Image

ദുരിതത്തില്‍ നിന്നും രക്ഷപ്പെട്ട്, നവയുഗത്തിന്റെ സഹായത്തോടെ പവിത്രന്‍ നാട്ടിലേയ്ക്ക് മടങ്ങി

Published on 10 February, 2018
ദുരിതത്തില്‍ നിന്നും രക്ഷപ്പെട്ട്, നവയുഗത്തിന്റെ സഹായത്തോടെ പവിത്രന്‍ നാട്ടിലേയ്ക്ക് മടങ്ങി
അല്‍ഹസ്സ: ഏറെ കഷ്ടപ്പാടുകള്‍ നിറഞ്ഞ ജോലിസാഹചര്യങ്ങളും, ശമ്പളം കിട്ടാത്ത അവസ്ഥയും മൂലം ദുരിതത്തിലായ മലയാളി യുവാവ്, നവയുഗം സാംസ്‌ക്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

കാസര്‍ഗോഡ് കാഞ്ഞങ്ങാട് സ്വദേശിയായ പവിത്രനാണ് ഏറെ ദുരിതങ്ങളിലൂടെ കടന്നു പോകേണ്ടി വന്നത്. പത്തു മാസം മുന്‍പാണ് നാട്ടിലെ ഒരു ട്രാവല്‍ ഏജന്‍സി വഴി പവിത്രന്‍ സൗദിയില്‍ അകൗണ്ടന്റ് ജോലിയ്ക്ക് എത്തിയത്. മോഹനമായ വാഗ്ദാനങ്ങള്‍ നല്‍കിയ ഏജന്റ് പവിത്രന്റെ കൈയ്യില്‍ നിന്നും വിസയ്ക്കായി എണ്‍പതിനായിരം രൂപ വാങ്ങിയ്ക്കുകയും ചെയ്തു.

റിയാദിലെ വലിയ കമ്പനിയില്‍ ജോലി എന്ന് പറഞ്ഞെങ്കിലും, ദമ്മാം എയര്‍പോര്‍ട്ടില്‍ എത്തിയപ്പോഴാണ്, അല്‍ഹസ്സയില്‍ ഒരു ലോക്കല്‍ കമ്പനിയില്‍ ആണ് ജോലി എന്ന് പവിത്രന്‍ അറിഞ്ഞത്. വളരെ മോശമായിരുന്നു കമ്പനിയിലെ ജോലി സാഹചര്യങ്ങള്‍. താമസിയ്ക്കാന്‍ കമ്പനി നല്‍കിയത് ഒരു മരുഭൂമിയുടെ നടുക്കുള്ള കാലിത്തൊഴുത്ത് പോലുള്ള ഒരു ക്യാമ്പ് ആയിരുന്നു. വൃത്തിഹീനമായ അവിടെ ദൈനദിനകാര്യങ്ങള്‍ക്ക് നല്ല വെള്ളം പോലും ലഭിച്ചിരുന്നില്ല. ജോലി ചെയ്യാന്‍ തുടങ്ങി ആറുമാസം കഴിഞ്ഞിട്ടും ഒരു റിയാല്‍ പോലും ശമ്പളം കൊടുത്തില്ല. ഇക്കാമ എടുത്തു കൊടുക്കാത്തതിനാല്‍ യാത്ര ചെയ്യാന്‍ പോലും കഴിയില്ലായിരുന്നു.

നാട്ടിലെ ബന്ധുക്കള്‍ അപേക്ഷ നല്‍കിയത് അനുസരിച്ച്, കാഞ്ഞങ്ങാട്ട് എം.എല്‍.എ കൂടിയായ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഇടപെട്ട്, സൗദിയിലെ ഇന്ത്യന്‍ എംബസ്സിയില്‍ പരാതി നല്‍കി. എംബസ്സി വിവരം കൈമാറിയത് അനുസരിച്ച് നവയുഗം അല്‍ഹസ്സ മേഖല ജീവകാരുണ്യവിഭാഗം കണ്‍വീനര്‍ അബ്ദുള്‍ ലത്തീഫ് മൈനാഗപ്പള്ളിയും, സാമൂഹ്യപ്രവര്‍ത്തകന്‍ മണി മാര്‍ത്താണ്ഡവും ചേര്‍ന്ന് ഈ കേസ് ഏറ്റെടുക്കുകയായിരുന്നു.

അവരുടെ സഹായത്തോടെ പവിത്രന്‍ ലേബര്‍ കോടതിയില്‍ കമ്പനിയ്‌ക്കെതിരെ കേസ് ഫയല്‍ ചെയ്തു. ഇതറിഞ്ഞ സ്‌പോണ്‍സര്‍, പവിത്രന്‍ ഇരുപതിനായിരം റിയാല്‍ മോഷ്ടിച്ചു എന്ന് കള്ളക്കേസ് കൊടുത്തു. എന്നാല്‍ മോഷണം നടന്ന ദിവസത്തിന് രണ്ടു ദിവസം മുന്‍പേ പവിത്രന്‍ ക്യാമ്പും ഓഫിസും ഉപേക്ഷിച്ച് ദമ്മാമില്‍ എത്തിയിരുന്നെന്ന് തെളിയിച്ചതോടെ കോടതി ആ മോഷണകേസ് തള്ളി.

മൂന്നു മാസത്തോളം ലേബര്‍ കോടതിയില്‍ കേസ് നടന്നു. അബ്ദുള്‍ ലത്തീഫ് മൈനാഗപ്പള്ളിയും മണി മാര്‍ത്താണ്ഡവും കേസില്‍ പവിത്രനുവേണ്ടി ഹാജരായി വാദിയ്ക്കുകയും, സ്‌പോണ്‍സറുമായി നിരന്തരം ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. കേസില്‍ താന്‍ പരാജയപ്പെടും എന്ന് മനസ്സിലായ സ്‌പോണ്‍സര്‍ ഒടുവില്‍ ഒത്തുതീര്‍പ്പിന് തയ്യാറായി. ആറു മാസത്തെ ശമ്പളകുടിശ്ശിക നല്‍കാനും, ഫൈനല്‍ എക്‌സിറ്റും, വിമാനടിക്കറ്റും നല്‍കാനും സ്‌പോണ്‍സര്‍ തയ്യാറായി.

നവയുഗത്തിന്റെ സഹായത്തോടെ നിയമനടപടികള്‍ പെട്ടെന്ന് പൂര്‍ത്തിയാക്കി, എല്ലാവര്‍ക്കും നന്ദി പറഞ്ഞ് പവിത്രന്‍ നാട്ടിലേയ്ക്ക് മടങ്ങി.

ഫോട്ടോ: പവിത്രന്‍ (മധ്യത്തില്‍) അബ്ദുള്‍ലത്തീഫ് മൈനാഗപ്പള്ളിയ്ക്കും മണിയ്ക്കും ഒപ്പം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക