Image

മൂല്ല്യച്യുതി (ഫൈസല്‍ മാറഞ്ചേരി)

Published on 15 March, 2018
മൂല്ല്യച്യുതി (ഫൈസല്‍ മാറഞ്ചേരി)
ഇടക്കൊക്കെ നാം കാലത്തിന്റെ പിറകിലേക്ക് ഒന്ന് തിരിച്ച് നടന്നാല്‍ വിചിത്രവും രസകരവും മുല്യവത്തായതുമായ ചില കാര്യങ്ങള്‍ നമുക്ക് കണ്ടെത്താന്‍ ആവും.

ഏതാണ്ട് മുപ്പത്തഞ്ചു നാല്പതു വര്‍ഷങ്ങള്‍ക്കപ്പുറം ആശുപത്രിയും പരിസരങ്ങളുമായിരുന്നു ഞങ്ങളുടെ സ്കൂള്‍ വിട്ട് വന്നാലുള്ള കളിസ്ഥലം മതിലുകളും അതിരുകളുമില്ലാത്ത വിശാലമായ ആശുപത്രി കോമ്പൌണ്ട്.

പഞ്ഞി ഓടല്‍, സൂര്യേപന്ത്,ഗോട്ടിക്കളി തുടങ്ങിയ ഇന്ന് കേട്ടു കേള്‍വി പോലുമില്ലാത്ത നാനാതരം കളികള്‍

ഇന്ന് ആശുപത്രി കിണര്‍ നില്‍ക്കുന്നിടം മുതല്‍ പള്ളി പറമ്പ് വരെ വിശാലമായി കിടന്നിരുന്ന പ്രദേശമായിരുന്നു 'ഇല്ലത്തിന്റെ വായ്'. ആശുപത്രി കിണറിന് തെക്ക് ഭാഗത്ത് വിശാലമായ ഒരു പെരുവഴി നീണ്ടു നിവര്‍ന്ന് കിടന്നിരുന്ന നല്ല പഞ്ചാരമണല്‍ നിറഞ്ഞ വഴി ആയിരുന്നു ഞങ്ങളുടെ മറ്റൊരു ഗോട്ടി കളി സ്ഥലം.

അവിടെ തിരഞ്ഞെടുക്കാന്‍ ഒരു കാര്യമുണ്ടായിരുന്നു. അതിനടുത്തായി കണ്ണിമാങ്ങ പ്രായത്തില്‍ തന്നെ അണ്ടിയൂറ്റി പഴുക്കുന്ന നല്ല മധുരമുള്ള കുഞ്ഞുമാങ്ങകള്‍ വീഴ്ത്തി തരുന്ന ഒരു മാവുണ്ടായിരുന്നു കളിയുടെ ഇടവേളകളില്‍ വീഴുന്ന മാങ്ങകളിലും ഞങ്ങളുടെ കണ്ണുണ്ടായിരുന്നു.

കളികള്‍ ആവേശത്തോടെ മുന്നേറുമ്പോള്‍ ആവും 'വെളീല്‍' മയമുണ്ണിക്ക ഒരു കൊട്ട മത്തിയും തലയിലേറ്റി വിയര്‍ത്തു കുളിച്ച് വെളിയങ്കോട് നിന്നും വരുന്നത് അപ്പോഴാണ് വഴിയിലെ ഞങ്ങളുടെ കളി കാണുന്നത് അതോട് കൂടി കലി കയറുന്ന മയമുണ്ണിക്ക തലയില്‍ ഏറ്റി വരുന്ന കൊട്ട ഞങ്ങള്‍ കളിക്കുന്നിടത്ത് പിന്നോട്ട് ചായ്ച്ചു മത്തിയുടെ കൊഴുത്ത ചോര കലര്‍ന്ന വെള്ളം പരത്തി ഒഴിച്ച് ഒന്നു മുരണ്ട് പോകും.

അതോടെ അന്നത്തെ കളി ശുഭം. മത്തി കോമ്പ കോര്‍ക്കാനും പാന്തം പൊളിക്കാനും ഉപയോഗിക്കുന്ന ഒരു കത്തി തന്റെ ബെല്‍ട്ടില്‍ തൂക്കിയിട്ടിരിക്കും കൂടാതെ മുറുക്കി ചുവന്ന വായും തന്റെ കനപ്പെട്ട ശബ്ദവും മയമുണ്ണിക്കാക്കെതിരെ പ്രതികരിക്കാനാവാതെ ഞങ്ങളെ നിശബ്ദരാക്കി. അങ്ങിനെ ഞങ്ങള്‍ അന്നത്തെ കളി മതിയാക്കി മടങ്ങും. അധ്വാനിച്ച് തളര്‍ന്ന് വരുന്നവന്‍ക്ക് വെറുതെ കളിച്ചു നടക്കുന്നവരെ കാണുമ്പോളുള്ള ആ 'ചൊരുക്ക്' അറിയാന്‍ കാലം പിന്നെയും കുറെ കടന്നു പോയി.

പറഞ്ഞു വരുന്നത് ഇത്രയൊക്കെ കഷ്ടപ്പെട്ട് കൊണ്ടു വരുന്ന മത്തി ഒരു രൂപയ്ക്ക് പത്തെണ്ണം കിട്ടുമായിരുന്നു മാത്രമല്ല അന്ന് വൈകുന്നേരമാണ് മീന്‍ ചന്തയില്‍ കൊണ്ടു വന്നിരുന്നത് നല്ല പെട പെടക്കുന്ന മീന്‍.

ഒരു ദിവസം സിബ്‌നി മാമുക്ക ഒരു കോമ്പയില്‍ പത്ത് മത്തി വാങ്ങി അവിടെ വെച്ച് 'ചില്ല്യോനം' വാങ്ങിക്കാന്‍ ഞങ്ങളുടെ പീടികയില്‍ വന്നു . പെട്ടെന്ന് കോമ്പയില്‍ നിന്നും ഒരു മത്തി കാക്ക കൊത്തി ഓട്ടിന്റെ പുറത്തേക്ക് പറന്നു പോയി.

മറ്റു ഒമ്പത് മത്തിയുമിട്ട് മാമുക്ക ആ ഒരു മത്തിയെ തിരിഞ്ഞു പോയി കല്ലുമെടുത്ത് ഓട്ടിന്‍ പുറത്തെ കാക്കയെ തേടി. നഷ്ടപ്പെട്ടുപോയ ഒരു ആട്ടിന്‍ കുട്ടിയെ തേടി ആട്ടിന്‍ കൂട്ടത്തെ വിട്ട് തിരഞ്ഞുപോയ ദൈവദൂതനെ പോലെ. അവസാനം ഒരു പോറലു മേല്‍ക്കാത്ത മത്തിയുമായി ഒരു സാമ്രാജ്യം നേടിയ ജേതാവിനെ പോലെ ഒരു പറച്ചില്‍ 'പത്ത് പൈസടെ മത്തി അങ്ങിനെ ഇപ്പോ കാക്ക തിന്നണ്ട'

കാലം അതിവേഗം കടന്നു പോയി, വെളിയങ്കോട് റോഡിലൂടെ ഒരുപാട് വെള്ളം അറബി കടലിലേക്ക് ഒഴുകി പോയി . ആശുപത്രിയില്‍ ചുറ്റും മതില്‍ കെട്ടി, ഇല്ലത്തിന്റെ വായ് മാമത്ക്ക വാങ്ങി വീടു വെച്ചു . ഞാന്‍ ഖത്തറിലേക്കും പിന്നീട് ദുബായിലേക്കും പോയി.

അവധിക്കു വരുമ്പോള്‍ ഓരോ തവണയും മാറഞ്ചേരിയുടെ മുഖം മിനുങ്ങി കൊണ്ടിരുന്നു ഓടിട്ട കെട്ടിടങ്ങള്‍ക്കു പകരം വാര്‍പ്പു സൌധങ്ങള്‍ ഉയര്‍ന്നു.

ഒരവധിക്കാലത്ത് 'തണ്ണീര്‍ പന്തല്‍' കെട്ടിടത്തിനു മുന്നില്‍ കോയ ബൈക്കില്‍ രണ്ട് പ്ലാസ്റ്റിക് കൊട്ടയില്‍ നല്ല പിടക്കുന്ന മത്തി വില്‍ക്കുന്നു ഒരു കിലോ നൂറു രൂപ കോയ നീട്ടി വിളിച്ച് പറഞ്ഞു വില്‍ക്കുന്നു.

താമലശ്ശേരി റോഡില്‍ നിന്നും ഒരു ചെത്ത് ബൈക്കില്‍ ഒരു 'ഫ്രീക്ക്' പയ്യന്‍ കോയയുടെ അടുത്ത് ബൈക്ക് നിര്‍ത്തുന്നു ഒരു നൂറു രൂപ നീട്ടി ഒരു കിലോ മത്തി വാങ്ങുന്നു. കറുത്ത പ്ലാസ്റ്റിക് കവറില്‍ കോയ കൊടുത്ത മത്തി ഹാന്‍ഡിലില്‍ തൂക്കുന്നു

ബൈക്ക് വെട്ടിച്ചു തിരിയുന്ന സമയത്ത് കവറു പൊട്ടി മത്തി മൊത്തം മണ്ണില്‍ വീഴുന്നു വീണ മീനിലേക്ക് ഒരു നിമിഷം ഒന്ന് നോക്കി അടുത്ത നൂറു രൂപ നീട്ടി ഒരു കിലോ മീനും വാങ്ങി വന്ന സ്പീഡില്‍ ഓടിച്ചു പോയി.

പത്ത് പൈസയുടെ ഒരു മത്തി തേടി പോയ മാമുക്കാടെ പൈസയ്ക്ക് നല്ല മൂല്ല്യമുണ്ടായിരുന്നു ഒരുപാട് സമയവും. നൂറു രൂപയുടെ മത്തി കളഞ്ഞിട്ടു പോയ പയ്യന് സമയത്തിനായിരുന്നു മൂല്ല്യം അവന്റെ ഉപ്പ ഗള്‍ഫിലായിരുന്നു താഴെ പോയ മത്തി പെറുക്കിയെടുക്കാന്‍ അവനെവിടെ നേരം.

പഴമയില്‍ പണത്തിനും അധ്വാനത്തിനും സാധനങ്ങള്‍ക്കും ആള്‍ക്കാര്‍ക്കും മൂല്ല്യമുണ്ടായിരുന്നു. ഇന്ന് ഈ പറഞ്ഞതൊന്നിനും ഒരു വിലയുമില്ലാതായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക