Image

ജോലിസ്ഥലത്തെ മര്‍ദ്ദനം: വീട്ടുജോലിക്കാരിയെ നവയുഗം രക്ഷപ്പെടുത്തി

Published on 19 February, 2018
ജോലിസ്ഥലത്തെ മര്‍ദ്ദനം: വീട്ടുജോലിക്കാരിയെ നവയുഗം രക്ഷപ്പെടുത്തി
അല്‍ഹസ്സ: ജോലി ചെയ്ത വീട്ടില്‍ ക്രൂരമായ ശാരീരിക മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്ന തമിഴ്‌നാട്ടുകാരിയായ വീട്ടുജോലിക്കാരി, നവയുഗം സാംസ്‌ക്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

തമിഴ്‌നാട് തൃച്ചി സ്വദേശിയായ യാസ്മിന്‍ (24 വയസ്സ്) എന്ന വീട്ടുജോലിക്കാരിയ്ക്കാണ് പ്രവാസജീവിതം കയ്‌പ്പേറിയ അനുഭവമായത്. അഞ്ചു മാസങ്ങള്‍ക്ക് മുന്‍പാണ് യാസ്മിന്‍ അല്‍ഹസ്സയിലെ ഒരു സൗദി ഭവനത്തില്‍ വീട്ടുജോലിക്കാരിയായി എത്തിയത്. എന്നാല്‍ വളരെ മോശമായിട്ടാണ് ആ വീട്ടുകാര്‍ അവരോടു പെരുമാറിയത്. ചെയ്യുന്ന ജോലിയെപ്പറ്റി എപ്പോഴും പരാതിയും, ചെറിയ കാര്യങ്ങള്‍ക്ക് പോലും ശകാരവും പതിവായി. മറുപടി പറയാന്‍ ശ്രമിച്ചാല്‍ ശാരീരിക മര്‍ദ്ദനവും ഏല്‍ക്കേണ്ടി വന്നു.

ഈ വിവരങ്ങള്‍ അറിഞ്ഞു യാസ്മിന്റെ നാട്ടിലെ ബന്ധുക്കള്‍ വിദേശകാര്യവകുപ്പ് വഴി സൗദിയിലെ ഇന്ത്യന്‍ എംബസ്സിയ്ക്ക് പരാതി നല്‍കി. ഇന്ത്യന്‍ എംബസ്സി ഈ കേസ് നവയുഗം അല്‍ഹസ്സ മേഖല രക്ഷാധികാരിയും, എംബസ്സി വോളന്റീറുമായ ഹുസ്സൈന്‍ കുന്നിക്കോടിനെ ഏല്‍പ്പിയ്ക്കുകയായിരുന്നു.

ഹുസ്സൈനും, സാമൂഹ്യപ്രവര്‍ത്തകനായ മണി മാര്‍ത്താണ്ഡവും യാസ്മിന്റെ ജോലിസ്ഥലം സന്ദര്‍ശിച്ചു, നേരിട്ട് വിവരങ്ങള്‍ ചോദിച്ചു മനസ്സിലാക്കി. അടിവയറ്റില്‍ ചവിട്ട് കിട്ടിയതിനാല്‍ നീരുവന്ന് വേദന കൊണ്ട് കഷ്ടപ്പെടുന്ന അവസ്ഥയിലായിരുന്നു യാസ്മിന്‍ അപ്പോള്‍. തുടര്‍ന്ന് ഹുസ്സൈനും മണിയും ആ വീട്ടുകാരോട് സംസാരിച്ച്, യാസ്മിനെ ആശുപത്രിയില്‍ അഡ്മിറ്റാക്കി.

തുടര്‍ന്ന് രണ്ടുപേരും കൂടി സ്പോണ്‍സറെ ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തി. യാസ്മിനെ നാട്ടിലേയ്ക്ക് മടക്കി അയയ്ക്കണമെങ്കില്‍ 24000 റിയാല്‍ നഷ്ടപരിഹാരമായി നല്‍കണമെന്ന് സ്‌പോണ്‍സര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഒരു റിയാല്‍ പോലും നഷ്ടപരിഹാരം നല്‍കില്ലെന്നും, യാസ്മിനെ സുരക്ഷിതമായി തിരികെ അയച്ചില്ലെങ്കില്‍, അവര്‍ക്കു നേരെ നടത്തിയ ശാരീരികമര്‍ദ്ദനങ്ങളുടെ പേരില്‍ പോലീസ് കേസ് അടക്കമുള്ള നിയമനടപടികള്‍ എടുക്കുമെന്നുമുള്ള ശക്തമായ നിലപാടാണ് നവയുഗം ജീവകാരുണ്യപ്രവര്‍ത്തകര്‍ സ്വീകരിച്ചത്. ഏറെ നീണ്ട ചര്‍ച്ചകള്‍ക്കും, തുടര്‍ചര്‍ച്ചകള്‍ക്കും ഒടുവില്‍ യാതൊരു നഷ്ടപരിഹാരവും വാങ്ങാതെ തന്നെ, യാസ്മിന് ഫൈനല്‍ എക്‌സിറ്റും, വിമാനടിക്കറ്റും നല്‍കാമെന്ന് സ്‌പോണ്‍സര്‍ സമ്മതിച്ചു.

തുടര്‍ന്ന് നിയമനടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി, നവയുഗത്തിന് നന്ദി പറഞ്ഞ് യാസ്മിന്‍ നാട്ടിലേയ്ക്ക് മടങ്ങി.

ഫോട്ടോ: യാസ്മിന് മണി യാത്രാരേഖകള്‍ കൈമാറുന്നു. ഹുസ്സൈന്‍ കുന്നിക്കോട് സമീപം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക