Image

അതിരുകളില്ലാത്ത ലോകം, ലേബലുകളില്ലാത്ത മനുഷ്യര്‍ ! (കവിത: ജയന്‍ വര്‍ഗീസ്)

Published on 16 April, 2018
അതിരുകളില്ലാത്ത ലോകം, ലേബലുകളില്ലാത്ത മനുഷ്യര്‍ ! (കവിത: ജയന്‍ വര്‍ഗീസ്)
(യുദ്ധങ്ങളുടെയും, യുദ്ധ ഭീഷണികളുടെയും പ്രളയ ജലത്തിന് മുകളിലൂടെ, അഭയാന്വേഷിയായ അരിപ്രാവിനെപ്പോലെ ചിറകടിച്ചെത്തുന്ന ഭൂമിയെന്ന നമ്മുടെ നീലപ്പക്ഷിക്ക്, ഇളംചുണ്ടില്‍ ചേര്‍ത്തു പിടിക്കുവാനായി വിശ്വ സാഹോദര്യത്തിന്റെ ഈ ഒലിവിലക്കൊന്പ് കവിമനസ്സ് ചാര്‍ത്തിച്ചു കൊള്ളുന്നു.)

ദൈവം സ്‌നേഹമാകുന്നു.
സത്യമാകുന്നു, സന്തോഷമാകുന്നു.
സൗമ്യമാകുന്നു, സാന്ത്വനമാകുന്നു.
സൗഹൃദമാകുന്നു, സന്മാര്‍ഗ്ഗമാകുന്നു.
സൗഖ്യമാകുന്നു, സൗഭാഗ്യമാകുന്നു.
സ്വാഗതമാകുന്നു, സഹകരണമാകുന്നു.
സൗന്ദര്യമാകുന്നു, സന്മനസ്സാകുന്നു.
സംഗീതമാകുന്നു, സായൂജ്യമാകുന്നു.
എല്ലാ നന്മകളുടെയും മൂര്‍ത്തിമദ് ഭാവമാകുന്നു.
പ്രപഞ്ചാവസ്ഥയുടെ ശക്തി സ്രോതസ്സാകുന്നു,
പ്രപഞ്ചാത്മാവാകുന്നു !

ദൈവം പണിയുന്നു ദൈവരാജ്യം,
ഇവിടെ ഈ ഭൂമിയില്‍;
നമ്മുടെയിടയില്‍, നമുക്ക് വേണ്ടി.!
നാം കല്ലുകള്‍ ,
ദൈവം തെരഞ്ഞെടുത്ത കല്ലുകള്‍.
ദൈവരാജ്യം പണിയപ്പെടേണ്ട കല്ലുകള്‍.
ദൈവരാജ്യത്തിന്റെ ഭാഗങ്ങള്‍, ദൈവരാജ്യം തന്നെ !

പക്ഷെ, നാം തോല്‍ക്കുന്നു, നാം ചതുരമല്ല.
നാം കൂര്‍ത്തവയാണ്, മൂര്‍ത്തവയാണ്.
ഭോഗേശ്ചകളുടെ കൂര്‍പ്പുകള്‍,
ലാഭേശ്ചകളുടെ മൂര്‍പ്പുകള്‍.
അവ നമ്മെ വികൃതമാക്കുന്നു, ചതുരമല്ലാതാക്കുന്നു.
നമ്മെ വച്ച് പണിയാനാവുന്നില്ലാ, ഉപയോഗപ്പെടുന്നില്ല,
ദൈവരാജ്യം കെട്ടിപ്പൊക്കാനാവുന്നില്ല.?

ഭൂമിയില്‍ ദൈവരാജ്യം; ദൈവത്തിന്റെ നിത്യ സ്വപ്നം.
മനുഷ്യന്റ വര്‍ഗ്ഗ സ്വപ്നം; മഹായാനത്തിന്റെ ലക്ഷ്യതീരം.
ദൈവരാജ്യ മഹാ സൗധം; കാലത്തിന്റെ അനിവാര്യത.
നമ്മുടെ കൂര്‍പ്പുകള്‍ ചെത്തണം; മൂര്‍പ്പുകള്‍ ഉടയ്ക്കണം.
നാം ചതുരമാവണം; ആയേ തീരൂ.

ഇവിടെ നാം പേടിക്കുന്നു; കരയുന്നു.
നമ്മുടെ പ്രിയപ്പെട്ട കൂര്‍പ്പുകള്‍, പ്രാണപ്രിയ മൂര്‍പ്പുകള്‍.
ചെത്തുകയോ, ഛേദിക്കുകയോ?ഛായ്.....?
നമ്മുടെ ഭോഗാസക്തി; ലോഭാസക്തി,
നെഞ്ചില്‍ വിരിഞ്ഞ പൂവുകള്‍.
ഇരുട്ടെങ്കില്‍ ഇരുട്ട്; വേര്‍പെടുത്താനാവുന്നില്ല.

നമുക്ക് വെളിച്ചം വേണം.
വെളിച്ചത്തിനായ് നാം പരത്തുകയാണ്,
എവിടെ വെളിച്ചത്തിന്റെ ഒരു തരി ...?
" ഇതാ ഇവിടെ വെളിച്ചം " എന്ന് മതങ്ങള്‍ പറയുന്നു.
പ്രത്യാശയോടെ നാം ഓടിയടുക്കുന്നു,
സംതൃപ്തി നേടാനാവാതെ മടങ്ങുന്നു.
ദൈവസ്‌നേഹം എന്തെന്ന്
അവര്‍ നമുക്ക് കാണിച്ചു തരുന്നില്ലാ,
ആടുകള്‍ക്ക് വേണ്ടി ജീവനെ കൊടുക്കുന്ന
ഇടയന്മാരാകുന്നില്ല.

വിശ്വാസങ്ങളുടെ പേരില്‍ പരസ്പരം വെട്ടുന്നു,
ചോരപ്പുഴകള്‍ ഒഴുക്കുന്നു.
അവയുടെ തീരങ്ങളില്‍ നട്ട
സംസ്ക്കാരത്തിന്റെ വിത്തുകള്‍ വളര്‍ന്ന്
തണല്‍ നല്‍കുന്‌പോള്‍,
ചോരമരങ്ങളുടെ തണലില്‍ കാടത്തം വെയിലിളയ്ക്കുന്നു.
കാടത്തത്തിന് കാവല്‍ നില്‍ക്കുന്ന അടിമകള്‍
കാവല്‍ ദണ്ഡുകള്‍ തലമുറകള്‍ക്ക് കൈമാറുന്‌പോള്‍,
മഹാമേരുക്കളെപ്പോലെ മതങ്ങള്‍ നിലനില്‍ക്കുന്നു.

1. പുരോഹിതന്‍മാര്‍ ഊഷ്മ മാപിനികളുമായി ഓടുന്നു.
നരകത്തിലെ താപനില അളന്നെടുത്ത്
അപ്പപ്പോള്‍ അനുയായികളെ അറിയിക്കുവാന്‍.
അതിലൂടെ ഭീതി വിതക്കപ്പെടുന്നു,
ഭീതിയെ ഭയമാക്കി പരുവപ്പെടുത്തുന്നു.
ഭയത്തെ ഭക്തിയാക്കുന്നു,
ഭക്തിയെ പണമാക്കുന്നു !

മതങ്ങള്‍ രണ്ടായിരാമാണ്ടിനെക്കുറിച്ചു
കേഴുകയായിരുന്നു,
രണ്ടായിരത്തില്‍ അവസാനിക്കേണ്ടുന്ന
ലോകത്തെക്കുറിച്ചു കരയുകയായിരുന്നു.
രണ്ടായിരത്തിനിപ്പുറം കാണാന്‍
അവര്‍ക്കു കഴിഞ്ഞിരുന്നില്ല.
ഇരുപത്തൊന്നാം ശതകത്തെ
അവര്‍ ശപിക്കുകയായിരുന്നു.
രണ്ടായിരത്തില്‍ അവസാനിക്കേണ്ട
ലോകത്തെക്കുറിച്ചവര്‍ പാടുകയായിരുന്നു.

രണ്ടായിരത്തിനു ശേഷം
സൂര്യനുദിക്കേണ്ടന്നവര്‍ പറയുകയായിരുന്നു.
ഉദയങ്ങളെ അവര്‍ ശപിക്കുകയായിരുന്നു,
വെളിച്ചത്തില്‍ നിന്ന് മുഖം തിരിക്കുകയായിരുന്നു.
ഇരുട്ടിന്റെ ഗുഹാന്തരങ്ങളില്‍
ഒളിക്കുകയായിരുന്നു.
സ്വാര്‍ത്ഥതയുടെ പുറം തോടിനുള്ളില്‍
തല വലിക്കുകയായിരുന്നു.
നരകത്തിന്റെ കാവല്‍ക്കാരായിരുന്നു കൊണ്ട്,
സ്വര്‍ഗ്ഗത്തെക്കുറിച്ചു പാടുകയായിരുന്നൂ,
അതിന്റെ താക്കോലുകള്‍ വില്‍ക്കുകയായിരുന്നൂ. ?

2. പള്ളികള്‍ ഇടിച്ചു നിരത്തിക്കൊണ്ട്
ചിലര്‍ ക്ഷേത്രങ്ങള്‍ പണിയുന്നു?
അങ്ങിനെ ചെയ്യുന്നവരില്‍
ജനം വിശ്വാസമര്‍പ്പിക്കുന്നു.
വിശ്വാസത്തെ വോട്ടുകളാക്കി മാറ്റിക്കൊണ്ട്
അവര്‍ അധികാരം കൈയ്യാളുന്നു.
പള്ളികളില്‍ ദൈവാരാധനയായിരുന്നു.
ക്ഷേത്രങ്ങള്‍ പണിയുന്നവരും
ദൈവാരാധനക്കെന്നു പറയുന്നു.
പള്ളിയിലും, ക്ഷേത്രത്തിലും
വെവ്വേറെ ദൈവങ്ങളുണ്ടോ...?

ദൈവം ഏകനാകുന്നുവല്ലോ..?
ലോകഭാഷകളിലെ വ്യത്യസ്ത പദങ്ങളില്‍
വ്യവച്ഛേദിക്കപ്പിക്കപ്പെടുന്നത്,
ഈ ഏകനെയാകുന്നുവല്ലോ..?
ഏക ദൈവത്തെ അറിയുവാനും,ആരാധിക്കുവാനും
എന്തിനു പള്ളികള്‍? എന്തിനു ക്ഷേത്രങ്ങള്‍?
അവന്‍ എന്നിലുണ്ടല്ലോ?
എന്റെ മനസ്സിലും, ആത്മാവിലുമായി,
അവന്‍ എന്നിലും, ഞാന്‍ അവനിലുമാകുന്നുവല്ലോ..?
ഇഴ പിരിയാത്ത ചരട് പോലെ,
വേര്‍പെടുത്താന്‍ ആവാത്തവണ്ണം
ഒന്നായി, അദ്വൈദമായി,
അവനും, ഞാനും,
ദൈവവും, മനുഷ്യനും ...!!

' ഇസ' ങ്ങള്‍ നമ്മെ വിളിക്കുന്നു,
വിമോചനത്തിന്റെ കാഹളം മുഴക്കുന്നു,
സ്ഥിതി സമത്വത്തിന്റെ സൃഷ്ടാക്കള്‍ ചമയുന്നു,
യുഗസൃഷ്ടിയുടെ പേറ്റുനോവില്‍ പുളയുന്നു,
അടുത്തു ചെല്ലുന്നവര്‍ അന്ധാളിക്കുന്നു.
സിദ്ധാന്തങ്ങള്‍ വളച്ചൊടിക്കപ്പെടുന്നു,
ആദര്‍ശങ്ങള്‍ ആസനത്തില്‍ വളര്‍ത്തുന്നു,
അധികാരം അപ്പത്തിനുള്ള ഉപാധിയാക്കുന്നു,
എന്നിട്ട് വഴിയരികില്‍ വിപ്ലവം ഛര്‍ദ്ദിക്കുന്നു,
ചതിച്ചും, വഞ്ചിച്ചും പദവികള്‍ കയ്യടക്കുന്നു,
പദവികള്‍ മാര്‍ക്കറ്റിലിറക്കി പണം വാരുന്നു.
പൊതുജനം വെറും പാവം കഴുത,
കരഞ്ഞു, കരഞ്ഞു കാമം തീര്‍ക്കുന്നു

സയന്‍സും ടെക്‌നോളജിയും സമീപിക്കുന്നു.
സമാശ്വസിപ്പിക്കാന്‍ വിളിക്കുന്നു,
' ഇതാ മോചനം ' എന്നവര്‍ പറയുന്നു,
വൈ. 2. കെ. വിശദീകരിച്ചു വിരട്ടുന്നു.
ചന്ദ്രനിലേക്കും, ചൊവ്വയിലേക്കും പറക്കുന്നു,
' ഡോളി ' കളിലൂടെ പാല്‍ ചുരത്തുന്നു,
ജീവന്‍ രക്ഷാ മരുന്നുകള്‍ എന്ന പേരില്‍,
രാസവസ്തുക്കള്‍ ഘോഷിക്കപ്പെടുന്നു.
ഗ്രഹാന്തര യാത്രകള്‍ക്കുള്ള ഉപകരണങ്ങള്‍,
അണ്വായുധ വിന്യാസത്തിനുള്ള ഉപാധിയാക്കുന്നു,
ഡോളികളെ നിര്‍മ്മിച്ചെടുക്കുന്ന ജനിതക ശാസ്ത്രം,
രാസായുധ സന്തതികളെ താലോലിക്കുന്‌പോള്‍,
സിറിയയുടെ മണ്ണിലെ മനുഷ്യ സ്വപ്നങ്ങള്‍,
പ്രാണവായു കിട്ടാതെ പിടഞ്ഞു മരിക്കുന്നു...?

3. രാസ മരുന്നുകള്‍ അകത്താക്കുന്‌പോള്‍,
ജീവാവസ്ഥയുടെ താളം തെറ്റുന്നു.
പ്രകട രോഗങ്ങള്‍ തടയുന്നതിലൂടെ,
വിഷവിസര്‍ജനത്തിനു വിരാമമിടുന്നു.
പ്രകട രോഗങ്ങള്‍ സ്ഥായീ രോഗങ്ങളെയും,
സ്ഥായീ രോഗങ്ങള്‍ മഹാരോഗങ്ങളായും മാറുന്നു.
താല്‍ക്കാലികമായി തടയപ്പെടുന്ന രോഗങ്ങള്‍,
ശക്തിമത്തായി പുനര്‍ജ്ജനിക്കുന്നു.
ഹൃദ്രോഗി അതിനാല്‍ത്തന്നെ മരിക്കുന്നു,
പ്രമേഹക്കാരന്‍ അതിനാലെയും.

ആശുപത്രികളുടെ എണ്ണം കൂടുന്നത്,
പുരോഗതിയായി വിലയിരുത്തപ്പെടുന്നു.
രോഗികളുടെ എണ്ണവും പെരുകുകയാണ്,
' വികസനം ' എന്നതാണ് പുതിയ പേര്.
ആര് മരിച്ചാല്‍ ആര്‍ക്കെന്ത് ?
മീഡിയകള്‍ക്കൊരു ചാകരക്കൊയ്ത്ത്.
അറിയാവുന്നവര്‍ മൗനം നടിക്കുന്നു,
മണലില്‍ തല പൂഴ്ത്തുന്ന ഒട്ടകപ്പക്ഷികള്‍.

ഇരുട്ടില്‍ തപ്പുകയാണ് നമ്മള്‍.
ആരും നമ്മെ തിരിച്ചറിയുന്നില്ല; വഴി നടത്തുന്നില്ല.
പ്രഭാതം അകലെയാണ്,
പ്രകാശവും അകലെയാണ്.
ദൈവരാജ്യം പണിതുയര്‍ത്തേണ്ട കല്ലുകള്‍,
മൂലക്കല്ലുകളായി പരിഗണിക്കപ്പെടേണ്ടവര്‍,
കൂര്‍പ്പുകളാല്‍ ചതുരം നഷ്ടപ്പെടുത്തി,
മൂര്‍പ്പുകളാല്‍ വികൃതമാക്കപ്പെട്ട്,
ഉപയോഗപ്പെടുത്താനാവാതെ,
നിര്‍ദ്ദയം തള്ളിക്കളയപ്പെടുന്നു !

സ്വയം ചെത്തിയും, ഛേദിച്ചും കൊണ്ട്,
നമുക്ക് നമ്മുടെ ചതുരം വീണ്ടെടുക്കാം.
സ്‌നേഹത്തിന്റെയും,സൗഹൃദത്തിന്റെയും
നറും ചാന്തില്‍ ഒട്ടിച്ചു ചേര്‍ത്തു കൊണ്ട്,
നമുക്കിടയില്‍ സ്വര്‍ഗ്ഗം പണിയാം,
അതിനായിട്ടൊരു പടയണി ചേരാം ?

ബെര്‍ലിന്‍ മതിലുകള്‍ ഇടിഞ്ഞു വീണത് പോലെ,
ശീതസമര ഭീഷണികള്‍ ശീതീകരണികളില്‍ ഉറങ്ങട്ടെ.
രാജ്യങ്ങളുടെ അതിരുകള്‍ അയഥാര്‍ഥ്യമാവട്ടെ,
ആണവ രാസായുധങ്ങള്‍ കുഴിച്ചു മൂടട്ടെ,
ഹിരോഷിമയിലും, നാഗസാക്കിയിലും
.സമാധാന പ്രാവുകളുടെ ചിറകടികള്‍ ഉണരട്ടെ
വര്‍ണ്ണവും, വര്‍ഗ്ഗവും വിസ്മരിക്കപ്പെടട്ടെ,
മനുഷ്യന്‍ ഒരു വര്‍ഗ്ഗമാവട്ടെ,
ഭൂമി മനുഷ്യന് വേണ്ടിയാവട്ടെ,
വിഭവങ്ങള്‍ പങ്കു വയ്ക്കപ്പെടട്ടെ,
ദൈവത്തിന്റെ മനോഹര സൃഷ്ടി,
ശൂന്യാകാശത്തിലെ ഈ വര്‍ണ്ണപ്പക്ഷി,
ഇവള്‍ ഉണരട്ടെ ! ഉണരട്ടെ!

എല്ലാ ചങ്ങലകളും അഴിഞ്ഞു വീഴട്ടെ,
എല്ലാ കാലുകളും സ്വാതന്ത്രമാവട്ടെ,
ബാല സിംഹങ്ങളുടെ അണപ്പല്ലുകളില്‍,
ബാലകന്മാര്‍ എണ്ണം പഠിക്കട്ടെ,
അണലികളുടെ മാളങ്ങളില്‍,
ശിശുക്കള്‍ കൈയിട്ടു രസിക്കട്ടെ.
ദൈവവും, മനുഷ്യനും, പ്രകൃതിയും എന്ന
പിതാവും, പുത്രനും, പരിശുദ്ധാത്മാവും,
ഒന്ന് ചേര്‍ന്നൊരുക്കുന്ന ലോകം,
അതിരുകളില്ലാത്ത ലോകം,
അവിടെ, ലേബലുകളില്ലാത്ത മനുഷ്യര്‍ !
ദൈവത്തിന്റെ സ്വന്തം രാജ്യം,
ദൈവരാജ്യം ! !

1. പുരോഗമന ദൈവശാസ്ത്രത്തിന്റെ പ്രയോക്താവായ ( അന്തരിച്ച ) ബിഷപ്പ് പൗലോസ് മാര്‍ പൗലോസിന്റെ വാക്കുകളോട് കടപ്പാട്.

2. ഇന്ത്യന്‍ മതേതരത്വത്തിന്റെ തിരുമുഖത്ത് കരിയണിയിച്ച കുപ്രസിദ്ധമായ ബാബറി മസ്ജിദ് സംഭവം.

3. പ്രകൃതി ചികിത്സാ ആചാര്യനും, എന്റെ അഭിവന്ദ്യ ഗുരു ഭൂതനുമായിരുന്ന ( യശഃ ശരീരനായ ) ഡോക്ടര്‍ സി. ആര്‍. ആര്‍. വര്‍മ്മയുടെ പഠിപ്പിക്കലുകളെ ഉള്‍ക്കൊണ്ടു കൊണ്ട്.

Join WhatsApp News
മറവി 2018-04-16 19:00:29
ലേഖനമെഴുതി ലേഖനമെഴുതി കവിത എന്താണെന്ന് ജയൻ മറന്നോ?
ദൈവം 2018-04-16 20:01:02
എന്റെ ചന്തിയ്ക്കൊന്നു തടവി 
ഇതാണ് ദൈവം എന്നു പറയുന്നവരെ 
കാണുമ്പോൾ വയറു കുലുക്കി 
ചിരിക്കാതിരിക്കാൻ കഴിയുന്നില്ല 
ഞാനും ചെകുത്താനും സഹോദരങ്ങൾ 
ഞങ്ങൾ ഇല്ലാതെ ഭൂമിയിൽ സ്വർഗ്ഗമില്ല 
നിങ്ങൾ ചെകുത്താനെയും അവന്റെ 
സ്വാഭാവങ്ങളെയും വെറുക്കുന്നെങ്കിൽ 
നിങ്ങൾ നിങ്ങളുടെ ദൈവവുമായി യുദ്ധത്തിലാണ് 
കാരണം ഞാൻ സ്നേഹമാണ് 
എനിക്ക് ചെകുത്താനെ സ്നേഹിക്കാതിരിക്കാൻ ആവില്ല 

ചെകുത്താൻ 2018-04-16 22:45:16
ശാസ്ത്രീയമായി ദൈവം പറഞ്ഞതിൽ ന്യായം ഉണ്ട് .  പോസിറ്റീവ് എനെര്ജികൊണ്ടുമാത്രം ഒന്നിനും നിലനിൽപ്പില്ല . നെഗറ്റീവ് എനെർജിയും ആവശ്യമാണ് .  അതുകൊണ്ടു ഇന്ന് തുടങ്ങി നിങ്ങൾ എന്നേയും നിങ്ങളുടെ ആരാധനയിൽ പങ്ക് കൊള്ളിക്കണം .  

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക