Image

മാര്‍പാപ്പയെ കേരളത്തിലേക്ക് ക്ഷണിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വത്തിക്കാനില്‍

Published on 16 March, 2018
മാര്‍പാപ്പയെ കേരളത്തിലേക്ക് ക്ഷണിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വത്തിക്കാനില്‍

വത്തിക്കാന്‍സിറ്റി: കേരള ടൂറിസം വികസനവുമായി ബന്ധപ്പെട്ട് യൂറോപ്പില്‍ സന്ദര്‍ശനം നടത്തുന്ന സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വത്തിക്കാനിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പായുമായി കൂടിക്കാഴ്ച നടത്തി.

മാര്‍ച്ച് 14 ന് രാവിലെ പാപ്പായുടെ ബുധനാഴ്ചത്തെ പൊതുസന്ദര്‍ശന (ജനറല്‍ ഓഡിയന്‍സ്) പരിപാടിയ്ക്കിടയിലാണ് മന്ത്രിയ്ക്ക് പാപ്പായുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിച്ചത്. ബുധനാഴ്ചയിലെ സന്ദര്‍ശനത്തില്‍ വിശിഷ്ടാതിഥികള്‍ക്കുള്ള വേദിയുടെ മുന്‍പന്തിയില്‍ സ്ഥാനം പിടിച്ചിരുന്ന മന്ത്രിയ്ക്ക് പൊതുകൂടിക്കാഴ്ചയുടെ അവസാനം ഫ്രാന്‍സിസ് പാപ്പായുമായി അടുത്തു കാണാനും നേരിട്ടു സംസാരിക്കുവാനും സാധിച്ചത് വലിയൊരനുഗ്രഹമായെന്ന് മന്ത്രി പറഞ്ഞു. കൂടിക്കാഴ്ചയ്ക്കിടയില്‍ പാപ്പായെ കേരളത്തിലേയ്ക്ക് ക്ഷണിച്ചുകൊണ്ടുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ കത്തും മന്ത്രി കൈമാറി. കേരളത്തിന്റെ സാംസ്‌കാരിക പാരമ്പര്യം വിളിച്ചോതുന്ന നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്റെ രൂപവും, കേരളത്തിലെ സുഗന്ധവ്യഞ്ജനങ്ങളുടെ പട്ടികയും (കാറ്റലോഗ്) കേരളത്തിന്റെ സമ്മാനമായി മന്ത്രി പാപ്പായ്ക്ക് സമര്‍പ്പിച്ചു. മന്ത്രിയ്‌ക്കൊപ്പം ഭാര്യ സുലേഖയും ഉണ്ടായിരുന്നു.

പാപ്പാ ദൈവത്തിന്റെ സ്വന്തം നാട്ടിലേക്കുള്ള ക്ഷണം സ്‌നേഹപൂര്‍വ്വം സ്വീകരിക്കുകയും കേരളത്തിനെകുറിച്ച് കൂടുതലറിയാനുള്ള ആഗ്രഹം പങ്കുവയ്ക്കുകയും ചെയ്തു. 

സമൂഹത്തിലെ സാധാരണക്കാര്‍ക്കും പാവങ്ങള്‍ക്കും, പാര്‍ശ്വവല്‍ക്കരിയ്ക്കപ്പെട്ടവര്‍ക്കും അഭയാര്‍ത്ഥികള്‍ക്കും വേണ്ടി എന്നും ശബ്ദമുയര്‍ത്തുന്ന പാപ്പായുടെ മാനുഷിക പ്രതിബദ്ധതയില്‍ ലോകം പാപ്പായെ നമസ്‌ക്കരിക്കുന്നത് ഉചിതമായ കാരണമാണെന്നും അതുകൊണ്ടു തന്നെ പാപ്പാ ജനമനസുകളില്‍ ഏറെ പ്രിയപ്പെട്ട ഒരു അമൂല്യ വ്യക്തിത്വമാണെന്നും മന്ത്രി കൂടിക്കാഴ്ചയ്ക്കു ശേഷം വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിനു നല്‍കിയ അഭിമുഖത്തില്‍ മന്ത്രി പറഞ്ഞു. മാര്‍പാപ്പായുടെ പ്രബോധനങ്ങള്‍ ലോകത്തെ സമാധാനത്തിലേയ്ക്കു നയിക്കുന്ന ഘടകമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മാര്‍ച്ച് ഏഴുമുതല്‍ 11 വരെ ബര്‍ലിനില്‍ നടന്ന ലോക ടൂറിസം മേളയായ ബര്‍ലിന്‍ ഐടിബിയില്‍ മന്ത്രി കടകംപള്ളി എത്തിയിരുന്നു. തുടര്‍ന്ന് ഫ്രാന്‍സിലും ഇറ്റലിയിലെ മിലാനിലും എത്തി കേരള ടൂറിസം പ്രമോഷന്റെ ഭാഗമായുള്ള റോഡ്‌ഷോയിലും പങ്കെടുത്ത ശേഷമാണ് മന്ത്രി വത്തിക്കാനിലെത്തിയത്. 2002 ല്‍ പിണറായി വിജയന്‍ വത്തിക്കാന്‍ സന്ദര്‍ശിച്ചപ്പോള്‍ അന്നത്തെ മാര്‍പാപ്പയായിരുന്ന കാലം ചെയ്ത ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയെ നേരില്‍ക്കണ്ടിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക