Image

വിയന്നയില്‍ ശാലോം മീറ്റ് ജൂണില്‍

Published on 23 March, 2018
വിയന്നയില്‍ ശാലോം മീറ്റ് ജൂണില്‍

വിയന്ന: ശാലോം മീഡിയ ഓസ്ട്രിയ ഒരുക്കുന്ന വചനവേദി ’ശാലോം മീറ്റ് 2018 ജൂണ്‍ 6, 7, 8, 9 തീയതികളില്‍ നടക്കപ്പെടും. ശാലോം മീറ്റിന് തുടക്കം കുറിച്ചുകൊണ്ടുള്ള ആദ്യദിനശുശ്രുഷകള്‍ ജൂണ്‍ 6 ബുധനാഴ്ച വൈകിട്ട് 6 മുതല്‍ 22 ജില്ലയിലെ എസ്ലിംഗ് ദേവാലയത്തില്‍ വച്ചും തുടര്‍ന്ന് വ്യാഴം, വെള്ളി, ശനി ദിനങ്ങളില്‍ 22 ജില്ലയിലെ തന്നെ സ്റ്റാട്ട്‌ലവ് ദേവാലയത്തിലും നടക്കപ്പെടും. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മുതല്‍ 20 വരെയും ശനി രാവിലെ 9:30 മുതല്‍ ഉച്ചകഴിഞ്ഞ് 5 വരെയുമാണ് പരിപാടി നടത്തപ്പെടുക.

വര്‍ഷങ്ങളായി ശാലോമിന്റെ വിവിധ പ്രോഗ്രാമുകളിലും അമേരിക്കയിലും മറ്റനവധി രാജ്യങ്ങളിലും വചനപ്രഘോഷണം നടത്തിവരുന്ന വചനപ്രഘോഷകനായ ഫാ. ജില്‍ട്ടോ ജോര്‍ജ്, ശാലോം സ്ഥാപകനേതാവും ചെയര്‍മാനുമായ ഷെവ. ബെന്നി പുന്നത്തറ എന്നിവരാണ് ഈ വര്‍ഷത്തെ ശാലോം മീറ്റിനു നേതൃത്വം നല്‍കുന്നത്. പ്രശസ്ത ഗായകനായ സിബി തോമസ് ഗാനശുശ്രുഷകള്‍ നയിക്കും.

ജര്‍മ്മന്‍ ഭാഷാരാജ്യങ്ങളായ ഓസ്ട്രിയ, ജര്‍മ്മനി, സ്വിറ്റസര്‍ലന്‍ഡ് എന്നീ രാജ്യങ്ങളിലെ സഭയുടെ ചരിത്രത്തില്‍ ഒരു നൂതനദ്ധ്യായം എഴുതിച്ചേര്‍ത്തുകൊണ്ട് 2016ല്‍ ശാലോം ടൈംസിന്റെ ജര്‍മ്മന്‍ പതിപ്പിന് തുടക്കം കുറിച്ചിരുന്നു. ഇപ്പോള്‍ ജര്‍മ്മന്‍ ഭാഷയില്‍ ആദ്യത്തെ വചനവേദി ഒരുക്കിയാണ് ശാലോം മീറ്റ് ഈ വര്‍ഷം ശ്രദ്ധേയമാക്കുന്നത്. ജൂണ്‍ 7 വ്യഴാഴ്ച ഉച്ചകഴിഞ്ഞു 5.30 മുതല്‍ 8.30 വരെ സ്റ്റാറ്റ്‌ലൗ ദേവാലയത്തില്‍ തന്നെയാണ് ഓസ്ട്രിയകാര്‍ക്ക് വേണ്ടിയുള്ള ആദ്യ ജര്‍മ്മന്‍ ശുശ്രുഷയും ഒരുക്കിയിരിക്കുന്നത്. 

ജൂണ്‍ 2, 3 തീയതികളില്‍ സ്വിറ്റസര്‍ലന്‍ഡിലും നടത്തപ്പെടുന്ന ശാലോം മീറ്റിന്റെയും നേതൃത്വം വഹിക്കുന്ന ശാലോം ടീം മെയ് 29 മുതല്‍ ജൂണ്‍ 11 വരെ വിയന്നയില്‍ ഉണ്ടായിരിക്കുന്നതാണ്. ശാലോം മീറ്റിലേക്കു എല്ലാവരെയും ഹൃദ്യമായി സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജോബി ആന്റണി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക