Image

പൗരാവകാശത്തിന് മുകളില്‍ പൊലീസുകാര്‍ കുതിര കയറണ്ടെന്നു പിണറായി

Published on 14 April, 2018
പൗരാവകാശത്തിന് മുകളില്‍ പൊലീസുകാര്‍ കുതിര കയറണ്ടെന്നു പിണറായി
വരാപ്പുഴയിലെ പോലീസ് പീഡനത്തിന്റെ പശ്ചാത്തലത്തില്‍ കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. ഒരു പോലീസുകാരനും സംസ്ഥാനത്തെ പൗരന്റെ ജനകീയാവകാശത്തിന് മുകളില്‍ കുതിര കയറണ്ടെന്നു പിണറായി വ്യക്തമാക്കി.

ചില പൊലീസുകാര്‍ സേനയ്ക്ക് നാണക്കേടുണ്ടാക്കുന്നു. ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ ചെയ്യുന്നതിന്റെ ഫലമായി പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കേണ്ടിവരുമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. കണ്ണൂരിലാണ് മുഖ്യമന്ത്രി ഇത്തരത്തില്‍ പ്രതികരണം നടത്തിയത്. എന്നാല്‍, ഇതു സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിനോടു മുഖ്യമന്ത്രി പ്രതികരിച്ചില്ല.

അതേസമയം, പോലീസ് മര്‍ദ്ദനമേറ്റ വരാപ്പുഴയിലെ ശ്രീജിത്തിന് പരിക്കേറ്റത് കസ്റ്റഡിയില്‍വച്ച് തന്നെയെന്ന് ചികിത്സിച്ച ഡോക്ടര്‍മാര്‍ മൊഴി നല്‍കി. ശ്രീജിത്തിന്റെ ശരീരത്തിലെ മുറിവിന്റെ പഴക്കം മൂന്ന് ദിവസം വരെ മാത്രമാണെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരിക്കുന്നത്.

ശ്രീജിത്തിനെ ചികിത്സിച്ച ഡോക്ടര്‍മാര്‍ അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയിലാണ് വെളിപ്പെടുത്തല്‍. അതേസമയം നേരത്തെ അസ്വാഭാവിക മരണത്തിന് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ത്ത് കൊലപാതക കേസായി മാറ്റിയിരുന്നു. ഇതിനൊപ്പം അന്യായമായി തടങ്കലില്‍ വെച്ചെന്ന വകുപ്പും പുതുതായി ഉള്‍പ്പെടുത്തി. 

മരണകാരണമായ വയറിനുള്ളിലെ പരിക്ക് പറ്റിയത് ഏത് സമയത്താണ് എന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ ഡോക്ടര്‍മാരുടെ മൊഴിയെടുക്കുമെന്ന് അന്വേഷണസംഘം നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം അന്വേഷണസംഘം ഇന്ന് കൂടുതല്‍ പേരെ ചോദ്യം ചെയ്യും.
സംഭവത്തില്‍ സസ്‌പെന്‍ഡ് ചെയ്ത റൂറല്‍ ടൈഗര്‍ ഫോഴ്‌സിലെ സന്തോഷ്, ജിതിന്‍ രാജ്, സുമേഷ് എന്നിവരെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തെങ്കിലും ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു. ഏതാനും മിനിറ്റുകള്‍ മാത്രമാണ് ശ്രീജിത്ത് ഒപ്പമുണ്ടായിരുന്നതെന്നും ഈ സമയത്ത് മര്‍ദ്ദിച്ചിട്ടില്ലെന്നുമാണ് ഇവര്‍ അന്വേഷണ സംഘത്തിന് നല്‍കിയ മൊഴി.

മുനമ്പം പോലീസിന്റെ കസ്റ്റഡി വാഹനത്തിലേക്ക് ശ്രീജിത്തിനെ കൈമാറിയെന്ന ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ ദിവസം സസ്‌പെന്റ് ചെയ്ത വരാപ്പുഴ എസ്‌ഐ ഉള്‍പ്പടെയുള്ളവരെയും ചോദ്യം ചെയ്‌തേക്കും. ശ്രീജിത്തിന് മര്‍ദ്ദനമേറ്റത് സംബന്ധിച്ച വിവരങ്ങള്‍ക്ക് ഫോറന്‍സിക് വിദഗ്ധരുടെ സഹായവും പൊലീസ് തേടിയിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക