Image

മക്ക മസ്‌ജിദ്‌ സ്‌ഫോടനക്കേസില്‍ അസീമാനന്ദയെ കുറ്റമുക്തനാക്കിയ ഉടന്‍ ജഡ്‌ജി രാജിവച്ചു

Published on 16 April, 2018
മക്ക മസ്‌ജിദ്‌ സ്‌ഫോടനക്കേസില്‍ അസീമാനന്ദയെ കുറ്റമുക്തനാക്കിയ ഉടന്‍ ജഡ്‌ജി രാജിവച്ചു

മക്ക മസ്‌ജിദ്‌ സ്‌ഫോടനക്കേസിലെ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടതിന്‌ പിന്നാലെ കേസില്‍ വിധി പറഞ്ഞ ജഡ്‌ജി രവീന്ദര്‍ റെഡ്ഡി രാജിവച്ചു. ചീഫ്‌ ജസ്റ്റിസ്‌ ദീപക്‌ മിശ്രയ്‌ക്കാണ്‌ സ്‌പെഷ്യല്‍ എന്‍ഐഎ കോടതി ജഡ്‌ജിയായ ഇദ്ദേഹം രാജി സമര്‍പ്പിച്ചത്‌.

സ്‌ഫോടനവുമായി ബന്ധപ്പെട്ട കേസില്‍ സ്വാമി അസീമാനന്ദ ഉള്‍പ്പടെ അഞ്ചുപേരേയും കുറ്റവിമുക്തനാക്കി വിധി പ്രഖ്യാപിച്ചതിന്‌ തെട്ടു പിന്നാലെയാണ്‌ ഏവരെയും ഞെട്ടിച്ച്‌ കൊണ്ട്‌ ജഡ്‌ജിയുടെ തീരുമാനം ഉണ്ടായത്‌. ഹൈദരാബാദ്‌ എന്‍ഐഎ കോടതി പ്രതികള്‍ക്കെതിരെ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന്‌ സാധിച്ചില്ലെന്ന്‌ വിമര്‍ശിച്ചു.

ഹൈദരാബാദിലെ ചാര്‍മിനാറിനടുത്ത്‌ മക്ക മസ്‌ജിദില്‍ 2007 ലാണ്‌ സ്‌ഫോടനം നടന്നത്‌. വെള്ളിയാഴ്‌ച ജുമുഅക്ക്‌ എത്തിയ ഒന്‍പത്‌ പേരാണ്‌ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്‌. 58 പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്‌തിട്ടുണ്ടായിരുന്നു. ലോക്കല്‍ പൊലീസിന്റെ അന്വേഷണത്തിന്‌ ശേഷം കേസ്‌ സി.ബി.ഐക്ക്‌ കൈമാറിയിരുന്നു. പിന്നീടാണ്‌ ദേശീയ അന്വേഷണ ഏജന്‍സി കേസ്‌ ഏറ്റെടുത്തത്‌.
കേസില്‍ തെളിവുകള്‍ ഹാജരാക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ ഐ എയ്‌ക്ക്‌ സാധിച്ചില്ലെന്ന്‌ ചൂണ്ടികാട്ടിയ കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.

ഇന്ന്‌ ഉച്ചയ്‌ക്കാണ്‌ 2007ലെ മക്ക മസ്‌ജിദ്‌ സ്‌ഫോടനക്കേസിലെ മുഴുവന്‍ കുറ്റാരോപിതരെയും വെറുതെവിട്ടുകൊണ്ട്‌ കോടതി ഉത്തരവ്‌ പുറത്തുവന്നത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക