Image

മുംബൈ സ്‌ഫോടനകേസ്‌ പ്രതി തഹീര്‍ മെര്‍ച്ചന്റിന്‌ ജയിലില്‍ അന്ത്യം

Published on 19 April, 2018
മുംബൈ സ്‌ഫോടനകേസ്‌ പ്രതി തഹീര്‍ മെര്‍ച്ചന്റിന്‌ ജയിലില്‍ അന്ത്യം

മുംബൈ: 1993ലെ മുംബൈ സ്‌ഫോടന പരമ്പര കേസില്‍ വധശിക്ഷയ്‌ക്ക്‌ വിധിക്കപ്പെട്ട പ്രതി തഹീര്‍ മെര്‍ച്ചന്റിന്‌ ജയിലില്‍ അന്ത്യം. പൂനെ യെര്‍വാഡ്‌ സെന്‍ട്രല്‍ ജയിലില്‍ ബുധനാഴ്‌ച രാവിലെയാണ്‌ മെര്‍ച്ചന്റ്‌ (63) മരണമടഞ്ഞത്‌. ഹൃദയാഘാതമായിരുന്നു മരണകാരണം.

ജയിലില്‍ അതീവ സുരക്ഷയിലാണ്‌ തഹീറിനെ പാര്‍പ്പിച്ചിരുന്നത്‌. തഹീറിന്റെ മരണവാര്‍ത്ത ജയില്‍ എഡിജിപി ഭൂഷണ്‍ കുമാര്‍ ഉപാധ്യായ്‌ സ്ഥിരീകരിച്ചു. പുലര്‍ച്ചെ മൂന്നു മണിയോടെ തഹീറിന്‌ നെഞ്ചുവേദന അനുഭവപ്പെട്ടുവെന്നും ഉടന്‍ സാസൂണിലെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും 3.45 ഓടെ മരണം സ്ഥിരീകരിച്ചുവെന്നും ജയില്‍ അധികൃതര്‍ വ്യക്തമാക്കി.

അധോലോക നായകനും സ്‌ഫോടനക്കേസില്‍ ഇന്ത്യ തേടുന്ന കൊടുംകുറ്റവാളിയുമായ ദാവൂദ്‌ ഇബ്രഹിമിന്റെ അടുത്ത അനുയായിയായിരുന്നു തഹീര്‍ മെര്‍ച്ചന്റ്‌ എന്ന തഹീര്‍ തക്ലിയ. കഴിഞ്ഞ വര്‍ഷം സെപ്‌റ്റംബറിലാണ്‌ ഇയാളെ വധശിക്ഷയ്‌ക്ക്‌ വിധിച്ചത്‌. ഇയാള്‍ക്കൊപ്പം മറ്റൊരു പ്രതിയായ ഫിറോസ്‌ഖാനെയും മുംബൈ പ്രത്യേക ടാഡ കോടതി വധശിക്ഷയ്‌ക്ക്‌ വിധിച്ചിരുന്നു.

അബു സലീം, കരിമുള്ള ഖാനും അടക്കമുള്ള പ്രതികള്‍ക്ക്‌ ജീവപര്യന്തം തടവാണ്‌ വിധിച്ചത്‌. കേസിലെ മറ്റൊരു പ്രതി മുസ്‌തഫ ദോസ ജൂണ്‍ 28ന്‌ ഹൃദയാഘാതത്തെ തുടര്‍ന്ന്‌ മരിച്ചിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക