Image

ക്രിസ്തുവിലുള്ള ബന്ധം വിശ്വാസജീവിതത്തിന്റെ അടിസ്ഥാനം: ഫ്രാന്‍സിസ് സുന്ദര്‍രാജ്

Published on 13 February, 2018
ക്രിസ്തുവിലുള്ള ബന്ധം വിശ്വാസജീവിതത്തിന്റെ അടിസ്ഥാനം: ഫ്രാന്‍സിസ് സുന്ദര്‍രാജ്
മാരാമണ്‍: ക്രിസ്തുവിലുള്ള ആഴമേറിയ ബന്ധമാണ് വിശ്വാസജീവിതത്തിന്റെ അടിത്തറയെന്ന് റവ. ഫ്രാന്‍സിസ് സുന്ദര്‍ രാജ്. ഇന്നലെ ഉച്ചകഴിഞ്ഞ് നടന്ന യോഗത്തില്‍ സന്ദേശം നല്കുകയായിരുന്നു അദ്ദേഹം. 

ദൈവത്തിങ്കല്‍ സമ്പൂര്‍ണമായ വിധേയത്വമുണ്ടാകണം. വിധേയത്വമുണ്ടാകുന്നതോടൊപ്പം സ്വര്‍ഗത്തില്‍ തനിക്ക് നിക്ഷേപം ഉണ്ടാകണമെന്ന പ്രാര്‍ഥനയും വേണമെന്നും ഫ്രാന്‍സിസ് സുന്ദര്‍രാജ് അഭിപ്രായപ്പെട്ടു. 

ഭൂമിയില്‍ ഒരു നിക്ഷേപത്തിലും സ്ഥായിയായ നിലനില്പില്ല. ക്രിസ്തുവുമായിട്ടുള്ള അഭേദ്യമായ ബന്ധമാണ് വേണ്ടത്. ചില ഘട്ടങ്ങളില്‍ ദൈവം മനുഷ്യരെ അഗ്‌നിയിലൂടെ കടത്തിവിടും. ഇതിനു കാരണം ഉത്തമ സ്വഭാവമുള്ളവരാകാന്‍ വേണ്ടിയാണ്. ക്രിസ്തീയ വിശ്വാസികളുടെ സ്വഭാവം ഏറെ മഹനീയമായിരിക്കണം. നമ്മളെ കുറിച്ചു മാത്രം സ്വയം ചിന്തിച്ച് ജീവിതം അവസാനിപ്പിക്കാതെ അപരന്റെ ജീവിതത്തെക്കുറിച്ചും ചിന്തയുണ്ടാകണം. മുന്‍ വിധിയോടെ ആരെയും കാണരുത്. 'നിന്റെ അയല്‍ക്കാരനെ നിന്നെപ്പോലെ സ്‌നേഹിക്കണമെന്നാണ്' ദൈവം പഠിപ്പിച്ചിരിക്കുന്നത്. 

ഒരു സഭയെയും, മതത്തെയും മുന്‍വിധിയോടെ കാണരുത്. ഇങ്ങനെ കാണുന്നത് വികലമായ കാഴ്ച ഉള്ളതുകൊണ്ടാണെന്നും റവ. സുന്ദര്‍രാജ് പറഞ്ഞു.ജീവിക്കാന്‍ പണം ആവശ്യമാണ്. അക്കാരണം കൊണ്ട് സമ്പത്തിനും പണത്തിനും അടിമകളാകരുത്. ജീവിതം ധനത്തിനും ദൈവത്തിനുമായി പങ്കുവയ്ക്കരുത്. ദൈവവുമായി മാത്രമേ എന്തും പങ്കുവയ്ക്കാവൂ. 

സമ്പത്തുണ്ടാകാനുള്ള വ്യഗ്രതയില്‍ മാനുഷിക മൂല്യങ്ങള്‍ തിരിച്ചറിയാതെ പോകരുതെന്നും റവ. ഫ്രാന്‍സിസ് സുന്ദര്‍ രാജ് പറഞ്ഞു. റവ. ബോബി ഫിലിപ്പ് പ്രസംഗം പരിഭാഷപ്പെടുത്തി. യോഗത്തില്‍ തോമസ് മാര്‍ തീത്തോസ് എപ്പിസ്‌കോപ്പ അധ്യക്ഷത വഹിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക