Image

നഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണം: തീരുമാനം സര്‍ക്കാരിനു വിട്ടു, സമരം തുടരും

Published on 13 April, 2018
നഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണം: തീരുമാനം സര്‍ക്കാരിനു വിട്ടു, സമരം തുടരും
നഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണം സംബന്ധിച്ച അന്തിമ തീരുമാനം ഇനി സര്‍ക്കാരിന്റെ കൈകളില്‍. ഇതു സംബന്ധിച്ച് കൊല്ലത്ത് നടന്ന മിനിമം വേജസ് അഡ്വൈസറി ബോര്‍ഡ് യോഗത്തിലായിരുന്നു തീരുമാനം. അഡ്വൈസറി ബോര്‍ഡില്‍ ചില വിഷയങ്ങളില്‍ എതിര്‍പ്പുണ്ടായതിനാലാണു ശമ്പള പരിഷ്‌കരണം സംബന്ധിച്ച അന്തിമ തീരുമാനം ബോര്‍ഡ് യോഗം സര്‍ക്കാരിന് വിട്ടത്. എന്നാല്‍, ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകാത്തതിനെത്തുടര്‍ന്നു സമരം തുടരാന്‍ നേഴ്‌സുമാര്‍ തീരുമാനിച്ചു.

നഴ്‌സുമാരുടെ കുറഞ്ഞ ശമ്പളം 20,000 രൂപ എന്നത് സംരക്ഷിക്കുമെന്നു ശമ്പളം നിശ്ചയിക്കാന്‍ നിയോഗിക്കപ്പെട്ട മിനിമം വേതന കമ്മിറ്റി വ്യക്തമാക്കി. സു പ്രീകോടതിയും സര്‍ക്കാരും നിശ്ചയിച്ചതില്‍ മാറ്റം ഉണ്ടാവില്ലെന്ന് കമ്മിറ്റി ചെയര്‍മാന്‍ പി.കെ.ഗുരുദാസന്‍ പറഞ്ഞു. എന്നാല്‍ കരടു നിര്‍ദേശത്തില്‍ അലവന്‍സ് സംബന്ധിച്ച വിഷയങ്ങളില്‍ തങ്ങള്‍ ഉയര്‍ത്തിയ ആവശ്യങ്ങള്‍ പരിഗണിച്ചില്ലെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യുഎന്‍എ) ആരോപിച്ചു. 

കമ്മിറ്റിയുടെ ശുപാര്‍ശയില്‍ വ്യക്തതയില്ലെന്നും സമരം ആരംഭിക്കുമെന്നും അസോസിയേഷന്‍ അറിയിച്ചു. അവ്യക്തത തുടരുന്നതിനാല്‍ പ്രഖ്യാപിച്ച സമരത്തില്‍ ഉറച്ചുനില്‍ക്കും. കൂടാതെ 16 മുതല്‍ സെക്രട്ടേറിയറ്റ് പടിയ്ക്കല്‍ സമരം നടത്തും. 24 നുള്ളില്‍ കരട് വിജ്ഞാപനം തിരുത്തിയില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക