Image

ലണ്ടനില്‍ പൊങ്കാലയിട്ടത് നൂറു കണക്കിനു ഭക്തര്‍; രുചിയുടെ മത്സര കലവറ അന്നദാനത്തെ ശ്രദ്ധേയമാക്കി

Published on 06 March, 2018
ലണ്ടനില്‍ പൊങ്കാലയിട്ടത് നൂറു കണക്കിനു ഭക്തര്‍; രുചിയുടെ മത്സര കലവറ അന്നദാനത്തെ ശ്രദ്ധേയമാക്കി

ന്യുഹാം: ലണ്ടനിലെ ശ്രീ മുരുകന്‍ ക്ഷേത്രത്തില്‍ പതിനൊന്നാമത് പൊങ്കാല ഭക്തിനിര്‍ഭരവും അനുഗ്രഹസാന്ദ്രവുമായി. കനത്ത മഞ്ഞു വീഴ്ചയും ഗതാഗത കുരുക്കും അതിശൈത്യവും വകവയ്ക്കാതെ നൂറു കണക്കിനു ദേവീ ഭക്തരാണ് ശ്രീ മുരുകന്‍ ക്ഷേത്രത്തില്‍ ഒഴുകിയെത്തിയത്. 

ഈസ്റ്റ്ഹാമിലെ ശ്രീ മുരുകന്‍ ടെന്പിളിന്റെ ആദിപരാശക്തിയായ ജയദുര്‍ഗയുടെ നടയിലെ വിളക്കില്‍ നിന്നും കേരളീയ തനിമയില്‍ വേഷഭൂഷാതികളോടെ എത്തിയ ദേവീ ഭക്തരുടെ താലത്തിലേക്ക് ദീപം പകര്‍ന്നു നല്‍കിയതോടെ പൊങ്കാല ആരംഭിച്ചു. താലപ്പൊലിയുടെയും പഞ്ചവാദ്യങ്ങളുടെയും അകന്പടിയോടെയാണ് പൊങ്കാല അര്‍പ്പിച്ചത്. രാജ്യത്തെ സുരക്ഷിത്വ നിയമങ്ങള്‍ മാനിച്ച് പൊങ്കാല നിവേദ്യങ്ങള്‍ ഒറ്റ പാത്രത്തിലാക്കി പാകം ചെയ്യലാണ് ലണ്ടന്‍ പൊങ്കാലക്ക് വ്യത്യസ്തത പകരുന്നത്. 

ലണ്ടനിലെ നാനാ ഭാഗത്തു നിന്നും എത്തിയ ദേവീഭക്തര്‍ക്കൊപ്പം കെന്റ്, എസക്‌സ്, സറേ, സ്റ്റീവനേജ്, ബര്‍മിംഗ്ഹാം, ഓക്‌സ്‌ഫോര്‍ഡ്, കവന്‍ട്രി, ലെസ്റ്റര്‍ തുടങ്ങിയ വിവിധ സ്ഥലങ്ങളില്‍ നിന്നുമായി നിരവധി വനിതകള്‍ പൊങ്കാലയിട്ടു.
ബ്രിട്ടീഷ് ഏഷ്യന്‍ വിമന്‍സ് നെറ്റ്വര്‍ക്ക് ആണ് പൊങ്കാലക്ക് നേതൃത്വം നല്‍കിയത്.

ഈസ്റ്റ്ഹാം എംപിയും മുന്‍ ക്യാബിനറ്റ് മന്ത്രിയുമായിരുന്ന സ്റ്റീഫന്‍ ടിംസ് പൊങ്കാലയില്‍ മുഖ്യാതിഥിയായി പങ്കു ചേര്‍ന്നു തന്റെ സാന്നിധ്യവും സഹകരണവും അറിയിച്ചു. ബ്രിട്ടീഷ് ഏഷ്യന്‍ വുമണ്‍സ് നെറ്റ് വര്‍ക്കിലെ മെന്പര്‍മാര്‍, ഈസ്റ്റ് ഹാം ഹൈ സ്ട്രീറ്റ്, ന്യൂഹാം ഗ്രീന്‍ സ്ട്രീറ്റ് എന്നിവിടങ്ങളിലെ ബിസിനസുകാര്‍, സ്വയം പ്രോപ്പര്‍ട്ടി, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യുഎഇ എക്‌സ്‌ചേഞ്ച്, ഉദയ, തട്ടുകട, അനന്തപുരം തുടങ്ങിയ റസ്റ്ററന്റുകള്‍ അടക്കം നിരവധിയായ അഭ്യുദയകാംക്ഷികളുടെ സഹായങ്ങളും പ്രോത്സാഹനങ്ങളും പൊങ്കാലയിലും വനിതാ സംഘടനയുടെ ആരോഗ്യസാമൂഹ്യ പ്രവര്‍ത്തനങ്ങളുടെ വിജയങ്ങള്‍ക്കു പിന്നിലുണ്ട്.

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണഞ്ചിറ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക