Image

സൗത്ത്‌ ഇന്ത്യയില്‍ നിന്നും യൂട്യൂബില്‍ ഏറ്റവും വേഗത്തില്‍ 5 കോടി വ്യൂസ്‌ നേടി`മാണിക്യ മലരായ പൂവി`

Published on 09 March, 2018
 സൗത്ത്‌ ഇന്ത്യയില്‍ നിന്നും യൂട്യൂബില്‍ ഏറ്റവും വേഗത്തില്‍ 5 കോടി വ്യൂസ്‌ നേടി`മാണിക്യ മലരായ പൂവി`
 കൊച്ചി: ഒമര്‍ ലുലു സംവിധാനം നിര്‍വഹിക്കുന്ന 'ഒരു അഡാറ്‌ ലവ്‌'ലെ `മാണിക്യ മലരായ പൂവി` എന്ന വൈറല്‍ ഹിറ്റ്‌ ഗാനം സൗത്ത്‌ ഇന്ത്യയില്‍ നിന്നും യൂട്യൂബില്‍ ഏറ്റവും വേഗത്തില്‍ 5 കോടി വ്യൂസ്‌ കരസ്ഥമാക്കിയ വീഡിയോയായി മാറിയിരിക്കുകയാണ്‌.

 വെറും 28 ദിവസങ്ങള്‍ക്കുള്ളിലാണ്‌ ഗാനം ഈ നേട്ടം കൈവരിച്ചിരിക്കുന്നത്‌. മ്യൂസിക്‌247ന്റെ യൂട്യൂബ്‌ ചാനലില്‍ ഫെബ്രുവരി 9നാണ്‌ ഗാനം റിലീസ്‌ ചെയ്‌തത്‌. അതിനു ശേഷം അടുത്ത നാല്‌ ദിവസവും തുടര്‍ച്ചയായി യൂട്യൂബ്‌ ഇന്ത്യയുടെ ട്രെന്‍ഡിങ്‌ ലിസ്റ്റില്‍ ഒന്നാമത്തെ സ്ഥാനത്തു തന്നെ തരംഗമായി തുടര്‍ന്നു.

ശ്രീ ലങ്ക, ബംഗ്ലാദേശ്‌, പാക്കിസ്ഥാന്‍, യു.എ.ഇ, നേപ്പാള്‍ എന്നിവിടങ്ങളിലും ഗാനം ട്രെന്‍ഡിങ്‌ ആയി. ഒരാഴ്‌ച്ച തികയും മുമ്പേ ഗാനം 2.5 കോടി വ്യൂസും നേടി. ഇപ്പോള്‍ വീഡിയോക്ക്‌ 645,000ല്‍ അധികം 'ലൈക്‌സ്‌' ലഭിച്ചിട്ടുണ്ട്‌. ഒരു മലയാളം വീഡിയോക്ക്‌ ഇതുവരെ യൂട്യൂബില്‍ കിട്ടിയിട്ടുള്ള ഏറ്റവും കൂടുതല്‍ ലൈക്കുകളാണിത്‌.



പി എം എ ജബ്ബാര്‍ രചിച്ച `മാണിക്യ മലരായ പൂവി` എന്ന ഈ മാപ്പിള പാട്ടിന്റെ യഥാര്‍ത്ഥ സംഗീത സംവിധായകന്‍ തലശ്ശേരി കെ റഫീഖ്‌ ആണ്‌. ഷാന്‍ റഹ്‌മാന്‍ മനോഹരമായി ഈ ഗാനത്തിന്‌ പുതിയൊരു ഭാവം നല്‍കി പുനരവതരിപ്പിച്ചിരിക്കുന്നു. വിനീത്‌ ശ്രീനിവാസനാണ്‌ ഗാനം ആലപിച്ചിരിക്കുന്നത്‌.

ഗാനം റിലീസ്‌ ചെയ്‌ത ഉടനെ തന്നെ ചിത്രത്തില്‍ അഭിനയിച്ച പുതുമുഖം പ്രിയ പ്രകാശ്‌ വാരിയര്‍ ഒരു ദിവസം കൊണ്ട്‌ തന്നെ ഇന്റര്‍നെറ്റ്‌ സെന്‍സേഷന്‍ ആയി മാറി. ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞ നടി എന്ന റെക്കോര്‍ഡും പ്രിയ ഇപ്പോള്‍ സ്വന്തമാക്കിയിക്കുകയാണ്‌. ഒറ്റ ദിവസം കൊണ്ട്‌ പ്രിയയുടെ ഇന്‍സ്റ്റാഗ്രാമില്‍ 606,000 അധികം ഫോള്ളോവെര്‍സും കൂടിയിരുന്നു.


ഒമര്‍ ലുലു കഥയെഴുതി സംവിധാനം നിര്‍വഹിക്കുന്ന 'ഒരു അഡാറ്‌ ലവ്‌' പ്ലസ്‌ ടു വിദ്യാര്‍ത്ഥികളുടെ കഥയാണ്‌ പറയുന്നത്‌. പുതുമുഖ താരങ്ങള്‍ അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത്‌ സാരംഗ്‌ ജയപ്രകാശും, ലിജോ പനാടനും ചേര്‍ന്നാണ്‌. സിനു സിദ്ധാര്‍ഥ്‌ ഛായാഗ്രഹണവും അച്ചു വിജയന്‍ ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നു.

ഗാനങ്ങള്‍ക്ക്‌ സംഗീതം നല്‍കിയിരിക്കുന്നത്‌ ഷാന്‍ റഹ്‌മാനാണ്‌. ഔസേപ്പച്ചന്‍ മൂവി ഹൌസിന്റെ ബാനറില്‍ ഔസേപ്പച്ചന്‍ വാളക്കുഴിയാണ്‌ ഈ ചിത്രം നിര്‍മിക്കുന്നത്‌. മ്യൂസിക്‌247നാണ്‌ ഒഫീഷ്യല്‍ മ്യൂസിക്‌ പാര്‍ട്‌ണര്‍.


`മാണിക്യ മലരായ പൂവി` ഗാനം യൂട്യൂബില്‍ കാണുവാന്‍: https://www.youtube.com/watch?v=W0fKl43QmIE

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക