Image

ഗുജറാത്ത്‌ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട പ്രാണേഷ്‌ കുമാറിന്റെ പിതാവിന്റെ മരണത്തില്‍ ദുരൂഹത

Published on 14 April, 2018
ഗുജറാത്ത്‌   വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട പ്രാണേഷ്‌ കുമാറിന്റെ പിതാവിന്റെ  മരണത്തില്‍ ദുരൂഹത

തിരുവനന്തപുരം: ഗുജറാത്തില്‍  വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട പ്രാണേഷ്‌ കുമാറിന്റെ പിതാവ്‌ താമരക്കുളം മണലാടി തെക്കേതില്‍ ഗോപിനാഥപിള്ള (78) വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ പൊലീസ്‌ അന്വേഷണം തുടങ്ങി. ആലപ്പുഴ ജില്ലാ പൊലീസ്‌ മേധാവി എസ്‌.സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ്‌ കേസ്‌ അന്വേഷിക്കുന്നത്‌. ഇതിന്റെ ഭാഗമായി ഇന്ന്‌ ഫോറന്‍സിക്‌ വിദഗ്‌ദ്ധരുടെ സഹായത്തോടെ സംഘം അപകടം നടന്ന സ്ഥലത്ത്‌ പരിശോധന നടത്തി.

ചേര്‍ത്തല വയലാറിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ്‌ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ്‌ ഗോപിനാഥപിള്ള മരിച്ചത്‌. കഴിഞ്ഞ ബുധനാഴ്‌ച പരിശോധനകള്‍ക്കായി ആശുപത്രിയിലേക്കു പോകവേ ആയിരുന്നു അപകടം. പരിക്കേറ്റ ഗോപിനാഥപിള്ളയെ ഉടന്‍ ചേര്‍ത്തല താലൂക്കാശുപത്രിയില്‍ എത്തിച്ചു. പരിക്ക്‌ ഗുരുതരമായതിനാല്‍ പിന്നീട്‌ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. സഹോദരന്‍ മാധവന്‍പിള്ളയാണ്‌ വാഹനമോടിച്ചത്‌.

പുലര്‍ച്ചെ നാലോടെയാണ്‌ താമരക്കുളത്തെ വീട്ടില്‍നിന്നു പുറപ്പെട്ടത്‌. വയലാറില്‍ വച്ച്‌ മുന്നില്‍ പോയ പെട്ടെന്ന്‌ കാര്‍ ബ്രേക്ക്‌ ചെയ്‌തിനെ തുടര്‍ന്ന്‌ ഗോപിനാഥപിള്ള സഞ്ചരിച്ച കാറിന്റെ വേഗത കുറച്ചപ്പോള്‍ പിന്നില്‍നിന്ന്‌ വന്ന ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണംവിട്ട കാര്‍ മീഡിയനിലേക്ക്‌ പാഞ്ഞുകയറി. ഈസമയം ആലപ്പുഴ ഭാഗത്തേക്കു വന്ന മറ്റൊരു ലോറിയും കാറില്‍ ഇടിച്ചുകയറി. ഉടന്‍ തന്നെ പ്രദേശവാസികള്‍ ഓടിയെത്തി അപകടത്തില്‍പ്പെട്ടവരെ ചേര്‍ത്തല താലൂക്ക്‌ ആശുപത്രിയില്‍ എത്തിച്ചു.

എന്നാല്‍ കാറിന്‌ പിന്നില്‍ ഇടിച്ച ടാങ്കര്‍ലോറി നിറുത്താതെ പോയതാണ്‌ സംഭവത്തില്‍ ദൂരൂഹത വര്‍ദ്ധിപ്പിച്ചത്‌. ഈ വാഹനം പിന്നീട്‌ പൊലീസ്‌ കസ്‌റ്റഡിയിലെടുത്തു. അപകട സമയത്തുണ്ടായിരുന്ന രണ്ട്‌ മിനിലോറികളും പൊലീസ്‌ കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്‌. ടാങ്കര്‍ ലോറിയുടെ ഡ്രൈവര്‍ ചാലക്കുടി സ്വദേശി സിജു പൊലീസിന്റെ കസ്റ്റഡിയിലാണ്‌.  അസ്വാഭാവികതയൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ്‌ പൊലീസ്‌ വ്യക്തമാക്കുന്നത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക