Image

അവാര്‍ഡ് കമ്മിറ്റിയുടെ മുന്‍പാകെ പരിഗണനക്ക് 110 സിനിമകള്‍; കുടുതലും നവാഗതര്‍

Published on 08 March, 2018
അവാര്‍ഡ് കമ്മിറ്റിയുടെ മുന്‍പാകെ  പരിഗണനക്ക് 110 സിനിമകള്‍; കുടുതലും നവാഗതര്‍
മികച്ച നടനോ നടിയോ സഹനടനോ ഒക്കെ ആവാന്‍ ഇനി സിനിമയില്‍ സ്വന്തം ശബ്ദം തന്നെ നല്‍കണം. ചലചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ട് മന്ത്രി എ.കെ. ബാലന്‍ അറിയിച്ചതാണിത്. ജൂറിയുടെ നിര്‍ദേശങ്ങളിലാണ് ഇത്തരത്തിലൊരാവശ്യം ഉയര്‍ന്നിട്ടുള്ളത്.

അവാര്‍ഡിനെത്തുന്ന ചിത്രങ്ങളുടെ എണ്ണത്തിലുള്ള വര്‍ധന പരിഗണിച്ച് ജൂറി അംഗങ്ങളുടെ എണ്ണം ചെയര്‍മാന്‍ ഉള്‍പ്പടെ 12 ആയി ഉയര്‍ത്തണം. ഇവര്‍ മൂന്നു കമ്മറ്റികളായി തിരിഞ്ഞ് ചിത്രങ്ങള്‍ കാണുകയും തിരഞ്ഞെടുത്ത ചിത്രങ്ങള്‍ ഒരുമിച്ചു കണ്ട് അന്തിമ വിധി തീരുമാനിക്കുകയും വേണം.

ബെസ്റ്റ് വിഷ്വല്‍ ഇഫക്ട് എന്ന പേരില്‍ പുതിയൊരു അവാര്‍ഡ് ഏര്‍പ്പെടുത്തേണ്ടതാണ്. ആര്‍ട് ഡയറക്ടര്‍ ഇനി പ്രൊഡക്ഷന്‍ ഡിസൈനര്‍ എന്ന് പേരുമാറ്റണം. സിനിമയില്‍ സ്ത്രീ പ്രാതിനിധ്യം ഉയര്‍ത്തുന്നതിനും ജൂറി നിര്‍ദേശമുണ്ട്.

ആറു കുട്ടികളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെ 110 സിനിമകളാണ് അവാര്‍ഡ് കമ്മിറ്റിയുടെ മുന്‍പാകെ എത്തിയത്. ഇതില്‍ 58 ചിത്രങ്ങള്‍ പുതുമുഖ സംവിധായകരുടേതായിരുന്നു. ഒരു ചിത്രം മാത്രമായിരുന്നു സ്ത്രീ സംവിധായികയുടേതായി എത്തിയത്.

ചിത്രങ്ങളില്‍ ഏറിയ പങ്കും സിനിമയെന്ന മാധ്യമത്തെ ഗൗരവമായി കണക്കാക്കാതെ സൃഷ്ടിക്കപ്പെട്ടവയായിരുന്നുവെന്നും വിധി നിര്‍ണയ സമിതി വിലയിരുത്തി. ഇത്തവണത്തെ പുരസ്‌കാര ജേതാക്കളില്‍ 78 ശതമാനവും ആദ്യമായി സംസ്ഥാന പുരസ്‌കാരം നേടുന്നവരാണ്. 37 ല്‍ 28 പുരസ്‌കാരങ്ങള്‍ ഇത്തരത്തില്‍ പുതുമുഖങ്ങള്‍ക്കു ലഭിച്ചു.

മികച്ച നടിക്കുള്ള പുരസ്‌കാരം അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ളയ്ക്ക് സമര്‍പ്പിക്കുന്നുവെന്ന് നടി പാര്‍വതി. രാജേഷ് പിള്ളയുടെ ഓര്‍മയിലാണ് മഹേഷ് നാരായണന്റെ ടേക്ക് ഓഫ് ഒരുങ്ങിയത്.

കൂടുതല്‍ ഉത്തരവാദിത്തവും ഉല്‍സാഹവും തോന്നുന്നുവെന്നായിരുന്നു മികച്ച നടനായി തിരഞ്ഞെടുത്ത ഇന്ദ്രന്‍സിന്റെ പ്രതികരണം.
ഞാന്‍ സ്വപ്നം കാണുന്നത് നസ്റുദ്ദീന്‍ ഷായെ പോലുള്ളവരുടെ കഥാപാത്രങ്ങളാണ്.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാക്കള്‍ക്ക് അഭിനന്ദനങ്ങളുമായി മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്...

മുമ്പൊരിക്കലും ഇല്ലാത്തവിധത്തില്‍ പുതുമുഖങ്ങള്‍ക്ക് ഈ വര്‍ഷം പുരസ്‌കാരം ലഭിച്ചത് പുതിയ തലമുറയുടെ കൈയിലും മലയാള സിനിമ ഭദ്രമാണെന്നതിന്റെ വ്യക്തമായ സൂചനയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പോസ്റ്റിന്റെ പൂര്‍ണരൂപം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാക്കള്‍ക്ക് അഭിനന്ദനങ്ങള്‍. മുമ്പൊരിക്കലും ഇല്ലാത്തവിധത്തില്‍ പുതുമുഖങ്ങള്‍ക്ക് ഈ വര്‍ഷം പുരസ്‌കാരം ലഭിച്ചു എന്ന് കാണുന്നു. പുതിയ തലമുറയുടെ കൈയിലും മലയാള സിനിമ ഭദ്രമാണെന്നതിന്റെ വ്യക്തമായ സൂചനയാണിത്.

ചെന്നിത്തല വസതിയിലെത്തി 
അഭിനന്ദിച്ചു. 

മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട നടന്‍ ഇന്ദ്രന്‍സിനെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുമാരപുരം വസതിയിലെത്തി അഭിനന്ദിച്ചു. അര്‍ഹതയ്ക്കുള്ള അംഗീകാരമാണ് അദ്ദേഹത്തെ തേടി എത്തിയത് എന്നും ചെന്നിത്തല പറഞ്ഞു.

മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയതില്‍ ഏറെ സന്തോഷമുണ്ടെന്നും കുടുംബവും കൂട്ടുകാരും സിനിമാ അണിയറ പ്രവര്‍ത്തകരും തനിക്കൊപ്പം സന്തോഷിക്കുകയാണെന്നും ഇന്ദ്രന്‍സ്. ഇത് കിട്ടിയിട്ടുള്ളവര്‍ മുകളിലേക്ക് പോയിട്ടില്ല. അതാണ് തന്റെ പേടിയെന്നായിരുന്നു ഇന്ദ്രന്‍സിന്റെ പ്രതികരണം.

ഇത് എന്നെ ബാധിച്ചിട്ടില്ല. ഞാനും കുടുംബവും കൂട്ടുകാരും എല്ലാവരും സന്തോഷിക്കുന്നു. കോമഡി വേഷം ചെയ്യുമ്പോള്‍ ഭയങ്കര ഊര്‍ജ്ജമാണെന്നും അവാര്‍ഡ് എല്ലാവര്‍ക്കുമായി സമര്‍പ്പിക്കുന്നുവെന്നും ഇന്ദ്രന്‍സ് പറയുന്നു.

ഫഹദ് ഫാസിലിന് പുരസ്‌കാരം ലഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. വ്യത്യസ്തമായ ചിത്രങ്ങളുമായി ഏത് കഥാപാത്രമായാലും സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന ഫഹദ്ന് ഇത്തവണ സംസ്ഥാന അവാര്‍ഡ് ലഭിക്കുമെന്ന തരത്തിലായിരുന്നു പ്രവചനങ്ങള്‍.

തൊണ്ടിമുതലും ദൃക്സാക്ഷിയും, കാര്‍ബണ്‍, ടേക്ക്ഓഫ് തുടങ്ങിയ ചിത്രങ്ങളിലെ അവിസമരണീയ പ്രകടനത്തിലൂടെയാണ് ഫഹദ് ഈ ലിസ്റ്റില്‍ ഇടം പിടിച്ചത്. ഫഹദ് ഫാസിലായിരുന്നു മികച്ച നടനാവാനുള്ള പട്ടികയില്‍ മുന്നിലുണ്ടായിരുന്നത്.

എന്നാല്‍ അപ്രതീക്ഷിത ട്വിസ്റ്റിലൂടെയാണ് ആ പുരസ്‌കാരം ഇന്ദ്രന്‍സിന് ലഭിച്ചത്.

അവാര്‍ഡ് നേട്ടത്തിലൂടെ അന്ന് വിമര്‍ശിച്ചവര്‍ക്ക് മധുരപ്രതികാരം നല്‍കിയിരിക്കുകയാണ് പാര്‍വതി. വനിതകളുടെ ദിനമായ മാര്‍ച്ച് എട്ടിന് തന്നെയാണ് വനിതകള്‍ക്കായി ശബ്ദമുയര്‍ത്തിയ പാര്‍വതിയ്ക്ക് അവാര്‍ഡ് കിട്ടിയതെന്നതും ശ്രദ്ധേയമായിരിക്കുകയാണ്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ടേക്ക് ഓഫ് എന്ന ചിത്രത്തിലെ സമീറ എന്ന കഥാപാത്രമാണ് പാര്‍വതിയെ അവാര്‍ഡിനര്‍ഹയാക്കിയിരിക്കുന്നത്.

അവാര്‍ഡ് നേട്ടത്തെക്കുറിച്ച് പാര്‍വതി പ്രതികരിച്ചതിങ്ങനെ നേഴ്സുമാര്‍ക്ക് ഒരു പ്രശ്നമുണ്ടായപ്പോള്‍ അവര്‍ സംഘടിച്ചു. ഇതിനു മുന്‍പ് ഡബ്ലുസിസി എന്ന സംഘടന ഇന്ത്യയില്‍ എവിടെയും ഉണ്ടായിട്ടില്ല. എല്ലാ സംഘടനകളും ഒരുമിച്ചാണ് നമ്മുടെ പ്രശ്നങ്ങള്‍ എന്താണെന്ന് കണ്ടെത്തുന്നത്. നമ്മള്‍ക്ക് എന്തൊക്കെയാണ് പ്രശ്നമെന്ന് ചേര്‍ന്നാണ് കണ്ടെത്തുന്നത്. അതുപോലെ തന്നെയാണ് നേഴ്സുമാരുടെ പ്രശ്നങ്ങളും.

നമ്മുടെ വര്‍ക്ക് സ്പേസില്‍ മാറ്റം കൊണ്ടുവരേണ്ടത് നമ്മള്‍ തന്നെയാണ്. നഴ്സുമാരുടെ പ്രശ്നങ്ങള്‍ ഇത്രത്തോളം ഭീകരമാണെന്ന് ഞാന്‍ മനസിലാക്കിയത് വൈകിയാണ്. സമീറ എന്ന കഥാപാത്രമായി അനായാസമായി അഭിനയിക്കാന്‍ പറ്റിയതില്‍ സംവിധായകന്റെ വലിയ ഗവേഷണമുണ്ട്. പാര്‍വതി പറഞ്ഞു.

ഒരു ആര്‍ട്ടിസ്റ്റ് എങ്ങനെയായിരിക്കണമെന്ന് കാണിച്ചുതന്നത്, നടന്‍ ഇന്ദ്രന്‍സാണെന്നും അദ്ദേഹത്തിന്റെ എളിമ എല്ലാവര്‍ക്കും മാതൃകയാണെന്നും പാര്‍വതി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക