Image

സ്വാശ്രയ വിദ്യാഭ്യാസ വിചാരങ്ങള്‍ (ജെ എസ് അടൂര്‍)

ജെ എസ് അടൂര്‍ Published on 10 April, 2018
സ്വാശ്രയ വിദ്യാഭ്യാസ വിചാരങ്ങള്‍ (ജെ എസ് അടൂര്‍)
നാട് ഓടുമ്പോള്‍ നടുവേ ഓടുന്നവരാണ് സമൂഹത്തിലെ ബഹു ഭൂരിപക്ഷം മനുഷ്യരും. വിവിധ കാലത്ത് അതാതു സമയത്തു രുപപ്പെടുന്ന ഒരു കോമണ്‍സെന്‍സ് ഉണ്ട്. അതില്‍ നിന്ന് വഴിമാറി നടക്കുവാന്‍ പലര്‍ക്കും കഴിയാറില്ല. അതാതു കാലത്തു ചില പ്രത്യേക തൊഴിലുകള്‍ക്ക് വലിയ മാന്യത സമൂഹം കല്പ്പിച്ചു കൊടുക്കും. അതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഒരു സാമൂഹിക യുക്തിയാണ് അതിനാധാരം. ഉദാഹരണത്തിന് ഒരു മതാഷ്ട്ടിത സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ ബഹുമാനിക്കുന്ന തൊഴിലാണ് പുരോഹിതരുടേത്. അവര്‍ പറയുന്നത് വേദ വാക്യങ്ങള്‍ ആയിരുന്നു. രാജാക്കന്‍മാര്‍ക്ക് ബുദ്ധി ഉപദേശിച്ചു കൊടുക്കുന്നതും സമൂഹത്തിലെ വിചാരആചാര വ്യവസ്ഥിതിയുടെ നടത്തിപ്പുകാരും പുരോഹിത തൊഴിലായിരുന്നു. രാജഭരണം വ്യാപകമായതോടു കൂടി കൊട്ടാരങ്ങളിലെ തൊഴിലിനും സൈന്യത്തിലെ നേതൃത്വ പദവിക്കുമായി മാന്യത. ജന്മിത്ത വ്യവസ്തിയില്‍ മണ്ണിനും പെണ്ണിനും മേളില്‍ അധികാരം ഉറപ്പിക്കുന്ന ജന്മി മാടമ്പികള്‍ക്കായി മാന്യത.

അതുപോലെ ഇന്നത്തെ പണാധിപത്യ സമൂഹത്തില്‍ ഏറ്റവും പണമുള്ളവര്‍ക്കായി മാന്യത. അതു അവര്‍ അടയാളപെടുത്തുന്നത് ഉപഭോഗ സാമൂഹിക ക്രമത്തിലൂടെയാണ്. വീടും, കാറും, തുണിയും, കണ്ണടയ്യും, വിദ്യഭ്യാസ സ്ഥാപനവും, മക്കളുടെ ഡിഗ്രിയും, കല്യാണ ബന്ധങ്ങളും പോകുന്ന ആശുപത്രിയും ഒക്കെ 'നിലയുടെയും ' 'വിലയുടെയും ' ചിഹ്നങ്ങളായി. രാഷ്ട്രീയത്തിലും സാമ്പത്തികത്തിലും സമൂഹത്തിലും എല്ലാം ഇന്‍വെസ്റ്റ്‌മെന്റ് എന്ന ധാരണയും റിട്ടേണ്‍ ഓണ്‍ ഇന്‍വെസ്റ്റ്‌മെന്റ് സാധാരണ യുക്തിയുമായി. അതു വിദ്യാഭ്യാസം, ജോലി, വിവാഹം എന്നിവയില്‍ സാധാരണ യുക്തിയായി. ഇന്ന് ഒരാള്‍ ഒരാളെ വിവാഹം ആലോചിക്കുന്നതിനു മുന്നേ 'പേ പാക്കേജ് ' ആണ് മധ്യ വര്‍ഗ്ഗത്തില്‍ ഉള്ള ഒരാള്‍ ആദ്യം തിരക്കുന്നത്.

അങ്ങനെ പ്രൊഫഷണല്‍ വിദ്യാഭ്യാസവും വിദ്യാഭ്യാസം പൊതുവെയും ഒരു സാമൂഹിക ശ്രേണിയെ അടയാളപെടുത്തുന്ന ഉപഭോഗ വസ്തുവായി മാറി. അങ്ങനെയുള്ള മാര്‍കെറ്റില്‍ ഒരുപാട് പേര് റിട്ടേണ്‍ ഓണ്‍ ഇന്‍വെസ്റ്റ്‌മെന്റ് ലക്ഷ്യമാക്കിയിറങ്ങി.

ഏതാണ്ട് പതിനഞ്ചു ഇരുപത് കോല്ലങ്ങളില്‍ കൂണു പോലെ വിദ്യാഭ്യാസ ബിസിനസ് എല്ലാംയിടത്തും തഴച്ചു. അതു കാരണം ഭരണ പക്ഷ രാഷ്ട്രീയക്കാര്‍ക്ക് ചിലവിനുള്ള പൈസയും കൈവന്നു. എണ്ണവും വണ്ണവും കൂടിയപ്പോള്‍ ഗുണമേന്മ കുറഞ്ഞു. മാര്‍ക്കെറ്റില്‍ ആവശ്യം ഉള്ളതിനേക്കാള്‍ കൂടുതല്‍ സപ്പ്‌ളെ കൂടിയപ്പോള്‍ വില കുറഞ്ഞു. ക്വണ്ടിറ്റി കൂടി ക്വളിറ്റി കുറഞ്ഞു.

ഈ പ്രതിസന്ധി ഏറ്റവും കൂടുതല്‍ നേരിടുന്നത് എന്‍ജിനീയറിങ് കോളേജുകളാണ്. പഠിപ്പിക്കാന്‍ അനുഭവ പരിചയവും മികവും ഉള്ള അധ്യാപകരെ കിട്ടാന്‍ ഉള്ള പ്രയാസം. ഗസ്റ്റ് ലെക്ച്ചര്‍മാരെ വച്ച് ഗുണമേന്മ ഉള്ള കോളേജ് നടത്തികൊണ്ട് പോകാന്‍ ഉള്ള വിഷമം. ആ വിഷയത്തില്‍ ഒരു ആപ്റ്റിട്യുടും ഇല്ലാത്ത കുട്ടികളെ പഠിപ്പിക്കുന്ന പ്രയാസം. പഠനത്തില്‍ ത്രെഷോള്‍ഡ് ലെവല്‍ കപ്പാസിറ്റി ഇല്ലാത്ത കുട്ടുളികളെ കാശു കൊടുത്തു തള്ളി കയറ്റി പരാജയപെടുത്തുന്നത്തിന്റെ പ്രശ്‌നം. ചേരുന്നതില്‍ ഒരു ചെറിയ ശതമാനമാണ് സപ്പ്‌ളി ഇല്ലാതെ ആദ്യ തവണ പരീക്ഷ എന്ന കടമ്പ കടക്കുന്നത്. ഇപ്പോള്‍ നാട്ടില്‍ ബി ടെക് കാരെ തട്ടിട്ട് നടക്കാന്‍ വയ്യാതെ ആയതു മുതല്‍ ബി ടെക് ഇന്ന് ഒരു സാദാ ഡിഗ്രി മാത്രമായി ചുരുങ്ങി.

ചുരുങ്ങിയ ചില ഗുണമേന്മയുള്ള സ്വകാര്യ എന്‍ജീനീയറിംഗ് കോളേജില്‍ മാത്രമാണ് ജോബ് പ്ലേസ്‌മെന്റ് ഉള്ളത്. അങ്ങനെയുള്ള മിക്കവാറും കോളേജ്കള്‍ നടത്തുന്നത് വിദ്യാഭ്യാസ രംഗത്ത് ഒരുപാട് ദശകങ്ങളായി ഡൊമൈന്‍ നോളേജ് ഉള്ള മാനേജ്‌മെന്റുകളാണ്. ഉദാഹരണം രാജഗിരി. അത് പോലെ വേറെ ചിലത്. 
ഇന്ന് തൊഴില്‍ രഹിതരായ ലക്ഷക്കണക്കിന് ബി ടെക് കാര്‍ കൂട്ടിയതോട് കൂടി ക്യാപ്പിറ്റേഷന്‍ ഫീസ് കൊടുത്തു പഠിക്കാന്‍ താല്പര്യമുള്ളവര്‍ കുറഞ്ഞു. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും, കേരളത്തിലും അടക്കം നൂറു കണക്കിന് എന്‍ജിനീയറിങ് കോളേജുകള്‍ പൂട്ടി ആ റിയല്‍ എസ്‌റ്റേറ്റ് മറ്റ് ബിസിനസുകള്‍ക്കു ഉപയോഗിക്കുന്ന ഒരു സ്ഥിതിയിലാണ് കാര്യങ്ങള്‍.

പല സ്വാശ്രയ മെഡിക്കല്‍ കോളേജ്കള്‍ക്കും വലിയ ആശുപത്രികള്‍ ഇല്ലാത്തതിനാല്‍ ഒരു ഡോക്റ്റര്‍ക്ക് അത്യാവശ്യം വേണ്ട ക്ലിനിക്കല്‍ എക്‌സ്പീരിയന്‍സ് കമ്മി. അവിടെയും അനുഭവം പരിചയവും മികവും ഉള്ള അധ്യാപകരെ കിട്ടുവാന്‍ പ്രയാസം. കാശ് കൊടുത്തു കയറുന്നവരില്‍ ആപ്റ്റിട്യൂട് ഉള്ള ചിലര്‍ നന്നായി വന്നേന്നിരിക്കും. പക്ഷെ ഒരു കൊടി മുടക്കി ഇന്ന് വെറും ഒരു എം ബി ബി എസ് ഡോക്ടര്‍ക്കു പഴയതു പോലെ മാര്‍കെറ്റില്ല. പോസ്റ്റ് ഗ്രാഡുവേഷനും കിളിനിക്കല്‍ എക്‌സ്പീരിയന്‍സും സൂപ്പര്‍ സ്‌പെഷിലൈസേഷനും എല്ലാംകൂടി കഴിഞ്ഞു ഒരു മികച്ച പ്രാക്ടീസിങ് ഡോക്ടരാകേണമെങ്കില്‍ കുറഞ്ഞെത് പത്തു കൊല്ലമെടുക്കും. ഇപ്പോള്‍ സ്വാശ്രയ മെഡിക്കല്‍ കോളേജില്‍ മെറിറ്റില്‍ പഠിച്ചു വരുന്ന ചിലര്‍ മാത്രമായിരിക്കും ഈ കടമ്പകള്‍ കടക്കുന്നത്. എം ബി ബി എസ് കഴിഞ്ഞിട്ടു ഇന്ന് പ്രാക്റ്റീസ് ചെയ്യാത്തവരുടെ എണ്ണവും കൂടി വരുന്നു. ഒരു പരിധി വരെ പലരും അവരുടെ ആപ്റ്റിട്യൂട് തിരിച്ചറിയുന്നത് വിദ്യാഭ്യാസത്തിനു ശേഷമായിരിക്കും.

ബാംഗ്ലൂര്‍ നാഷണല്‍ ലോ സ്‌കൂളില്‍ എം പി പി (ങമേെലൃ െശി ജൗയഹശര ുീഹശര്യ )ക്കു പഠിക്കുന്ന എന്റെ മകന്റെ ക്ലാസ്സിലെ ഭൂരിപക്ഷം പേരും ബി ടെക്, എം ബി ബി എസ് എന്നിവ ഇന്ത്യയിലെ പ്രമുഖ സ്ഥാപനങ്ങളില്‍ നിന്ന് കഴിഞ്ഞവരാണ്. അവര്‍ പലരും മാതാ പിതാക്കളുടെ നിര്‍ബന്ധം കൊണ്ട് കോഴ്‌സുകള്‍ പൂര്‍ത്തിയാക്കി വഴി തിരഞ്ഞെവരാണ്. പലരും എം ബി എ കഴിഞ്ഞു ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പിനികളില്‍ ജോലി ചെയ്യുന്നു.

പ്രശ്‌നം സ്വകാര്യ സെല്ഫ് ഫിനാന്‍സ് പ്രൊഫഷണല്‍ കോളെജിന്റ്ത് മാത്രമല്ല. പ്രശ്‌നം നമ്മുടെ സമൂഹത്തില്‍ വിദ്യാഭ്യാസത്തിനോടും തൊഴിലിനോടും ഉള്ള സമീപനങ്ങള്‍ കൂടിയാണ്. കുട്ടികളുടെ അഭിരുചികള്‍ മനസ്സിലാക്കാതെ സാമൂഹ്യ ശ്രേണിയില്‍ നിലയും വിലയും ഉണ്ടാകും എന്ന മിഥ്യാ ധാരണ കൊണ്ട് കുട്ടികളെ ഏത് വിധേനയും ഡോക്ടര്‍ ആക്കുക എന്ന സമീപനമാണ് പ്രശ്‌നം. പ്രധാന പ്രശ്‌നം വിദ്യാഭ്യാസം പണാധിപത്യ സമൂഹത്തില്‍ എന്ത് വില കൊടുത്തു വാങ്ങുന്ന ഒരു ഉപഭോഗ വസ്തുവാണ് എന്ന് കൂടുതല്‍ ആളുകള്‍ കരുതുമ്പോഴാണ് . അങ്ങനെയുള്ള സമീപനത്തെ അറിഞ്ഞോ അറിയാതെയോ പണാധിപത്യ രാഷ്ടീയം പിന്താങ്ങുമ്പോഴാണ്.




സ്വാശ്രയ വിദ്യാഭ്യാസ വിചാരങ്ങള്‍ (ജെ എസ് അടൂര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക