Image

കുടുംബസഹിതം കാണാം ഈ പഞ്ചവര്‍ണ തത്തയെ

Published on 19 April, 2018
കുടുംബസഹിതം കാണാം ഈ പഞ്ചവര്‍ണ തത്തയെ
നര്‍മം എങ്ങനെ അവതരിപ്പിക്കണമെന്ന് രമേഷ് പിഷാരടി എന്ന നടനോട് ആരും പറഞ്ഞു കൊടുക്കേണ്ട കാര്യമില്ല. സ്വാഭാവികമായ അഭിനയ ശൈലിയിലൂടെ മനസില്‍ തങ്ങി നില്‍ക്കുന്ന ഹാസ്യരംഗങ്ങള്‍ അവതരിപ്പിക്കാന്‍ കഴിവുള്ള നടനാണ് അദ്ദേഹം. രമേഷ് പിഷാരടിയെ കുറിച്ചോര്‍ക്കുമ്പോള്‍ തന്നെ സിനിയിലും ടെലിവിഷനലും അദ്ദേഹം അവതരിപ്പിച്ചു ഫലിപ്പിക്കുന്ന തമാശ രംഗങ്ങളായിരിക്കും പ്രേക്ഷകരുടെ മനസില്‍ തങ്ങി നില്‍ക്കുക. 

അഭിനേതാവ് എന്ന നിലയില്‍ നിന്നും രമേഷ് പിഷാരടി സംവിധായകന്റെ കുപ്പായമണിഞ്ഞ ചിത്രമാണ് ഞ്ചവര്‍ണതത്ത. മലയാള സിനിമയില്‍ ഇതു വരെ ആരും പറയാത്ത ഒരു പ്രമേയം തികഞ്ഞ സ്വാഭാവികതയോടെ അവതരിപ്പിച്ചു എന്നതാണ് പഞ്ചവര്‍ണതത്തയുടെ മെച്ചം. 

ഹരീഷ്.പി.നായരും രമേഷ് പിഷാരടിയും ചേര്‍ന്നാണ് തിരക്കഥയെഴുതിയിരിക്കുന്നത്. വേറിട്ടൊരു സിനിമ എന്നു വേണമെങ്കില്‍ പറയാം. മൊട്ടതലയും കുടവയറും കൂടെ പഞ്ചവര്‍ണതത്തകളും കഴുതകളും കുതിരയും വ്യത്യസ്ത ഇനം പട്ടികളും ഒക്കെയുണ്ട്. അയാള്‍ ആരെന്ന് ആര്‍ക്കുമറിയില്ല. എന്തിന് ഈ നാട്ടില്‍ വന്നു, എവിടെ നിന്നു വന്നു എന്നൊന്നും ആര്‍ക്കും അറിയില്ല. ചിലപ്പോള്‍ അയാള്‍ സ്ഥലക്കച്ചവടക്കാരനായി എത്തും. 

ചിലപ്പോള്‍ വളര്‍ത്തുമൃഗങ്ങളെ വില്‍ക്കുന്ന ആളായി എത്തും. സമ്പന്നന്‍മാര്‍ താമസിക്കുന്ന കോളനിയിലെ പഴയൊരു കെട്ടിടത്തിലാണ് അയാള്‍ താമസിക്കുന്നത്. വല്ലാത്ത മൃഗസ്‌നേഹമാണ് അയാള്‍ക്ക്. പക്ഷേ അയാളെ കുറിച്ചു ചോദിച്ചാല്‍ ഒന്നിനും ഉത്തരമില്ല. എന്നാല്‍ അയാളുടെ മൃഗസ്‌നേഹവും മൃഗശാല പോലുള്ള താമസസ്ഥലവുമെല്ലാം കൊണ്ട് പ്രദേശ വാസികള്‍ക്ക് ബുദ്ധിമുട്ടായപ്പോഴാണ് സ്ഥലം എം.എല്‍.എ ആയ കലേഷ്(കുഞ്ചാക്കോ ബോബന്‍) പ്രശ്‌നത്തില്‍ ഇടപെടുന്നത്. ആ കോളനിയിലെ ഒരു ആഘോഷരാവില്‍ അയാളുടെ കൊച്ചു മൃഗശാലയില്‍ ഒരു മോഷണം നടക്കുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

മൊട്ടത്തലയും കുടവയറും പ്രത്യേകമായ സംഭാഷണരീതികളും അതിനെല്ലാം ഉപരിയായി ദുരൂഹതയുണര്‍ത്തുന്ന കഥാപാത്രമായി എത്തിയ ജയറാമാണ് ഇതിലെ നായകന്‍. ചിത്രത്തിന്റെ ഹൈലൈറ്റും ജയറാമിന്റെ ലുക്ക് തന്നെയാണ്. ജയറാം അത് വളരെ മികച്ച രീതിയില്‍ തന്നെ അവതരിപ്പിച്ചിട്ടുമുണ്ട്. ദുര്‍ബലമായ ഒരു തിരക്കഥയില്‍ പണിതുയര്‍ത്തിയ കഥാപാത്രമായിരുന്നിട്ടു കൂടി ജയറാം തന്റെ സ്വതസിദ്ധ ശൈലിയില്‍ ആ കഥാപാത്രത്തെ വളരെ തന്‍മയത്വത്തോടെ അവതരിപ്പിച്ചിട്ടുണ്ട്. 

കാര്യമായി ഒന്നും ചെയ്യാനില്ലെങ്കിലും നല്ല കൂള്‍ ലുക്കിലാണ് കുഞ്ചാക്കോ ബോബന്‍ ഈ സിനിമയില്‍ എത്തുന്നത്. യുവ എം.എല്‍.എ ആയി കുഞ്ചാക്കോ കസറിയിട്ടുണ്ട്. നായികയായി എത്തിയ അനുശ്രീയുംമികച്ച അഭിനയം കാഴ്ച വച്ചിട്ടുണ്ട്.

സമൂഹമാധ്യമങ്ങളിലും മുഖ്യധാരാ മാധ്യമങ്ങളിലും ചര്‍ച്ചയാകുന്ന വിഷയങ്ങളും സമീപകാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സാമൂഹ്യപ്രശ്‌നങ്ങളുമെല്ലാം സിനിമയില്‍ കഥാപാത്രങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. എന്നാല്‍ അതൊന്നും മുഖ്യകഥാതന്തുവുമായി ചേര്‍ത്തു വയ്ക്കാന്‍ സംവിധായകന്‍ ശ്രമിച്ചിട്ടില്ല. പിഷാരടിക്കൊപ്പം സലിം കുമാര്‍, ധര്‍മ്മജന്‍, പ്രേംകുമാര്‍ എന്നിവര്‍ കൂടി ചേരുമ്പോള്‍ തിയേറ്റില്‍ ചിരിയുടെ അമിട്ടു പൊട്ടുന്നുണ്ട്. സിനിമയുടെ നിര്‍മാതാവ് കൂടിയായ മണിയന്‍ പിള്ള രാജുവും കൂടാതെ മല്ലിക സുകുമാരനും തങ്ങളുടെ കഥാപാത്രങ്ങളെ മികച്ചതാക്കിയിട്ടുണ്ട്.

മികച്ച നിലവാരം പുലര്‍ത്തുന്നവയാണ് ചിത്രത്തിലെ ഗാനങ്ങള്‍. ഹരിനാരായണനും സന്തോഷ് വര്‍മയുമാണ് ചിത്രത്തിലെ ഗാനങ്ങള്‍ എഴുതിയിരിക്കുന്നത്. എം.ജയചന്ദ്രനും നാദിര്‍ഷായും ചേര്‍ന്ന് സംഗീതമൊരുക്കിയ ഗാനങ്ങള്‍ക്ക് ശ്രവണസുഖമുണ്ട്. പശ്ചാത്തല സംഗീതം ഔസേപ്പച്ചനാണ്. യേശുദാസ്, എം.ജ.ശ്രീകുമാര്‍, ശങ്കര്‍ മഹാദേവന്‍, ജ്യോത്സ്‌ന എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നു. പ്രദീപ് നായരുടെ ഛായാഗ്രഹണവും മി#ികച്ച നിലവാരം പുലര്‍ത്തുന്നു. ചിരിക്കാന്‍ ഏറെ വകയുള്ളതു കൊണ്ട് അവധിക്കാലത്ത് കുട്ടികള്‍ക്കൊപ്പം സന്തോഷത്തോടെ പോയി കാണാന്‍ കഴിയുന്ന ചിത്രമാണ് പഞ്ചവര്‍ണതത്ത.    
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക