Image

വിദേശങ്ങളില്‍ മരണപ്പെടുന്ന ഒരു ശരീരവും പ്രിയപ്പെട്ടവരാല്‍ തിരസ്‌ക്കരിക്കപ്പെടരുത് (സീമ രാജീവ് )

സീമ രാജീവ് Published on 03 April, 2018
വിദേശങ്ങളില്‍  മരണപ്പെടുന്ന ഒരു ശരീരവും പ്രിയപ്പെട്ടവരാല്‍ തിരസ്‌ക്കരിക്കപ്പെടരുത് (സീമ രാജീവ് )
വിദേശത്ത് മരണപ്പെടുന്ന ഇന്ത്യാക്കാരുടെ മൃതദേഹങ്ങള്‍ വീട്ടുകാര്‍ടെ സൗകര്യത്തിന് മാത്രമേ അയക്കാവൂ എന്ന് ശഠിക്കുന്ന കുടുംബാംഗങ്ങളെക്കുറിച്ച് എഴുതിയത് വായിക്കാന്‍ ഇടയായി. അതെന്റെ ഹൃദയഭേദകമാവുകയും വളരെയധികം ആഴത്തില്‍ എന്നെയത് മുറിവേല്പിക്കുകയും ചെയ്തു എന്നതും മറച്ച് വയ്ക്കപ്പെടേണ്ടതില്ല

വിദേശത്ത് മരണപ്പെടുന്ന ആളുകളുടെ മൃതദേഹങ്ങള്‍ നാട്ടില്‍ എത്തിക്കുക എന്നത് വളരെയധികം ബുദ്ധിമുട്ടായ ഒരു കാര്യമാണ്. മരണപ്പെട്ട ആളിനെ മോര്‍ച്ചറിയില്‍ വച്ച് ,നിയമത്തിന്റെ നൂലാമാലകള്‍ ഒന്നൊന്നായി അഴിച്ച് മാറ്റി ബോഡി എംബാം ചെയ്ത് ടിക്കറ്റും എടുത്ത് മോര്‍ച്ചറിയില്‍ നിന്ന് എടുത്ത് അയക്കാന്‍ തുടങ്ങുമ്പോള്‍ ഇന്നു അയക്കല്ലേ... കല്യാണമാ.. അടിയന്തിരമാ.. എന്ന് വിളിച്ച് പറയുന്ന ബന്ധുക്കളോട് എനിക്ക് പുച്ഛമാണ് തോന്നിയത്..

നിങ്ങള്‍ മനുഷ്യര്‍ തന്നെയോ.. അതോ നാലു കാല്‍ ഇല്ലാതെ ഇരുകാലില്‍ രൂപം കൊണ്ട മനുഷ്യമൃഗങ്ങളോ?? ലജ്ജയാവുന്നില്ലേ നിങ്ങള്‍ക്ക്. ഇതില്‍ കൂടുതല്‍ നിങ്ങള്‍ എന്താണ് തരം താഴാനുള്ളത്??

ഇവര്‍ ജീവിച്ചിരിക്കുമ്പോള്‍ ഓരോ മണിക്കൂറിലും സ്വന്തം ചോരയും നീരും പണമായി നിങ്ങള്‍ക്ക് തന്നതാണോ അവര്‍ നിങ്ങളോട് ചെയ്ത പാപം? സ്വന്തം ജീവന്‍ ശ്രദ്ധിക്കാതെ , അവനവന്റെ ശരീരത്തിനുണ്ടായേക്കാവുന്ന എല്ലാ കേടുപാടുകള്‍ക്കും മുഖവില പോലും കല്പിക്കാതെ എല്ലുമുറിയെ പണിയെടുത്ത് അവര്‍ അയക്കുന്ന തുട്ടിന് മാത്രം വില കല്പിക്കുന്ന മ്ലേച്ഛമായ ഒരു കൂട്ടം മനുഷ്യരുടെ വികലമായ മനസാണ് ഇവിടെ ഉയിര്‍ത്തെഴുന്നേല്‍ക്കപ്പെടുന്നത്.

ഒരു ദിവസം പൈസ അയക്കുന്നത് താമസിച്ചാല്‍ കറക്റ്റ് ആയി ഫോണ്‍ ചെയ്യുന്ന എത്രയോ വീട്ടുകാരെ എനിക്കറിയാം. പിന്നെ വിളിക്കുന്നത് ആ മകന്‍ അയച്ച പൈസ തിരുമ്പോള്‍ മാത്രം. എന്നാല്‍ ഇടക്ക് ഒന്ന് വിളിച്ച് സുഖമാണോ ആരോഗ്യ കാര്യങ്ങള്‍ അന്വേഷിക്കുകയോ ചെയ്യാത്തത് മാനസികമായി അവരെ എത്രമാത്രം തകര്‍ത്ത് തരിപ്പണമാക്കുന്നുണ്ടെന്ന് ഒരിക്കല്‍ പോലും ചിന്തിച്ചിട്ടുണ്ടോ?

സ്വന്തം കുടുംബത്തിന്റെ അഭിമാനവും അന്തസും സംരക്ഷിക്കാന്‍, ഒരു കിടപ്പാടം ഉണ്ടാക്കാന്‍ ഒരു ലീവ് കിട്ടിയാല്‍ ഒന്ന് റിലാക്‌സ് ചെയ്യാന്‍ കൂട്ടാക്കാതെ ഓവര്‍ടൈം ചെയ്ത് പൈസ ഉണ്ടാക്കി അയക്കുന്ന ഈ പ്രവാസികള്‍ക്കും ഉണ്ട് ഒരു ഹൃദയം. അതൊരിക്കലും നിങ്ങള്‍ കാണാതെ പോകരുത് കുടുംബാംഗങ്ങളെ.

വീട്ടുകാര്‍ക്ക് വേണ്ടി മാത്രം അഹോരാത്രം പണിയെടുത്ത് സ്വന്തം പേരില്‍ ഒന്നും തന്നെ സമ്പാദിക്കാതെ എല്ലാം ഭാര്യയുടേയും മക്കള്‍ ടെയും പേര്‍ക്ക് എഴുതി വക്കുന്ന ഈ മഹാമനസ്‌ക്കര്‍ ഒരു നാള്‍ ജോലി ചെയ്യാന്‍ പറ്റാത്ത അവസ്ഥയില്‍ നിസ്സഹായരായി തിരികെ എത്തുമ്പോള്‍ അവരോട് തികഞ്ഞ അവഞ്ജയോട് പെരുമാറുന്നത് ഇന്ന് നമുക്ക് കാണാന്‍ കഴിയുന്ന ഒരു നഗ്‌ന സത്യം തന്നെയാണ്.

പ്രവാസികളെ, നിങ്ങളോടുള്ള എല്ലാ ബഹുമാനവും സ്‌നേഹവും വച്ച് കൊണ്ട് പറഞ്ഞ് കൊള്ളട്ടെ  നിങ്ങള്‍ ഇങ്ങനെ മറ്റുള്ളവര്‍ക്ക് വേണ്ടി സമ്പാദിക്കരുത്. നിങ്ങള്‍ നിങ്ങള്‍ടെ ശരീരത്തെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ആനന്ദിപ്പിക്കുകയും ചെയ്യുക.ആനന്ദിപ്പിക്കുക എന്നത് സാന്‍മാര്‍ഗ്ഗിക പ്രവര്‍ത്തനങ്ങളിലൂടെ ആവണം എന്നു മാത്രം.

നിങ്ങള്‍ടെ ജീവിതകാല സമ്പാദ്യം ഒരിക്കലും മൊത്തമായി ആര്‍ക്കും തീറെഴുതി കൊടുക്കരുത്. ഒരിക്കല്‍ നിങ്ങള്‍ക്ക് അഹിതകരമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ ജാഗരൂകരാവേണ്ടതുണ്ട്. നിങ്ങള്‍ സ്വയം നിങ്ങള്‍ക്കായി നരകം പണിയരുത്. എന്നു വച്ചാല്‍ വീട്ടുകാരെ അന്വേഷിക്കണ്ട എന്ന് അതിനര്‍ത്ഥമില്ല.

മനുഷ്യന്‍ തികച്ചും സ്വാര്‍ത്ഥമതികളായി പോകുന്ന ഒരു കാലഘട്ടമാണെന്ന ബോധം നിങ്ങള്‍ടെ ഉള്ളില്‍ വളരണം. നിങ്ങള്‍ക്ക് സുഖമില്ലാതെ വരുന്ന ഒരു സന്ദര്‍ഭത്തില്‍ മാത്രമേ ഒളിഞ്ഞിരിക്കുന്ന നിഗൂഡ സത്യങ്ങള്‍ മനസിലാകൂ.

വിദേശങ്ങളില്‍ കടുത്ത ചൂടിലും കടുത്ത തണുപ്പിലും പണിയെടുത്ത് കിട്ടുന്ന പൈസ മുഴുവന്‍ അരിഷ്ടിച്ച് പെറുക്കി , സ്വന്തം ജീവിതം നേരാംവണ്ണം ജീവിക്കാതെ, സ്വന്തം ആരോഗ്യ പ്രശ്‌നങ്ങളെ തൃണവല്‍ഗണിച്ച് ജീവിക്കുന്ന ഇവരുടെ ശരീരത്തേയും മനസിനേയും കാണാതെ പോകുമ്പോഴാണ് യഥാര്‍ത്ഥത്തില്‍ ഇവര്‍ തകര്‍ക്കപ്പെടുന്നത്. ചിലര്‍ എന്തും വരട്ടെ എന്ന വാശിയില്‍ മുന്നോട്ട് പോകും. അവര്‍ യഥാര്‍ത്ഥത്തില്‍ സ്വന്തം ശരീരത്തെ സ്‌നേഹിക്കാന്‍ കഴിയാത്തവരാണ് സാഹചര്യങ്ങള്‍ ടെ സമ്മര്‍ദ്ദഫലമായി.

ഭക്ഷണം കഴിച്ച് മേദസ് വര്‍ദ്ധിപ്പിക്കലല്ല ആരോഗ്യം. രോഗങ്ങളൊന്നുമില്ലാത്ത അവസ്ഥയാണ് ആരോഗ്യം. ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ് ഉണ്ടാകൂ. ആ മനസാണ് നിങ്ങള്‍ടെ ശക്തി. അതിന്റെ കടിഞ്ഞാണ്‍ എന്നും നിങ്ങള്‍ടെ കൈയ്യില്‍ ഭദ്രമായിരിക്കണം. എങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് സ്വസ്ഥമായി പണിയെടുക്കാന്‍ കഴിയൂ.

ഓരോ കാര്യത്തിനും പൈസ വേണം എന്ന് വിളിച്ച് പറയുമ്പോള്‍, അല്ലെങ്കില്‍ സന്ദേശം അയക്കുമ്പോള്‍, നമ്മള്‍ ഓര്‍ക്കുക ഇത് അവരുടെ വിയര്‍പ്പും ചോരയുമാണ്. കടുത്ത കാലാവസ്ഥയെ അവഗണിച്ച് മരുഭൂമിയില്‍ കിടന്ന് ഉണ്ടാക്കുന്നതിന്റെ ഓഹരിയാണിതെന്ന സത്യം.

നിങ്ങള്‍ ഒരു കാര്യം നിര്‍ബന്ധമായും ചെയ്യുക. അവര്‍ വിളിച്ചില്ലായെങ്കില്‍ അങ്ങോട്ട് വിളിക്കുക. സുഖവിവരങ്ങളും ആരോഗ്യ കാര്യങ്ങളും അന്വേഷിക്കുക. നമ്മുടെ ഈ കരുതലാവണം അവരുടെ ഒറ്റപ്പെട്ട വേദന ഇല്ലാതാക്കുവാന്‍ ഉതകുന്നത്.

അങ്ങനെയുള്ള ഒരു കുടുംബ പശ്ചാത്തലമാണ് നിങ്ങള്‍ക്കുള്ളതെങ്കില്‍, നമ്മുടെ പ്രിയപ്പെട്ടവര്‍ വിദേശങ്ങളില്‍ വച്ച് മരണപ്പെടുമ്പോള്‍ അവരുടെ മഹത്തായ നിര്‍ജ്ജീവമായ ശരീരത്തെ ഒരിക്കലും നിങ്ങള്‍ക്ക് തള്ളിപ്പറയാന്‍ കഴിയില്ല. വിദേശങ്ങളില്‍ വച്ച് മരണപ്പെടുന്ന ഒരു ശരീരവും പ്രിയപ്പെട്ടവരാല്‍ തിരസ്‌ക്കരിക്കപ്പെടരുത്. അങ്ങനെ ഒരവസ്ഥ ആര്‍ക്കും ഉണ്ടാവരുതേ എന്നാണ് എന്റെ പ്രാര്‍ത്ഥന.

പ്രാകൃതരായ കാട്ടാളജന്‍മത്തില്‍ നിന്നും മനുഷ്യന്‍ എന്ന അവസ്ഥയിലേക്ക്, ചിന്തിക്കുന്ന മനുഷ്യരായിട്ട് വേണം നമ്മള്‍ ഉണരേണ്ടത്. പ്രബുദ്ധരായ മനുഷ്യരില്‍ നിന്നും ഇങ്ങനെയുള്ള നിഷാദ പ്രവൃത്തികള്‍ ഉണ്ടാവാതിരിക്കട്ടെ എന്നാഗ്രഹിക്കാം.. അതിനായി കൈയ്യും മെയ്യും മറന്ന് പ്രവര്‍ത്തിക്കണം.
വിദേശങ്ങളില്‍  മരണപ്പെടുന്ന ഒരു ശരീരവും പ്രിയപ്പെട്ടവരാല്‍ തിരസ്‌ക്കരിക്കപ്പെടരുത് (സീമ രാജീവ് )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക