Image

രാജ് കപൂറിനെ മറന്നുവോ? (ലേഖനം: സാം നിലമ്പള്ളില്‍)

Published on 02 April, 2018
രാജ് കപൂറിനെ മറന്നുവോ? (ലേഖനം: സാം നിലമ്പള്ളില്‍)
വില്ലനേയു കൂട്ടാളികളേയും അവരുടെമടയില്‍ കയറി (പുലിമടയിലെന്ന് മലയാള സിനിമാഭാഷ്യം) ഇടിച്ചുപരുവമാക്കി തന്റെപെണ്ണിനെ വീണ്ടെടുത്തുകൊണ്ട് വരുന്ന നായകന് കയ്യടിച്ചിരുന്ന ജനം വ്യത്യസ്ഥമായ മറ്റൊരു നായകമുഖം കണ്ടത് രാജ് കപൂറിലാണ്. ധീരശൂരപരാക്രമിയല്ലത്ത പച്ചപ്പാവമായ നിഷ്കളങ്കമുഖമുള്ള പഴുതാരമീശക്കാരനെ അവര്‍ ഇഷ്ടപ്പെടാന്‍ തുടങ്ങി. തെണ്ടിയുടെ വേഷംധരിച്ച് പൊട്ടനെപ്പോലെ അഭിനയിക്കുന്ന നായകനെ സിനിമയില്‍ അവര്‍ ആദ്യമായി കാണുകയായിരുന്നു. ഈ "പൊട്ടന്‍യുവാവ്’ പ്രേക്ഷകരുടെ മനംകവര്‍ന്നത് അദ്ദേഹത്തിന്റെ അഭിനയ പാടവംകൊണ്ടുതന്നെയാണ്.

കലാകാരന്മാരുടെ കുടുംബത്തില്‍ ജനിച്ചവനായിരുന്നു രാജ് കപൂര്‍. അദ്ദേഹത്തിന്റെ അഛന്‍, പൃഥിരാജ് കപൂര്‍ ഹിന്ദി സിനിമയിലെ വലിയൊരു നടനായിരുന്നു. അതുപോലെ അനുജന്മാരായിരുന്ന ഋഷിയും ശശിയും. പക്ഷേ അവര്‍ക്കാര്‍ക്കും രാജ് കൈവരിച്ച അഭിനയസിദ്ധിയും പ്രശസ്ഥിയും നേടാന്‍ സാധിച്ചില്ല. ശശി കപൂര്‍ ഇംഗ്‌ളീഷ് സിനിമകളിലും മറ്റും അഭിനയിച്ചിട്ടുണ്ട് എന്നകാര്യം മറക്കുന്നില്ല. ഇന്റര്‍നെറ്റും യുട്യൂബും ഒന്നുമില്ലാതിരുന്നകാലത്ത് റഷ്യയില്‍വരെ ആരാധകരുണ്ടായിരുന്ന ഇന്‍ഡ്യന്‍ നടനായിരുന്നു രാജ് കപൂര്‍.

ഇന്‍ഡ്യകണ്ട മഹാനടന്‍ നമ്മെ പിരിഞ്ഞുപോയിട്ട് മുപ്പത് വര്‍ങ്ങളായിരിക്കുന്നു. ഇന്നും അദ്ദേഹം അഭിനയിച്ച സനിമകള്‍ മടുപ്പുകൂടാതെ സിഡിയിലും യുട്യൂബിലൂടെയും കാണാന്‍ സാധിക്കും.അഭിനയവിദ്യര്‍ത്ഥികള്‍ക്ക് പാഠപ്പുസ്തകമായാണ് രാജിന്റെ സിനിമകള്‍. അദ്ദേഹത്തെ മറക്കാന്‍ ആര്‍ക്കാണ് സാധിക്കുക?

കൗമാരപ്രായത്തില്‍ എന്നെപ്പോലുള്ളവരെ പുളകംകൊള്ളിച്ചിട്ടുള്ളവയാണ് രാജിന്റെ സിനിമകള്‍. പ്രേംനസീറിനേയും അംബികയേയും കണ്ടുമടുത്തിട്ടാണ് ഞാന്‍ ഹിന്ദിസിനിമകളില്‍ ആകൃഷ്ടനായത്. അവിടെയാണ് പൊടിമീശക്കാരന്‍ രാജിനെ ആദ്യമായി കണുന്നത്. ആദ്യംകണ്ടത് ഭആഹ്’ എന്ന ചിത്രമായിരുന്നു. രാജും നര്‍ഗീസുംകൂടി അഭിനയിച്ച ചിത്രം പുതിയൊരു അനുഭവമായിരുന്നു എനിക്ക്. എന്തെന്നില്ലാത്ത ആത്മസംതൃപ്തിയോടുകൂടിയാണ് പടംകണ്ട് തീയേറ്ററില്‍നിന്ന് പുറത്തിറങ്ങിയത്. ഞാന്‍ പുതിയൊരു ലോകത്തെ കാണുകയായിരുന്നു. ജീവിതത്തെ സ്‌നേഹിക്കാന്‍ അന്നുഞാന്‍ പഠിപ്പിച്ചു; എന്റെമാത്രമല്ല മറ്റുള്ളവരുടേയും. ഞാന്‍ സുന്ദരസ്വപ്നങ്ങള്‍ കാണാന്‍തുടങ്ങി. പ്രേമത്തിന്റെ ബാലപാഠങ്ങള്‍ പഠിക്കാന്‍ തുടങ്ങുകയായിരുന്നു. എന്നിലെ കലാഹൃദയം മിടിക്കുന്നത് ഞാനറിഞ്ഞു. ഇതെല്ലാം എനിക്ക് നല്‍കിയത് രാജ് കപൂറാണ്. വളരെനന്ദി. രാജ്, എന്റെ ജീവിതം ധന്യമാക്കിയതിന്.

തുടര്‍ന്നങ്ങോട്ട് "ശ്രീ 420’ "അനാഡി’ "തീസരി കസം’ "ജിസ് ദേശ്‌മേം ഗംഗ ബഹത്തി ഹെ’ തുടങ്ങിയ സിനിമകള്‍ ആവേശത്തോടെയാണ് കണ്ടത്. രാജും അദ്ദേഹത്തിന്റെ നായികമാരായിരുന്ന നര്‍ക്ഷീസും നൂതനും വഹീദയും പത്മിനിയും ചേര്‍ന്ന് കാണികളെ ആനന്ദിപ്പിക്കുകയും കരയിപ്പിക്കുകയും പ്രേമിക്കാന്‍ പഠിപ്പിക്കുകയും ചെയ്തു.

ഒരുകാലത്ത് ഹിന്ദിസിനിമകള്‍ ഇഷ്ടപ്പെട്ടിരുന്ന ഞാനിപ്പോള്‍ അവ കാണാറില്ല. കാരണം കലാമൂല്യമുള്ള സിനിമകള്‍ മറ്റുഭാഷകളിലെന്നപോലെ ഹിന്ദിയിലും ഇല്ലതന്നെ. മലയാളത്തിന്റെകാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. ന്യൂജെനറേഷനെന്ന്‌പേരില്‍ പടച്ചുവിടുന്ന ചവറുകള്‍ കാലത്തിന്റെ ചവറ്റുകൊട്ടക്കുള്ളതാണ്. മലയാളത്തില്‍ രണ്ടോമൂന്നോ സംവിധായകര്‍ പിടിക്കുന്ന സിനിമകളൊഴിച്ച് ബാക്കിയെല്ലാം പ്രേക്ഷകര്‍തന്നെ കൊന്നൊടുക്കുന്നതാണ് കാണുന്നത്. നേരത്തെ പറഞ്ഞതുപോലെ വീരപരാക്രമിയായ നായകന്‍ എട്ടോപത്തോ പേരെ ഇടിച്ചുവീഴ്ത്തുന്നതുകണ്ട് കയ്യടിക്കാന്‍ ആളുകളിന്ന് കുറവാണ്. തമിഴിലാണെങ്കില്‍ പത്തിന്റെ സ്ഥാനത്ത് നൂറോ ഇരുനൂറോവരെയാകാം. ഹിന്ദിയും ഇതില്‍നിന്നൊന്നും വ്യത്യസ്ഥമല്ല.

(മലയാളത്തെക്കാള്‍ നല്ലപടങ്ങള്‍ തെലുങ്കില്‍നിന്ന് ഇറങ്ങുന്നുണ്ടെന്ന് തോന്നുന്നു. അതുകൊണ്ടാണല്ലോ മലയാളത്തിലേക്ക് ഡബ്ബുചെയ്ത തെലുങ്കുപടങ്ങള്‍ കേരളത്തിലെ തീയേറ്ററുകളില്‍ ദിവസങ്ങളോളം ഓടുന്നത്. അടുത്തകാലത്ത്കണ്ട "വിസ്മയം’, "മാഴി’ എന്നീരണ്ട് തെലുങ്കുപടങ്ങള്‍ എനിക്കിഷ്ടപ്പെട്ടു. വിസ്മയത്തില്‍ മോഹന്‍ലാലും മൊഴിയില്‍ പൃഥിരാജുമാണ് അഭിനയിക്കുന്നത്. കൊള്ളാം , നല്ലരീതിയില്‍ കഥപറയുന്നു, നല്ല അവതരണം , നല്ല അന്ത്യം. മലയാളസിനിമ പിടക്കുന്നവര്‍ നിശ്ചയമായും കണ്ടിരിക്കേണ്ടവയാണ് ഈ പടങ്ങള്‍.)

തിരിച്ച് രാജ് കപൂറിലേക്ക് വരാം. അദ്ദേഹത്തിനുവേണ്ടി പാട്ടുകള്‍ പാടിയിട്ടുള്ളത് മുകേഷ് എന്ന് ഗായകനായിരുന്നു. ശങ്കര്‍ ജയ്കിഷന്മാര്‍ ഈണംനല്‍കിയ ഇമ്പമുള്ള ഗാനങ്ങള്‍ ഇന്നും സഹൃദയരെ പുളകം കൊള്ളിക്കുന്നു. മുകേഷിന്റെ ശബ്ദവും രാജിന്റെ അഭിനയവുംകൂടിയാകുമ്പോള്‍ തീയേറ്ററിലിരിക്കുന്നവര്‍ സ്വര്‍ക്ഷലോകത്തേക്ക് ഉയരുകയായി. "ഹം ഇസ് ദേശ്‌കേ വാസീഹെ, ജിസ്‌ദേശ്‌മേ ഗംഗ ബഹത്തീഹെ’ എന്നപാട്ടുപാടി നടന്നപോകുന്ന നിഷ്കളങ്കനായ ബ്രാഹ്മണയുവാവിനെ മറക്കാന്‍ സാധിക്കുമോ? പാവപ്പെട്ട കര്‍ഷകനായിട്ടും കാളവണ്ടിക്കാരനായിട്ടും നായകവേഷം അണിഞ്ഞ രാജ് പ്രേക്ഷകഹൃദയങ്ങളെ തരളിതമാക്കുകയായിരുന്നു.

ഒരു മഹാനുചേര്‍ന്ന അന്ത്യമായിരുന്ന രാജിന് കൈവന്നത്. അദ്ദേഹത്തെ ആദരിക്കാന്‍ രാഷ്ട്രപതിഭവനില്‍ചേര്‍ന്ന ചടങ്ങില്‍വെച്ച് രാജ് ബോധംകെട്ട് വീണു. അപ്പോള്‍ മറഞ്ഞ ബോധം വീണ്ടെടുക്കാന്‍ ആള്‍ ഇന്‍ഡ്യാ മെഡിക്കല്‍ സയന്‍സിലെ ഡോക്ട്ടര്‍മാര്‍ക്കുപോലും സാധിച്ചില്ല. അദ്ദേഹത്തിന്റെ സ്മരണകള്‍ കലയെ സ്‌നേഹിക്കുന്നവര്‍ ഉള്ളടത്തോളം നിലനില്‍ക്കും.
Join WhatsApp News
Mathew V. Zacharia, NEW YORK 2018-04-03 10:09:57
Raj Kapoor: Thanks for the memories. Few Russians to whom I encountered loved Raj Kappor and his movies. I was surprised to hear them..
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക