Image

സ്‌നേഹിത മാഗസിന്‍ പ്രകാശനം ചെയ്തു

Published on 15 April, 2018
സ്‌നേഹിത മാഗസിന്‍ പ്രകാശനം ചെയ്തു

ജിദ്ദ: തനിമ ജിദ്ദ സൗത്ത് സോണ്‍ വനിത വിഭാഗത്തിനു കീഴില്‍ പ്രവാസി വനിതകളുടെ ഉള്‍തുടിപ്പുകള്‍ക്കും സ്വപ്നങ്ങള്‍ക്കും നിറം പകര്‍ന്ന ഭാവനകള്‍ക്കും ചിറക് വിരിച്ച് സ്‌നേഹിത മാഗസിന്‍ പുറത്തിറങ്ങി. 

ശറഫിയ ലക്കി ദര്‍ബാര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ അല്‍ റയാന്‍ പോളിക്ലിനിക്കിലെ ഡോ. വിനീത പിള്ള കലാസാഹിതി ലേഡീസ് കണ്‍വീനര്‍ സലീന മുസാഫിറിന് ആദ്യകോപ്പി നല്‍കി പ്രകാശനം നിര്‍വഹിച്ചു. ഇലക്ട്രോണിക് മീഡിയ അരങ്ങുവാഴുന്ന പുതിയ കാലത്ത് പ്രവാസി സ്ത്രീകളുടെ സര്‍ഗാത്മകതയേയും വായനയെയും പ്രോത്സാഹിപ്പിച്ചുകൊണ്ട് തനിമ വനിത വിഭാഗം തുടക്കമിട്ട ഇത്തരമൊരു സംരംഭം മികച്ച പ്രോത്സാഹനമര്‍ഹിക്കുന്നതാണെന്നു ഡോ.വിനീത പിള്ള പറഞ്ഞു. സ്ത്രീകളുടെ മാത്രം നേതൃത്വത്തില്‍ ഒരു മാഗസിന്‍ എന്തുകൊണ്ടും അഭിമാനിക്കാന്‍ വകനല്‍കുന്ന ഒന്നാണെന്നു പുസ്തകം ഏറ്റുവാങ്ങിയ സലീന മുസാഫിര്‍ അഭിപ്രായപ്പെട്ടു. ഉള്ളടക്കവും രൂപീകരണ നാള്‍വഴികളും വിശദമാക്കി മാഗസിന്‍ സമര്‍പ്പണം നടത്തി സ്‌നേഹിത എഡിറ്റര്‍ ശഹര്‍ബാന്‍ നൗഷാദ് സംസാരിച്ചു.

തുടര്‍ന്നു നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ കാലഘട്ടത്തിന് അനിവാര്യമായ വായന എന്ന വിഷയത്തില്‍ അല്‍വുറൂദ് വൈസ് പ്രിന്‍സിപ്പല്‍ ബുഷ്‌റ ടീച്ചറും തടയിടപ്പെടുന്ന പെണ്‍ സര്‍ഗാത്മകത എന്ന വിഷയത്തില്‍ മാനവീയം വനിത പ്രസിഡന്റ് ഷിജി രാജീവും സംസാരിച്ചു. നവോദയ കുടുംബവേദി സെന്‍ട്രല്‍ കമ്മിറ്റി അംഗം ശഹീബ ബിലാല്‍, തനിമ നോര്‍ത്ത് സോണ്‍ വനിത വിഭാഗം പ്രസിഡന്റ് വി. മുംതാസ്, സാഹിത്യകാരി റജീന നൗഷാദ് എന്നിവര്‍ പ്രസംഗിച്ചു. തനിമ വനിതാ കലാവേദി ടീം അവതരണ ഗാനവും ഹെന്ന & ടീം ഖവാലിയും അവതരിപ്പിച്ചു. റബീഅ ഷമീം ഗാനമാലപിച്ചു. 

ശഹര്‍ബാന്‍ നൗഷാദ്, ഷീജ അബ്ദുല്‍ബാരി, നിഹാല്‍ അബ്ദുല്‍ബാരി, റജീന ബഷീര്‍ എന്നിവര്‍ക്ക് ഉപഹാരം നല്‍കി. തനിമ ജിദ്ദ സൗത്ത്‌സോണ്‍ വനിത പ്രസിഡന്റ് റുക്‌സാന മൂസ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അബ്ദുല്‍ബാരി സ്വാഗതവും മുഹ്‌സിന കെ കെ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക