Image

കന്മദപ്പൂക്കള്‍ (നോവല്‍- അധ്യായം - 4 : കാരൂര്‍ സോമന്‍)

Published on 19 February, 2018
കന്മദപ്പൂക്കള്‍ (നോവല്‍- അധ്യായം - 4 : കാരൂര്‍ സോമന്‍)

കടവിലടുക്കാത്ത തോണി

ഞായറാഴ്ച പള്ളിയില്‍ നിന്ന് വളരെ മനോഹരമായ ഒരു ഗാനം വയല്‍പ്പാടങ്ങളിലൂടെ മുകളിലൂടെ പാടി പറക്കുന്ന വയല്‍ക്കിളികള്‍ക്കൊപ്പം പാടി പറന്നു. സ്തുതിഗീതം പാടുന്ന പെണ്‍കുട്ടിയെ പള്ളിക്കുള്ളിലിരുന്നവര്‍ പ്രത്യേകം ശ്രദ്ധിച്ചു. സ്വന്തം സൗന്ദര്യത്തില്‍, ആര്‍ഭാടത്തില്‍ ആഭരണത്തില്‍ അഭിമാനം കൊണ്ടുനിന്ന സ്ത്രീകള്‍പോലും അവളുടെ മധുരനാദത്തില്‍ ലയിച്ചിരുന്നു. ആന്‍സിയുടെ വസ്ത്രം മറ്റുള്ളവരെപോലെ മനോഹരമായിരുന്നില്ല. കാതിലും കഴുത്തിലും സ്വര്‍ണ്ണത്തിന്റെ ഒരു തരിപോലുമില്ലായിരുന്നു. എന്നിട്ടും അവളുടെ സൗന്ദര്യത്തില്‍ എല്ലാവരും ആകൃഷ്ടരായിരുന്നു. ആരാധന കഴിഞ്ഞ് അനുജത്തിമാര്‍ക്കൊപ്പം അകലെയുള്ള മലഞ്ചെരുവിലൂടെ അവര്‍ മലവെള്ളച്ചാട്ടം കാണാന്‍ നടന്നു. അകലെയുള്ള മലമടക്കുകളില്‍നിന്നും കാറ്റ് ചീറിപ്പാഞ്ഞു വന്നു. മരക്കൊമ്പുകളില്‍ കാറ്റ് അട്ടഹസിച്ചു. മലമുകളില്‍ നിന്ന് ഒഴുകിയെത്തുന്ന മലവെള്ളം താഴ് വാരങ്ങളില്‍ വീഴുന്ന ശബ്ദവും അത് പാറകള്‍ നിറഞ്ഞ തടാകത്തിലൂടെ ഒഴുകുന്നതും കാണാം. വര്‍ഷകാലമാകുമ്പോള്‍ ആനും അനുജത്തിമാരും അവിടെ പോകുക പതിവാണ്. അത് സാധാരണ സംഭവിക്കുക പള്ളി ആരാധന കഴിഞ്ഞ് മടങ്ങി വരുമ്പോഴാണ്. ആകാശത്ത് മേഘഗര്‍ജ്ജനം ഇടക്ക് കേട്ടു. ഉടനെയൊന്നും മഴ പെയ്യില്ലെന്ന് അവര്‍ വിശ്വസിച്ചു. എങ്ങും സൂര്യപ്രകാശം തിളങ്ങി നിന്നു. അവര്‍ തടാകത്തിലൂടെ ഒഴുകിപ്പോകുന്ന ഒരു മരത്തെ നോക്കി. കരിവണ്ടിന്‍ കൂട്ടങ്ങള്‍ അവര്‍ക്ക് മുന്നിലൂടെ പറന്നു. അല്പസമയത്തിനുള്ളില്‍ ആകാശം ഇരുണ്ടുമൂടുകയും മിന്നല്‍പ്പിണര്‍ മണ്ണില്‍ പതിക്കുകയും ചെയ്തു. അവിടെ ഒറ്റയായും കൂട്ടമായും നിന്നവര്‍ തിരികെ നടന്നു. വെള്ളച്ചാട്ടത്തില്‍ ലയിച്ചു നിന്ന നിമ്മിയുടെ കൈക്ക് പിടിച്ച് ആനും നീനയും വീട്ടിലേക്ക് വേഗത്തില്‍ നടന്നു.
മഴ വരുമെന്ന് ഉറപ്പായപ്പോള്‍ അവര്‍ വീട്ടിലേക്ക് ഓടി. ആകാശത്ത് ഇടിമുഴക്കമുണ്ടായി. കാറ്റ് എങ്ങും വീശിയടിച്ചു. നെല്‍പ്പാടങ്ങള്‍ ഇരുണ്ടുകിടന്നു. അവര്‍ വീട്ടിലെത്തിയ ഉടനെ മഴ പെയ്തു. അവരുടെ ശ്വാസോച്ഛ്വാസം വര്‍ധിച്ചിരുന്നു. വീട്ടിലെ കാഴ്ചകള്‍ അവരെ ഉത്കണ്ഠാകുലരാക്കി. അപ്പനും കുഞ്ഞമ്മയും പരസ്പരം കുറ്റപ്പെടുത്തി വഴക്കുണ്ടാക്കുന്നു. ഭാര്യയെ ഓര്‍ത്ത് വീര്‍പ്പുമുട്ടുന്ന അപ്പനെ ആന്‍സി ഒരുനിമിഷം ദുഃഖത്തോടെ നോക്കി. അപ്പനെ സ്വാന്ത്വനപ്പെടുത്താന്‍ അവള്‍ ശ്രമിച്ചു. കുഞ്ഞമ്മയുടെ ശബ്ദം ഉയര്‍ന്നു. ""എന്നെ ഇവിടെ കെട്ടിയിടാമെന്ന് അപ്പനും മക്കളും നോക്കേണ്ട.എന്റെ വീട്ടില്‍ എനിക്ക് ഇഷ്ടമുള്ളപ്പോള്‍ ഞാന്‍ പോകും.''
""അതിവിടെ പറ്റില്ല. കുറേ സഹിച്ചു. ഇനിയും വയ്യ.''
""വയ്യെങ്കില്‍ നഷ്ടപരിഹാരം തന്ന് എന്റെ എന്റെ വഴിക്ക് വിട്ടേക്ക്. അത് കേട്ട് ഏലിയാസ് ഒന്നമ്പരന്നു. നഷ്ടപരിഹാരം നല്കാനോ? ഞാനതിന് ഇവിടെ വീട്ടില്‍നിന്ന് ഒരു ചില്ലിക്കശ് വാങ്ങിയിട്ടില്ലല്ലോ. ഏലിയാസ് കണ്ണുകള്‍ തറപ്പിച്ച് നോക്കി ചോദിച്ചു.
""നീ എന്നെ വിരട്ടി കാണിക്കുകയാ. നെനക്ക് നഷ്ടപരിഹാരമല്ല തരേണ്ടത്. നല്ല ചവിട്ടാ മൂതേവി.'' റീന കലിയോടെ നോക്കി.
""എന്നാല് ഒന്ന് ചവിട്ടി നോക്ക്. എന്നെ പീഡിപ്പിക്കുന്നെന്ന് പോലീസ്സിപ്പോയി ഒരു വാക്ക് പറഞ്ഞാലേ നിങ്ങള് അകത്താ. അത് മറക്കണ്ടാ.''ഏലിയാസ് കലിയടക്കി പറഞ്ഞു.
""എല്ലാം എന്റെ പിള്ളാരെ ഓര്‍ത്ത് ഞാന്‍ സഹിക്കയാ.''
""അപ്പനങ്ങ് സഹിക്ക്'' ആന്‍സി അപേക്ഷിച്ചു.
""ങാ അങ്ങനെ പറഞ്ഞുകൊടുക്ക്, ഇല്ലെങ്കിലേ ജയിലും ശിക്ഷേം മാത്രമല്ല വാങ്ങിയ സ്വര്‍ണ്ണത്തിനും പണത്തിനുംകൂടി സമാധാനം പറയേണ്ടി വരും മനസ്സിലായോ?'' റീന കലിതുള്ളി അകത്തേക്ക് കയറിപ്പോയതും ഏലിയാസ് നടുക്കത്തോടെ നോക്കിയതും ഒപ്പമായിരുന്നു. ഏലിയാസിന്റെ അടുക്കലേക്ക് മക്കളെത്തി അപ്പനെ സ്‌നേഹത്തോടെ നോക്കി. മക്കളുടെ ഭാവിക്ക് വേണ്ടിയാണ് അപ്പന്‍ രണ്ടാമതൊരു വിവാഹം കഴിച്ചത്. അപ്പന്റെ ഹൃദയനൊമ്പരം മനസ്സിലാക്കിയ ആന്‍ പറഞ്ഞു. ""ഇപ്പോള്‍ തോന്നുന്നു ഇതിന്റെ ആവശ്യം ഇല്ലായിരുന്നുവെന്ന് ഇല്ലേ അപ്പാ? കുഞ്ഞമ്മ എന്താ ഇങ്ങനെ?''
""അതെ മോളെ. ഞാന്‍ ചെയ്ത വലിയൊരു തെറ്റ്. ഇറക്കി വിട്ടാല്‍ അവള്‍ കേസിന് പോകും. പറഞ്ഞത് കേട്ടില്ലേ. ഞാന്‍ സ്ത്രീധനവും സ്വര്‍ണ്ണവുമൊക്കെ വാങ്ങിയെന്ന്. മഹാ കള്ളിയാ.''
""അതെ കോടതിയെന്നല്ല ആരായാലും കുഞ്ഞമ്മ പറയുന്നതേ വിശ്വസിക്കൂ. അതാ ഞാന്‍ പറേന്നത് അപ്പനങ്ങ് ക്ഷമിക്ക്. അപ്പന്‍ പറയുന്നത് കേള്‍ക്കത്തില്ലേല്‍ ഒന്നും പറയണ്ട.''
നീറിപ്പുകയുന്ന മനസ്സോടെ മക്കളെ നോക്കി. മകള്‍ പറയുന്നതാണ് ശരി. ഇല്ലെങ്കില്‍ ഭാവിയില്‍ ദുഃഖിക്കേണ്ടി വരും. കുറെ സഹിക്കാനും ക്ഷമിക്കാനും കഴിഞ്ഞാല്‍ എല്ലാറ്റിനും ഒരു പരിഹാരമാകും. മക്കള്‍ അകത്തേക്ക് പോയി. ആന്‍സി ചിന്താകുലയായി. നിലവിലിരിക്കുന്ന നിയമവ്യവസ്ഥ പുരുഷന് അനുകൂലമല്ല. സ്ത്രീകളുടെ വാക്കുകള്‍ക്കാണ് പ്രാധാന്യം. എന്നിട്ടും എന്താണ് ഇന്ത്യയിലെ സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നത്. അവശതയനുഭവിക്കുന്ന നിയമത്തിന്റെ അവശിഷ്ടങ്ങളല്ലേ ഇവിടുത്തെ സ്ത്രീകള്‍. ഇവിടുത്തെ സ്ത്രീകള്‍ക്ക് എന്ത് സുരക്ഷിതത്വമാണുള്ളത്. അവശസമുദായങ്ങള്‍പോലെ സ്ത്രീകളും അവശതയനുഭവിക്കുന്നു. പുരുഷന്റേതുപോലെ തുല്യമാന്യത ലഭിക്കാതെ ഒരു സ്ത്രീയും ഇവിടെ സുരക്ഷിതരല്ല. ഇവിടെ കുടുംബജീവിതത്തിന്റെ നിലനില്പിന് വേണ്ടി അപ്പന്‍ പലതും സഹിക്കുന്നു. അപ്പന്റെ നിസ്സഹായവസ്ഥയില്‍ അവള്‍ക്കും ദുഃഖം തോന്നി. അപ്പനാണ് കുടുംബനാഥനെങ്കിലും കുഞ്ഞമ്മയാണ് ആജ്ഞകള്‍ നടപ്പാക്കുന്നത്. വേദനകള്‍ കടിച്ചിറക്കിയാണ് അപ്പന്‍ കഴിയുന്നത്. കുഞ്ഞമ്മ എന്തിനാണ് തങ്ങളെ ഇത്ര വെറുക്കുന്നതെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. രണ്ടുപേരും സന്തോഷത്തോടെ ജീവിക്കുന്നതുകാണാന്‍ അവളുടെ മനസ്സ് കൊതിച്ചു.
ഓരോ ദിവസം കഴിയുന്തോറും ലണ്ടനില്‍ നിന്ന് വരാനിരിക്കുന്ന കാത്തമ്മേടെ സഹോദരിപുത്രന്‍ പീറ്ററിനെ കാണാന്‍ താല്പര്യമേറി. എന്താണ് ഇദ്ദേഹം പീറ്റര്‍ എന്ന പേര് സ്വീകരിച്ചത്? ചിലപ്പോള്‍ അവിടെ ചെന്ന് മതം മാറിയതായിരിക്കും. എന്തായാലും തനിക്കെന്താണ്. ഏത് മതവിശ്വാസിയാണെങ്കിലും നല്ല മനുഷ്യരായി കണ്ടാല്‍ പോരായോ? കാത്തമ്മ എന്നെ ആശ്വസിപ്പിക്കാന്‍ പറഞ്ഞതാണോ അതോ കാര്യമായിട്ടോ? ലണ്ടനിലേക്ക് പറക്കുക, അവിടെ പഠിക്കുക അതൊക്കെ സമ്പന്നന്മാര്‍ക്കുള്ളതല്ലേ? എന്നെപ്പോലെ ഏതെങ്കിലും പാവങ്ങള്‍ക്ക് വിധിച്ചിട്ടുളളതാണോ? ലണ്ടന്‍നഗരം അവളുടെയുള്ളില്‍ തെളിഞ്ഞുകൊണ്ടേയിരുന്നു. മനസ്സിന്റെ ആഗ്രഹങ്ങള്‍പോലെതന്നെ ആശങ്കകളും ഉള്ളിലുണ്ട്. ആമ്പല്‍പ്പൂവ് സൂര്യനെ പ്രണയിച്ചിട്ട് കാര്യമുണ്ടോ? ആകാശത്ത് ജ്വലിച്ചുകൊണ്ടിരിക്കുന്ന സൂര്യന്‍ പ്രകൃതിയെ മുഴുവന്‍ പ്രണയിക്കുകയല്ലേ? താനും ലണ്ടന്‍ നഗരത്തെ പ്രണയിക്കുന്നതില്‍ എന്താണ് തെറ്റ്? കോളേജില്‍ ഫീസ് കൊടുക്കാന്‍പോലും ഇവിടുന്ന് കിട്ടുന്ന ശമ്പളം തികയുന്നില്ല. ആ അപാകത പരിഹരിക്കുന്നത് മകളെയോ ഭര്‍ത്താവിനെയോ പോലുമറിയിക്കാതെ കാത്തമ്മയാണ്. തന്റെ ജീവിതം നന്നായി കാണണമെന്ന് ആ അമ്മ ആഗ്രഹിക്കുന്നുണ്ട്. സ്വന്തം മകളെപ്പോലെയാണ് സ്‌നേഹിക്കുന്നത്. സ്വന്തം മകള്‍ കോളേജില്‍ കാമുകനുമൊത്ത് അനുരാഗസമുദ്രത്തില്‍ നീന്തിത്തുടിച്ചു നടക്കുന്നതൊന്നും കാത്തമ്മക്കറിയില്ല. മേലിലും അവളുടെ കാര്യത്തില്‍ ഇടപെടരുതെന്ന് അവള്‍ താക്കീത് ചെയ്ത സ്ഥിതിക്ക് ആ കാര്യം കാത്തമ്മയോട് പറയാനും മടിയാണ്. മറ്റുള്ളവരുടെ ലൗകിക സുഖങ്ങളില്‍ എന്തിന് ഇടപെടണം. അവരുടെ പ്രണയലീലകള്‍ സുഖനിദ്രകളായി മാറണമെന്ന ആഗ്രഹമേയുള്ളൂ. അല്ലാതെ അവള്‍ വിചാരിക്കുന്നതുപോലെ അസൂയയൊന്നുമില്ല. ഒരുപെണ്ണിന് മണ്ണില്‍ ഒരു തുണവേണം. ഒരു കൂട്ട് വേണം. ആ കൂട്ടില്‍ കുഞ്ഞ് വേണം. ആകാശത്ത്‌പോയി കൂടുകൂട്ടാനാകില്ലല്ലോ.
പെട്ടെന്നായിരുന്നു തുണി തേച്ചുകൊണ്ടിരുന്ന ആന്‍സിയുടെ മുഖത്തേക്ക് മിനി ഒരു തുണി വലിച്ചെറിഞ്ഞിട്ട് പറഞ്ഞു""ഇങ്ങനെയാണോടീ തുണി തേക്കുന്നത്? നിനക്ക് ഇവിടുത്തെ പണി മടുത്തെങ്കില്‍ ഞാന്‍ അമ്മയോടു പറയാം.''
""സോറി മിനി. അമ്മയോടു പറയേണ്ട. ഞാനുടനെ നന്നായി തേച്ചു തരാം.'' ആന്‍സി കുറ്റബോധത്തോടെ പറഞ്ഞു. മിനി വേഗത്തില്‍ മുറി വിട്ടുപോയി. അവളുടെ ക്രൂരമായ നോട്ടവും വാക്കുകളും ഉള്ളില്‍ ദുഃഖമുളവാക്കിയെങ്കിലും അതത്രകാര്യമാക്കിയില്ല. ഒരിക്കല്‍ അനുകമ്പയുമായി ഇടപെട്ടവള്‍ ഇപ്പോള്‍ അന്തകയായിട്ടാണ് മുന്നില്‍ അവതരിക്കുന്നത്. തുണി കഴുകി നന്നായി തേച്ചുകൊടുത്താലും, മുറി നന്നായി തൂത്ത് തുടച്ച് കൊടുത്താലും അവള്‍ എന്തെങ്കിലും കുറ്റം കണ്ടെത്തും. പലപ്പോഴും അവളെ നോക്കാന്‍പോലും ഭയം തോന്നാറുണ്ട്. എത്ര കുറ്റപ്പെടുത്തിയാലും സ്വയം നിയന്ത്രിക്കുകയാണ് പതിവ്. ഒപ്പം പഠിച്ചിരുന്ന കൂട്ടുകാരിയായതുകൊണ്ടല്ല മറിച്ച് അവള്‍ തന്റെ യജമാനത്തി കൂടിയാണ്. ഈ ലോകത്തെ സുഖം മാത്രമേ അവള്‍ കണ്ടിട്ടുള്ളൂ. ഞാനാകട്ടെ ദുഃഖം മാത്രം. ആ ദൃഷ്ടിയില്‍ അവള്‍ പറയുന്നതാണ് ശരി. അവള്‍ തരുന്ന വേദനെക്കപ്പുറം അവളുടെയമ് എനിക്ക് സ്‌നേഹം തരുന്നുണ്ട്. കളങ്കം നിറഞ്ഞ മനസ്സില്‍ നിന്ന് എങ്ങനെയാണ് സ്‌നേഹമുണ്ടാകുക. അല്ലെങ്കില്‍ അറിവുണ്ടാകുക. വളരെ പ്രയാസമാണ്. അനുരാഗം നിറഞ്ഞിരിക്കുന്ന മനസ്സില്‍ അഹങ്കാരവും വളരുന്നു. അല്ലാതെ എന്തു പറയാന്‍. അവള്‍ തുണികള്‍ തേച്ചുവച്ചതിന് ശേഷം മുറികള്‍ തൂക്കാനായി ചൂലുമായി മുന്നിലേക്ക് ചെന്നു. ഇറയത്ത് ദാമോദരന്‍ മുതലാളി ആരുമായോ ഫോണില്‍ സംസാരിക്കയായിരുന്നു. മുറ്റത്തേക്ക് ഒരാള്‍ മിന്നല്‍വേഗത്തില്‍ ഓടി വരുന്നത് കണ്ട് ആന്‍സി മുറിക്കുള്ളില്‍ത്തന്നെ നിന്നു. എന്തിനാണ് അയാള്‍ ഇത്രവേഗത്തില്‍ ഓടിവരുന്നത്? എന്തെങ്കിലും അത്യാഹിതം സംഭവിച്ചോ? അയാളുടെ നെറ്റിയില്‍നിന്ന് ഇടതടവില്ലാതെ വിയര്‍പ്പ് പൊടിഞ്ഞുകൊണ്ടിരുന്നു. എന്തെന്നില്ലാത്ത ഭയവും പരിഭ്രമവും അയാളെ പിടികൂടിയിരുന്നു. മുതലാളി ഫോണ്‍ പെട്ടെന്ന് നിറുത്തി മുന്നില്‍ കിതച്ചുകൊണ്ട് നില്ക്കുന്നവനെ തുറിച്ചുനോക്കി. അവരുടെ സംഭാഷണങ്ങള്‍ അവള്‍ ശ്രദ്ധിച്ചു. ഓടി വന്നയാള്‍ മുതലാളിയുടെ വക ലോറിഡ്രൈവറാണ്. ആന്ധ്രയില്‍ നിന്ന് കൊണ്ടുവന്ന സ്പിരിറ്റ് ഏതോ ചെക്ക്‌പോസ്റ്റില്‍ പോലീസ് പിടിച്ചു. പോലീസ് ജീപ്പ് വരുന്നത് കണ്ട് ലോറി റോഡരുകില്‍ ബ്രേക്ക് ചെയ്തിട്ട് ക്ലീനര്‍ക്കൊപ്പം ഇറങ്ങി ഓടി. മുതലാളിയുടെ മുഖത്ത് ഒരു മരവിപ്പ് അനുഭവപ്പെട്ടു. നടുങ്ങി നിന്ന ലോറിഡ്രൈവറെ സമാധാനിപ്പിച്ചിട്ട് പറഞ്ഞു ""നീ പേടിക്കാതിരിക്ക്. ഞാന്‍ മന്ത്രിയെ ഒന്ന് വിളിക്കട്ട്. എന്റെ വണ്ടി തടഞ്ഞവനെ ഞാന്‍ വെറുതെ വിടില്ല.'' ദാമോദരന്‍ മുതലാളി മൊബൈലില്‍ മന്ത്രിയുമായി സംസാരിക്കുന്നത്‌കേട്ട് ആന്‍സ് സ്തബ്ധയായി നിമിഷങ്ങള്‍ നിന്നു. ഈ സ്പിരിറ്റെല്ലാം ഈ നാട്ടിലേക്ക് വരുന്നത് ഭരണത്തിലുള്ളവരുടെ ഒത്താശയോടെയാണെന്ന് അവള്‍ക്ക് ഇപ്പോഴാണ് മനസ്സിലായത്. എന്ത് അനീതിക്കും കൂട്ടുനില്ക്കുന്ന ഭരണകൂടമോ? മുതലാളി വളരെ മൂര്‍ച്ചയോടെയാണ് സംസാരിക്കുന്നത്. ലോറി ഡ്രൈവര്‍ കൂര്‍ത്ത കണ്ണുകളുമായി മുതലാളിയെത്തന്നെ നോക്കി നില്ക്കുന്നു. സ്വന്തം സമുദായത്തില്‍ നിന്നുള്ള ആളാണ് എക്‌സൈസ് മന്ത്രി. അതിനാല്‍ ഡ്രൈവര്‍ക്കും സന്തോഷം തോന്നി. തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ മുതലാളി ലക്ഷങ്ങള്‍ മുടക്കിയപ്പോള്‍ ആപത്തില്‍ സഹായിക്കാന്‍ മന്ത്രിയും ബാധ്യസ്ഥനാണ്. ഡ്രൈവറുടെ ഭയം മാറി. ഒളിച്ചോടേണ്ട ആവശ്യം ഇല്ലായിരുന്നു. മൊബൈല്‍ വഴി എത്രയോ പ്രാവശ്യം ബന്ധപ്പെടാന്‍ നോക്കിയതാണ്. എപ്പോഴും തിരക്ക് തന്നെ. നേരില്‍ വന്ന് കണ്ടപ്പോഴും മുതലാളി ആരുമായോ സംസാരിക്കുകയായിരുന്നു. ഉന്നതരുടെ സ്‌നേഹവും സഹകരണവും സഹൃദത്വവുമൊക്കെ ആന്‍സി ഓര്‍ത്തു നില്ക്കുമ്പോഴാണ് കാത്തമ്മ അകത്തുനിന്ന് വരുന്നത് കണ്ടത്. പെട്ടെന്നവള്‍ കുനിഞ്ഞ് നിന്ന് മുറി തൂത്തുതുടങ്ങി. മുതലാളിക്കൊപ്പം ഡ്രൈവറും പുറത്തേക്ക് പോകുന്നതും നോക്കി കാത്തമ്മ നിന്നു. വീടിനടുത്തുനിന്ന മരങ്ങളില്‍ കിളികള്‍ കലപില കൂട്ടുന്ന ശബ്ദം ഉയര്‍ന്നു. പടിഞ്ഞാറെ പാടത്ത് വയല്‍ വരമ്പുകളില്‍ തെങ്ങുകള്‍ കാവല്‍ക്കാരെപ്പോലെ നിലകൊണ്ടു. മലനിരകളില്‍ നിന്ന് വരുന്ന കാറ്റ് മരക്കൊമ്പുകളില്‍ ആഹ്‌ളാദമറിയിച്ചുകൊണ്ടിരുന്നു.
കോളേജ് അവധി പ്രഖ്യാപിച്ചു. വിദ്യാര്‍ത്ഥികള്‍ വിജയപ്രതീക്ഷയുമായി ദിനങ്ങള്‍ കാത്ത് കഴിഞ്ഞു. ആന്‍സി കിടക്കയില്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു. മനസ് ആശങ്കാകുലമായിരുന്നു. അത് പരീക്ഷയില്‍ ജയിക്കുമോ തോല്ക്കുമോ എന്നതിലല്ലായിരുന്നു. കാത്തമ്മയുടെ വീട്ടില്‍ ഒരതിഥി എത്തുന്നുണ്ട്. ബിസിനസുകാരനായ പീറ്റര്‍. ധാരാളംപേരെ സഹായിക്കുന്ന ഒരു മഹാത്മാവ് എന്നൊക്കെയാണ് കാത്തമ്മയില്‍നിന്ന് മനസ്സിലാക്കിയത്. ആ സ്വര്‍ഗ്ഗീയ ലോകത്തേക്ക് തന്റെ ആത്മാവ് പറക്കുകയാണ്. നാളെ കാണുമ്പോള്‍ അറിയാന്‍ കഴിയും തനിക്ക് സ്വര്‍ഗ്ഗത്തിലേക്കുള്ള പ്രവേശനമാണോ അതോ നരകത്തിലേക്കുള്ളതെന്ന്. പ്രതീക്ഷകളോടെ അവള്‍ കിടന്നുറങ്ങി.
പ്രഭാതസൂര്യനെകണ്ട മഞ്ഞിന്‍കണങ്ങള്‍ പിന്‍വാങ്ങിത്തുടങ്ങി. പച്ചിലായാര്‍ന്നു കിടക്കുന്ന നെല്‍പ്പാട വരമ്പിലൂടെ അവള്‍ കാത്തമ്മയുടെ വീട്ടിലേക്ക് വേഗത്തില്‍ നടന്നു. നെല്‍പ്പാടങ്ങളുടെ മുകളിലൂടെ വയല്‍ക്കിളികള്‍ ധാരാളമായി പറക്കുന്നു. കുളിരിളം കുളില്‍ തെന്നലുകള്‍ അനുഭവപ്പെട്ടു. അടുക്കളയില്‍ നല്ലൊരു വിരുന്നാണ് പീറ്ററിന് വേണ്ടി ഒരുക്കുന്നത്. ആന്‍സിയുടെ മനസ്സില്‍ മോഹങ്ങള്‍ തുടിച്ചുനിന്നു. വീട്ടുമുറ്റത്ത് കാര്‍ വന്നുനില്ക്കുന്ന ശബ്ദം കേട്ടു. കാറില്‍ നിന്ന് കറുത്ത കൂളിംഗ് ധരിച്ചുകൊണ്ട് സുമുഖനായ ചെറുപ്പക്കാരന്‍ ചെറിയൊരു പുഞ്ചിരിയുമായി അകത്തേക്ക് വന്ന് കാത്തമ്മയെ കെട്ടിപ്പിടിച്ച് നെറ്റിയില്‍ ചുംബിച്ചു. മുതലാളിയും മിനിയും പീറ്ററെ സ്വീകരിച്ചിരുത്തി. ക്ഷേമാന്വേഷണങ്ങള്‍ പങ്കുവച്ചു. ബ്രീഫ്‌കേസില്‍ നിന്ന് മിനിക്കുള്ള ലണ്ടന്‍ പെര്‍ഫ്യൂം എടുത്തുകൊടുത്തു. അവള്‍ നന്ദി പ്രകാശിപ്പിച്ചു. ആന്‍സി ഇടക്ക് ഒളിഞ്ഞുനോക്കിയെങ്കിലും അവളുടെ ശ്രദ്ധമുഴുവന്‍ അടുപ്പിലിരുന്ന് വേകുന് ഭക്ഷണത്തിലായിരുന്നു.
ചായക്കുള്ള വെള്ളം അവള്‍ അടുപ്പില്‍ വെച്ചു കഴിഞ്ഞു. മിനി ഒരു കൂട്ടുകാരിയെ കാണാനുണ്ടെന്നു പറഞ്ഞ് കാമുകനെ കാണാന്‍ പോയി. മുതലാളി വീട്ടിലേക്ക് വന്ന് ഏതാനും രാഷ്ട്രീയസാമൂഹിക പ്രവര്‍ത്തകര്‍ക്കൊപ്പം കാറില്‍ പുറത്തേക്ക് പോയി. കാത്തയും ആന്‍സിയും പീറ്ററിന് കാപ്പിയും പലഹാരങ്ങളും തീന്‍മേശയില്‍ നിരത്തി വച്ചു. കാത്ത പീറ്ററിനെ അകത്തേക്ക് ക്ഷണിച്ചു. പലഹാരങ്ങള്‍ എടുത്തുവച്ചുകൊണ്ടുനിന്ന് ആന്‍സിയെ പ്രത്യേകം ശ്രദ്ധിച്ചു. അവളുടെ നിറയൗവനം അയാളുടെ മനസ്സിനെ വല്ലാതെ സ്പര്‍ശിച്ചു. നിമിഷങ്ങള്‍ അവളില്‍ത്തന്നെ അയാള്‍ ദൃഷ്ടിയുറപ്പിച്ചു. അമ്മായി നോക്കുമ്പോഴും സംസാരിക്കുമ്പോഴും മാത്രം അയാളുടെ കണ്ണുകള്‍ പിന്‍വാങ്ങഇ. സ്‌നേഹനിര്‍ഭരമായ മിഴികളോടെ നോക്കിയിട്ട് അവള്‍ അടുക്കളയിലേക്ക് പോയി. ജീവിതത്തില്‍ പല പെണ്‍കുട്ടികളെയും കണ്ടിട്ടുണ്ടെങ്കിലും ഇവള്‍ സുന്ദരിമാരില്‍ സുന്ദരി തന്നെയാണ്. നിലാവില്‍ തിളങ്ങുന്ന നക്ഷത്രത്തിളക്കമുള്ള കണ്ണുകള്‍. ആ മന്ദഹാസത്തിനുപോലും എത്രയോ സൗന്ദര്യം തോന്നുന്നു. അവളെപ്പറ്റി അറിയാന്‍ മനസ്സ് കൊതിച്ചു. അമ്മാവന്റെ വല്ല ബന്ധുവുമായിരിക്കും. പീറ്റര്‍ അമ്മായിയോട് അവളെപ്പറ്റി ചോദിച്ചു. മറുപടി കേട്ടപ്പോള്‍ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അവള്‍ പഠിക്കാന്‍ മിടുക്കിയാണെന്നും അവളെ സഹായിക്കാന്‍ നിനക്കാവുമോ എന്നുകൂടി ചോദിച്ചപ്പോള്‍ പീറ്ററിന്റെ കണ്ണുകള്‍ ഒന്നു വികസിച്ചു. പീറ്റര്‍ ഇരുത്തിയൊന്നു മൂളുകയല്ലാതെ പെട്ടെന്നൊരു മറുപടി പറഞ്ഞില്ല.
അമ്മായി ആവശ്യപ്പെട്ട ഒരു കാര്യമായതിനാല്‍ തള്ളിക്കളയാനും കഴിയില്ല. അടുക്കളയില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നെങ്കിലും അവളുടെ മനസു മുഴുവന്‍ തീന്‍മേശയിലെ സംഭാഷണത്തിലായിരുന്നു. അയാള്‍ കാരുണ്യം കാട്ടുമോ? അമ്മായിയുടെ വാക്കുകള്‍ തള്ളിക്കളയുമോ? എല്ലാ വര്‍ഷവും നാട്ടില്‍ വരുമ്പോള്‍ അമ്മായിയെ കാണാതെ മടങ്ങിപ്പോകാറില്ലെന്ന് പറഞ്ഞുകേട്ടു. തിരക്കുള്ള ആളായതിനാല്‍ ബന്ധുവീടുകളിലൊന്നും ഭക്ഷണത്തിന് പോലും നില്ക്കാതെ മടങ്ങുന്ന ആള്‍ അമ്മായിയുടെ കൈകൊണ്ടു വിളമ്പിക്കൊടുക്കുന്നത് കഴിച്ചിട്ടേ മടങ്ങിപ്പോകാറുള്ളൂ. അമ്മായി മൗനം ഭജിച്ചിരുന്ന പീറ്ററിനോട് വീണ്ടും ചോദിച്ചു.
ഞാന്‍ പറഞ്ഞതിന് നീ മറുപടിയൊന്നും പറഞ്ഞില്ലല്ലോ. എല്ലാ വികാരങ്ങളും ഉള്ളിലൊതുക്കി അമ്മായിയെ നോക്കി പീറ്റര്‍ പറഞ്ഞു. അമ്മായി എന്നോട് ഒരു കാര്യം ആവശ്യപ്പെട്ടാല്‍ ഞാന്‍ നിരസ്സിക്കുമോ? എത്രയോ കുട്ടികളെ പഠിക്കാന്‍ ഞാന്‍ സഹായിക്കുന്നു.
ആ കൂട്ടത്തില്‍ ഒരാള്‍ക്കൂടി അല്ലാതെയെന്താണ്? പിന്നെ ലണ്ടനില്‍ തുടര്‍പഠനമെന്നൊക്കെ പറഞ്ഞാല്‍ ചിലവുള്ള കാര്യമാണ്. ആ കുട്ടിയുമായി ഞാനൊന്നു സംസാരിക്കട്ടെ. അവളെ ഇങ്ങോട്ടൊന്നു വിളിക്ക്. കാത്ത തലയുയര്‍ത്തി ആന്‍സിയെ വിളിച്ചു.

(തുടരും)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക