Image

കന്മദപ്പൂക്കള്‍ (നോവല്‍- അധ്യായം - 5: കാരൂര്‍ സോമന്‍)

Published on 28 February, 2018
കന്മദപ്പൂക്കള്‍ (നോവല്‍- അധ്യായം - 5: കാരൂര്‍ സോമന്‍)
കാറ്റിലാടുന്ന കരിയിലകള്‍

തീവ്രമോഹവുമായി നില്ക്കുമ്പോഴാണ് കാത്തമ്മയുടെ വിളി കാതില്‍ പതിഞ്ഞത്. അവളുടെ പുരികങ്ങള്‍ ഉയര്‍ന്നു. മുഖത്ത് വെളിച്ചമുയര്‍ന്നു. അവള്‍ ധരിച്ചിരുന്ന പഴയ വസ്ത്രങ്ങള്‍ പുതിയതായി തോന്നി. പ്രസരിപ്പുള്ളകണ്ണുകളുമായി അവള്‍ അകത്തേക്ക് ചെന്നു. യൗവനത്തിന്റെ മാദകലഹരിയില്‍ നില്ക്കുന്ന കന്യകയെ പീറ്റര്‍ നിമിഷങ്ങള്‍ നോക്കി. അയാളില്‍ മോഹവും മോഹഭംഗങ്ങളും കൗതുകവും ഏറിവന്നു. പ്രകൃതിരമണീയമായ കേരളംപോലെ അവളും ആ സൗന്ദര്യത്തിന്റെ പ്രതീകമായി തോന്നി. ആനന്ദം തുള്ളിയാടുന്ന മിഴികളോടെ അവള്‍ നോക്കി നില്‌ക്കേ പീറ്റര്‍ ചില ചോദ്യങ്ങള്‍ ചോദിച്ചു. അവളുടെ ഉത്തരങ്ങള്‍ അയാളുടെ ഹൃദയത്തില്‍ ഒരു മാറ്റമുണ്ടാക്കി. ഭാവിയെപ്പറ്റി കുടുംബത്തെപ്പറ്റി വളരെ വിചാരമുള്ള കുട്ടിയാണ്. അവളുടെ ഓരോ വാക്കും ഒരു സമര്‍പ്പണഭാവത്തോടെയായിരുന്നു. അപേക്ഷകള്‍ സ്വീകരിക്കാം. അല്ലെങ്കില്‍ തള്ളിക്കളയാം. ലണ്ടനില്‍ തുടര്‍പഠനത്തിന് അവസരം ലഭിച്ചാല്‍ അതൊരു സൗഭാഗ്യമായി അവള്‍ കാണുന്നുണ്ട്. പീറ്റര്‍ നിമിഷങ്ങള്‍ മൗനിയായി. എനിക്ക് ചെയ്യാന്‍ കഴിയുന്നത് ഞാന്‍ ചെയ്യുകയാണ് വേണ്ടത്. പണനഷ്ടമുണ്ടെങ്കിലും അവളെ കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ ചെയ്യണം. ഇനിയും ഒരു വര്‍ഷംകൂടി കഴിയാതെ അവളുടെ ഡിഗ്രി പൂര്‍ത്തിയാകില്ല. അവള്‍ക്ക് വിശ്വസിക്കാന്‍ കഴിയാത്തവിധം ഒരു വര്‍ഷത്തെ പഠനച്ചിലവും ലണ്ടനില്‍ ഉപരിപഠനവും അയാള്‍ വാഗ്ദാനം ചെയ്തു. അത് കേട്ടവള്‍ ആനന്ദത്തിലാറാടി. മനസ്സില്‍ നിറഞ്ഞുനിന്ന കാര്‍മേഘങ്ങള്‍ അകന്നു. എങ്ങും പ്രകാശം പരന്നു. പെട്ടെന്നയാള്‍ കാത്തമ്മയുടെ അനുവാദത്തോടെ പുറത്തിരിക്കുന്ന ബ്രീഫ്‌കേസിനെ ലക്ഷ്യം വച്ചു നടന്നു. ഇതിനിടയില്‍ അവള്‍ കാത്തമ്മയുടെ കാലില്‍ തൊട്ടുവന്ദിച്ച് നന്ദി പറഞ്ഞു. മനസ്സിനെ നിയന്ത്രിക്കാന്‍ കഴിയാത്തവിധം അവള്‍ മതിമറന്ന് സന്തോഷിച്ചു. അവളുടെ രൂപഭംഗിയും വാക്കുകളും പീറ്ററിനെ വല്ലാതെ ആകര്‍ഷിച്ചു. ലണ്ടനിലെ ഓഫീസില്‍ അവളുടെ സാന്നിധ്യം അവിടെ വരുന്നവര്‍ക്ക് ഒരു പ്രസരിപ്പ് നല്കാതിരിക്കില്ല. ഇപ്പോഴുള്ള പെണ്‍കുട്ടികള്‍ ഇവള്‍ക്കൊപ്പം ഒരിക്കലും വരില്ല. പുലരിപോലുള്ള അവളുടെ പുഞ്ചിരിയില്‍ ആരാണ് മയങ്ങാത്തത്?
പീറ്റര്‍ പെട്ടിയില്‍ നിന്ന് ഒരു പെര്‍ഫ്യൂം അവള്‍ക്ക് നീട്ടി. അവള്‍ മടിച്ച് മടിച്ച് കാത്തമ്മയെ നോക്കി. കാത്തമ്മ ""വാങ്ങിച്ചോളൂ മോളെ. മിനിക്കും മൂന്നാലെണ്ണം കൊടുത്തില്ലേ.'' പീറ്റര്‍ അവരുടെ ഫോട്ടോ കാമറയില്‍ പകര്‍ത്തി. അവളുടെ ഉള്ളിന്റെ ഉള്ളില്‍ എന്തൊക്കെയോ ഉയര്‍ന്നുപൊങ്ങി. ഒരു കൂടപ്പിറപ്പിനെപ്പോലെയുള്ള പീറ്ററിന്റെ പെരുമാറ്റത്തില്‍ അവള്‍ക്ക് അതിരറ്റ സ്‌നേഹം തോന്നി. പാവപ്പെട്ട മനുഷ്യരോട് സഹതാപവും കാരുണ്യവും കുറവുള്ള ഇക്കാലത്തെ പീറ്ററിനെപ്പോലുള്ളവരുടെ സാന്നിധ്യം നൊന്തുവിങ്ങുന്ന മനുഷ്യര്‍ക്ക് എത്രയോ ആശ്വാസമാണ്. ഭക്ഷണം കഴിച്ച് യാത്ര പറഞ്ഞ് ഇറങ്ങുന്നതിന് മുമ്പ് ഒരു വര്‍ഷത്തേക്ക് കോളജ് ഫീസിനും മറ്റുമായി അന്‍പതിനായിരത്തിന്റെ ഒരു ചെക്ക് കൊടുത്തിട്ട് പറഞ്ഞു. ഉടനടി ഒരു മൊബൈല്‍ വാങ്ങണം. ഇതാണ് എന്റെ കാര്‍ഡ്. ആവശ്യമുള്ളപ്പോള്‍ വിളിക്കണം. ഒന്നിനും ഭാരപ്പെടേണ്ട. കാത്തമ്മയെ എത്ര പരിചരിച്ചാലും മതിയാകില്ലെന്ന് തോന്നി. ഈ സൗഭാഗ്യത്തിനൊക്കെ കാരണക്കാരി കാത്തമ്മയാണ്. പണി കഴിഞ്ഞ് വീട്ടില്‍ നിന്നുമിറങ്ങി പാടത്തൂടെ നടക്കുമ്പോള്‍ പ്രകാശത്താല്‍ വെട്ടിത്തിളങ്ങുന്ന നെല്‍പ്പാടങ്ങള്‍പ്പോലെ മനസ്സും ഹൃദയവും വെട്ടിത്തിളങ്ങി. അവളുടെ ഉള്ളില്‍ പുതുവികാരങ്ങള്‍ തുള്ളിത്തുടിച്ചു. പാടത്തിന്റെ കരയിലുള്ള ആഴക്കിണറില്‍ നിന്ന് ഒരു കാളയെ കെട്ടി കിണറ്റില്‍ നിന്ന് വെള്ളം വലിച്ചെടുത്ത് നെല്‍പ്പാടത്തിലേക്ക് ഒഴുക്കുന്ന കാഴ്ച അവള്‍ നിമിഷങ്ങള്‍ നോക്കിനിന്ന് രസിച്ചു. കാളയുടെ പിറകെ നടക്കുന്നത് ഒരു കുട്ടിയാണ്. പാടത്തൂടെ ആടിപ്പാടി നടക്കുമ്പോള്‍ എന്തെന്നില്ലാത്ത ഒരാനന്ദനിര്‍വൃതി അവള്‍ അനുഭവിച്ചിരുന്നു. വീട്ടിലെത്തിയ ആന്‍സിക്ക് എന്തെന്നില്ലാത്ത സന്തോഷവും ഉന്മേഷവും കണ്ട് അനുജത്തിമാരില്‍ ആകാംക്ഷയുണ്ടായി. ഈ ചേച്ചിക്ക് എന്തു സംഭവിച്ചു? ആന്‍സി കയ്യില്‍ സൂക്ഷിച്ചുവച്ച പെര്‍ഫ്യൂമെടുത്ത് അവരുടെ തുണികളിലടിച്ചു. അപ്പോള്‍ അവിടെ എന്തെന്നില്ലാത്ത സുഗന്ധം പരുന്നു. പൂമണം വഹിച്ചുകൊണ്ട് മുറിയിലും വരാന്തയിലും പെര്‍ഫ്യൂം സഞ്ചരിച്ചു. അനുജത്തിമാര്‍ ഇത് ആരുതന്നു എന്നായി അടുത്ത ചോദ്യം. പെര്‍ഫ്യൂം അടിച്ച് വരുന്ന കുട്ടികളെ കണ്ടിട്ടുണ്ടെങ്കിലും അത് ഇന്നുവരെ കാണാന്‍ കഴിഞ്ഞിട്ടില്ല. അവര്‍ ആ ചെറിയ പ്ലാസ്റ്റിക് കുപ്പി തിരിച്ചും മറിച്ചും നോക്കി. അവള്‍ അതീവ സന്തോഷത്തോടെ പെര്‍ഫ്യൂമിന്റെ ഉറവിടത്തെപ്പറ്റി പറഞ്ഞു. ആ നല്ല മനുഷ്യനെപ്പറ്റി പറയാന്‍ അവള്‍ക്ക് ധാരാളമുണ്ടായി. വളരെ സവിശേഷപ്പെട്ട സ്വഭാവക്കാരനാണദ്ദേഹമെന്ന് കേട്ടപ്പോള്‍ അനുജത്തിമാര്‍ക്ക് അറിയാന്‍ ആഗ്രഹമേറി. അമ്പതിനായിരത്തിന്റെ ചെക്ക് കണ്ടപ്പോള്‍ അവര്‍ ആശ്ചര്യപ്പെട്ടു നോക്കി. അകത്തെ മുറിയില്‍ ശങ്കയോടും മിഴിച്ച മിഴിയോടും അന്‍സി പറയുന്നതെല്ലാം റീനാമ്മ കേള്‍ക്കുന്നുണ്ടായിരുന്നു. ആ പണക്കാരന്‍ ഇവളുടെ രക്ഷകനായി എന്തിനു വരണം? എന്തോ പറയാന്‍ ചുണ്ടുകള്‍ വെമ്പുന്നുണ്ട്. ഇവളെകണ്ടാല്‍ വികാരം തുടിക്കാത്ത പുരുഷനുണ്ടാകില്ല. ഉള്ളില്‍ സംശയങ്ങള്‍ വര്‍ധിച്ചു. ആ മുതലാളിയുടെ വീട്ടില്‍ എന്തോ ഇവള്‍ക്ക് സംഭവിച്ചിട്ടുണ്ട്. അയാളുടെ ഇഷ്ടത്തിന് വഴങ്ങാതെ ഇത്രയൊക്കെ ചെയ്യാന്‍ അയാള്‍ ആരാണ്? അനുജത്തിമാരുടെ മുമ്പില്‍ ഒരു ലജ്ജയുമില്ലാതെയല്ലേ അയാളെ വര്‍ണ്ണിക്കുന്നത്. അവള്‍ ഈ പറയുന്നതെല്ലാം പൊള്ളയാണെന്ന് ആര്‍ക്കാ അറിയാന്‍ പാടില്ലാത്തത്. എന്നിട്ട് മറ്റുള്ളവരുടെ മുന്നില്‍ ശീലാവതി ചമയുന്നു. അടുക്കളയിലെ അടുപ്പില്‍ എന്തോ കറി വേവുന്നുണ്ടായിരുന്നു. അതിന്റെ ഉപ്പ് കൈവെള്ളയില്‍ അല്പം പുരട്ടി നോക്കുമ്പോഴാണ് ആന്‍സി അവിടേക്ക് ചെന്നത്. റീനയുടെ കണ്ണുകള്‍ അവളില്‍ തറഞ്ഞുനിന്നു. ഒരു നെടുവീര്‍പ്പോടെ നോക്കി കുറ്റപ്പെടുത്തുന്ന ഭാവത്തില്‍ പറഞ്ഞു. ""കൊള്ളാം, ഇത്ര ചെറുപ്പത്തില്‍ത്തന്നെ തുടങ്ങിയോ?'' ആന്‍സിയുടെ മുഖം മങ്ങി. കുഞ്ഞമ്മ എന്തോ അര്‍ത്ഥം വച്ചാണല്ലോ സംസാരിക്കുന്നത്. അവളും ആ മുഖത്തേക്ക് തറപ്പിച്ച് നോക്കി ചോദിച്ചു. ""എന്ത് തുടങ്ങിയ കാര്യമാ കുഞ്ഞമ്മ പറയുന്നത്?''
""എടീ ഞാനും ഈ പ്രായമൊക്കെ കഴിഞ്ഞാ വന്നത് കെട്ടോ. നിന്റെ അനുജത്തിമാരെ മണ്ടിയാക്കാം. ഞാനത്ര മണ്ടിയല്ല.''
ആന്‍സി സംശയത്തോടെ നോക്കി. ഒരു സന്തോഷമുള്ള കാര്യം പറയാന്‍ വന്നപ്പോള്‍ കുഞ്ഞമ്മ എന്താണ് ഇങ്ങനെ ചിന്തിക്കുന്നത്. എന്നോട് ഇങ്ങനെ സംസാരിക്കാന്‍ ഇവര്‍ക്ക് എങ്ങനെ കഴിയുന്നു?'' മുന്നില്‍ നില്ക്കുന്നത് ഒരിക്കലും കാണാത്ത ഒരാളെപ്പോലെ തോന്നി. ഒന്നും വ്യക്തമായി പറയാതെ അവ്യക്തമായി കുശുമ്പും കുന്നായ്മയും പറയുന്നവരെപ്പോലെ സംസാരിക്കുന്നു. അവളതിന് വ്യക്തമായ മറുപടി കൊടുത്തു.
""കുഞ്ഞമ്മ മണ്ടിയല്ലെന്നറിയാം. പക്ഷെ ഈ പ്രായത്തിലെന്നല്ല ഒരു പ്രായത്തിലും ഞാനത്ര മണ്ടത്തരമൊന്നും കാട്ടില്ല. ആ കാര്യത്തില്‍ കുഞ്ഞമ്മ പേടിക്കണ്ട.'' പലതും ഉള്ളിലൊതുക്കാന്‍ ശ്രമിച്ചെങ്കിലും റീനക്കതിന് കഴിഞ്ഞില്ല. അല്പം അമര്‍ഷം കലര്‍ത്തിത്തന്നെ പറഞ്ഞു.
""ഒന്ന് ഞാന്‍ പറയാം. നിന്നെപ്പോലെ നിന്റെ അനുജത്തിക്കൊച്ചുങ്ങളെ ആക്കല്ലേ.'' ആ വാക്കുകള്‍ അവളുടെ ഹൃദയം പിളര്‍ത്തുന്നതായിരുന്നു. അവള്‍ ദേഷ്യപ്പെട്ടു പറഞ്ഞു.
""കുഞ്ഞമ്മേ അനാവശ്യം പറയരുത്.'' ശബ്ദം കേട്ട് അനുജത്തിമാര്‍ ഓടിയെത്തി. റീന കയ്യിലിരുന്ന തവി ഉയര്‍ത്തിപ്പിടിച്ചു ചോദിച്ചു.
""പറഞ്ഞാ നീ എന്തുചെയ്യുമെടീ അസത്തേ?'' ആന്‍സിയെ പിറകോട്ട് തള്ളിയിട്ട് റീന ചോദിച്ചു. അനുജത്തിമാര്‍ ഇടക്ക് കയറി തടസ്സം നിന്നു. വീണ്ടും റീന പരിഹാസത്തോടെ പറഞ്ഞു.
""അവള്‍ക്ക് എന്തും ആകാം, പറഞ്ഞൂടാ പോലും.''
""നിങ്ങടെ നാവില്‍നിന്ന് നല്ലതൊന്നും വരത്തില്ലെന്ന് അറിയാം.''
നീന ആന്‍സിയെ പിടിച്ച് അകത്തേക്ക് കൊണ്ടുപോയി. കലി കയറിയ റീന ഉച്ചത്തില്‍ അറിയിച്ചു.
""ങാ, അമ്മ ആകുമ്പം അറിയിക്കണേ, കള്ളി.'' അത് കേട്ടയുടെനെ അവളുടെ ശരീരമാകെ തളരുന്നതുപോലെ തോന്നി. ഉള്ളം നീറി പുകഞ്ഞു. വേദനയുടെ നീരൊഴുക്കില്‍ കണ്ണുകള്‍ നിറഞ്ഞു. കട്ടിലില്‍ നിറ കണ്ണുകളോടെയിരിക്കുന്ന ആന്‍സിയെ നോക്കി ആശ്വസിപ്പിക്കുംവിധം പറഞ്ഞു.
""ചേച്ചീ, കുഞ്ഞമ്മയോട് സംസാരിച്ചിട്ട് ഒരു കാര്യവുമില്ല. ആ സ്വഭാവം നമുക്കറിയില്ലേ?''
ആ പറഞ്ഞതിലൊന്നും റീനക്ക് കുറ്റബോധമോ സങ്കോചമോ തോന്നിയില്ല. അതിനുള്ള കാരണവും റീന കണ്ടെത്തി. ഒന്നും കാണാതെ ഒരു പുരുഷന്‍ ഇത്രയൊക്കെ സഹായിക്കാന്‍ മുന്നോട്ടു വരുമോ? അയാളാരാണ്? ഹരിശ്ചന്ദ്രനോ? അടുക്കളയില്‍ നിന്ന് ഉച്ചത്തില്‍ പറഞ്ഞു.
""നീ ഒരു പെണ്ണാ. ആ കാര്യം മറക്കേണ്ട. സൂക്ഷിച്ചു ജീവിച്ചാല്‍ നിനക്കൊക്കെ കൊള്ളാം. അത് പറഞ്ഞപ്പോള്‍ അവള്‍ക്ക് പിടിക്കുന്നില്ല.'' ഇത് കേട്ടുകൊണ്ട് ഏലിയാസ് മുറ്റത്ത് നില്പുണ്ടായിരുന്നു. പാറമടയില്‍ നിന്നുള്ള ജോലി കഴിഞ്ഞ് വന്നതാണ്. അയാള്‍ താടിരോമങ്ങള്‍ തടവി ചിന്തിച്ചു. ഒന്നുകില്‍ ഭര്‍ത്താവുമായി വഴക്ക് അതല്ലെങ്കില്‍ മക്കളുമായിട്ട്. മക്കള്‍ക്ക് മാതൃകയായി ജീവിക്കേണ്ടവള്‍ സ്ത്രീകള്‍ക്ക് തന്നെ ഒരപമാനമായി തോന്നാറുണ്ട്. എന്തിനും എപ്പോഴും എത്രനാള്‍ ഇങ്ങനെ മൂകനായി കാണാന്‍ കഴിയും? നിത്യവും വീട്ടില്‍ വരുമ്പോള്‍ പെണ്‍മക്കളുടെ പുന്നാര വര്‍ത്തമാനങ്ങളാണ് കേള്‍ക്കാറുള്ളത്. കയ്യിലിരുന്ന പലഹാരപ്പൊതി നിമ്മിയെ ഏല്പിച്ചിട്ട് മുറിയിലേക്ക് ചെന്നു. കട്ടിലില്‍ വിങ്ങി വിങ്ങി കരയുന്ന മകളെ നോക്കി ചോദിച്ചു. ""എന്താ മോളെ. എന്തിനാ നീ കരയുന്നത്?'' അടുത്തിരുന്ന നീന പരിഭവത്തോടെ അവിടെ നടന്ന കാര്യങ്ങള്‍ വിവരിച്ചു. ആന്‍സിയുടെ കണ്‍കോണുകളില്‍ നിറഞ്ഞുനിന്ന കണ്ണുനീര്‍ തുടച്ചിട്ട് പറഞ്ഞു. ""അപ്പാ വെറുതെ കുഞ്ഞമ്മ ഓരോന്നു പറയുകയാ.''
""ഞാന്‍ ചോദിക്കാം. അവളാരാ എന്റെ മക്കടെ മെക്കിട്ട് കേറാന്‍.'' ആന്‍സി തടഞ്ഞിട്ടു പറഞ്ഞു.
""കുഞ്ഞമ്മ എന്തും പറഞ്ഞോട്ടെ, ആര്‍ക്കാ ചേതം.''
""മോളെ മാതൃത്വം എന്തെന്ന് അറിയാത്തവളാ. നീ കാര്യമാക്കേണ്ട. നമ്മളെ ആരെങ്കിലും സഹായിക്കുന്നെങ്കില്‍ അത് വലിയ കാര്യമാ. നീ നന്നായി വരും. ദൈവം നമ്മളെ എന്നും ഇങ്ങനെ ഇടില്ല.''
""എനിക്ക് തീര്‍ച്ചയുണ്ടപ്പാ. ആ മനുഷ്യന്‍ എന്നെ സഹായിക്കുമെന്ന്. അതിന് എനിക്കുള്ള നന്ദി കാത്തമ്മയോടാ. ആ അമ്മയാ എനിക്കുവേണ്ടി സഹായം ചോദിച്ചത്.''
""നിന്റെ അമ്മക്ക് പകരം മറ്റൊരമ്മ. ഇവിടുത്തെ മൂതേവിയെ കണ്ട് പഠിക്കല്ലേ മക്കളെ. ഞാനൊന്ന് കുളിക്കട്ടെ.'' ഏലിയാസ് പുറത്തേക്കിറങ്ങി നടന്നു. വാത്സല്യത്തോടെ മകളെ ആശ്വസിപ്പിച്ച് പോയ അപ്പനെ മക്കള്‍ നോക്കി നിന്നു. ആന്‍സി അനുജത്തിമാരെ ഉപദേശിച്ചു. പെണ്‍കുട്ടികള്‍ ധാരാളം പ്രതിസന്ധികള്‍ നേരിട്ടാണ് വളരുന്നത്. എല്ലാറ്റിനെയും നേരിടുവാനുള്ള ധൈര്യം വേണം. ദൈവത്തിന്റെ സഹായം വേണം. നമ്മുടെ അമ്മ നമുക്കൊപ്പമില്ല. അപ്പോള്‍ അമ്മമാര്‍ നമ്മള്‍തന്നെയാണ്. ഉടനടി നിമ്മി പറഞ്ഞു. ""ഞങ്ങള്‍ക്ക് ചേച്ചിയാ എന്നും അമ്മ. സത്യമല്ലേ? നിറകണ്ണുകളോടെ ആന്‍സി അവരെ നോക്കി. നിമ്മിടെ മാറോടമര്‍ത്തി നെറ്റിയില്‍ ചുംബിച്ചു. അവരുടെ മുഖത്ത് പ്രസന്നത കളിയാടി. വീണ്ടും സ്കൂള്‍ തുറന്നു. പുറത്ത് മഴ തകര്‍ത്തു പെയ്തു. കണ്ണാടിക്കു മുന്നില്‍ നിമ്മീടെ മുടി ചീകിക്കൊണ്ടുനിന്ന ആന്‍സി പറഞ്ഞു, ""മോളെ ഉച്ചക്ക് ചോറ് കഴിക്കാതിരിക്കല്ലെ. എന്തിനാ പട്ടിണിയിരിക്കുന്നേ?''
""ചേച്ചീ ഇന്നലെ കഴിക്കാതിരുന്നത് വിശപ്പ് ഇല്ലാഞ്ഞിട്ടാ.''
""അതല്ല കാര്യം. നിന്റെ കൂട്ടുകാരി നിനക്ക് ഐസ്ക്രീം വാങ്ങിത്തന്നു. മോളെ പുറത്തൂന്ന് ഒന്നും വാങ്ങിക്കഴിക്കല്ലേ. എന്തെല്ലാം അഴുക്കും കീടങ്ങളും പുഴുക്കളുമാ ഉള്ളത്.''
""ശരിയാ ചേച്ചി. അതൊക്കെ റ്റീവീലും കണ്ടിരുന്നു. വലിയ ഫൈവ് സ്റ്റാര്‍ ഹോട്ടലീന്നുവരെയാ മലിനമായ ഭക്ഷണങ്ങള്‍ കണ്ടെത്തുന്നത്. വരുന്ന പച്ചക്കറികളും കീടനാശിനികളടിച്ചതാ.''
""ഈ നാട്ടുകാര്‍ അതുതന്നെ തിന്നണം. കൈയനങ്ങി ജോലി ചെയ്യാത്തവരല്ലേ.'' ആന്‍സി കുറ്റപ്പെടുത്തി.
സ്കൂളിലേക്ക് പോയ അനുജത്തിമാരെ അവള്‍ നിമിഷങ്ങള്‍ നോക്കി നിന്നു. അവരുടെ മുന്നില്‍ മനസ് എപ്പോഴും ദുര്‍ബലമാണ്. അമ്മയില്ലാത്ത കുട്ടികളാണ്. അവരുടെ ഉത്തരവാദിത്വത്തില്‍ നിന്ന് എങ്ങനെ ഒഴിഞ്ഞുമാറാന്‍ പറ്റും. വേഗത്തിലവള്‍ കോളജിലേക്ക് യാത്ര തിരിച്ചു. കോളജില്‍ യൂണിയന്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നു. അതിന് കാരണം പുതിയതായി കോളജിലെത്തിയ രണ്ടുകുട്ടികളെ മുതിര്‍ന്ന കുട്ടികള്‍ റാഗിംഗിന് ഇരയാക്കി. അവരുടെ തുണികള്‍ അഴിച്ചുമാറ്റി നഗ്നരായി നടത്തിച്ചു എന്നുള്ളതാണ്. അതിനെ ചോദ്യം ചെയ്ത കോളേജിലെ മറ്റൊരു യൂണിയന്‍ പ്രവര്‍ത്തകരുമായി വാക്കുതര്‍ക്കം മൂത്ത് കത്തിക്കുത്തിലാണ് അവസാനിച്ചത്. ആശുപത്രിയില്‍ നാലുപേര്‍ ചികിത്സയിലും ഒരാള്‍ അത്യാസന്ന നിലയിലുമാണെന്നാണ് കേട്ടത്. അതിന്റെ പേരില്‍ ഒരു കൂട്ടര്‍ നിരാഹാര സമരത്തിലും മറ്റുമാണ്. ബസ്സില്‍ കയറി കോളേജ് റോഡില്‍ ചെന്നെങ്കിലും കോളേജ് റോഡില്‍ ധാരാളം പോലീസും കുട്ടികളും നിരന്നിട്ടുണ്ട്. കോളേജില്‍ പഠിക്കാന്‍ വന്നവരെ അകത്തേക്ക് കടത്തി വിടുന്ന ജോലിയാണ് പോലീസ് ചെയ്യുന്നത്. ആ കൂട്ടത്തില്‍ ആന്‍സിയുമുണ്ടായിരുന്നു. ക്ലാസ്സ് മുറിയില്‍ ചെന്നപ്പോള്‍ നിരാശയാണ് തോന്നിയത്. കോളേജ് മുറ്റത്ത് കുട്ടികളും പോലീസുമായി വാദപ്രതിവാദങ്ങള്‍ നടക്കുന്നു. അധികാരത്തോടെ പോലീസ് അറിയിച്ചു. പഠിക്കാന്‍ വരുന്ന കുട്ടികള്‍ക്ക് തടസ്സമുണ്ടാക്കിയാല്‍ കോടതിമുറി കയറേണ്ടിവരുമെന്ന് കുട്ടികള്‍ക്ക് മുന്നറിയിപ്പ് നല്കി. കുട്ടികള്‍ പരസ്പരം മന്ത്രിച്ചും നിയന്ത്രിച്ചും മുറ്റത്തുതന്നെ നിന്നു. ക്ലാസ് മുറിയിലിരുന്ന ആന്‍സിയും കൂട്ടുകാരും റാഗിംഗ് എന്ന പ്രാകൃത സ്വഭാവത്തെ അധിക്ഷേപിച്ച് സംസാരിച്ചു. അവള്‍ തുറന്നുപറഞ്ഞു. പണത്തിന്റെ കൊഴുപ്പില്‍ ഇതൊക്കെ കാട്ടിക്കൂട്ടുന്നവര്‍ പാമരന്മാരാണ്. അറിവില്ലാത്ത കഴുതകള്‍. ഇവരൊന്നും പഠിക്കുന്ന കുട്ടികള്‍ക്ക് സ്വസ്ഥത തരുന്നവരല്ല. ഈ മന്ദബുദ്ധികളെ ബുദ്ധിയുള്ളവരാക്കുകയോ തകര്‍ത്ത് തരിപ്പണമാക്കുകയോയാണ് ചെയ്യേണ്ടത്. അവരില്‍ ഒരാള്‍ പറഞ്ഞു. നമ്മള്‍ വെറുതെ ഇവിടിരുന്ന് സമയം കളയുകയാണ്. ഒരു അധ്യാപകനെപ്പോലും കണ്ടില്ലല്ലോ. അപ്പോള്‍ മറ്റൊരാള്‍ പറഞ്ഞു. അവര്‍ ഇങ്ങനെയുള്ള അവസരത്തിനായി കാത്ത് കഴിയുന്നവരാണ്. ഏറെ നേരം ഇരുന്നതിന്‌ശേഷം അവര്‍ വീട്ടിലേക്ക് ബസുകള്‍ കയറിപ്പോയി. ബസ് സ്റ്റോപ്പില്‍ നില്ക്കുമ്പോള്‍ പീറ്ററിന് ഒരു മിസ് കോള്‍ വിട്ടു. അദ്ദേഹം പറഞ്ഞിരിക്കുന്നത് സമയമുള്ളപ്പോള്‍ ഒരു മിസ്‌കോള്‍ വിട്ടാല്‍ സമയമുണ്ടെങ്കില്‍ തിരിച്ചുവിളിക്കാമെന്നാണ്. ഇവിടെനിന്ന് പോയതിന്‌ശേഷം രണ്ട് പ്രാവശ്യമേ സംസാരിച്ചിട്ടുള്ളൂ. അതും പഠനവിഷയങ്ങള്‍ മാത്രം. അദ്ദേഹത്തിന്റെ സഹായത്താല്‍ പഠിക്കുമ്പോള്‍ പഠനത്തെപ്പറ്റിയുള്ള കാര്യങ്ങള്‍ ധരിപ്പിക്കേണ്ടത് തന്റെ ബാദ്ധ്യതയാണ്. അദ്ദേഹത്തിന്റെ സഹായത്താലാണ് വീട്ടില്‍ ഒരു ടി.വി. വാങ്ങാനും ലൈറ്റ് ഇടാനുമൊക്കെ കഴിഞ്ഞത്. മൊബൈല്‍ ശബ്ദിച്ചു. സ്‌നേഹം തുളുമ്പുന്ന മിഴികളോടെ അവള്‍ മൊബൈലിലേക്ക് നോക്കി. അതെ പീറ്റര്‍ തന്നെ. അവള്‍ അതീവ സ്‌നേഹത്തോടും ബഹുമാനത്തോടും സംസാരിച്ചുതുടങ്ങി. കോളേജില്‍ സമരമായതിനാല്‍ ക്ലാസ്സുകള്‍ നടക്കുന്നില്ലെന്നും അതിന് കാരണം ഒരു റാഗിംങും കത്തിക്കുത്തുമെന്നുമൊക്കെ അറിയിച്ചു. വളരെ പ്രതിഷേധഭാവത്തിലാണ് സംസാരിച്ചത്. ഇന്ത്യയില്‍ ഇങ്ങനെ ധാരാളം ക്രൂരതകളും പീഡനങ്ങളും നടക്കുന്നത് കാണുമ്പോള്‍ വിദേശരാജ്യങ്ങളില്‍ കഴിയുന്ന ഇന്ത്യക്കാര്‍ക്ക് ലജ്ജയാണ് തോന്നുന്നത്. ഇവിടുത്തെ കുട്ടികള്‍ക്ക് ഇതൊന്നും സങ്കല്പിക്കാന്‍പോലും കഴിയുന്നതല്ല. ഇതൊക്ക പഠിക്കുന്ന സ്ഥാപനത്തിനുപോലും കളങ്കം ചാര്‍ത്തുന്ന പ്രവര്‍ത്തികളാണ്. ഇത്തരത്തിലുള്ള കുട്ടികളെ കര്‍ശനമായി ശിക്ഷിക്കുകയാണ് വേണ്ടത്. പീറ്ററിന്റെ സ്‌നേഹനിര്‍ഭരമായ വാക്കുകള്‍ അവളുടെ മനസ്സില്‍ നിറഞ്ഞുനിന്നു. പരസ്പരം സ്‌നേഹാന്വേഷണങ്ങള്‍ കൈമാറിയിട്ടവള്‍ സംസാരം നിര്‍ത്തി. ദൂരേക്ക് ദൃഷ്ടികളൂന്നി ബസ് കാത്തുനിന്നു. ഒരു ബസ് വന്നെങ്കിലും അതില്‍ നിറയെ മൃഗങ്ങളെപ്പോലെ ആളുകളെ കുത്തി നിറച്ചിരിക്കുന്നു. മനുഷ്യരെ മാലിന്യകൂമ്പാലങ്ങളിലേക്ക് കൊണ്ടുപോകുന്നതുപോലുണ്ട്. ബസിലിരിക്കുന്ന പുരുഷന്മാരില്‍ ചിലര്‍ അവളെ തുറിച്ചുനോക്കി. ആ നോട്ടത്തെ അവള്‍ വെറുപ്പോടെ കണ്ടു. അവരുടെ കണ്ണുകളിലെ ദാഹം അങ്ങിനെയെങ്കിലും അവസാനിക്കട്ടെ. അടുത്ത ബസ് വന്നപ്പോള്‍ അവള്‍ അതില്‍ കയറിയിരുന്നു. അടുത്തിരുന്ന മുത്തശ്ശി അവളെനോക്കി പുഞ്ചിരിച്ചു. അവളും പുഞ്ചിരി തൂകി. ബസ്സീന്നിറങ്ങി ഒരു ചായപ്പീടികയുടെ മുന്നിലൂടെ വീട്ടിലേക്ക് നടന്നു. ഇന്നല്പം നേരത്തേതന്നെ കാത്തമ്മയുടെ അടുത്തെത്തണം. ചായപ്പീടികയുടെ മുന്നില്‍ തൂങ്ങിക്കിടക്കുന്ന പഴുത്ത വാഴക്കുലകള്‍ കാണാന്‍ നല്ല അഴക്. അവള്‍ കടയില്‍ ചെന്ന് ഒരു കിലോ പഴം വാങ്ങിയിട്ടാണ് വീട്ടിലേക്ക് നടന്നത്. അനുജത്തിമാര്‍ക്ക് പഴം ഏറ്റവും ഇഷ്ടപ്പെട്ട ആഹാരമാണ്.
വീടിന്റെ വരാന്തയിലെത്തിയ ആന്‍സി വീടിന്റെ കതകും ജനാലയുമൊക്കെ അടച്ചിട്ടിരിക്കുന്നത് ശ്രദ്ധിച്ചു. രാവിലെ ഇവിടെനിന്നിറങ്ങുമ്പോള്‍ കുഞ്ഞമ്മ വീട്ടിലുണ്ടായിരുന്നു. സ്വന്തം വീട്ടിലേക്കെന്ന് പറഞ്ഞ് പോയിക്കാണും. ആര്‍ക്കാണ് ചോദിക്കാന്‍ ധൈര്യം. അവളുടെ ബാഗില്‍ നിന്ന് ചാവിയെടുക്കാന്‍ ശ്രമിക്കുമ്പോള്‍ ആ കാതുകളില്‍ അകത്തുനിന്നുള്ള നേരിയ ശബ്ദം കേട്ടു. അപ്പന്‍ രാവിലെ പോയാല്‍ വൈകിട്ടാണല്ലോ വരുന്നത്. അവള്‍ ശബ്ദമുണ്ടാക്കാതെ കാതുകള്‍ കതകിനോട് ചേര്‍ത്തുപിടിച്ച് ശ്രദ്ധിച്ചു. കണ്ണുകളില്‍ അത്ഭുതമൂറി. അവള്‍ വെറുപ്പോടും അറപ്പോടും കതകിലേക്ക് നോക്കി നിന്നു. ഉള്‍ക്കിടിലത്തോടെ വീടിന്റെ പുറകിലേക്ക് ശബ്ദമുണ്ടാക്കാതെ നടന്നു. കുഞ്ഞമ്മയുടെ തനിസ്വഭാവം അവള്‍ മനസ്സിലാക്കി. അപ്പന്‍ വിയര്‍പ്പൊഴുക്കി അധ്വാനിക്കാന്‍ പാറമടയിലേക്കും മക്കള്‍ പഠിക്കാനും പോയിക്കഴിഞ്ഞാല്‍ കുഞ്ഞമ്മ ആരെയാണ് വീട്ടിലേക്ക് വിളിച്ചുവരുത്തുന്നത്. കയ്യില്‍ മൊബൈലുള്ളപ്പോള്‍ പ്രിയപ്പെട്ടവരെ വിളിച്ചുവരുത്താന്‍ പ്രയാസമെന്താണ്. അവളുടെ തലച്ചോര്‍ പുകഞ്ഞുതുടങ്ങി. മനസ്സാകെ തിളച്ചുമറിയുന്നു. അപ്പനെ വെറുക്കുന്ന അപമാനിക്കുന്ന ധിക്കരിക്കുന്ന ഭാര്യ. യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ പരപുരുഷന്മാരുമായി ബന്ധം തുടരുന്നു. വിശ്വസിക്കാനാവാതെ അവള്‍ തലയാട്ടി. ഉള്ളില്‍ വിദ്വേഷവും വെറുപ്പും തോന്നി. തന്റെ പാവപ്പെട്ട അപ്പന് എന്താണ് ഇങ്ങനെ സംഭവിച്ചത്. ഞങ്ങളെയെല്ലാം ദുഃഖത്തിലാഴ്ത്താന്‍ ഈ സ്ത്രീ എന്തിനാണ് ഇങ്ങോട്ടു വന്നത്? മുന്‍പുണ്ടായിരുന്ന ഭര്‍ത്താവ് ഇവരുമായുള്ള ബന്ധം വേര്‍പെടുത്താന്‍ കാരണം ഈ പരപുരുഷബന്ധമാണോ? അവള്‍ വീണ്ടും മുറ്റത്തേക്ക് മുരടനക്കി വന്നു. അവളുടെ കവിളുകള്‍ തുടുത്തും കണ്ണുകള്‍ ക്രൂരവുമായി. ഇതങ്ങനെ കാണാതിരിക്കാന്‍ പറ്റില്ല. ആരാണ് അകത്തുള്ളത്? അപ്പന്‍ തന്നെയാണോ? അവള്‍ കതകില്‍ മുട്ടി.

(തുടരും)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക