Image

പ്രവാസി സംഘടനകളും, സാഹിത്യ പ്രവര്‍ത്തനവും (ഡോ.പി.ഹരികുമാര്‍)

Published on 13 February, 2018
പ്രവാസി സംഘടനകളും, സാഹിത്യ പ്രവര്‍ത്തനവും (ഡോ.പി.ഹരികുമാര്‍)
പ്രവാസി മലയാളികള്‍, മെച്ചമായ വരുമാനം തേടി നാടുവിട്ടവരാണ്. താരതമ്യേന, മിച്ചമുണ്ടാക്കുന്നവരുമാണ്.
അവരുണ്ടാക്കുന്ന സമ്പാദ്യത്തിന്റെയും, വിശ്രമസമയത്തിന്റെയും പങ്കുപയോഗിച്ച്, തങ്ങളുടെ മലയാളി സ്വത്വം പരിരക്ഷിക്കാന്‍ ശ്രമിച്ചു പോരുന്നു. അതിനു വേണ്ടി മലയാളി കൂട്ടായ്മകളുണ്ടാക്കുക, വിഘടിച്ചാലും എണ്ണം കുറയാതെ തുടരുക. ഏറെയേറെയായ് പെരുകുക എന്നിതൊക്കെ നടന്നു പോരുന്നു. മൊത്തത്തില്‍ നന്നു തന്നെ.
നമ്മെ നിലം തൊടാന്‍ അനുവദിക്കാത്തയിടങ്ങളില്‍ നിലനിന്നുപോകാന്‍ ഇതു സഹായകമാകുന്നുണ്ട്.
മതാതീത, മതേതര, മത, ജാതി, ഉപജാതി, ഉപോപജാതി, റീജിയണല്‍ എന്നിങ്ങനെ നൂറുകണക്കിനുണ്ട് മലയാളി കൂട്ടായ്മകള്‍. കാല്‍ക്കാശു മുതല്‍ കോടികള്‍ വരെ ആസ്തിയുള്ളവ.

മറുനാടന്‍ മലയാളികള്‍ക്ക് മാത്രമായി രാഷ്ട്രീയ കക്ഷികള്‍ ഇനിയുമുണ്ടായിട്ടില്ല. പ്രവാസി മലയാളി 'വോട്ട് ബാങ്കു 'കളായിട്ടില്ല ഇതുവരെയെന്നതാണ് മുഖ്യ കാരണം.
മുഖ്യധാരാ രാഷ്ട്രീയ വിശ്വാസങ്ങള്‍, ഉള്ളിലൊതുക്കി കഴിഞ്ഞുകൂടുകയാണ് നാം.
അതും നന്ന്. കൊലയൊഴിവാകും.
നാളെ, സംഗതികള്‍ മാറിക്കൂടെന്നില്ല.

സ്വത്വ ഘടകങ്ങള്‍
----------------------------
ഭാഷ, കലകള്‍, സംഗീതം, സാഹിത്യം, നാടകം, സിനിമ, ഭക്ഷണം, വസ്ത്രം, എന്നിങ്ങനെ സ്വത്വ പരിരക്ഷയ്ക്കു വേണ്ടിയുള്ള അനേകമനേകം, പരിപാടികള്‍ എല്ലാ സംഘടനകളും നടത്തിക്കൊണ്ടു പോരുന്നു. ഇതിന്റെ ഫലമായി, മലയാളി സ്വത്വം എന്നൊന്നുണ്ടെന്ന്, നമ്മുടെ പുതു തലമുറ മനസിലാക്കുന്നുണ്ട്. ഇത്തരം ബോധ്യങ്ങളുടെ ഫലമായി, 'മല്ലു'വായി തുടരേണ്ടതുണ്ടെന്നും, ഇല്ലെന്നും വ്യത്യസ്തയുള്ള തീരുമാനങ്ങള്‍ അവര്‍ എടുക്കുന്നുമുണ്ട്.

പ്രവാസ സാഹിത്യം
-----------------------------
മറുനാട്ടില്‍ ജനിച്ചു വളരുന്ന തലമുറ ഇംഗ്ലീഷ്, ഹിന്ദി തുടങ്ങിയ മലയാളേരഭാഷകളിലാണ് സര്‍ഗപ്രകാശനം നടത്തുന്നത്. കേരളത്തില്‍ വളര്‍ന്ന പ്രവാസികള്‍ മലയാളത്തിലും.
രണ്ടു വിഭാഗങ്ങളുടെയും രചനകളെ മറുനാടന്‍ മലയാളി സാഹിത്യമെന്ന് പരിഗണിക്കാം.

ലോകമെമ്പാടും നടന്നിട്ടുള്ള സ്ഥിതിവിവര കണക്കുകള്‍ കാണിക്കുന്നത്, അക്ഷരസ്‌നേഹം, കുറ്റവാസനകളെ പ്രതിരോധിക്കുമെന്നാണ്. അതിനാല്‍ സാഹിത്യം, സ്വത്വ സംരക്ഷണത്തോടൊപ്പം സാമൂഹ്യ നന്മയ്ക്കും പ്രയോജനകരമാണെന്ന് വിശ്വസിക്കപ്പെടുന്നു.
ഇക്കാരണത്താലും, താരതമ്യേന ചിലവും, പ്രയത്‌നവും കുറവുള്ളതാകയാലും, സാഹിത്യ പരിപോഷണ പരിപാടികള്‍ ധാരാളമായി മറുനാട്ടില്‍ നടന്നുവരുന്നുണ്ട്.
മറ്റു സംഘടനകള്‍ക്ക് മുഖ്യമായ മറ്റ് ലക്ഷ്യങ്ങളുള്ളതിനാലാവണം,മതേതര മലയാളി കൂട്ടായ്മകളാണ് സാഹിത്യ പ്രവര്‍ത്തനം കൂടുതലായും നടത്തി വരുന്നത്. അവതരണങ്ങളും, ചര്‍ച്ചകളും, ശേഷിക്കനുസരിച്ച് ,കേരളത്തില്‍നിന്ന് ക്ഷണിക്കപ്പെടുന്ന സാഹിത്യ പ്രവര്‍ത്തകരുമായുള്ള സംവാദങ്ങളും നടത്തി വരുന്നു.

ഇത്രയൊക്കെയുണ്ടായിട്ടും, പ്രവാസികളുടെ സാഹിത്യ സൃഷ്ടികള്‍ക്ക് ഗണ്യമായ ഗുണമേന്മയുണ്ടാക്കുന്നതിലോ, മുഖ്യധാരയില്‍, ശ്രദ്ധ നേടുന്നതിലോ വിജയിക്കാനായിട്ടില്ലയെന്ന് പൊതുവായി പറയാം. ഇതെന്തുകൊണ്ടാണെന്നും, മലയാളി സംഘടനകള്‍ക്ക് ഇക്കാര്യത്തി എന്നു ചെയ്യാനാവും എന്നും ചിന്തിക്കേണ്ട സമയമായിരിക്കുന്നു. വേണ്ടിവന്നാല്‍ സംഘടനകളുടെ പ്രവാസി സാഹിത്യ സംബന്ധിയായ പ്രവര്‍ത്തന ദിശ മാറ്റേണ്ടിയിരിക്കുന്നു.

സാഹിത്യമേന്മക്ക് നിര്‍ണായക ഘടകങ്ങള്‍
----------------------------------------------------------------------------
സര്‍ഗ്ഗശേഷി, ലോകജീവിതാനുഭവങ്ങള്‍, എഴുത്തു-പ്രയത്‌ന ശേഷി, ക്രാഫ്റ്റ്, അനുവാചകനിലെത്താനുള്ള അനായാസത, എന്നിവയാണ് സാഹിത്യമേന്മക്ക് ഉപോല്‍ബലമായ പ്രധാന ഘടകങ്ങള്‍. ഇവയില്‍, സര്‍ഗ്ഗശേഷി ജന്മസിദ്ധമാണ്. ലോകാനുഭവം പ്രവാസിക്ക് ഏറെയുണ്ട്. എഴുത്ത് പ്രയത്‌ന ശേഷി നിര്‍ണ്ണയിക്കുന്ന മുഖ്യഘടകം ജീവിത സാവകാശങ്ങളാണ്. പ്രകാശന കുശലത(craft), പ്രധാനമായും അനുശീലനത്തില്‍ അധിഷ്ഠിതമാണ്. അനുവാചകനിലെത്താനുള്ള അവസരവും, അംഗീകാരങ്ങളും ഉറപ്പാക്കുന്നത് ഭാഷാന്തരീക്ഷമാണ്.

ഭാഷാന്തരീക്ഷം നിലനിര്‍ത്തുന്നതിന്, ആനുകാലികങ്ങള്‍, പുസ്തകങ്ങള്‍, ദൈനംദിന ഭാഷാവ്യതിയാനങ്ങള്‍, ശ്രവ്യ ദൃശ്യമാധ്യമങ്ങള്‍, നിരൂപകര്‍, മറ്റെഴുഴുത്തുകാര്‍, വായനക്കാര്‍ എന്നിവയുമായുള്ള സാമീപ്യമാണ് ആവശ്യം. അങ്ങനെയുണ്ടാകുന്ന പരസ്പര പരിചയപ്പെടലുകളുണ്ടാക്കുന്ന വിശ്വാസ്യത (Credibility) യും, സംവാദാവസരങ്ങളും വളരെ പ്രധാനമാണ്.
അപ്പോള്‍, ജന്മനാട്ടിലുള്ളവര്‍ക്ക് തത്തുല്യ സര്‍ഗ്ഗശേഷിയും, പ്രയത്‌നശേഷിയുമുള്ള പ്രവാസി എഴുത്തുകാരുണ്ടെങ്കില്‍, അവര്‍ക്ക് നിഷേധിക്കപ്പെടുന്നത്, മേല്‍പ്പറഞ്ഞ മലയായാളാന്തരീക്ഷമാണ്.

സംഘടനകളുടെ ദൗത്യം.
------------------------------------
മറുനാട്ടില്‍ മലയാളി യുടെ സാഹിത്യം പരിപോഷിപ്പിക്കണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹമുള്ളവര്‍ ചെയ്യേണ്ടത്, ഇന്ന് നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കുമുപരിയായി, മേല്‍പ്പറഞ്ഞ ഭാഷാന്തരീക്ഷം നിലനിര്‍ത്താനുള്ള ശ്രമങ്ങളാണെന്ന് എനിക്കു തോന്നുന്നു.
വിദ്യാലയങ്ങള്‍, അക്കാദമികള്‍, ഗവേഷണ സ്ഥാപനങ്ങള്‍, മറ്റു ഭാഷാ സാഹിത്യ പരിചയങ്ങള്‍, എന്നീ ഘടകങ്ങളൊക്കെ,നമ്മുടെ സ്റ്റേറ്റുകളില്‍ ഉറപ്പാക്കുന്നത്, അധികാരികളാണ്. അത് സര്‍ക്കാരുകളില്‍നിന്ന്, പ്രവാസിക്ക് അടുത്ത ഭാവിയിലൊന്നും ലഭിക്കുകയില്ല. ഇവിടെയാണ് സംഘടനകളുടെ സംഖ്യബലത്തിനും സാമ്പത്തിക ശേഷിക്കും, പ്രവാസി സാഹിത്യത്തിന് സഹായകമാകാവുന്നത്.

സംഘാടകരുടെ ഗൃഹാതുരത്വം.
-----------------------------------------------
മറുനാട്ടില്‍, സംഘാടകരുടെയും പ്രധാന ചാലകശക്തി, സാമൂഹ്യനന്മയോടൊപ്പം ഗൃഹാതുരത്വമാണെന്ന് എല്ലാവരും തിരിച്ചറിയേണ്ടതുണ്ട്. ഇന്ന് നിലനില്‍ക്കുന്ന സംഘടനാ പ്രവര്‍ത്തനം, അര്‍ഹമായ അംഗീകാരമോ, നന്ദി പോലുമോ ലഭിക്കാത്ത, വിയര്‍പ്പൊഴുക്കല്‍ മാത്രമാണ്.
സംഘടനകളൊരുക്കുന്ന വേദിയില്‍ സാഹിത്യകാരും, കലാപ്രവര്‍ത്തകരും സ്റ്റാറുകളായി ആടിത്തിമിര്‍ത്ത് അംഗീകാരങ്ങളുമായി സ്ഥലം വിടുന്നു. പാവം സംഘാടകര്‍ക്ക് ധനനഷ്ടവും, വിശ്രമ നഷ്ടവും ബാക്കി.
അപ്പോള്‍ നിഷ്‌ക്കാമക്കാരല്ലാത്ത സംഘടനാ പ്രവര്‍ത്തകര്‍ക്ക് അതിഥികളോടൊപ്പം വേദിയും ,സ്വകാര്യ നിമിഷങ്ങളും പങ്കിടാനെങ്കിലുമുള്ള ആശ നൂറു ശതമാനം അര്‍ഹതയുള്ളതാണ്, അംഗീകരിക്കപ്പെടേണ്ടതുമാണ്. സാഹിത്യ പരിപോഷണത്തിനുവേണ്ടി
സംഘാടകര്‍ക്ക് അനുവര്‍ത്തിക്കാവുന്ന ഒരു കാര്യം, എഴുത്തുകാര്‍ക്ക്, അതിഥികളുമായി ഇടപെടുവാന്‍ ഇന്നുള്ളതിലേറെ അവസരങ്ങളും സമയവും നല്‍കുകയെന്നതാണ്.
എന്താണ് പ്രോത്സാഹനം?
--------------------------------------
പ്രവാസി എഴുത്തുകാരെ പ്രോത്സാഹിപ്പിയ്ക്കാന്‍ അവാര്‍ഡും, പൊന്നാടയും, പണവും അല്ല നല്‍കേണ്ടത്. അതൊക്കെ അനാരോഗ്യ മാത്സര്യങ്ങള്‍ക്ക് വഴിവെക്കും.

എഡിറ്റിങ്ങ് , ശില്പശാലകള്‍
---------------------------------------------------
ഇവിടെയുണ്ടാകുന്ന കാമ്പുള്ള രചനകളെ, നല്ല എഡിറ്റര്‍മാരുടെ കയ്യിലെത്തിക്കുകയും അവരുടെ ആത്മാര്‍ത്ഥമായ ഉപദേശങ്ങള്‍
2
സാമ്പാദിച്ച് എഴുത്തുകാര്‍ക്ക് എത്തിക്കുകയും ചെയ്യാവുന്നതാണ്. ഇതിനായി എഴുത്തുകാര്‍ സ്വയം ശ്രമിച്ചാല്‍ അനുചിതമാകുമല്ലോ.
ഉപകാരപ്രദമായ ശില്പശാലകളിലൂടെ ക്രാഫ്റ്റില്‍ പരിചയം വര്‍ദ്ധിപ്പിക്കാനും കഴിയും.

പ്രസാധനം
- - - - - - - - -
അര്‍ഹതയുള്ള രചനകള്‍ക്ക് യോജ്യമായ അച്ചടി മാധ്യമങ്ങളില്‍ ഇടം നേടാനായാല്‍ എഴുത്തുകാര്‍ക്ക് പ്രോത്സാഹനമാകും.

മറുനാട്ടില്‍ കാലാകാലങ്ങളില്‍ സംയുക്ത സമാഹാരങ്ങളുണ്ടാക്കിയും, സാധ്യമായാല്‍ വ്യക്തികള്‍ക്ക്, പുസ്തകമിറക്കാന്‍, താങ്ങായും സഹായിക്കാന്‍ സംഘടനകള്‍ക്ക് കഴിഞ്ഞാല്‍ നന്ന്.
ഇവയെ വായനക്കാരിലെത്തിക്കുന്ന വിതരണവും പ്രധാനമാണ്.
ഒപ്പംതന്നെ, മുഖ്യധാരാ മാധ്യമങ്ങളിലൂടെ പ്രവാസി രചനകളെ പരിചയപ്പെടുത്തുവാന്‍ സഹായിക്കുക.
ഇതിലുമേറെ പ്രായോഗികം,
അര്‍ഹതയുള്ള പ്രവാസി രചനകള്‍ക്ക് ഏറെ ഇടം നല്‍കാനാകുന്ന പ്രസിദ്ധീകരണങ്ങള്‍ ഇവിടെത്തന്നെ ഉണ്ടാക്കുകയെന്നതാണ്. അവക്ക് മുഖ്യധാരയില്‍ ശ്രദ്ധ നേടിയെടുക്കുകയും സര്‍വപ്രധാനമാണ്. ഇവിടുത്തെ മലയാളി സംഘടനകള്‍ക്ക് കഴിഞ്ഞില്ലെങ്കില്‍, വേറെയാര്‍ക്കും അതിനാവില്ല.

നമ്മുടെ കുട്ടികള്‍
---------------------------
ഇവിടെ ജനിച്ചു വളരുന്ന കുട്ടികളുടെ സര്‍ഗ്ഗപ്രകാശനം മുഖ്യമായും ഇംഗ്ലീഷ്, ഹിന്ദി എന്നിങ്ങനെ, മലയാളേതരഭാഷകളിലൂടെയാണ് നടക്കാന്‍ പോകുന്നത്.

3
അവരുടെ കൃതികളെ, മേല്‍പ്പറഞ്ഞ വിധം പ്രോത്സാഹിപ്പിക്കാനും, നിലനിര്‍ത്താനുമുള്ള സംഘടനകളുടെ ഉത്തരവാദിത്വം അത്യന്തം പ്രാധാന്യമുള്ളതാണ്.
ഇക്കാര്യത്തില്‍, മറ്റു ഭാഷാ സാഹിത്യ പ്രവര്‍ത്തകരുമായുള്ള, നേരിട്ടും, പരിഭാഷയിലൂടെയുമുള്ള ഇടപെടലുകള്‍ വളരെയേറെ പ്രയോജനകരമാവും. പണച്ചെലവുള്ള അത്തരം ഇടപെടലുകള്‍, വ്യക്തിതലത്തില്‍ എളുപ്പമല്ല.

സൈബറും, അച്ചടി മാധ്യമങ്ങളും
--------------------------------------------------
ഇന്നത്തെ സൈബര്‍ കാലത്ത് നാടും പ്രവാസയിടങ്ങളും തമ്മിലുള്ള അകലം കുറഞ്ഞിട്ടുണ്ട്. എങ്കിലും, ഭാഷാന്തരീക്ഷം സമമാകാത്തടത്തോളം, ഈ അകലം പൂര്‍ണമായും നികത്താനാവില്ലയെന്നതാണ് യാഥാര്‍ത്ഥ്യം.
ഇന്നും, അച്ചടി മാധ്യമത്തിനാണ്, നവ മാധ്യമങ്ങളെക്കാള്‍, ശ്രദ്ധയും, പ്രാമുഖ്യവും, അംഗീകാരവും കൂടുതല്‍. ലഭിക്കുന്നത്. ഗണനീയതയവരുടെയൊക്കെ രചനകള്‍, ഇന്നും അച്ചടിയിലാണ് ആദ്യം വരിക. പിന്നീട്, നവ മാധ്യമങ്ങളില്‍ വന്നെങ്കിലായി. എങ്കിലും, അതിന് വിലക്കില്ല. എന്നാല്‍,
നവമാധ്യങ്ങളില്‍ വന്ന രചനകള്‍ക്ക് പിന്നീട് അച്ചടിയില്‍ ഇടം കിട്ടില്ല.
മറ്റൊരു പ്രധാന പ്രശ്‌നം, മുഖ്യധാരാ എഴുത്തുകാരും, വിമര്‍ശകരും, പഠിതാക്കളും നവ മാധ്യമങ്ങളെ ഗൗരവമായി കാണേണ്ടതാണെന്ന് കരുതാറില്ലയെന്നതാണ്. കാരണം, മാലിന്യങ്ങളേറെയുള്ള അക്ഷര സമുദ്രമാണ് സൈബറെന്നതാണ്. ജനാധിപത്യ സംവിധാനത്തില്‍, നാലാംതൂണുപോലെ നിന്ന് സാഹിത്യ പ്രവര്‍ത്തനത്തിന് കാവലാളുകളാകേണ്ട മാധ്യമ പ്രധാനികളും, പ്രവാസികള്‍ പണം മുടക്കി ആയിരക്കണക്കിന് പുസ്തകങ്ങള്‍ ഇറക്കുന്നുണ്ടെന്നും, അവയില്‍ പരതി, ഗുണമുള്ള രചനകള്‍ കണ്ടെത്തുകയെന്നത് അസാധ്യമാണെന്നും കൈ കഴുകാറുണ്ട്.
അവരുടെ ദുഖം കലര്‍പ്പില്ലാത്തതു തന്നെ.
പ്രവാസി എഴുത്തുകാര്‍ക്ക് പരിരക്ഷ അന്യം തന്നെ ഇന്നും എന്നതാണ് സംഗതം.
4
കട്ട കക്ഷിരാഷ്ട്രീയം
---------------------------------
സ്വന്തമായ രാഷ്ട്രീയ ബോധ്യങ്ങള്‍ ഏവരും നിലനിര്‍ത്തുന്നത് അത്യന്താപേക്ഷിതമാണ്.
ജനാധിപത്യത്തില്‍, അത് സാഹിത്യ മുള്‍പ്പടെ, എല്ലാ മാനുഷിക വ്യാപാരങ്ങളിലും പ്രതിഫലിക്കുന്നതും സ്വാഭാവികമാണ്.
കേരളത്തില്‍ കാണുന്ന വിധത്തിലുള്ള കക്ഷിരാഷ്ട്രീയം, അധികാരത്തിലെത്തുവാന്‍ സഹായകമാവുകയും, രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് തങ്ങളുടെ നല്ല ലക്ഷ്യങ്ങള്‍ നടപ്പിലാക്കുന്നതിന് ഉതകുകയും ചെയ്യുന്നുണ്ടെന്ന് സമ്മതിക്കാം. പക്ഷെ,
മറുനാട്ടില്‍ മലയാളി സ്വത്വം നിലനിര്‍ത്തുവാന്‍ കക്ഷിരാഷ്ട്രീയാധിഷ്ഠിത പ്രവര്‍ത്തനം ഒരുകാലത്തും സഹായകമാവില്ലയെന്ന യാഥാര്‍ത്ഥ്യം നാം മറക്കരുത്. എന്തെന്നാല്‍,' മറുനാടന്‍ മലയാളി ഒരു നാട്ടിലും 'വോട്ട് ബാങ്കു'കളാവുന്നില്ല. കേരളത്തിലെ ഭരണകര്‍ത്താക്കള്‍ക്ക്, ഇന്നത്തെ ചുറ്റുപാടില്‍, പ്രവാസികള്‍ക്കിടയില്‍ വസിക്കുന്ന സ്വന്തം അനുയായികളുടെ പോലും മലയാളി സ്വത്വം പരിരക്ഷിക്കാനുള്ള സൗകര്യങ്ങളില്ല. തദ്ദേശീയ സര്‍ക്കാരുകള്‍ക്ക് ആ ഉത്തരവാദിത്വവുമില്ല.
ഇത്തരമൊരു പശ്ചാത്തലത്തില്‍, സംഘടനാ പ്രവര്‍ത്തകര്‍, കക്ഷിരാഷ്ട്രീയത്തെ, സ്വന്തം സംസ്ഥാനത്തിനു വേണ്ടി മാത്രമായി ഉള്ളില്‍ സൂക്ഷിച്ചുവെച്ച്, മറുനാട്ടില്‍, സാഹിത്യമുള്‍പ്പടെയുള്ള, തങ്ങളുടെ സ്വത്വ സംരക്ഷണോപാധികള്‍ ഉറപ്പാക്കുന്നതിനായി കൈകോര്‍ത്ത് പ്രവര്‍ത്തിക്കേണ്ടതുണ്ട്.
-------------------

Join WhatsApp News
വിദ്യാധരൻ 2018-02-13 22:30:55
ഉദ്‌ബോധകമായതും വിജ്ഞാനപരമായതുമായ ഒരു ലേഖനം എഴുതിയ താങ്കൾക്ക് എന്റെ കൂപ്പു കൈ .  മലയാളി സത്വബോധം പുതിയ തലമുറയുടെ ഇടയിൽ വളർത്താൻ സംഘടനകൾക്കു കഴിഞ്ഞിട്ടുണ്ടങ്കിലും അവരുടെ ഇടയിലെ സംഘടനങ്ങളൂം മത്സരങ്ങളും പുതിയ തലമുറയെ നിർവീര്യരാക്കുകയും അവർ 'മല്ലു' എന്ന വാക്കിനെ ഒരു ശാപമായി കരുതുകയും ചെയ്യുന്നു.  ഇതിന്റ പ്രധാനകാരണം വിദേശങ്ങളിൽ വന്നു വർഷങ്ങൾ കഴിഞ്ഞെങ്കിലും അവർ വന്നദേശത്തെ സംസ്കാരവുമായി അവരുടെ പൂർവ്വികർക്ക്  സാത്മീകരണം പ്രാപിക്കാൻ കഴിയാതെ പോയതിലാണ് .  അമേരിക്കയിൽ വടക്കേ ഇൻഡ്യാക്കാർ ഈ രാജ്യത്തെ രാഷ്‌ടീനിർമ്മാണ പ്രവർത്തനത്തിൽ  വഴിത്താരകൾ വെട്ടിത്തെളിച്ച് ഗവർണേഴ്‌സ്, സെനറ്റേഴ്സ്  എന്നൊക്കെ ആകാൻ കഴിഞ്ഞിട്ടുണ്ടങ്കിലും മലയാളികൾക്ക് ഇതുവരെയും അതിനൊന്നും കഴിഞ്ഞിട്ടില്ല .  ഒരു കുടക്കീഴിൽ അണിനിരക്കാനുള്ള ബുദ്ധിമുട്ടും അതിനു പറ്റിയ നേതൃത്വം ഇല്ലായ്‌മയുമാണ് .
പ്രാവാസ സാഹിത്യം എന്നൊന്നില്ല. മലയാള സാഹിത്യം ഉള്ളതായി അറിയാം  പ്രവാസികൾ പലരും സാഹിത്യപ്രവർത്തനത്തിലൂടെ മലയാള സാഹിത്യത്തിന്റെ ഭാഗമായിട്ടുളയതായി അറിയാം .  എന്നാൽ പ്രാവാസ സാഹിത്യം എന്നുന്നൊന്നുണ്ടാക്കി അവാർഡുകളും പൊന്നാടകളും നൽകി സാഹിത്യകാരന്മാർ എന്ന് പേരെടുക്കാനുള്ള ഒരു കുത്സിത പ്രവർത്തനം നടക്കുന്നുണ്ട് എന്നതിൽ തർക്കമില്ല .  ഇത്തരം സംഘടനകൾ നാട്ടിലെ കള്ളന്മാരായ സാഹിത്യകാരന്മാരെ സ്വാധീനിച്ചു അതിനെ നിലനിറുത്താനും ശ്രമിക്കുന്നുണ്ട് . നാട്ടിൽപോയി സാഹിത്യസമ്മേളനം നടത്തുക, അവിടെയുള്ളവരെ ഇവിടെക്കൊണ്ടുവന്നു സമ്മേളനം അണ്ടത്തുക തുടങ്ങിയ പല സംശയാസ്പദമായ പ്രവർത്തനങ്ങളിലും ഇവർ ഏർപ്പെടാറുണ്ട് . സാഹിത്യത്തിന്റെ മാറ്റ് നിർണ്ണയിക്കുന്ന  മാനദണ്ഡം എന്ന് പറയുന്നത്, എത്ര പൊന്നാട, എത്ര ഫലകം, എത്ര ചാനലുകളിൽ മുഖം കാണിക്കാൻ കഴിയുന്നു, പൗര സ്വീകരണം, തിരുവന്തപുരത്ത് ഒരു പുസ്തക പ്രകാശനം കൂടാതെ ദുബായി തുടങ്ങിയ സ്ഥലങ്ങളിൽ നടക്കുന്ന അന്തരാഷ്ട്ര സമ്മേളനങ്ങളിൽ കിട്ടുന്ന അവസരം ഇവയെ ഒക്കെ അടിസ്ഥാനമാക്കിയാണ് .  പണം ഇല്ലാതെ ഇതൊന്നും നടക്കുകയുമില്ല .  എന്നാൽ പണത്തിനു മീതെ പരുന്തും പറക്കുകയില്ല. ' പണമാം മുന്തിരി കൊടുത്താൽ കാണാം മനുഷ്യ കുരങ്ങന്റെ ചാട്ടം'
എന്തായാലും കവിതയെക്കാൾ വളരെ വിജ്ഞാനപ്രധാനമായ നിഗങ്ങളുടെ ലേഖനങ്ങൾ മറ്റുള്ളവർക്കു ഗുണം ചെയ്യുന്നതുപോലെ താങ്കൾക്കും നന്മ ഉണ്ടാക്കും എന്നതിൽ എനിക്ക് സംശയം ഇല്ല 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക