Image

മനുഷ്യത്വം മറന്ന ഭര്‍ത്താവിന്റെ നിസ്സഹരണം മൂലം അനാഥമായ ഇന്‍ഡ്യാക്കാരിയുടെ മൃതദേഹം, നവയുഗത്തിന്റെ ഇടപെടലില്‍ സൗദിയില്‍ മറവ് ചെയ്തു.

Published on 27 March, 2018
മനുഷ്യത്വം മറന്ന ഭര്‍ത്താവിന്റെ നിസ്സഹരണം മൂലം അനാഥമായ ഇന്‍ഡ്യാക്കാരിയുടെ മൃതദേഹം, നവയുഗത്തിന്റെ ഇടപെടലില്‍ സൗദിയില്‍ മറവ് ചെയ്തു.
അല്‍ഹസ്സ: പതിനെട്ടു വര്‍ഷക്കാലം സ്വന്തം കുടുംബത്തിന് വേണ്ടി പ്രവാസിയായി ജോലി ചെയ്തു കഷ്ടപ്പെട്ടപ്പോള്‍  ഇന്ദര ദണ്ഡപാണി കരുതിയില്ല, തന്റെ മൃതദേഹം പോലും ഏറ്റുവാങ്ങാന്‍ തയ്യാറാകാതെ,  തന്നെ തള്ളിപ്പറയുന്ന ഒരു കാലം വരുമെന്ന്. മൃതദേഹം സൗദിയില്‍ അടക്കം ചെയ്യാനുള്ള സമ്മതപത്രം ഒപ്പിട്ടു നല്‍കാന്‍ പോലും പണം ആവശ്യപ്പെട്ട അവരുടെ ഭര്‍ത്താവിന്റെ ക്രൂരതയ്ക്ക് മുന്നില്‍ പകച്ചു പോയെങ്കിലും, നാലു  മാസം നീണ്ടു നിന്ന നിരന്തരമായ പരിശ്രമത്തിന് ഒടുവില്‍ നവയുഗം സംസ്‌കാരികവേദി ജീവകാരുണ്യപ്രവര്‍ത്തകര്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മറവ് ചെയ്തു

 

അല്‍ഹസ്സയിലെ കെളേബിയ എന്ന സ്ഥലത്ത്, ജോലി ചെയ്തിരുന്ന വീട്ടില്‍ ആത്മഹത്യ ചെയ്ത ഇന്ദര ദണ്ഡപാണി എന്ന തമിഴ്‌നാട്ടുകാരിയുടെ കഥ ആരുടേയും കരളലിയിപ്പിയ്ക്കുന്നതാണ്. 

ഭര്‍ത്താവും, രണ്ടു പെണ്‍മക്കളും, ഒരു മകനും ഉള്‍പ്പെട്ട സ്വന്തം കുടുംബത്തിന്റെ ദാരിദ്ര്യത്തെ ഇല്ലാതാക്കാനാണ് തമിഴ്‌നാട് മോട്ടൂര്‍ സ്വദേശിനിയായ ഇന്ദര ദണ്ഡപാണി, പതിനെട്ടു വര്‍ഷം മുന്‍പ് പ്രവാസജീവിതം തുടങ്ങിയത്. പത്തു വര്‍ഷം കുവൈറ്റില്‍ ജോലി ചെയ്ത ശേഷം, കഴിഞ്ഞ എട്ടു വര്‍ഷമായി സൗദിയിലെ അല്‍ഹസ്സയില്‍ ഒരു സൗദി ഭവനത്തില്‍ വീട്ടുജോലി  ചെയ്തു വരികയായിരുന്നു.

 

പത്തുമാസങ്ങള്‍ക്ക് മുന്‍പാണ്, ജോലി ചെയ്തിരുന്ന വീട്ടില്‍, സ്വന്തം മുറിയില്‍ കെട്ടിത്തൂങ്ങി മരിച്ച നിലയില്‍ ഇന്ദരയെ കണ്ടെത്തിയത്. മദ്യപാനിയും കുടുംബത്തെ നോക്കാത്തവനുമായ ഭര്‍ത്താവ് മൂലം ഉണ്ടായ കുടുംബപ്രശ്‌നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്ന് കത്തെഴുതി വെച്ചിരുന്നു. തുടര്‍ന്ന് സ്‌പോണ്‍സര്‍ ഇന്ദരയുടെ ഭര്‍ത്താവിനെ ഫോണില്‍ ബന്ധപ്പെട്ട് മൃതദേഹം നാട്ടിലേയ്ക്ക് അയയ്ക്കാന്‍ ആവശ്യമായ രേഖകളും സമ്മതപത്രവും അയച്ചു തരാന്‍ ആവശ്യപ്പെട്ടു. പല ഒഴിവുകഴിവുകളും പറഞ്ഞൊഴിഞ്ഞ അയാള്‍, വിവിധ കാരണങ്ങള്‍ പറഞ്ഞു, രേഖകള്‍ അയയ്ക്കണമെങ്കില്‍ പണം വേണമെന്ന് ആവശ്യപ്പെടാന്‍ തുടങ്ങി. സ്‌പോണ്‍സര്‍ കുറച്ചു പണം അയച്ചു കൊടുത്തെങ്കിലും അയാള്‍ ആവശ്യമായ രേഖകള്‍ അയച്ചു കൊടുത്തില്ല. അങ്ങനെ ബന്ധുക്കള്‍ ഏറ്റുവാങ്ങാന്‍ ഇല്ലാതെ, ഇന്ദരയുടെ മൃതദേഹം അല്‍ഹസ്സ സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയില്‍, പത്തു മാസങ്ങളോളം കിടന്നു.

 

നാലു മാസങ്ങള്‍ക്ക് മുന്‍പ്, മറ്റു ചിലര്‍ നല്‍കിയ വിവരം അനുസരിച്ച് ഇന്ദരയുടെ സ്‌പോണ്‍സര്‍ നവയുഗം ജീവകാരുണ്യപ്രവര്‍ത്തകനായ ഹുസ്സൈന്‍ കുന്നിക്കോടിനെ ബന്ധപ്പെട്ട്, ഈ കേസില്‍ സഹായം അഭ്യര്‍ത്ഥിച്ചു. ഹുസ്സൈന്‍ കുന്നിക്കോട്, നവയുഗം ജീവകാരുണ്യവിഭാഗം കണ്‍വീനര്‍ അബ്ദുള്‍ ലത്തീഫ് മൈനാഗപ്പള്ളിയുടെയും, സാമൂഹ്യപ്രവര്‍ത്തകന്‍ മണി മാര്‍ത്താണ്ഡത്തിന്റെയും സഹായത്തോടെ ഈ കേസില്‍ നിരന്തരമായി ഇടപെടലുകള്‍ നടത്തി. ഇന്ദരയുടെ ഭര്‍ത്താവിനെ ഫോണില്‍ ബന്ധപ്പെട്ട് നവയുഗം ജീവകാരുണ്യപ്രവര്‍ത്തകര്‍ സംസാരിച്ചപ്പോള്‍, മൃതദേഹം നാട്ടില്‍ അയക്കേണ്ട എന്നും, സൗദിയില്‍ തന്നെ അടക്കിയിട്ട് , നാട്ടിലേയ്ക്ക് അയയ്ക്കാന്‍ ചിലവ് വരുമായിരുന്ന തുക തനിയ്ക്ക് അയച്ചു തരാനുമാണ് അയാള്‍ പറഞ്ഞത്. അതോടെ,  തീരെ മനുഷ്യത്വമില്ലാത്ത അയാളെ ഒഴിവാക്കി, ഇന്ദരയുടെ മക്കളുടെ അനുമതിപത്രം വാങ്ങി, മൃതദേഹം സൗദിയില്‍ തന്നെ അടക്കാനുള്ള നിയമനടപടികള്‍ നവയുഗം ജീവകാരുണ്യപ്രവര്‍ത്തകര്‍ തുടങ്ങി.

 

നാട്ടില്‍ ചില സുഹൃത്തുക്കള്‍ വഴി അന്വേഷിച്ചപ്പോള്‍, ഇന്ദരയുടെ മൂന്നു മക്കളും ബന്ധുക്കള്‍ക്കൊപ്പം വേറെ വേറെ സ്ഥലങ്ങളില്‍ ആണ് താമസിയ്ക്കുന്നത് എന്ന് മനസ്സിലായി. ഏറെ പ്രയാസങ്ങള്‍ക്കൊടുവില്‍ മൂന്നു മക്കളെയും കണ്ടെത്തി, അവരില്‍ നിന്നും അനുമതിപത്രം വാങ്ങി സൗദിയിലെത്തിച്ചു. അങ്ങനെ എംബസ്സിയുടെ സമ്മതവും, മറ്റു നിയമനടപടികളും നവയുഗം ജീവകാരുണ്യപ്രവര്‍ത്തകര്‍ പെട്ടെന്ന് പൂര്‍ത്തിയാക്കി, മൃതദേഹം സൗദിയില്‍ തന്നെ മറവ് ചെയ്യാനുള്ള അനുമതി നേടിയെടുത്തു.

 

അങ്ങനെ പത്തു മാസങ്ങളുടെ കാത്തിരിപ്പിന് ശേഷം , മൃതദേഹം അല്‍ഹസ്സയില്‍ പൊതുശ്മശാനത്തില്‍ അടക്കം ചെയ്തു.





മനുഷ്യത്വം മറന്ന ഭര്‍ത്താവിന്റെ നിസ്സഹരണം മൂലം അനാഥമായ ഇന്‍ഡ്യാക്കാരിയുടെ മൃതദേഹം, നവയുഗത്തിന്റെ ഇടപെടലില്‍ സൗദിയില്‍ മറവ് ചെയ്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക