Image

സസ്‌പെന്‍ഷനിലുള്ള ഡി.ജി.പി ജേക്കബ് തോമസിന് വീണ്ടും സസ്‌പെന്‍ഷന്‍

Published on 18 April, 2018
സസ്‌പെന്‍ഷനിലുള്ള ഡി.ജി.പി ജേക്കബ് തോമസിന്  വീണ്ടും സസ്‌പെന്‍ഷന്‍
സസ്‌പെന്‍ഷനില്‍ തുടരുന്ന ഡി.ജി.പി. ജേക്കബ് തോമസിന് വീണ്ടും സസ്‌പെന്‍ഷന്‍. സര്‍ക്കാരിന്റെ അനുമതിയില്ലാതെയും ചട്ടങ്ങള്‍ ലംഘച്ചും പുസ്തകം എഴുതിയതിനാണ് ഇപ്പോഴത്തെ സസ്‌പെന്‍ഷന്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരം ചീഫ് സെക്രട്ടറി പോള്‍ ആന്റണിയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ഓഖി വിഷയം ഉള്‍പ്പെടെ കാര്യങ്ങളില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചതിന് കഴിഞ്ഞ ഡിസംബര്‍ 20ന് ജേക്കബ് തോമസിനെ സര്‍ക്കാര്‍ സസ്പന്റ് ചെയ്തിരുന്നു. ഈ സസ്‌പെന്‍ഷന്‍ ഇതുവരെ പിന്‍വലിച്ചിട്ടില്ല. ആ സാഹചര്യം തുടരുന്നതിനിടെയാണ് ഇപ്പോള്‍ രണ്ടാമത്തെ സസ്‌പെന്‍ഷന്‍.

പുസ്തകരചനയുമായി ബന്ധപ്പെട്ട വിഷയം പരിശോധിക്കാന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ അന്വേഷണ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ഈ സമിതിക്കു മുന്‍പാകെ തന്റെ വിശദീകരണം നല്‍കാന്‍ ജേക്കബ് തോമസിന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും ജേക്കബ് തോമസ് ഹാജരാകുകയോ വിശദീകരണം നല്‍കുകയോ ചെയ്തില്ല. രണ്ടു പുസ്തകങ്ങളാണ് ജേക്കബ് തോമസ് സര്‍ക്കാര്‍ അനുമതിയില്ലാതെ എഴുതിയത്. 'സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍' എന്ന ആദ്യപുസ്തകത്തിലും 'കാര്യവും കാരണവും' എന്ന രണ്ടാമത്തെ പുസ്തകത്തിലും ചട്ടവിരുദ്ധമായ നടപടികള്‍ ഉള്ളതായി കണ്ടെത്തിയിരുന്നു. ആദ്യപുസ്തകം പരിശോധിച്ച അന്നത്തെ ചീഫ് സെക്രട്ടറി നളിനി നെറ്റോ പുസ്തകത്തിലെ ചട്ടലംഘനങ്ങള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ അന്ന് കാര്യമായ നടപടികളൊന്നുമുണ്ടായില്ല.

വിജിലന്‍സ് ഡയറക്ടറായിരിക്കെ പരിഗണിച്ച കേസുകളെ കുറിച്ചും സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ചുമുള്ള പരാമര്‍ശങ്ങള്‍ പുസ്തകങ്ങളില്‍ ഉണ്ടായിരുന്നു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ചട്ടലംഘനം കണ്ടെത്തിയത്. പിന്നീട് വിഷയത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ അന്വേഷണ സമിതി രൂപവത്കരിക്കുകയായിരുന്നു. എന്നാല്‍ ആ സമിതിക്കു മുന്നിലും ഹാജരാകാത്ത സാഹചര്യത്തിലാണ് ഇപ്പോള്‍ വീണ്ടും സസ്‌പെന്‍ഷന്‍ നടപടി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക