Image

സി.ബി.എസ്.സി ചോദ്യപേപ്പര്‍ ചോര്‍ച്ച; പ്രവാസി കുടുംബങ്ങളുടെ ആശങ്ക പരിഹരിയ്ക്കുക: നവയുഗം.

Published on 29 March, 2018
സി.ബി.എസ്.സി ചോദ്യപേപ്പര്‍ ചോര്‍ച്ച; പ്രവാസി കുടുംബങ്ങളുടെ ആശങ്ക പരിഹരിയ്ക്കുക: നവയുഗം.
ദമ്മാം:  ചോദ്യപേപ്പര്‍ ചോര്‍ന്നത് കൊണ്ട്, സി.ബി.എസ്.സി പരീക്ഷകള്‍ ക്യാന്‍സല്‍ ചെയ്തതിനാല്‍, സൗദി അറേബ്യയിലെ ഇന്ത്യന്‍ സ്‌ക്കൂളുകളില്‍ പഠിയ്ക്കുന്ന പ്രവാസി വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ നേരിടുന്ന പ്രതിസന്ധി പരിഹരിയ്ക്കാന്‍, കേന്ദ്രസര്‍ക്കാരും, സി.ബി.എസ്.സി അധികൃതരും, ഇന്ത്യന്‍ എംബസ്സിയും അടിയന്തരമായി ഇടപെടണമെന്ന് നവയുഗം സാംസ്‌ക്കാരികവേദി കേന്ദ്രകമ്മിറ്റി പത്രപ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

 സി.ബി.എസ്.സി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ അക്ഷന്തവ്യമായ വീഴ്ചയാണ്  ചോദ്യപേപ്പറുകള്‍  ചോരാന്‍ ഇടയായതെന്ന് നവയുഗം കേന്ദ്രകമ്മിറ്റി ആരോപിച്ചു. 10ാം ക്ലാസിലെ കണക്ക്, 12ാം ക്ലാസിലെ സാമ്പത്തിക ശാസ്ത്രം എന്നീ വിഷയങ്ങളുടെ പരീക്ഷകള്‍ ആണ്, ഡല്‍ഹിയില്‍ ചോദ്യപേപ്പര്‍ ചോര്‍ന്നു എന്ന കാരണം പറഞ്ഞു, സി.ബി.എസ്.സി  ക്യാന്‍സല്‍ ചെയ്തത്. കുട്ടികള്‍ പരീക്ഷ എഴുതിക്കഴിഞ്ഞ ശേഷമാണ് സി.ബി.എസ്.സി ഈ പരീക്ഷകള്‍ ക്യാന്‍സല്‍ ചെയ്ത അറിയിപ്പ് പുറത്തു വിട്ടത് എന്നത് തന്നെ, എത്ര ലാഘവത്തോടെയാണ് പരീക്ഷ സമ്പ്രദായത്തെ അധികൃതര്‍ നോക്കിക്കാണുന്നു എന്നതിന് തെളിവാണ്. 

സി.ബി.എസ്.സിയുടെ ഈ തീരുമാനം സൗദി അറേബ്യയിലെ ഇന്ത്യന്‍ സ്‌കൂളുകളിലെ കുട്ടികള്‍ക്ക് ഇരുട്ടടിയായി മാറിയിരിയ്ക്കുകയാണ്. രണ്ടു ക്ലാസ്സുകളിലും അവസാനപരീഷ ആയിരുന്നു ഇവ. പല കുടുംബങ്ങളും, കുട്ടികളുടെ പരീക്ഷ കഴിഞ്ഞു അതേ ആഴ്ച തന്നെ എക്‌സിറ്റ് പോകാനുള്ള വിമാനടിക്കറ്റ് സഹിതം ബുക്ക് ചെയ്ത്, തയ്യാറെടുത്ത് ഇരിയ്ക്കുകയായിരുന്നു. അപ്പോഴാണ് ഈ തിരിച്ചടി ഉണ്ടായത്. വിമാനടിക്കറ്റ് നിരക്ക് ഏറ്റവും കൂടി നില്‍ക്കുന്ന അവസ്ഥയില്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്താല്‍ ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം വലുതാണ്. അത് പോലെ എക്‌സിറ്റ് വിസ കാലാവധി അവസാനിയ്ക്കാന്‍ ദിവസങ്ങള്‍ മാത്രമുള്ളവരും ഉണ്ട്. ഇവര്‍ക്ക് പോകാതിരിയ്ക്കാന്‍ കഴിയില്ല. പരീക്ഷ എഴുതുവാന്‍ കഴിഞ്ഞില്ലെങ്കില്‍ കുട്ടികള്‍ക്ക് ഒരു വര്‍ഷം നഷ്ടമാകും. ഇവയൊക്കെ കാരണം ഒട്ടേറെ പ്രവാസി കുടുംബങ്ങള്‍ ആകെ പ്രതിസന്ധിയില്‍ ആണ്. 

ഇനി പരീക്ഷ എന്ന് നടക്കുമെന്ന് അറിയില്ല. പുതിയ തീയതി പ്രഖ്യാപിച്ചിട്ടും ഇല്ല. പുതിയ തീയതി പ്രഖ്യാപിയ്ക്കുമ്പോള്‍, എക്‌സിറ്റില്‍ നാട്ടില്‍ പോകുന്ന കുട്ടികള്‍ എങ്ങനെ പരീക്ഷ എഴുതും എന്ന കാര്യത്തിലും വ്യക്തതയില്ല.

ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരും, ഇന്ത്യന്‍ എംബസ്സിയും, സി.ബി.എസ്.സി അധികൃതരും അടിയന്തരമായി ഇടപെടണം. പരീക്ഷ വീണ്ടും നടത്തുന്ന തീയതി ഉടനെ പ്രഖ്യാപിയ്ക്കണം. നാട്ടില്‍ എക്‌സിറ്റില്‍ പോകുന്ന കുട്ടികള്‍ക്ക്, നാട്ടില്‍ തന്നെയുള്ള ഏതെങ്കിലും പരീക്ഷ സെന്ററുകളില്‍ വെച്ച് ആ പരീക്ഷ എഴുതുവാനുള്ള സൗകര്യം ചെയ്തു കൊടുക്കണം. ഇതിന് സൗദിയിലെ ഇന്ത്യന്‍ സ്‌ക്കൂള്‍ അധികൃതര്‍, എംബസ്സിയുടെ സഹായത്തോടെ ആശയവിനിമയം നടത്തി, സി.ബി.എസ്.സി അധികൃതരുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും നവയുഗം കേന്ദ്രകമ്മിറ്റി പറഞ്ഞു.

സൗദിയിലെ പ്രവാസി കുടുംബങ്ങളുടെ ആശങ്ക പരിഹരിയ്ക്കാന്‍ ഉള്ള ഉചിതമായ തീരുമാനങ്ങള്‍, ബന്ധപ്പെട്ട അധികൃതര്‍ കൈകൊള്ളാത്തപക്ഷം, മറ്റു പ്രവാസി സംഘടനകളുടെ സഹകരണത്തോടെ, ഈ ആവശ്യമുന്നയിച്ച് സംയുക്ത പ്രക്ഷോഭങ്ങള്‍ നടത്താന്‍ നവയുഗം മുന്‍കൈ എടുക്കുമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെന്‍സിമോഹനും , എം.എ.വാഹിദ് കാര്യറയും പ്രസ്താവനയില്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക