Image

മാര്‍ക്‌സിനു വിശന്നപ്പോള്‍ (കവിത: പി.ഹരികുമാര്‍)

Published on 28 February, 2018
മാര്‍ക്‌സിനു വിശന്നപ്പോള്‍ (കവിത: പി.ഹരികുമാര്‍)
മലയാളത്തിലുണ്ട്
മാര്‍ക്കറ്റ്
മാര്‍ക്‌സിന്റെ മുഖത്തിനെന്നും,
തീവ്രവലതരില്‍പ്പോലും,
ബാപ്പുവിനെക്കാളും.

ചീകാത്ത ചെടക്കാടും
കടന്നല്‍ക്കൂട് താടിയും
തീരെ തള്ളിപ്പറയില്ലാരും
മാവേലിത്തമ്പുരാന്‍ വാണ നാട്ടില്‍.

ആഗോള
മുഖം മിനുപ്പു കാലത്തിതാ,
തനി മാര്‍ക്‌സിനെപ്പോല്‍
ആദിവാസിച്ചെക്കനൊരുത്തന്‍
താടീംമുടീം വളര്ത്തി നീട്ടി
കാട് വിട്ട് നാട്ടിലെത്തി
ആരോടുമോരാതയ്യോ
റേഷനരി വാനിറയെ
വാരിത്തിന്നുന്നേ.

തങ്ങളെക്കാള്‍ മാര്‍ക്‌സിവന്‍
എന്നു കണ്ടയേമാമ്മാര്‍
ഒത്തൊരുമിച്ചൊലക്കമേല്‍
വരിഞ്ഞു കെട്ടിയവനെ നേരേ
ആശുപത്രി മോര്‍ച്ചറിയില്‍
കൊണ്ടെയെത്തിച്ചു.

'സര്‍വൈവല്‍ ഓഫ് ദി ഫിറ്റെസ്‌റ്റെ'ന്ന്
ഡാര്‍വിനപ്പോള്‍ മൊഴിഞ്ഞല്ലോ.
മാര്‍ക്‌സിസ നവീകരണത്തിന്‍
അപ്രമാദ ദുരന്തമെന്ന്
കവികളും താളുകളില്‍
കരഞ്ഞൊഴിച്ചു.

പോസ്റ്റ് മാര്‍ട്ടം കഴിഞ്ഞപ്പോള്‍
തനി കാറല്‍ മാര്‍ക്‌സിന്റെ
കലിയുഗപ്പിറവിയായിരുന്നാ
ആദിവാസിപ്പയ്യനെന്ന്
നാട്ടുകാര്ക്കും, വീട്ടുകാര്‍ക്കും?
പാടേ തെളിഞ്ഞു!

നാട്ടുകാരാം നമ്മളിപ്പം
ആരെയാപ്പോ നമ്പണ്ടേ!?
Join WhatsApp News
Amerikkan Mollaakka 2018-02-28 16:12:32
കുമാർ സാഹിബേ ഇങ്ങടെ ഈ കവിത അല്ലെങ്കിൽ ഗദ്യകവിത എനക് പുടിച്ച്. ആ ആദിവാസി കുണ്ടൻ മരിക്കാൻ കാരണം ഇങ്ങള് വിഭരിച്ചു. ബാക്കിയിയുള്ളവരൊക്കെ വെറുതെ കണ്ണീരൊഴുക്കി വാക്കുകൾ ബെള്ളത്തിൽ ബരച്ച ബര പോലെ വൃഥാവിലാക്കയായിരുന്നു.  ഈ കവിതയിലൂടെ ഇങ്ങള് ഇമ്മിണി ബല്ല്യ കബിയാണെന്നു തെളീച്ചു. നമ്മുടെ ബിദ്ധ്യധരൻ സാർ മൊല്ലാക്കയോട് യോജിക്കുമോ ആവോ?
വിദ്യാധരൻ 2018-02-28 19:45:57
ചുമ്മാതിരിന്നു 
ചൊറികുത്തിടുമ്പോൾ 
കുത്തുന്നു മൊല്ലാക്ക 
താടി തടവി എഴുത്തു
കോലിനാലെന്നെ 
സിദ്ധാന്തങ്ങളൊന്നും 
തൊട്ടു തീണ്ടാതെ 
കാട്ടിൽ കഴിഞ്ഞവൻ
സിദ്ധാന്ത വികസിതമാം 
നാട്ടിൽ വന്നപ്പോൾ 
മാർക്സിൻ അനുയായികൾ 
തല്ലികൊന്നു പാവം മധുവിനെ 
നിന്നെപ്പോലെ നിന്റെ 
അയൽക്കാരനെ 
സ്നേഹിക്കാൻ പറഞ്ഞ 
'ദൈവ പുത്രനെ' ? 
ക്രൂശിൽ തറച്ചു ഭക്തർ 
അടിമക്ക് സ്വാതന്ത്ര്യം നൽകിയ 
ലിങ്കണെ വെടിവച്ചു കൊന്നു 
സത്യാനേഷിയാം 
ഗാന്ധിയും മരിച്ചു  
വെടിയുണ്ടായാൽ
മാർക്സിൻ അനുയായികൾ 
നക്സലൈറ്റായി കഴുത്തറുത്തു,
കമ്മ്യൂണിസ്റ്റുകാരായി  
വെട്ടിയും കുത്തിയും 
കൊന്നു എതിരാളിയെ,
ഇന്നവർ കണ്ടാലറിയാതായി 
ആരാണ് ദൈവ പുത്രൻ? 
മാർക്സ് , ലിങ്കൺ, ഗാന്ധി
വിശപ്പടക്കാൻ ഓടുന്ന 
മധുവും മാനസിക രോഗികളും 
തല തിരിയുന്നു സർവ്വവും 
മലയാള കവിതപോലെ 
തല ഏത് വലേതെന്നറിയാതെ 
വലയുന്നു ജനങ്ങളും
എങ്കിലും ചില ലക്ഷണം വച്ച് 
രണ്ടക്ഷരം കുറിച്ചിടുന്നിവിടെ 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക