‍ ശ്രമിച്ചു. എന്നാല്‍, മരിയയുടെ വിവരണത്തിന്റ്റെ അടിസ്ഥാനത്തില്‍ ജോണിന്റ്റെ പേരില്‍ ലൈംഗികപീഡനത്തിന്,  പൊലീസ് കേസെടുത്തു. എന്നാല്‍ ജൂറിക്ക് ഒരു തീരുമാനത്തിലെത്താന്‍ കഴിഞ്ഞില്ല. രണ്ടാമതൊരു വിചാരണക്ക് ഇടംകൊടുക്കാതിരിക്കാന്‍വേണ്ടി ജോണ്‍ കുറ്റം നിഷേധിച്ചില്ല. അഞ്ഞൂറ് ഡോളര്‍ പിഴയൊടുക്കി ജോണ്‍ ആ കേസില്‍നിന്നും തലയൂരി.

മരിയയെ ആക്രമിച്ച കേസില്‍ നിന്നും പിഴയൊടുക്കി തലയൂരിയ ജോണിനെ സഭാധികാരികള്‍ മിസ്സോറിയിലെ ഒരു ആശ്രമത്തില്‍ പെരുമാറ്റ നവീ  കരണത്തിനായി പ്രവേശിപ്പിച്ചു. അവിടെ ജോണിന്റ്റെ മേല്‍നോട്ടം ടാക്കിനി എന്ന ഒരു സന്ന്യാസ വൈദികനായിരുന്നു. ഒരു യുവതിയെ വധിച്ചതായും, മറ്റൊരു യുവതിയെ ലൈംഗികമായി ആക്രമിച്ചതായും ജോണ്‍ അദ്ദേഹത്തോട് ഏറ്റുപറഞ്ഞു. ജോണിന്റ്റെ കുറ്റസമ്മതം അധികാരികളെ അറിയിക്കാന്‍ ഫാദര്‍ ടാക്കിനി മെനക്കെട്ടില്ല.

 വര്‍ഷങ്ങള്‍ക്കുശേഷം ആശ്രമത്തിലെ അന്തരീക്ഷം ജോണിന് പിടിക്കാതെയായി. ന്യൂമെക്‌സിക്കോയിലെ ഒരു ധ്യാന കേന്ദത്തില്‍ ജോണ്‍ അന്തേവാസിയായി ചേര്‍ന്നു. ധ്യാനകേന്ദ്രത്തിലെ ഒരു സഹായി എന്ന നിലക്കായിരുന്നു ജോണിന്റെ തുടക്കം. കുറച്ചു കാലത്തിനുള്ളില്‍ ഒരു സൂപ്പര്‍വൈസര്‍ ആയി അംഗീകരിക്കപ്പെട്ടു. ഇതിനിടയില്‍ ഫാള്‍റിവര്‍ രൂപതയില്‍നിന്നും ജെയിംസ് പോര്‍ട്ടര്‍ എന്ന ഒരു വൈദികനെ ചികിത്സാര്‍ത്ഥം ധ്യാനകേന്ദ്രത്തില്‍ കൊണ്ടുവന്നു. ജോണിന്റ്റെ  മേല്‍നോട്ടത്തിലായിരുന്നു പോര്‍ട്ടര്‍. നൂറിലധികം ബാലികാബാലന്മാരെ ലൈംഗികമായി പീഡിപ്പിച്ചതായിരുന്നു അദ്ദേഹത്തിനെതിരായ ആരോപണം. എന്നിട്ടും, മാസങ്ങള്‍ക്കുള്ളില്‍ മറ്റൊരു ഇടവകപ്പള്ളിയിലേക്ക് പോര്‍ട്ടറിനെ അയക്കുന്നതിന് ജോണ്‍ അനുമതി നല്‍കി

1970ല്‍ ഫാദര്‍ ജോണ്‍ സഭാവസ്ത്രങ്ങള്‍ ദൂരെ എറിഞ്ഞു. വിവാഹിതനായി. അരിസോണ സംസ്ഥാനത്തെ ഫീനിക്‌സില്‍ താമസമായി. മൂന്നു കുട്ടികള്‍ക്കു ജന്മം കൊടുത്തു. വിന്‍സന്റ്റ്ഡി പോള്‍ സൊസൈറ്റിയുടെ ഭക്ഷണ സഹായ വിതരണത്തില്‍ വ്യാപൃതനായികഴിഞ്ഞു 17 വര്‍ഷത്തോളം.

പൊടുന്നനവെയാണത് സംഭവിച്ചത് .അന്നുവരേ ഫാദര്‍ ടാക്കിനി മനസ്സില്‍ സൂക്ഷിച്ചിരുന്ന രഹസ്യം  ഫാദര്‍ ജോണ്‍ തന്നോട് നടത്തിയ കുറ്റസമ്മതം  2002ല്‍, പോലീസില്‍ വിളിച്ചറിയിച്ചു. തണുത്തു കിടന്നിരുന്ന ഐറീന്‍ വധാന്വേഷണം ഇതോടുകൂടി ചൂടുപിടിച്ചു. ടെക്‌സസ് സംസ്ഥാനത്തെ കുറ്റാന്വേഷണ സംവിധാനം,  ഐറീന്റ്റെ വധസമയത്തു ഫാദര്‍ ജോണിന്റ്റെ   സഹവൈദികനായിരുന്ന ഫാദര്‍ ജോസഫ് ഒബ്രിയനുമായി ബന്ധപ്പെട്ടു. ഐറീന്റ്റെ കൊലപാതകത്തെപ്പറ്റി തനിക്ക് യാതൊരു അറിവും ഇല്ലെന്നായിരുന്നു 2000ല്‍ ഒരു ടി . വി പരിപാടിയില്‍ അദ്ദേഹം പ്രസ്താവിച്ചത്. എന്നാല്‍ കുറ്റാന്വേഷണ വിദഗ്ദ്ധരുടെ മുന്നില്‍ അദ്ദേഹം മനസ്സ് തുറന്നു. ഫാദര്‍ ജോണിനെ സംശയമുണ്ടായിരുന്നതായി സമ്മതിച്ചു. മാത്രമല്ല,  ഫാദര്‍ ജോണ്‍ തന്നോട് കുറ്റം ഏറ്റുപറഞ്ഞതായും പ്രസ്താവിച്ചു.1960ലെ പോളിഗ്രാഫ് പരിശോധനക്കുശേഷം ജോണിനെ നിരപരാധിയാക്കിയ നിഗമനത്തെ, പരിശോധകന്‍ തന്നെ 2002ല്‍ ചോദ്യം ചെയ്യുകയുണ്ടായി. പരിശോധനാഫലത്തില്‍ പിന്നീട് തിരുത്തല്‍ നടത്തിയാണെത്രെ ജോണിനെ നിരപരാധിയാക്കി വിധിച്ചത്. ജോണ്‍, പരിശോധനയില്‍ പരാജയപ്പെട്ടെന്നാണ് പരിശോധകന്റ്റെ ഉത്തമവിശ്വാസം.

1960 മുതല്‍ 2014 വരെ ജോണിനെ സംരക്ഷിച്ചും,   കത്തോലിക്കാ സഭയുടെ സല്‍പ്പേരിനു കളങ്ക0 തട്ടാതെയും നഗര ഭരണവും ഡിസ്ട്രിക്ട് ജഡ്ജിമാരും സഹായിച്ചു. എന്നാല്‍ 2014ലെ ഡിസ്ട്രിക്ട് ജഡ്ജി തെരഞ്ഞെടുപ്പ് ഒരു വഴിത്തിരിവിന് വഴിവെട്ടി. പുതിയ സ്ഥാനാര്‍ത്ഥിയായ റോഡ്രിഗസ് ഐറീന്റ്റെ വധാന്വേഷണം ഒരു പ്രധാന വിഷയമാക്കിയിരുന്നു. ഐറീന്‍ കുടുംബത്തിന് നീതി ലഭ്യമാക്കുവെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. റോഡ്രിഗസ് താപ്പാനകളെ തറപറ്റിച്ചു. 2015  ജനുവരിയില്‍ ജഡ്ജിയായി അധികാരമേറ്റെടുത്ത റോഡ്രിഗസിന്റ്റെ പ്രഥമ പ്രഖ്യാപനം ഐറീന്‍ കേസിന്റ്റെ തുടരന്വേഷണമായിരുന്നു. ആരെയും പ്രത്യേകമായി സംശയിക്കാതെയും, പുതിയ തെളിവുകള്‍ക്കുവേണ്ടി സമയം മെനക്കെടുത്താതെയും അദ്ദേഹത്തിന്റ്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ കേസന്വേഷണം ഊര്‍ജ്ജിതമാക്കി.

 2016  ഫെബ്രുവരിയില്‍ ഫാദര്‍ ജോണിനെ നിയമം കയ്യാമം വെച്ചു    അരിസോണായിലെ സ്‌കോട്‌സ്‌ഡെയ്ല്‍ നഗരത്തില്‍വച്ച്. അപ്പോള്‍ ജോണിന്റെ പ്രായം 83.  നടത്തുപകരണത്തിന്റ്റെ സഹായത്തിലായിരുന്നു നടത്തം. കൂട്ടിന് ഭാര്യയും മൂന്നു കുട്ടികളും.

 മാര്‍ച്ച് 2016ല്‍, കേസിന്റെ വിചാരണ ടെക്‌സസിലെ ഹിഡാല്‍ഗോ കൗണ്ടിയിലേക്ക് മാറ്റി. ജോണ്‍ കുറ്റം നിഷേധിച്ചു. വിശുദ്ധ കത്തോലിക്കാസഭ  സര്‍വ്വശക്തനായ ഡോളര്‍ ഒഴുക്കി. ജോണിന്റ്റെ വക്കീല്‍വൃന്ദം 700ല്‍ പരം പേജുകളില്‍ കുത്തിനിറച്ച രേഖകളുമായി നിയമ പോരാട്ടത്തിന് അണിനിരന്നു. പ്രതിക്ക് നിഷ്പക്ഷമായ അന്തരീക്ഷം അവകാശപ്പെട്ടുകൊണ്ട് വിചാരണ മറ്റൊരു സ്ഥലത്തേക്കു മാറ്റണമെന്നായിരുന്നു ആദ്യത്തെ അഭ്യര്‍ത്ഥന. പത്രമാധ്യമങ്ങള്‍ ഇതിനോടകം പ്രതിയെ കുറ്റവാളിയായി മുദ്രകുത്തിയെന്നും, നീണ്ട വര്‍ഷങ്ങളായിട്ടു നിയമത്തിനു കീഴടങ്ങാതിരുന്നത് കത്തോലിക്കാസഭയുടെ ആവശ്യവും സംരക്ഷണവും ഹേതുവായിട്ടായിരുന്നുവെന്നും വക്കീലന്മാര്‍ വീറോടെ വാദിച്ചു.

ഫാദര്‍ ടാക്കിനിയും ഫാദര്‍ ജോസഫ് ഒബ്രിയനും, ഫാദര്‍ ജോണ്‍ തങ്ങളോട് നടത്തിയ കുറ്റസമ്മതം കോടതിയില്‍ വെളിപ്പെടുത്തി. ജോണിന്റ്റെ വക്കീലന്മാരുടെ വാദം വൃഥാവിലായി. ശുദ്ധമാന പള്ളിയുടെ പണത്തിന്റ്റെ ഒഴുക്കും പരിജനങ്ങളുടെ കൊന്തയും പാഴായി. കര്‍ത്താവും കൈവിട്ടു.   

ഐറീന്റ്റെ വധത്തിന് പരിപൂര്‍ണ്ണ ഉത്തരവാദിത്ത0 ഫാദര്‍ ജോണിനാണെന്ന്, 2017ഡിസംബര്‍ 7ന് ജൂറി വിധി എഴുതി.57  വര്‍ഷത്തെ ജയില്‍വാസമാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. ഡിസംബര്‍ 8 നു വിധി വന്നു  ജീവപര്യന്തം.

അതിശക്തമായ ആഗോള കത്തോലിക്കാപള്ളിയുടെ സകലവിധമായ തന്ത്രകുതന്ത്രങ്ങളെയും അതിജീവിച്ചുകൊണ്ടാണ് ഐറീന്‍ കേസില്‍ നീതി നേടിയെടുത്തത്  അനേകരുടെ അരനൂറ്റാണ്ടുകാലത്തെ അടങ്ങാത്ത പോരാട്ടത്തിനുശഷം.

 അഭയാക്കേസും ഐറീന്‍ക്കേസും തമ്മില്‍ സമാനതകള്‍ ഏറെയാണ്. രണ്ടുകേസ്സുകളിലും വിശുദ്ധി തൊട്ടുതേച്ചിട്ടില്ലാത്ത 'വിശുദ്ധ കത്തോലിക്കാസഭ 'യാണ് പ്രതിസ്ഥാനത്തു്. അവിഹിതമായി ആര്‍ജ്ജിച്ച കണക്കില്ലാത്ത കാശുണ്ട്  വീശിയെറിയാന്‍. തൊഴി കൊണ്ടാലും, തൊഴുതും തൊലിച്ചും നില്‍ക്കുന്ന വിശ്വാസികള്‍ ഏറെയുണ്ട്. വോട്ടുബാങ്കില്‍ നോട്ടമിട്ടു നില്‍ക്കുന്ന തത്വദീക്ഷയില്ലാത്ത രാഷ്ട്രീയപ്പാര്‍ട്ടികള്‍ വെള്ളമിറക്കി നില്‍പ്പുണ്ട്. പണത്തിനുവേണ്ടി പാഞ്ഞുനടക്കുന്ന പൊലീസും മറ്റുദ്യോഗസ്ഥന്മാരും തക്കം നോക്കി നില്‍ക്കുന്നു. നിയമവും നീതിയും മതത്തിന്റെ സംഘടിത ശക്തിക്കുമുന്നില്‍ തലകുനിക്കുന്നത് പലപ്പോഴും നാം കാണുന്നു. നീതി നിര്‍വഹണം നീട്ടിക്കൊണ്ടുപോകാന്‍ വേണ്ടപ്പെട്ടവര്‍ വെപ്രാളപ്പെടുന്നു

 അഭയാകേസില്‍ നീതിയുടെ ചെറുകിരണങ്ങള്‍ വീണു തുടങ്ങിയിട്ടുണ്ട്. അടുത്ത കാലത്തെ കോടതി വിധികള്‍ ഭാവിയുടെ വാഗ്ദാനങ്ങള്‍ ആണെന്ന് നമുക്ക് പ്രത്യാശിക്കാം. ഇന്നുവരെയുള്ള അലസതയും ആശാഭംഗവും അകലെ എറിയുക. വര്‍ദ്ധിച്ച വിശ്വാസത്തോടും പ്രതീക്ഷയോടും കൂടി ഏകമനസ്സോടെ നമുക്കു മുന്‍പോട്ടു പോകാം. അഭയ്ക്കു കിട്ടുന്ന നീതി, ജീവിച്ചിരിക്കുന്ന നമുക്കും കിട്ടുന്ന നീതിയാണ്. അത് നമ്മുടെയും വിജയമാണ്. ആകാശത്തിലിരിക്കുന്ന അഭയുടെയും അപ്പച്ചന്റ്റെയും  ചുണ്ടുകളില്‍ പുഞ്ചിരി വിരിക്കാന്‍ നമുക്കാകട്ടെ – നമ്മോടൊപ്പം.

 വിഷ്ണുഭഗവാന്‍ തന്റ്റെ ഉപാസകനായ ധ്രൂവ രാജകുമാരനെ ഭൂവാസികള്‍ക്കു വെളിച്ചമേകാനായി ധ്രൂവനക്ഷത്രമാക്കി. യേശുഭഗവാന്‍ ഇഹത്തില്‍ നീതി നിഷേധിക്കപ്പെട്ട തന്റ്റെ നവവധുവിനെ അഭയനക്ഷത്രമായി നഭസ്സില്‍ പ്രതിഷ്ഠിച്ചിരിക്കുന്നു  മാലോകര്‍ക്കു മാര്‍ഗ്ഗദര്‍ശിയായി.

അഭയക്ക് നീതി നേടിക്കൊടുക്കാന്‍ ദാഹിക്കുന്നവരേ! ഉന്നതങ്ങളിലേക്ക് കണ്ണുകളുയര്‍ത്തുക. നമുക്ക് മാര്‍ഗ്ഗദര്‍ശിയായി ശോഭിക്കുന്ന അഭയ നക്ഷത്രത്തെ വീക്ഷിക്കുക.  

പ്രിയപ്പെട്ട സിസ്റ്റര്‍ അഭയ! നീതി അകലെയല്ല!!! (ജോര്‍ജ് നെടുവേലില്‍, ഫ്‌ളോറിഡ)പ്രിയപ്പെട്ട സിസ്റ്റര്‍ അഭയ! നീതി അകലെയല്ല!!! (ജോര്‍ജ് നെടുവേലില്‍, ഫ്‌ളോറിഡ)
Join WhatsApp News
Sudhir Panikkaveetil 2018-04-20 19:31:32
സാറിന്റെ ലേഖനം നന്നായിരുന്നു.  അമേരിക്കയിലെപോലെ നാട്ടിലെ നീതിന്യായ വ്യവസ്ഥ സുതാര്യമാണോ? കുറ്റക്കാർക്ക് രക്ഷപ്പെടാനുള്ള പഴുതുകൾ ഒരുക്കയല്ലേ നാട്ടിലെ കോടതികൾ ചെയ്യുന്നത്. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക