Image

കൊളോണിലെ ഇന്ത്യന്‍ സമൂഹം ഓശാന തിരുനാള്‍ ആഘോഷിച്ചു

Published on 28 March, 2018
കൊളോണിലെ ഇന്ത്യന്‍ സമൂഹം ഓശാന തിരുനാള്‍ ആഘോഷിച്ചു

കൊളോണ്‍: കൊളോണിലെ ഇന്ത്യന്‍ സമൂഹം യേശുവിന്റെ ജറുസലേം പ്രവേശനത്തിന്റെ ഓര്‍മകള്‍ പുതുക്കി ഭക്തിനിര്‍ഭരമായി ഓശാനത്തിരുനാള്‍ ആഘോഷിച്ചു.

മാര്‍ച്ച് 25 ന് വൈകുന്നേരം അഞ്ചിന് മ്യൂള്‍ഹൈമിലെ ലീബ്ഫ്രൗവന്‍ ദേവാലയ ഹാളില്‍ ഓശാനയുടെ കര്‍മങ്ങള്‍ ആരംഭിച്ചു. പ്രത്യേകം തയാറാക്കിയ പീഠത്തില്‍ കേരളത്തില്‍ നിന്നും എത്തിച്ച കുരുത്തോല വെഞ്ചരിച്ച് കമ്യൂണിറ്റി ചാപ്‌ളെയിന്‍ ഫാ. ഇഗ്‌നേഷസ് ചാലിശേരി സിഎംഐ വിശ്വാസികള്‍ക്ക് നല്‍കി. റോമില്‍ ഉപരിപഠനം നടത്തുന്ന സീറോ മലബാര്‍ സഭയുടെ റോമിലെ കോഓര്‍ഡിനേറ്റര്‍ ഫാ.ബിജു മുട്ടത്തുകുന്നേല്‍, ഫാ.ജോമോന്‍ മുളരിയ്ക്കല്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. ജിം ജോര്‍ജ്, ജെന്‍സ്, ജോയല്‍ കുന്പിളുവേലില്‍, ഡാനി ചാലയില്‍, ഡേവിഡ് ചിറ്റിലപ്പിള്ളി, വര്‍ഗീസ് ശ്രാന്പിക്കല്‍ എന്നിവര്‍ ശുശ്രൂഷികളായി. സിസ്റ്റര്‍ സ്വാന്തന എഫ്‌സിസി, ഡെന്നി കരിന്പില്‍ എന്നിവര്‍ ലേഖനം വായിച്ചു.

തുടര്‍ന്നു വിശ്വാസി സമൂഹം ദാവീദിന്റെ പുത്രന് ഓശാന പാടി പ്രദക്ഷിണമായി ദേവാലയത്തില്‍ പ്രവേശിച്ചു. ദിവ്യബലിയില്‍ ഫാ.ബിജു മുട്ടത്തുകുന്നേല്‍ മുഖ്യകാര്‍മികത്വം വഹിച്ച് സന്ദേശം നല്‍കി. യൂത്ത് കൊയറിന്റെ ഗാനാലാപനം ദിവ്യബലിയെ ഭക്തിസാന്ദ്രമാക്കി. 

വലിയ ആഴ്ചയ്ക്കു മുന്നോടിയായി ഫെബ്രുവരി പകുതി മുതല്‍ വാരാന്ത്യങ്ങളിലായി കമ്യൂണിറ്റിയിലെ ഒന്പത് കുടുംബകൂട്ടായ്മകളെ (മൊന്‍ഷന്‍ഗ്‌ളാഡ്ബാഹ്, ഡ്യൂസല്‍ഡോര്‍ഫ്, എസന്‍, ബോണ്‍, കൊളോണ്‍) ബന്ധിപ്പിച്ചു നടന്ന ധ്യാനങ്ങളില്‍ ഫാ.ജൂലിയസ് അറയ്ക്കല്‍, ഫാ.ബിജു മുട്ടത്തുകുന്നേല്‍ എന്നിവര്‍ ധ്യാനചിന്തകള്‍ നല്‍കി. ഫാ.സേവി മാടപ്പിള്ളി, ഫാ.ജോര്‍ജുകുട്ടി കുറ്റിയാനിക്കല്‍, ഫാ.ജോര്‍ജ് പാലിമറ്റം എന്നിവര്‍ സഹായികളായിരുന്നു. തിരുക്കര്‍മങ്ങളില്‍ പങ്കെടുത്തവര്‍ക്ക് ഫാ.ഇഗ്‌നേഷ്യസ് ചാലിശേരി നന്ദി പറഞ്ഞു. ധ്യാനഗുരുവിനും സഹായിച്ചവര്‍ക്കും കമ്യൂണിറ്റി കോഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ ഡേവീസ് വടക്കുംചേരി നന്ദി പറഞ്ഞു. 

ഓശാനയുടെ പരിപാടികള്‍ക്ക് ഡേവീസ് വടക്കുംചേരി, സെക്രട്ടറി ഷീബ കല്ലറയ്ക്കല്‍, കമ്മിറ്റിയംഗങ്ങളായ തോമസ് അറന്പന്‍കുടി, ആന്റണി സഖറിയാ, ഗ്രിഗറി മേടയില്‍ എന്നിവര്‍ നേതൃത്വം നല്‍കി. 

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക