Image

ജലസംരക്ഷണം ഓരോരുത്തരുടേയും ബാധ്യത: പി.എന്‍. ബാബുരാജന്‍

Published on 24 March, 2018
ജലസംരക്ഷണം ഓരോരുത്തരുടേയും ബാധ്യത: പി.എന്‍. ബാബുരാജന്‍

ദോഹ: മനുഷ്യരുടേയും ജന്തുജാലങ്ങളുടേയുമൊക്കെ ആരോഗ്യകരമായ നിലനില്‍പിന് അത്യന്താപേക്ഷിതമായ ശുദ്ധജലം സംരക്ഷിക്കേണ്ടത് ഓരോരുത്തരുടേയും വ്യക്തിപരമായ ബാധ്യതയാണെന്നും ഈ രംഗത്തുണ്ടാകുന്ന വീഴ്ച ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും സാമൂഹ്യ പ്രവര്‍ത്തകനും ഇന്ത്യന്‍ കമ്യൂണിറ്റി ബനവലന്‍ഫ് ഫോറം വൈസ് പ്രസിഡന്റുമായ പി. എന്‍. ബാബുരാജന്‍ അഭിപ്രായപ്പെട്ടു. ഐക്യ രാഷ്ട്ര സംഘടനയുടെ ലോക ജലദിനാചരണത്തിന്റെ ഭാഗമായി മീഡിയ പ്ലസും ഫ്രണ്ട്‌സ് കള്‍ചറല്‍ സെന്ററും സംയുക്തമായി സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ജലസംരക്ഷണം രംഗത്ത് ഖത്തറിന്റെ നടപടികള്‍ ശ്ലാഘനീയമാണെന്നും ഇന്ത്യപോലുള്ള രാജ്യങ്ങള്‍ക്ക് മാതൃകാണെന്നും ചടങ്ങില്‍ വിഷയമവതരിപ്പിച്ച് സംസാരിച്ച ഡോ. നജ്മ മോള്‍ അഭിപ്രായപ്പെട്ടു. ജല സാക്ഷരതയാണ് സമൂഹത്തിനുണ്ടാവേണ്ടതെന്നും ജലത്തിന്റെ ചാക്രികതയും ജല ജനാധിപത്യവും ഉണ്ടാവുന്നു എന്നുറപ്പുവരുത്തുവാന്‍ നാമോരോരുത്തരും സന്നദ്ധരാവുക എന്നതാണ് ജലദിനത്തിന്റെ സുപ്രധാന സന്ദേശമെന്നും ചടങ്ങില്‍ സംസാരിച്ച ഫ്രന്റ്‌സ് കള്‍ചറല്‍ സെന്റര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹബീബ്‌റഹ്മാന്‍ കീഴിശേരി പറഞ്ഞു. 

ജലസംരക്ഷണ രംഗത്ത് വ്യക്തി തലത്തിലും സമൂഹ തലത്തിലും ആരോഗ്യകരമായ ചിന്തയും സമീപനങ്ങളുമാണുണ്ടാവേണ്ടതെന്ന് ചടങ്ങില്‍ സംസാരിച്ച ടോസ്റ്റ്മാസ്‌റ്റേര്‍സ് ക്ലബ്ബ് പ്രസിഡണ്ട് എസ്. എ. നിസാമുദ്ധീന്‍ പറഞ്ഞു. മീഡിയ പ്ലസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു. പരിപാടിയുടെ പ്രായോജകരായ അല്‍ സുവൈദ് ഗ്രൂപ്പിനുള്ള പ്രശസ്തി പത്രം അല്‍ സുവൈദ് ഗ്രൂപ്പ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ നിയാസ് അബ്ദുല്‍ നാസറും റൂസിയ ഗ്രൂപ്പിനുള്ള സര്‍ട്ടിഫിക്കറ്റ് നൗഷാദും പി.എന്‍. ബാബുരാജനില്‍ നിന്നും ഏറ്റു വാങ്ങി. 

മാനവരാശിയുടെ നിലനില്‍പ്പിനു ജലം എത്രമാത്രം പ്രധാനപ്പെട്ടതാണെന്നു ലോകത്തെ ഓര്‍മിപ്പിക്കാന്‍ വേണ്ടിയുള്ള ദിനമാണ് മാര്‍ച്ച് 22ന് ആഘോഷിക്കുന്ന ലോകജല ദിനം. ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തില്‍ 1993 മുതലാണു ലോക ജലദിനം ആചരിക്കാന്‍ തുടങ്ങിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക