Image

പ്രവാസി സാഹിത്യ പുരസ്‌കാരം ജര്‍മന്‍ മലയാളിക്ക്

Published on 23 February, 2018
പ്രവാസി സാഹിത്യ പുരസ്‌കാരം ജര്‍മന്‍ മലയാളിക്ക്

ബര്‍ലിന്‍: പ്രവാസി മലയാളി വെല്‍ഫെയര്‍ അസാസിയേഷന്‍ ഇന്ത്യയുടെ പ്രവാസി സാഹിത്യ പുരസ്‌കാരത്തിന് ജര്‍മന്‍ മലയാളിയായ ജയിംസ് പാത്തിക്കന്‍ അര്‍ഹനായി.

ചങ്ങനാശേരി സ്വദേശിയുമായ ജയിംസ് രചിച്ച ഭാരതീയര്‍ പ്രവാസികള്‍ എന്ന പുസ്തകത്തിനാണ് അവാര്‍ഡ് ലഭിച്ചത്. ഭാരതീയരായ പ്രവാസികളിലെ മാതൃകാ ജീവിതം നയിച്ച പ്രമുഖരുടെ പ്രയത്‌ന ജീവിതം, വരും തലമുറയ്ക്ക് വെളിച്ചം പകരുമെന്ന അഭിപ്രായമാണ് പുസ്തകത്തിനെ അവാര്‍ഡിനായി തെരഞ്ഞെടുത്തത്. അക്ഷീണ പരിശ്രമംകൊണ്ട് ജീവിതത്തില്‍ ഉന്നതികള്‍ കീഴടക്കാമെന്ന് ഇത്തരക്കാരുടെ ജീവിതത്തെ ഉദ്ധരിച്ചുകൊണ്ട് ഗ്രന്ഥകര്‍ത്താവായ ജയിംസ് പാത്തിക്കന്‍ പുസ്തകത്തിലൂടെ മറ്റുള്ളവര്‍ക്ക് പ്രചോദനമേവുകയാണ് ചെയ്യുന്നതെന്നു അവാര്‍ഡ് കമ്മിറ്റി അഭിപായപ്പെട്ടു. പ്രവാസി ഭാരതീയരുടെ ഉന്നമനത്തിനായി കോട്ടയം കേന്ദ്രീകരിച്ചു ധാരാളം സോദ്ദേശ പദ്ധതികള്‍ നടപ്പിലാക്കുന്ന കേരളമൊട്ടാകെ നിറഞ്ഞുനില്‍ക്കുന്ന ഒരു സംഘടനയാണ് പ്രവാസി മലയാളി വെല്‍ഫെയര്‍ അസാസിയേഷന്‍ ഇന്ത്യ. ഐസക് പ്‌ളാപ്പള്ളിയാണ് സംഘടനയുടെ നേതൃത്വം വഹിക്കുന്നത്. സ്‌നേഹപ്രവാസി എന്ന മാസികയാണ് സംഘടനയുടെ മുഖപത്രം 

കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളില്‍ ജയിംസിന്റെ സൃഷ്ടികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജര്‍മനിയിലേയ്ക്കു കുടിയേറിയതിനുശേഷവും ജര്‍മനിയില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന എന്റെ ലോകം, രശ്മി, വാര്‍ത്ത, നമ്മുടെ ലോകം തുടങ്ങിയ മാസികകളിലൂടെ ജയിംസിന്റെ സൃഷ്ടികള്‍ പുറത്തു വന്നിരുന്നു. 

2015 ഒക്ടോബര്‍ മൂന്നിന് കൊളോണ്‍ സംഗീത ആര്‍ട്‌സ് ക്ലബ് കൊളോണില്‍ സംഘടിപ്പിച്ച സംഗീത സായാഹ്നത്തില്‍ ഭാരതീയര്‍ പ്രവാസികള്‍ എന്ന പുസ്തകം ജര്‍മന്‍ മലയാളികള്‍ക്കായി പരിചയപ്പെടുത്തിയെന്നു മാത്രമല്ല അവാര്‍ഡും നല്‍കിയിരുന്നു. വേള്‍ഡ് മലയാളി കൗണ്‍സില്‍ ജര്‍മനി, ക്രേഫെല്‍ഡ് കേരള സമാജം, ഫ്രണ്ട്‌സ് ഓഫ് ചങ്ങനാശേരി തുടങ്ങിയ സംഘടനകളില്‍ വിവിധ ഭാരവാഹിത്വം വഹിച്ചതിലൂടെ കഴിഞ്ഞ 36 വര്‍ഷമായി ജര്‍മനിയില്‍ സുപരിചിതനായ ജയിംസിനെ ജര്‍മന്‍, യൂറോപ്യന്‍ മലയാളി സമൂഹം അനുമോദിച്ചിട്ടുണ്ട്. 

കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ കൂടിയ അസോസിയേഷന്റെ സംസ്ഥാന സമ്മേളനവും അവാര്‍ഡുദാനചടങ്ങും മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഐസക് പ്‌ളാപ്പള്ളി അധ്യക്ഷത വഹിച്ചു. സ്‌കറിയാ തോമസ് എക്‌സ് എംപി ജയിംസിനെ പൊന്നാടയണിയിച്ചു. കോട്ടയം നഗരസഭാധ്യക്ഷ ഡോ. പി.ആര്‍ സോന, സ്റ്റീഫന്‍ ജോര്‍ജ് , കേരള ലോക സഭാംഗവും വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖത്തര്‍ ഭാരവാഹിയുമായ ജോസ് കോലത്ത്, ലോക കേരള സഭാംഗം (ന്യൂസിലന്റ്/ഓസ്‌ട്രേലിയ) ഡോ. ജോര്‍ജ് എബ്രഹാം, ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് എന്‍. ഹരി, വേള്‍ഡ് മലയാളി കൗണ്‍സില്‍ ചെയര്‍മാന്‍ ഐസക് പട്ടാണിപ്പറന്പില്‍, ജോണി കുരുവിള തുടങ്ങിയവര്‍ ചടങ്ങില്‍ പ്രസംഗിച്ചു. 

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക