Image

ശിവരാത്രിയുടെ കാതല്‍ (ഡി. ബാബു പോള്‍)

Published on 11 February, 2018
ശിവരാത്രിയുടെ കാതല്‍ (ഡി. ബാബു പോള്‍)
ശിവരാത്രിയാണ് ഈ പക്ഷത്തിലെ വിശേഷം ഫെബ്രുവരി 13-ന്. വീടിനോട് അടുത്തുണ്ടായിരുന്നത് സുബ്രഹ്മണ്യക്ഷേത്രമായിരുന്നു. കുറേ മാറിയാല്‍ ദേവീക്ഷേത്രം. തൊട്ടടുത്തെന്നു പറയാന്‍ ശിവക്ഷേത്രം ഒന്നുമുണ്ടായിരുന്നില്ല. അതുകൊണ്ട് ശിവരാത്രി മാഹാത്മ്യം ശ്രദ്ധിക്കാന്‍ തുടങ്ങിയത് ആലുവാ യൂണിയന്‍ ക്രിസ്ത്യന്‍ കോളജില്‍ എത്തിയതിനു ശേഷമാണ്.

ശിവരാത്രി പൂര്‍വ്വസൂരികളെ അനുസ്മരിക്കുന്ന ദിവസങ്ങളില്‍ ഒന്നാണ്. ഞാന്‍ ഉള്‍പ്പെടുന്ന സഭാവിഭാഗത്തില്‍ ആണ്ടില്‍ രണ്ട് ദിവസം ഇങ്ങനെ വേര്‍തിരിക്കപ്പെട്ടിട്ടുണ്ട്. പല മതങ്ങളിലുമുണ്ട് ഇത്തരം പ്രത്യേകദിനങ്ങള്‍. മരിച്ചവരെ പാടേ മറക്കുന്നവരുമുണ്ട് ഈശ്വരവിശ്വാസികളില്‍. ശിവരാത്രി വ്രതം ശിവന്‍ പാശുപതാസ്ത്രം ഉപസംഹരിച്ച് ലോകത്തെ ഒരു വലിയ ദുരന്തസാധ്യതയില്‍ നിന്ന് ഒഴിവാക്കിയതിന്റെ സ്മരണയ്ക്കുവേണ്ടി ശിവന്‍ തന്നെ നിശ്ചയിച്ചതാണെന്നാണ് പുരാവൃത്തം. മാഘമാസത്തിന്റെയും ഫാല്‍ഗുനമാസത്തിന്റെയും മദ്ധ്യത്തിലുള്ള കൃഷ്ണപക്ഷ ചതുര്‍ദശി രാത്രിയാണ് ശിവരാത്രി. ആ രാത്രി ഉറങ്ങാതെയിരുന്ന്, ഉപവസിച്ച്, ശിവനെ പൂജിക്കണം. ഈ പൂജയുടെ പ്രാര്‍ത്ഥനകള്‍ ധര്‍മ്മം, ധനം, കാമഭോഗങ്ങള്‍, ഗുണം, സദ്‌യശസ്സ്, സുഖം, മോക്ഷം, സ്വര്‍ഗ്ഗം എന്നിവ നല്‍കണമെന്നാണ്.

ശിവാരാത്രിയുടെ ആരംഭം എങ്ങനെയെന്ന് വിവരിക്കുന്ന ഈ കഥയില്‍തന്നെ ഒരു വലിയ സത്യം ഒളിഞ്ഞിരിക്കുന്നു. മനുഷ്യരാശിയുടെ രക്ഷ സാധിച്ചതിന്റെ ഓര്‍മ്മയാണല്ലോ ശിവരാത്രി. മനുഷ്യന്റെ നന്മയാണ് സര്‍വ്വശക്തന്റെ ലക്ഷ്യം എന്നാണ് പാഠം.

ശിവലീലകളെക്കുറിച്ച് വായിക്കുമ്പോള്‍ പ്രപഞ്ചത്തിന്റെയും ചരാചരങ്ങളുടെയും എല്ലാ ഭാവങ്ങളിലും ഈശ്വരന്‍ എങ്ങനെ ഫലപ്രദമായി ഇടപെടുന്നുവെന്ന് പഠിപ്പിക്കുകയാണ് ഈ ലീലാവിവരണത്തിന്റെ ലക്ഷ്യമെന്ന് കാണാന്‍ കഴിയും. പാപമോചനം, ശാപമോക്ഷം എന്നിവയില്‍ തുടങ്ങുന്നുണ്ടെങ്കിലും ഭാര്യയെ പ്രീണിപ്പിക്കുന്ന ഭര്‍ത്താവും സദ്പുത്ര ദാതാവായ ദൈവവും വേദങ്ങള്‍ ഓതുന്ന ജ്ഞാനസ്രോതസ്സും രാജാക്കന്മാര്‍ക്ക് കിരീടം നിര്‍മ്മിച്ചുകൊടുക്കുന്ന ലോകാധിപതിയും ആഭിചാരക്രിയകളെ പ്രതിക്രിയ കൊണ്ട് നിഷ്ഫലമാക്കുന്നവനും ആനന്ദനൃത്തം, കുറ്റാന്വേഷണം എന്നു തുടങ്ങിയ മാനുഷിക വ്യാപാരങ്ങലെ നിയന്ത്രിക്കുന്നവനും പന്നിക്കുട്ടികളെ രക്ഷിക്കുകയും പക്ഷികള്‍ക്ക് മൃത്യുഞ്ജയമന്ത്രം പറഞ്ഞുകൊടുക്കുകയും ചെയ്യുന്ന ജന്തുസ്‌നേഹിയും എന്നിത്യാദി നിരവധി വ്യാഖ്യാനങ്ങള്‍ക്ക് വഴങ്ങുന്നതാണ് ഹാലാസ്യമാഹാത്മ്യത്തില്‍ വിവരിക്കുന്ന അറുപത്തിനാല് ലീലകള്‍.

ശിവലിംഗപൂജ പ്രത്യക്ഷത്തില്‍ ഒരു അനാചാരമാണെന്ന് മറ്റുള്ള മതങ്ങളില്‍പ്പെട്ടവര്‍ക്കും വൈഷ്ണവര്‍ക്കുമൊക്കെ തോന്നാം. എന്നാല്‍ വാമനാപുരാണപ്രകാരം ആയാലും മഹാഭാരതം വിവരിക്കുന്ന രീതിയനുസരിച്ചായാലും സര്‍വ്വൈശ്വര്യദാതാവും മാനുഷിക പരിമിതികളെ ഉല്ലംഘിക്കാന്‍ പ്രാപ്തി നല്‍കുന്നവനും ഈശ്വരനാണെന്ന പ്രമാണമാണ് ശിവലിംഗപൂജയുടെ പിന്നിലുള്ളത്. ഇത്തരം പൂജാവിധികള്‍ക്ക് ഗുണവും ദോഷവും പറയാന്‍ കഴിയും. യഥാര്‍ത്ഥ പശ്ചാത്തലം ഗ്രഹിക്കാതെ കേവലം അനുഷ്ഠാനമെന്ന നിലയില്‍ അന്ധമായ ആരാധനയാകുമെന്നതാണ് ദോഷം. അത്രയെങ്കിലും ഉണ്ടാകുമല്ലോയെന്നത് ഗുണവും.

ശിവകഥയിലെ ഏറ്റവും ഹൃദയസ്പര്‍ശിയായ ഭാവം പ്രത്യക്ഷപ്പെടുന്നത് ശിവന്‍ നീലകണ്ഠനാവുന്ന സന്ദര്‍ഭത്തിലാണ്. പാലാഴിമഥന കഥയിലാണ് ഈ സന്ദര്‍ഭം കടന്നുവരുന്നത്. ദുര്‍വാസാവിന്റെ ശാപം ദേവന്മാരെ മനുഷ്യസമാനം ജരാനരകള്‍ വിധേയരാക്കി. അതിന് പരിഹാരം തേടിയതാണ് അമൃതിനുവേണ്ടിയുള്ള പാലാഴിമഥനം. പാലാഴിമഥനത്തില്‍ കടയാന്‍ ഉപയോഗിച്ച മത്ത് മന്ദരപര്‍വ്വതമായിരുന്നു. വാസുകിയെന്ന നാഗത്തിന്റെ ഓരോ അഗ്രം ദേവാസരുന്മാര്‍ പിടിച്ച് നാഗത്തെ കയര്‍ പോലെ ഉപയോഗിച്ചു. കടയുന്നതിന്റെ വേഗം കൂടിയപ്പോള്‍ വാസുകി കാളകൂടം ഛര്‍ദ്ദിച്ചു. അല്ല പാലാഴിയില്‍ നിന്ന് ഉയര്‍ന്നുവന്നതാണെങ്കില്‍ അങ്ങനെ. ഏതായാലും കാളകൂടവിഷം മനുഷ്യരെക്കാള്‍ ദേവാസുരന്മാരെയാണ് ഭയപ്പെടുത്തിയത്. ലോകം മുഴുവന്‍ നശിപ്പിക്കാന്‍ കഴിയുന്ന വിഷമാണ് പുറത്തുവന്നിരിക്കുന്നത്. ലോക്തിതന്റെ രക്ഷക്കായി ആ വിഷം സ്വയം ഏറ്റുവാങ്ങുവാന്‍ ശിവന്‍ നിശ്ചയിച്ചു. കാളകൂടം വിഴുങ്ങിയ ശിവന്‍ കാളകണ്ഠനായത് ആ വിഷം ഉദരത്തില്‍ എത്താതിരിക്കുവാന്‍ പാര്‍വ്വതി ശിവന്റെ കഴുത്തില്‍ ഞെക്കിപ്പിടിച്ചപ്പോഴാണ്. പുറത്തേക്ക് വരാതിരിക്കാന്‍ മഹാവിഷ്ണു വായ് പൊത്തിപ്പിടിച്ചു. അപ്പോള്‍ മേലോട്ടും കീഴോട്ടും പോകാന്‍ വയ്യാത്ത അവസ്ഥയില്‍ ശിവകണ്ഠത്തെ കാളകൂടം നീല നിറമാക്കി. അങ്ങനെ ശിവന്‍ നീലകണ്ഠനായി.

മനുഷ്യനു വേണ്ടി ഈശ്വരന്‍ സഹിക്കുന്ന ത്യാഗത്തിന്റെ കഥയാണ് ശിവരാത്രിയുടെ സന്ദേശം. ഓരോ സമൂഹത്തിനും മനസ്സിലാവുന്ന രീതിയില്‍ ഈ സന്ദേശം ഈശ്വരന്‍ വെളിപ്പെടുത്തുകയാണ്.

യേശുക്രിസ്തു ചരിത്രപുരുഷനല്ല എന്ന് പറയുന്ന ഇടമറുകുമാര്‍ പണ്ടും ഉണ്ടായിട്ടുണ്ട്. ടൂബിന്‍ഗണ്‍ സര്‍വ്വകലാശാലയിലെ ക്രൈസ്തവ പണ്ഡിതന്മാര്‍ തന്നെ ഇത് അറുത്തുകീറി പരിശോധിച്ചിട്ടുണ്ട്. ജോസഫിന്റെ കൃതിയില്‍ ക്രിസ്ത്യാനികള്‍ തിരുകിക്കയറ്റിയതായി ആരോപിക്കപ്പെട്ട ഭാഗങ്ങള്‍ മാറ്റിയാലും യേശുവിനെക്കുറിച്ചുള്ള പരാമര്‍ശമുണ്ട് എന്നത് ആധുനിക യഹൂദ പാണ്ഡിത്യം അംഗീകരിക്കുന്നുണ്ട്. പ്ലിനിയുടെ റിപ്പോര്‍ട്ട് മുതലായവ വേറെ. അതല്ല വിഷയം., പറഞ്ഞുവരുന്നത് ദൈവം ചരിത്രത്തില്‍ ഇടപെട്ടു, സത്യദൈവത്തില്‍ നിന്നുള്ള സത്യദൈവം മനുഷ്യനായി, മനുഷ്യനുവേണ്ടി സ്വയം ബലിയായി എന്നൊക്കെയാണ് ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നതെന്നാണ്. ദൈവം സ്വയം ശൂന്യനാക്കി മനുഷ്യന്റെ പാപഭാരം പേറിയതാണ് ക്രിസ്തുവിജ്ഞാനീയം-ക്രിസ്റ്റോളജി-എന്ന വേദശാസ്ത്രശാഖയുടെ കാതല്‍.

അബ്രഹാമിന്റെ ബലി മൂന്ന് സെറ്റമിക് മതങ്ങളും ആദരവോടെ അനുസ്മരിക്കുന്നത്. അവിടെ പ്രത്യക്ഷപ്പെടുന്ന കൊറ്റനാട് ദൈവം മനുഷ്യനെ രക്ഷിക്കുന്നതിന്റെ പ്രതീകമാണ്. ‘ലോകത്തിന്റെ പാപം വഹിക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്’ എന്ന് സ്‌നാപകയോഹന്നാന്‍ ക്രിസ്തുവിനെക്കുറിച്ച് പറഞ്ഞത് യഹൂദമതമോ ഇസ്ലാമോ അംഗീകരിക്കില്ലെങ്കിലും മനുഷ്യനുവേണ്ടി അപകടസന്ധിയില്‍ നേരിട്ട് ഇടപെടുന്നവനാണ് ദൈവം എന്നതില്‍ ആ മതങ്ങള്‍ക്കും സംശയമില്ല.

ശിവരാത്രിയും ദുഃഖവെള്ളിയും ബലിപെരുന്നാളും സംഗമിക്കുന്ന ബിന്ദുവാണ് ഈശ്വരസ്‌നേഹമെന്ന ആശയം. ലോകത്തിന്റെ നന്മയാണ് ഈശ്വരന്‍ അഭിലഷിക്കുന്നത്. ആ നന്മ ഉറപ്പുവരുത്താന്‍ ഏത് പരിധിവരെയും ഈശ്വരന്‍പോകും. കാളകൂടവിഷം സ്വന്തം തൊണ്ടയില്‍ സൂക്ഷിക്കും. മനുഷ്യന്റെ പാപഭാരം ഏറ്റുവാങ്ങി കാല്‍വരിയില്‍ ബലിയായി ഭവിക്കും. വിശ്വാസികളുടെ പിതാവ് തന്റെ അനുസരണം പ്രഖ്യാപിക്കാന്‍ മകന്റെ നേര്‍ക്ക് കത്തിയെടുത്താല്‍ ‘അരുത്’ എന്ന് കല്പിച്ച് മരച്ചില്ലകളില്‍ കുരുങ്ങിയ പകരക്കാരനെ കാട്ടിക്കൊടുക്കും.

ഈ സ്‌നേഹം നാം സഹജീവികളോട് കാണിക്കണം. ആയിരം പവന്‍ കടം ഇളവ് കിട്ടിയവരാണ് ഈശ്വരവിശ്വാസികള്‍. പരസ്പരം പത്ത് പവന്റെ കടം ഇളവ് ചെയ്യാന്‍ അവര്‍ മടിക്കുന്നു. ഇവിടെ മനുഷ്യന്‍ ദൈവത്തെ തോല്‍പിക്കുന്നു. ഇത് മാറ്റാനുള്ള വിവേകം നമുക്കുണ്ടാകണം. അതാണ് ശിവരാത്രിയുടെ സന്ദേശം. കാളകൂടം മനുഷ്യനുവേണ്ടി വിഴുങ്ങിയ ഈശ്വരന്‍ മനുഷ്യന്‍ സഹജീവികള്‍ക്ക് ത്യാഗപൂര്‍ണ്ണമായ സ്‌നേഹം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതില്‍ തെറ്റില്ല. ദൈവത്തെ തോല്‍പിക്കാതിരിക്കുക നാം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക