Image

എനിക്ക് കവിത - (പി. ഹരികുമാര്‍)

പി. ഹരികുമാര്‍ Published on 07 March, 2018
എനിക്ക് കവിത - (പി. ഹരികുമാര്‍)
ചിതമല്ലെനിക്ക്
മനസ്സില്ലെനിക്ക്  
അടിമക്കളികളില്‍ 
പാടുവാനായ്.
അടിമകളാക്കി 
നടിക്കുവാനായ് .

കണ്ണിലേക്കേയുറ്റു 
നോക്കും ഞാനെപ്പൊഴും;
കണ്ണുകളൊക്കെയും 
അടയുംവരെ.
കണ്ണുകള്‍ രണ്ടുമിരുണ്ടു 
വരണ്ടാലും
കണ്ണുകളില്ലെന്ന്  
തോന്നുംവരെ.

കൈവെക്കുമാരുടേം   
തോളില്‍ ഞാന്‍ 
സ്‌നേഹത്തിന്‍;
തോളെല്ലു തകര്‍ന്നെങ്ങാന്‍ 
വീഴുംവരെ.
തോളോടു ചേര്‍ന്നേ ഞാന്‍
നില്‍ക്കുമൊരു  വേള 
തോഴരൊന്നൊഴിയാതെന്നെ 
വിട്ടെന്നാലും.

പൊട്ടിപ്പാളീസായെന്‍
പാട്ടയെന്നാകിലും 
പാടിപ്പറത്തും ഞാന്‍ 
പാട്ടിന്റെയീണങ്ങള്‍  
നാട്ടിന്നിരുളാണ്ട  
കോണുകളില്‍.

മണ്ണിന്റെ താളം 
മുഴക്കി നടക്കണം 
നാവെന്റെ 
തൊണ്ണിലുറഞ്ഞൊ
രിക്കലാരാലുമോരാതെ 
പോമെന്നാലും.  
 
വിരലുകള്‍ ചേര്‍ത്തു 
കെട്ടിപ്പെരുക്കണം
പൊട്ടിച്ചെറിയുവാന്‍;
ഒറ്റക്കൊരിക്കലുമൊക്കാത്ത 
കടുംകുറുക്കെട്ടുകള്‍. 

നെഞ്ചുതള്ളിത്തുള്ളി 
തൊള്ളയിട്ടെത്തണം ;
തോക്കുകളെവിടെയും 
തോറ്റു മണ്ടുംവരെ.

കല്ലുകളൊക്കെയുമുഴുത് 
നിരത്തണം. 
മുള്ളുകളൊക്കെയും   
ചെത്തിയെരിക്കണം.    
തൂമണല്‍പ്പാതകള്‍  
പരക്കെ വിരിക്കണം ;
രക്ഷകളില്ലാപ്പദയാത്രകളില്‍ 
പങ്കാളികളെപ്പട ചേര്‍ക്കാന്‍.  

കൊടികള്‍ 
പേറാപ്പോരാളികളുടെ , 
ക്ലേശം പാടിപ്പോക്കാനായ് 
ഈണപ്പാട്ടുകള്‍ 
മീട്ടാനാണീ
കവിതക്കമ്പക്കളിവീണ .

എനിക്ക് കവിത - (പി. ഹരികുമാര്‍)
Join WhatsApp News
വിദ്യാധരൻ 2018-03-07 20:13:30
കൊട്ടും കുരവയും ഇല്ലെങ്കിലും 
ചന്തമുള്ളോരു കവിതയത്രെ  
കണ്ണുകളിൽ ഉറ്റുനോക്കി 
കാര്യം പറയുക തന്നെ വേണം
സ്നേഹിക്ക് സ്നേഹിക്ക 
സർവ്വതിനേം 'സ്നേഹമാണ-
ഖിലസാരം ഊഴിയി'ങ്കൽ
"പാമ്പിനെപ്പോലെന്നാൽ  കൂർമ്മ 
ബുദ്ധി വേണം, പ്രാവിനെപ്പോൽ 
നിഷ്കളങ്കനും ആയിടേണം " 
ഇല്ലാത്ത കാര്യം പറഞ്ഞു  നിന്നെ
പൊക്കിടുന്നോരിൽ കണ്ണു വേണം
കുഴിയുടെ മുകളിൽ പൂക്കളിട്ട് 
വീഴ്ത്തുമവർ തീർച്ചതന്നെ    
പാട്ടകൾക്കിന്നു പഞ്ഞമില്ല 
ഓട്ടയുള്ള പാട്ട നല്ലതല്ല 
പൊട്ടിപാളീസായ പാട്ടയൊക്കെ 
ദൂരെ എറിഞ്ഞു കളഞ്ഞിടുമ്പോൾ 
വന്നിടും ഈണത്തിൽ കവിതയപ്പോൾ.
പ്രകൃതിയും മനുഷ്യരും വന്നിടുമ്പോൾ 
കവിതയിൽ ജീവൻ തുടിച്ചിടുന്നു 
ജീവന്റെ സ്പന്ദനം ഇല്ലയെങ്കിൽ 
കമ്പിതമാകില്ലൊരു കവിതകമ്പികളും 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക