Image

കാവ്യദേവതയുടെ ആരാധകന്‍ (അക്ഷരക്കൊയ്ത്ത് - കവിതാസമാഹാരം - ഒരു അവലോകനം: ഡോക്ടര്‍ പി.സി. നായര്‍)

Published on 10 March, 2018
കാവ്യദേവതയുടെ ആരാധകന്‍ (അക്ഷരക്കൊയ്ത്ത് - കവിതാസമാഹാരം - ഒരു അവലോകനം: ഡോക്ടര്‍ പി.സി. നായര്‍)
അക്ഷരക്കൊയ്ത്ത് എന്ന കവിതാസമാഹാരത്തിലെ കവിതകളെല്ലാം വായിച്ചു. ജന്മനാട്ടില്‍ നിന്ന് ഇത്രയകലെ ഇരുന്നുകൊണ്ട് ഇതുപോലെ വായിച്ചാസ്വദിക്കാവുന്ന കവിതകള്‍ എഴുതിയതിനു സുധീറിനെ ഞാന്‍ ആഹ്ലാദത്തോടെ അഭിനന്ദിക്കുന്നു. കാവ്യദേവത ക്ഷിപ്രസാദിനിയായി ആരുടെ മുന്നിലും പ്രത്യക്ഷപ്പെടുന്ന ദേവതയല്ല. അതിനു നൈസര്‍ഗികമായ വാസനയും, ദീര്‍ഘകാലത്തെ ഉപാസനയും ആവശ്യമാണ്. സുധീറിനു ഇതു രണ്ടും ഉണ്ട്. തന്റെ യൗവ്വനം നഷ്ടപ്പെടുത്താതെ കാത്തുസൂക്ഷിക്കുന്ന കാവ്യദേവതയെ ഇന്നും പ്രതിദിനം ആരാധിക്കുന്നു എന്ന് ആമുഖത്തില്‍ എഴുതിയിക്കുന്നത്തന്നെ ഇതിനുതെളിവാണ്. അതുപോലെ ഇതിലെ ഉപാസന എന്ന കവിതയും.

കണ്ടു ഞാന്‍ കവിതെയഭാവാക്ഷരങ്ങളെന്‍
തൂലികത്തുമ്പിലുതിര്‍ത്തുന്ന ദേവിയെ
അന്നുതൊട്ടേവരദായിനിയായെന്റെ
ഉള്ളിലെ കോവിലില്‍ വാഴുന്നുദേവത.

മറ്റൊരു ഉദാഹരണം "കവിതേ, കന്യകേ'യാണ്.

കാവ്യാംഗനയെന്റെ തോളത്ത് തൂങ്ങിയെന്‍
ആത്മവിശ്വാസത്തെ കയ്യിലെടുത്തത്
മുത്തംപകര്‍ന്നവള്‍ ആലിംഗനംകൊണ്ടെന്‍
യൗവ്വനം വീണ്ടും തിരിച്ചുപിടിച്ചത്
പേടിക്കയില്ല ഞാന്‍ വാര്‍ദ്ധക്യമേ- എന്റെ
കവിതാനുരാഗിയെന്‍ അരികിലുണ്ടെങ്കില്‍ ഞാന്‍.

അക്ഷരക്കൊയ്ത്തിനെപ്പറ്റി ശ്രീ ജോണ്‍ വേറ്റവും, ശ്രീ ജി. പുത്തന്‍കുരിശും ശ്രീമതി ജ്യോതിലക്ഷ്മി നമ്പ്യാരും ഇ-മലയാളിയില്‍ എഴുതിയിരുന്ന ആസ്വാദന കുറിപ്പുകള്‍ വായിച്ചു. അതുകൊണ്ട് ഒരു ദീര്‍ഘലേഖനത്തിനു ഇപ്പോള്‍ പ്രസക്തിയില്ലെന്നുതോന്നുന്നു. അതിനാല്‍ എന്റെ അഭിപ്രായം ഈ ലേഖനത്തിലൂടെ ചുരുക്കമായിപറയാനാണ് ഉദ്ദേശിക്കുന്നത്.

ഭാവന, വികാരം, വിചാരം എന്നീ മാനസ വ്യാപാരങ്ങളിലൂടെ ആത്മപ്രതിബിംബങ്ങളായ പ്രാക്രുതിക പ്രതിഭാസങ്ങളെ ആശയങ്ങളാക്കി, രൂപവല്‍ക്കരിക്കാനും പരസ്പരം ബന്ധിപ്പിക്കാനും, വ്യാഖ്യാനിപ്പിക്കാനും, ഉദ്ഗ്രഥിക്കാനും പ്രകാശിപ്പിക്കാനുമുള്ള സുധീറിന്റെ കഴിവ് ഇതിലെ കവിതകളിലൂടെ പ്രകടമാണ്.ആത്മസാനുവില്‍ വറ്റാതെ കിടക്കുന്നന്ഈ ചിത്തവ്രുത്തിപ്രക്രുതിയേയും മനുഷ്യജീവിതത്തേയും ശ്രദ്ധിക്കാനും സ്‌നേഹിക്കാനും ആസ്വദിക്കാനുമുള്ള കൗതുകം ഉണര്‍ത്തുകയുള്ളു. ഈ സര്‍ഗ്ഗവാസന അക്ഷരക്കൊയ്ത്തിലെ കവിതകളെഴുതുന്നകവിക്കുണ്ട് എന്നു തീര്‍ച്ചയായും പറയാം.

പ്രക്രുതിയും, പ്രേമവും, ആദര്‍ശവും, ദേശാഭിമാനവുമെല്ലാം സുധീറിന്റെ കവിതയുടെ ജീവനാഡികളാണ്. വലന്റയിന്‍ ദിനത്തെക്കുറിച്ച് എഴുതുമ്പോള്‍ പ്രേമമെന്നസങ്കല്‍പ്പത്തെക്കുറിച്ച് കവി വാചാലനാകുന്നു.

സാന്ദ്രമൗനങ്ങളില്‍ മുങ്ങിവന്നെത്തുന്ന
പൊന്മതന്‍പൂട്ടിയ ചെഞ്ചുണ്ടുകള്‍
പൊന്നണികൈവിരല്‍ത്തുമ്പുമുക്കി
പൊട്ടുകുത്തും വെയില്‍ കന്യകമാര്‍
ശുഭ്രമേഘങ്ങള്‍ ഞൊറിഞ്ഞുടുക്കും
മുഗ്ദധഭാവങ്ങള്‍ തന്‍ സുസ്കിതങ്ങള്‍
മനസ്സറിയാതെ നാം ചോദിച്ചചോദ്യങ്ങള്‍
മൗനങ്ങള്‍നല്‍കിയ മറുപടികള്‍ (സ്വപ്നസുന്ദരി)

"മൗനങ്ങള്‍' നല്‍കിയമറുപടികള്‍ എന്ന വരിയില്‍ അടങ്ങിയിരിക്കുന്ന കാവ്യസൗകുമാര്യം വാസനാസമ്പന്നനായ ഒരു കവിക്കേ കൈവരിക്കാനാകുകയുള്ളു എന്ന് നിശ്ശംശയം പറയാം.
കുട്ടിയും നക്ഷത്രവും എന്ന കവിതയിലെ പ്രക്രുതിവര്‍ണ്ണന കവിയുടെ പ്രക്രുതിയോടുള്ള ആകര്‍ഷണം, അതിനോടുള്ളഅടുപ്പം, പ്രക്രുതിയില്‍ കൂടി അതിന്റെ എന്നിലുണ്ടെന്നു കരുതുന്ന ചൈതന്യത്തോടുള്ള ആഭിമുഖ്യം ഇതെല്ലാം നമുക്ക് കാണിച്ചുതരുന്നു.
നീലമേഘങ്ങളില്‍നിന്നും
ഒരു കുഞ്ഞുനക്ഷത്രത്തിന്‍ചോദ്യം
ഞാനും വരട്ടയോതാഴെ
നമുക്കൊന്നിച്ചൊളിച്ചു കളിക്കാം
- - - - - - - - - - - -

മുറ്റത്തെമുല്ലയില്‍ പൂക്കള്‍
മേലേ ആകാശമുറ്റത്തും പൂക്കള്‍ (കുട്ടിയും നക്ഷത്രവും)

കവിയുടെ ഭാഷാസ്‌നേഹത്തിനുള്ള ഒരു ഉദാഹരണമാണ് "ഭാഷക്കൊരുശ്ശോകം". ലാളിത്യമുള്ള ഒരു കവിത. പ്രവാസജീവിതമാകയാല്‍ അമ്പത്തൊന്നക്ഷരമുള്ള മലയാളഭാഷ വെടിഞ്ഞ് ഇരുപതാറു അക്ഷരമുള്ള (ഇംഗ്ലീഷ്) ഉപയോഗിക്കേണ്ടിവരുന്നതില്‍ കവിനിരാശനാണെന്നു കാണാം.

ഭാവനാ ജീവിതമായ കവിതയെപുതിയ അനുഭവങ്ങള്‍കൊണ്ടും, പുതിയമണ്ഡലങ്ങളിലുള്ളപ്രയാണം കൊണ്ടും ചൈതന്യവും ലാവണ്യവും ഏറിയ കവിതകളാക്കിയിരിക്കയാണ് സുധീര്‍. വാലന്റയിന്‍ എന്ന കല്‍പന ഒന്നിലധികം കവിതകളില്‍ കാണുന്നത് ചിലര്‍ക്ക് അനഭിമതമായി തോന്നിയേക്കാമെങ്കിലും അതില്‍ അന്തര്‍ലീനമായ ഭാവന ദീപ്തമായത്തന്നെ.

എല്ലാഭാവുകങ്ങളും നേര്‍ന്നുകൊണ്ട്.
Join WhatsApp News
Amerikkan Mollaakka 2018-03-11 14:16:52
ഞമ്മക്കും ഒരു കവിയാകണമെന്നു മോഹമുണ്ട്. കവിത അരികിൽ ഉണ്ടെങ്കിൽ വയസ്സാകില്ലെന്നാണോ സുധീർ സാഹേബ് പറയുന്നത്. അത് കൊള്ളാല്ലോ. ഞമ്മക്ക് വയസ്സാകണ്ട. പിന്നെ ഒരു സംസം   കവിത എന്ന് പെണ്ണുങ്ങൾക് പേരുമുണ്ട്.  കവി ആരെയാണ് ഉദ്ദേശിക്കുന്നത്. ?
വിദ്യാധരൻ 2018-03-11 23:24:56
മലയാള കവിതയെ വികലമാക്കികൊണ്ടിരിക്കുന്ന കവികളുടെ പ്രാകൃത ഭാഷയിലുള്ള കവിത വായിച്ച് വിഷാദമഗ്‌നരായിരിക്കുന്നവർക്ക് സുധീർ പണിക്ക വീട്ടിലിന്റെ കവിതകൾ ഉണർവ് നല്കുമെന്നുള്ളതിന് സംശയം ഇല്ല . ലളിതമായ ഭാഷയിൽ സമ്പുഷ്ടമായ ആശയങ്ങളെ വായനക്കാരുടെ മനസ്സിലേക്ക് കടത്തി വിടുന്നതിന് ഈ കവിക്കുള്ള  കഴിവ് ഒന്ന് വേറെയാണ്  .  "അറുപതുകളിൽ നമ്മുടെ ഭാഷക്ക് ആധുനിക ദിശാബോധം നൽകിയ അസ്തിത്വസമസ്യകളുടെ അകംകവിതയിലാണ് സച്ചിദാനന്ദൻ തന്റെ കാവ്യ ജീവിതത്തിന് തുടക്കം കുറിച്ചത് " എന്ന് സച്ചിദാനന്ദ കവിതയെ പരിചയപ്പെടുത്തി ഡി സി ബുക്ക്സ് എഴുതി വച്ചിട്ടുണ്ട് .  ഇത് വായിച്ച് ഞാൻ ചിന്താഗ്നായി ഇരുന്നിട്ടുണ്ട് .  എഴുതിയത് വായിച്ചാൽ തോന്നും അന്നു വരെ മലയാള കവിത  ദിശാബോധമില്ലാതെ അലഞ്ഞു തിരിഞ്ഞു നടക്കുകയായിരുന്നു എന്ന് .  ഇതെഴുതുമ്പോൾ സച്ചിദാനന്ദ കവിതകൾ എന്റെ മുന്നിൽ ഇരിക്കുന്നു. അതെല്ലാം ഞാൻ വായിച്ചുട്ടുണ്ടെങ്കിലും ഒരു രണ്ടുവരി ഓർത്തെടുക്കാൻ പ്രയാസം .  അടുക്കും ചിട്ടയോടും കൂടി കവിത എഴുതിയ കവികളുടെ നെഞ്ചിൽ കയറി നിന്നാണ് പുതിയ ദിശാബോധത്തിന്റെ വക്താവായ സച്ചിദാനന്ദനെ ഡി സി ബുക്ക്സ് അവധരിപ്പിക്കുന്നത് .  ഇദ്ദേഹം ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്ന് ഈ അടുത്തിടെയാണ് അറിഞ്ഞത് . ഫൊക്കാനയോ ഫോമയോ ഇങ്ങേരെ പൊക്കികൊണ്ടു വരുന്നുണ്ട്   ഇദ്ദേഹത്തിന്റെ ശിഷ്യൻ കവിത എഴുത്തു നിറുത്തി (സന്തോഷം ) സീരിയലിൽ അഭിനിയിക്കുകയാണ് . 
ചിട്ടകൾ എന്ന അദ്ദേഹത്തിൻറെ കവിത
"ലോകത്തിന്റെ ചിട്ടകൾ
എന്നെ അന്ധാളിപ്പിക്കുന്നു
ഉണർച്ച ആഹാരം ജോലി
പ്രണയം നിദ്ര
എല്ലാം ചിട്ടപ്പെടുത്തിയിരിക്കുന്നു "
ആധുനിക കവികളുടെ പ്രശ്നം 'ചിട്ടയാണ് ' അതവരെ ശ്വാസം മുട്ടിക്കുന്നു   ഇങ്ങനെ ശ്വാസം മുട്ടുള്ള പല കവികളും അമേരിക്കയിലുണ്ടു്. അവർ പടച്ചു വിടുന്ന കവിത വായനക്കാർക്ക് വായുമുട്ടൽ ഉണ്ടാക്കുന്നു എന്ന് വിളിച്ചു പറഞ്ഞാലും വീണ്ടും പടച്ചു വിട്ടുകൊണ്ടിരിക്കും . അമേരിക്കയിലെ കുറെ വായനക്കാരെ ശ്വാസം മുട്ടിച്ചു കൊന്നാൽ അവരുടെ ചിട്ടയില്ലാത്ത കവിതകൾ മലയാള സാഹിത്യത്തിൽ വേരൂന്നുമെന്നും അങ്ങനെ അവർക്ക് സാഹിത്യലോകത്ത് വിളങ്ങാമെന്നും വ്യാമോഹിക്കുന്നു. ഇത്തരക്കാർക്ക് വക്കാലത്ത് പറയാൻ ഏതിന്റെയും അർഥം ദുർവാഖ്യാനിച്ച് വഴിതെറ്റിക്കാനും കുറേപ്പേരുണ്ട് .  എന്നാൽ ഇത്തരക്കാർക്ക് തടയിടാൻ പറ്റിയ കവികൾ ഇവിടെയുണ്ടെന്നുള്ളത് കാവ്യാംഗനയുടെ പുണ്യം . നാലുപേരെങ്കിലും നിങ്ങളുടെ കവിതയെ വിലയിരുത്താൻ ഉണ്ടെങ്കിൽ അത് നിങ്ങളുടെ കവിതകൾക്ക് കിട്ടുന്ന ഏറ്റവും വലിയ അവാർഡ്
തുടരുക കവി സപര്യ 
പ്രീതയാകട്ടെ കാവ്യാംഗന
ഉതിരട്ടെ ജീവഗന്ധിയാം കവിതകൾ
തവ തൂലികയിൽ നിന്നെപ്പഴും
കാത്തു സൂക്ഷിക്കുക കാവ്യപാരമ്പര്യം
ദിശാബോധം നഷ്ടമാകാതെ


വായനക്കാരൻ 2018-03-12 09:00:30
പ്രതികരണ കോളം കഴിഞ്ഞാണ് ഞാൻ വായിക്കാൻ പോകുന്നത് .  അമേരിക്കയിൽ മലയാളത്തെ സ്നേഹിക്കുന്നവർ ഉണ്ടെന്നുള്ളത് വളരെ വ്യക്തമാണ് .  വിദ്യാധരൻ തകർക്കുന്നുണ്ട് 

സച്ചിദാനന്ദൻ ചത്തിട്ടില്ല . ചത്തത് അയാളുടെ കവിതകളാണ്. 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക