Image

മാപ്പിളപ്പാട്ട്, ഭരതനാട്യം, വിശുദ്ധ പ്രണയം: ഫാ. സേവേറിയോസ് തുറക്കുന്ന വാതിലുകള്‍

മീട്ടു റഹ്മത്ത് കലാം Published on 09 February, 2018
മാപ്പിളപ്പാട്ട്, ഭരതനാട്യം, വിശുദ്ധ പ്രണയം: ഫാ. സേവേറിയോസ് തുറക്കുന്ന വാതിലുകള്‍
ഫാദര്‍ സേവേറിയോസിലെ പ്രതിഭാധനനായ എഴുത്തുകാരനെയും ഭാവ ഗായകനെയും ഭരതനാട്യ നര്‍ത്തകനെയും ആത്മീയ ഗവേഷകനെയും വര്‍ത്തമാനകാലം കൗതുകത്തോടെയാണ് നോക്കിക്കാണുന്നത് . സമൂഹ മാധ്യമങ്ങളിലൂടെ ഇതിനോടകം ശ്രദ്ധേയനായി മാറിയ അദ്ദേഹത്തിന്റെ വാതായനങ്ങള്‍ തുറന്നിടുകയാണ് ഈ അഭിമുഖത്തില്‍.

ഭക്തിസാന്ദ്രമായ ആശ്രമാന്തരീക്ഷം.

സുറിയാനി സഭയുടെ നിരണം ഭദ്രാസനത്തിനു കീഴിലുള്ള ആനിക്കാട് മോര്‍ ഗ്രീഗോറിയോസ് ആശ്രമമാണ്.

നേരത്തെ പറഞ്ഞു വെച്ചിരുന്നതു കൊണ്ട് പതിവു തിരക്കുകളില്‍ കുറച്ച് മാറ്റം വരുത്തി തന്റെ സ്വകാര്യ മുറിയില്‍ ഫാ. സെവേറിയോസ് എത്തിയപ്പോള്‍ ചുവരിലെ ക്ലോക്കില്‍ സമയം 9.30. ഗ്രീക്ക് ഭാഷയില്‍ കൃത്യനിഷ്ഠ എന്നര്‍ത്ഥം വരുന്ന പേര് അന്വര്‍ത്ഥമാക്കുന്ന കൃത്യത സമയം പാലിക്കുന്നതില്‍ മാത്രമായിരുന്നില്ല. ആദ്യാവസാനം അദ്ദേഹം സംസാരിച്ചതുേ പാലും വാക്കുകള്‍ കൃത്യമായി അളന്നു തൂക്കിയാണ്...

ഫാദറിന്റെ വ്യക്തി ജീവിതത്തിന്റെ പ്രൊഫൈല്‍ നോക്കിയാല്‍ സാധാരണ പുരോഹിതന്മാരില്‍ നിന്ന് വ്യത്യസ്തത തോന്നി. അതിനെക്കുറിച്ച് ഒന്ന് വിശദീകരിക്കാമോ?

മനപൂര്‍വ്വമായി വ്യത്യസ്തനായേക്കാം എന്ന ലക്ഷ്യത്തോടെ ഞാന്‍ ഇതുവരെ ഒന്നും ചെയ്തിട്ടില്ല. മനസ്സിന് ശരിയെന്ന് ബോധ്യം തോന്നുന്ന കാര്യങ്ങളുമായേ ഇതുവരെ മുന്നോട്ടു പോയിട്ടുള്ളൂ. അതൊരു പക്ഷേ വളര്‍ന്നു വന്ന സാഹചര്യങ്ങളുടെയും ഗുരുക്കന്മാരുടെയും സ്വാധീനം കൊണ്ടാകാം.

ചെങ്ങന്നൂരിനടുത്ത് പ്രയാര്‍ എന്ന സ്ഥലത്താണ് ഞാന്‍ ജനിച്ചു വളര്‍ന്നത്. പപ്പ തോമസ് മാത്യു 26 വര്‍ഷമായി സൗദിയില്‍ ജോലി ചെയ്യുന്നു. കണ്‍സ്ട്രക്ഷന്‍ പ്ലാന്റില്‍ ചീഫ് ഓപ്പറേറ്റര്‍ ആണ്. 'അമ്മ എല്‍സി വീട്ടമ്മയാണ്. അനുജന്‍ അജീഷ് ദമാമില്‍ എഞ്ചിനീയര്‍. മലങ്കര കത്തോലിക്ക സഭയ്ക്ക് കീഴിലുള്ള സ്ഥാപനങ്ങളിലായിരുന്നു എന്റെ സ്‌കൂളിംഗ്. ആത്മീയതയിലേക്ക് അടുപ്പിച്ചതില്‍ അതും ഒരു ഘടകമാണ്.

പൊളിറ്റിക്കല്‍ സയന്‍സിലും സുറിയാനി ഭാഷയിലും സോഷ്യോളജിയിലും തീയോളജിയിലും പിജി ചെയ്തതോടെ വീക്ഷണങ്ങള്‍ക്ക് ഒരുപാട് മാറ്റം സംഭവിച്ചു. മെഡിക്കല്‍ സൈക്യാട്രിയില്‍ എം.എസ്. ഡബ്ലു ചെയ്തതിലൂടെ ആളുകളുടെ മനസ്സ് കൂടുതലായി മനസ്സിലാക്കാന്‍ സാധിച്ചു.

വൈദികപഠനത്തിന്റെ ഭാഗമായി കൗണ്‍സിലിംഗ് കോഴ്‌സ് ചെയ്തിട്ടുണ്ടെങ്കിലും ശാസ്ത്രീയമായ വശം കൂടി പഠിക്കാന്‍ കഴിഞ്ഞത് ഒരുപാട് ഗുണം ചെയ്തു.

വൈദികവൃത്തി തെരഞ്ഞെടുക്കാനുള്ള കാരണം?

പഠിക്കുമ്പോള്‍ ഡോക്ടര്‍, പത്രപ്രവര്‍ത്തകന്‍, വക്കീല്‍ എന്നീ മൂന്ന് പ്രൊഫഷനുകളിലൊന്ന് മാത്രമേ ആഗ്രഹിച്ചിരുന്നുള്ളു. സമൂഹത്തില്‍ നേരിട്ടിറങ്ങി പ്രവര്‍ത്തിക്കാം എന്നതു കൊണ്ടാണ് ഈ തൊഴിലുകളോട് ഇഷ്ടം തോന്നിയിരുന്നത്. ഗവേഷണപഠനം പൂര്‍ത്തിയാകുമ്പോള്‍ എല്‍.എല്‍.ബി ചെയ്യണം.

പതിനഞ്ചാം വയസ്സില്‍ ഒരു ക്യാമ്പില്‍ പങ്കെടുത്തതോടെയാണ് വൈദികനായാല്‍ സമൂഹത്തെ സേവിക്കാന്‍ കൂടുതലായി അവസരം ലഭിക്കുമെന്ന് ചിന്തിച്ച് തുടങ്ങിയത്. സന്യാസ ജീവിതം സ്വീകരിക്കാന്‍ ആഗ്രഹം ജനിച്ചത് , ബഥനി ആശ്രമത്തിലെ അച്ചന്മാരുമായി അടുത്തിടപഴകാന്‍ സാധിച്ചതുമുതലാണ് . ബഥനി സിസ്റ്റേഴ്‌സും ഈ ജീവിതം തെരഞ്ഞെടുക്കാന്‍ പ്രചോദനമായിട്ടുണ്ട്.

എന്റെ 'അമ്മ റോമന്‍ കാത്തലിക്ക് ആണ്. കന്യാസ്ത്രീകളും അച്ചന്മാരുമൊക്കെ കുടുംബത്തില്‍ തന്നെയുണ്ട്. അമ്മവീട്ടുകാര്‍ക്ക് എന്റെ തീരുമാനത്തില്‍ എതിര്‍പ്പ് തോന്നിയിരുന്നില്ല. പപ്പ സിറിയന്‍ സമുദായത്തില്‍പ്പെട്ട ആളാണ്. വൈദികര്‍ക്ക് വിവാഹം ചെയ്യാന്‍ സഭ അനുവദിച്ചിട്ടും ഞാന്‍ സന്യാസ ജീവിതം തെരഞ്ഞെടുത്തതിലായിരുന്നു അവര്‍ക്ക് എതിര്‍പ്പ്. പിന്നീടെപ്പോഴെങ്കിലും ഒരു കൂട്ടുവേണമെന്ന് തോന്നിയാലോ, ഏകാന്തത അലട്ടിയാലോ എന്നൊക്കെ പലതും അവര്‍ പറഞ്ഞു നോക്കി. അച്ചനാകുന്നെങ്കില്‍ സന്യാസ ജീവിതം നയിച്ചുകൊണ്ടുതന്നെ വേണമെന്ന് ഞാനുറപ്പിച്ചിരുന്നു.

സുറിയാനി പഠിച്ചത് മാപ്പിളപ്പാട്ട് പാടാന്‍ ഉപകരിച്ചിട്ടുണ്ടോ?

തീര്‍ച്ചയായും. സുറിയാനിയും അറബിയും തമ്മില്‍ സമാനതകളുണ്ട്. രണ്ടും എഴുതുന്നതും വായിക്കുന്നതും വലത്തുനിന്ന് ഇടത്തോട്ടാണ്, വാക്കുകളില്‍ ഈണം ഒളിഞ്ഞു കിടക്കും. പദ്യം ചൊല്ലുക എന്നു പറയും പോലെ പ്രാര്‍ത്ഥന ചൊല്ലുന്നതാണ് ഇരുകൂട്ടരുടെയും രീതി. ചന്തംചാര്‍ത്തലിന്റെ പാട്ടുകള്‍ക്കൊപ്പം മാപ്പിളപ്പാട്ട് പാടുമ്പോള്‍ സ്വീകാര്യത ഉണ്ടാകുന്നത് ഈ സമാനതകള്‍കൊണ്ടാണ്.

സംഗീതത്തിന് മതമില്ലെന്നതിനു വേറെ തെളിവ് വേണോ? ഒന്നിരുത്തി ചിന്തിച്ചാല്‍ എല്ലാമതങ്ങളും ഒന്നാണെന്നുപോലും അതിലൂടെ ബോധ്യമാകും. മനുഷ്യ നന്മയെക്കുറിച്ചാണ് എല്ലാ മതങ്ങളും പഠിപ്പിക്കുന്നത്.

ഒരു ക്രിസ്ത്യന്‍ പുരോഹിതന്‍ മാപ്പിളപ്പാട്ട് പാടുന്നെന്ന് കേള്‍ക്കുമ്പോള്‍ തന്നെ കൗതുകം തോന്നും. എങ്ങനായിരുന്നു തുടക്കം?

സംഗീതത്തോടുള്ള അഭിരുചി പാരമ്പര്യമായി തന്നെ വന്നതാണ്. പപ്പ ഗാനമേളകളില്‍ തബലിസ്റ്റായിരുന്നു.

അനുജന്‍ നന്നായി ഗിത്താര്‍ വായിക്കും. കുട്ടിക്കാലത്ത് പപ്പയുടെ പെങ്ങന്മാരും കസിന്‍സുമൊക്കെ ഒത്തുചേരുമ്പോള്‍ വീടൊരു ഗാനമേള ട്രൂപ്പ് ആകുമായിരുന്നു. താല്പര്യം ഉള്ളതു കൊണ്ടു തന്നെയാണ് സംഗീതത്തില്‍ ഡിപ്ലോമ കോഴ്‌സ് ചെയ്തത്.

ഗോള്‍ഡന്‍ ബെല്‍സ് എന്ന ട്രൂപ്പ് നടത്തിയിരുന്ന ബെന്നി ചേട്ടന്റെ കുടുംബം തലശ്ശേരിയില്‍ കുടിയേറി പോയവരാണ്. അതു കൊണ്ടു തന്നെ മലബാറിന്റെ സംസ്‌കാരത്തെയും കലകളെയുംക്കുറിച്ച് നല്ല അറിവുണ്ടായിരുന്നു അദ്ദേഹത്തിന് . ചേട്ടന്‍ ക്വയറിലെ പാട്ടുകള്‍ പാടാന്‍ എന്നെയും കൂട്ടിയിരുന്നു. കൂടുതലും കല്യാണങ്ങള്‍ക്കാണ് . ഒരിക്കല്‍ പ്രോഗ്രാമിനിടയില്‍ സമയം അഡ്ജസ്റ്റ് ചെയ്യാന്‍ എന്റെ ശബ്ദം മാപ്പിളപ്പാട്ട് പാടാന്‍ യോജിച്ചതാണെന്ന് ആദ്യമായി തിരിച്ചറിഞ്ഞത് ബെന്നി ചേട്ടനാണ്.

കണ്ണൂര്‍ ഷെരീഫ് പാടിയ ' സംകൃത പമ ഗരി' പോലുള്ള പാട്ടുകള്‍ കേട്ടു നോക്കാന്‍ പറഞ്ഞ് കാസറ്റ് തന്നെങ്കിലും വാക്കുകള്‍ മനസിലായില്ല. വരികള്‍ കേട്ട് എഴുതിയെടുക്കാന്‍ പോലും കഴിയാത്ത സ്പീഡ്. എന്നെക്കൊണ്ട് പഠിപ്പിക്കണമെന്ന ആഗ്രഹത്തോടെ ബെന്നി ചേട്ടന്‍ തന്നെ മാപ്പിളപ്പാട്ടുകളുടെ വരികളെഴുതിയ പുസ്തകവും വാങ്ങിത്തന്നു. പിന്നീട് മോയീന്‍കുട്ടി, ഉബൈദ് മാഷിന്റെയുമെല്ലാം പാട്ടുകള്‍ ഞാന്‍ ഹൃദിസ്ഥമാക്കി. മലബാറിലെ മൈലാഞ്ചിക്കല്യാണങ്ങള്‍ക്കും ഒപ്പനയ്ക്കുമൊക്കെ അങ്ങനെ പാടി. ബെന്നി ചേട്ടന്‍ ഇന്ന് ജീവിച്ചിരിപ്പില്ല. ഗുരുസ്ഥാനത്തുള്ള അദ്ദേഹത്തെ ഓര്മിച്ചു കൊണ്ടേ ഞാന്‍ പാടാറുള്ളു.

ആശ്രമ ജീവിതം സംഗീത ജീവിതത്തിന് എപ്പോഴെങ്കിലും ബ്രേക്ക് നല്‍കിയോ?

സത്യത്തില്‍, ആശ്രമത്തില്‍ കഴിയുമ്പോഴും ഞാന്‍ കാസെറ്റുകള്‍ക്കു വേണ്ടി ട്രാക്ക് പാടിയിരുന്നു. വായനാ ശീലമുള്ളതുകൊണ്ട് പുസ്തകങ്ങള്‍ വാങ്ങാനുള്ള മാര്‍ഗമായേ അതിനെ കണ്ടിരുന്നുള്ളൂ. അന്ന് സുറിയാനി സഭയില്‍ കുറച്ചുകൂടി പരിമിതികള്‍ നിലനിന്നിരുന്നു. അതുകൊണ്ടുതന്നെ ട്രാക്കായി പാടിയത് കാസറ്റില്‍ ഉള്‍ക്കൊള്ളിച്ചപ്പോഴും സ്വന്തം പേര് കൊടുക്കാന്‍ ധൈര്യപ്പെട്ടില്ല. പുതിയ ബിഷപ്പിന്റെ വരവോടെയാണ് ഈ മാറ്റം.

ബിഷപ്പിന്റെ പിന്തുണയും സ്വാധീനവും ?

ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് തിരുമേനി മതനിരപേക്ഷതയുടെ വക്താവാണ്. ഏറ്റവും വലിയ കമ്മ്യൂണിസ്റ്റും സോഷ്യലിസ്റ്റുമായ യേശു ക്രിസ്തുവിന്റെ യഥാര്‍ത്ഥ അനുഭാവി എന്നു തന്നെ പറയാം. കോട്ടയം ഭാരത് ഹോസ്പിറ്റലില്‍ നഴ്‌സുമാര്‍ക്കുണ്ടായ പ്രശ്‌നത്തില്‍ അവര്‍ക്കൊപ്പം സമരപ്പന്തലില്‍ ഇരുന്നയാളാണ്. ദളിതരുടെ പ്രശ്‌നങ്ങള്‍ക്കുവേണ്ടി ഡല്‍ഹിയില്‍ പോയി അറസ്റ്റ് വരിക്കാന്‍ പോലും മടിക്കാതിരുന്ന അദ്ദേഹത്തെ പരിചയപ്പെട്ടത് മുതലാണ് ശരിയെന്ന് തോന്നുന്നത് തന്റേടത്തോടെ ചെയ്തു തുടങ്ങിയത്.

ചാനലില്‍ ഞാന്‍ പെര്‍ഫോം ചെയ്ത ഫോട്ടോ അയച്ചു കൊടുത്തപ്പോള്‍ തന്നെ ബിഷപ്പ് തന്റെ ഫേസ്ബുക് പേജില്‍ അത് പോസ്റ്റ് ചെയ്തു. ഇതില്‍ കൂടുതല്‍ എന്ത് പിന്തുണയാണ് വേണ്ടത്? തിരുമേനി എന്നെ ഉപദേശിക്കുന്നൊരു കാര്യം പ്രകൃതിയോട് ഇണങ്ങി ജീവിക്കുക എന്നതാണ്. സന്യാസിക്ക് മണ്ണിനോട് ബന്ധമുണ്ടാകണമെന്ന ആ വാക്കു മാനിച്ചാണ് അലര്‍ജി പോലും അവഗണിച്ച് ഞാന്‍ ചെടികള്‍ നട്ടുവളര്‍ത്താന്‍ തീരുമാനിച്ചത്.

സമൂഹ മാധ്യമങ്ങള്‍ താങ്കളുടെ പെര്‍ഫോമന്‍സ് ഏറ്റെടുത്തപ്പോള്‍ എന്തു തോന്നി?

സമൂഹ മാധ്യമങ്ങളില്‍ ഞാന്‍ മുന്‍പേ സജീവമായിരുന്നു. സൊസൈറ്റിയില്‍ ഇറങ്ങിച്ചെന്ന് പറയാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ഞാന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യാറുണ്ട്. എന്റെ എഴുത്തു കുത്തുകള്‍ സ്ഥിരമായി വായിക്കുന്നവരും തിരക്കുകള്‍ മൂലം എഴുതാന്‍ കഴിയാതെ വന്നാല്‍ , എന്തുപറ്റിയെന്ന് അന്വേഷിക്കുന്നവരും പരാതി പറയുന്നവരുമായ ഒരുപാട് പേരുണ്ട്.

യൂട്യൂബില്‍ ഞാന്‍ പാടിയ മാപ്പിളപ്പാട്ടിന്റെ വീഡിയോ വന്നപ്പോള്‍ കിട്ടിയതും , നമ്മള്‍ അറിയാത്ത കുറെ ആളുകളുടെ സ്‌നേഹമാണ്. വാട്‌സാപ്പില്‍ തന്നെ ' ഇശല്‍ മാനസം,' ഇശല്‍ അറേബ്യ ', തുടങ്ങി പല മാപ്പിളപ്പാട്ട് ഗ്രൂപ്പുകളിലും സജീവമാണ്. ജീവിതപ്രാരാബ്ധങ്ങള്‍ക്കിടയില്‍ കലയെ മൂടിവച്ച പലര്‍ക്കും അതിലേക്ക് തിരികെ എത്താനുള്ള പ്രചോദനമായി എന്റെ പെര്‍ഫോമന്‍സ് എന്ന് കേള്‍ക്കുമ്പോഴാണ് ഏറ്റവും വലിയ സന്തോഷം.

ഭരതനാട്യം പഠിക്കാനുണ്ടായ പ്രേരണ?

ഭരത മുനിയുടെ നാട്യശാസ്ത്രം എന്നൊക്കെ കേള്‍ക്കുമ്പോള്‍ തന്നെ കൗതുകം കലര്‍ന്ന താല്പര്യം എന്നോ തോന്നിയിരുന്നു. എം. എ . സുറിയാനി പഠിക്കുന്നതിനിടയില്‍, കോട്ടയത്തുവച്ച് കലാമണ്ഡലം പത്മിനി ടീച്ചറില്‍ നിന്നാണ് ഭരതനാട്യം അഭ്യസിച്ചത്.

വിശുദ്ധ പ്രണയമെന്നൊരു പുസ്തകത്തിന്റെ പണിപ്പുരയിലാണെന്ന് കേട്ടു. വൈദികന് പ്രണയിക്കുമോ?

(ചിരിക്കുന്നു)

കബീര്‍ ദാസിന്റെ ദോഹയിലായാലും മീരാബായ് കൃഷ്ണനെ പ്രകീര്‍ത്തിച്ചെഴുതിയ കവിതകളിലായാലും പ്രണയമാണ് വിഷയം. പരംപൊരുളില്‍ ലയിച്ചു ചേരുമ്പോള്‍ ഉണ്ടണ്ടാകുന്ന ആ അനുഭൂതിയെ വിശുദ്ധ പ്രണയമെന്നു വിളിക്കാനാണ് എനിക്കിഷ്ടം.

' എന്റെ ഹൃദയത്തിന്റെ വടക്കുകിഴക്കേ അറ്റത്ത് ' എന്ന് പറഞ്ഞ് വൈദികന്റെ പ്രണയം കേന്ദ്രീകരിച്ചുള്ള ഷോര്‍ട്ട് ഫിലിം വൈറല്‍ ആയിരുന്നല്ലോ... അതിന് സമാനമായ ഒരനുഭവം എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. അതും എഴുതുന്നുണ്ട്. കുഞ്ചാക്കോ ബോബന്‍ അഭിനയിച്ച ' രാമന്റെ ഏദന്‍തോട്ടം ' എന്ന ചിത്രത്തിലെ ബന്ധവും എനിക്കൊരുപാട് റിലേറ്റ് ചെയ്യാന്‍ പറ്റി.

എല്ലാവരുടെ ഉള്ളിലും പ്രണയം ഉണ്ടായിരിക്കണം. പക്ഷെ, അതൊരിക്കലും തെറ്റിലേക്ക് കടക്കരുത്. നിശ്ചലമായ ജലാശയത്തില്‍ നോക്കി പ്രതിബിംബത്തിന്റെ സൗന്ദര്യം ആസ്വദിക്കുമ്പോള്‍ നേര്‍ത്ത അനക്കം കൊണ്ടു പോലും പ്രതിബിംബം ഉടഞ്ഞു പോകാം. നമ്മള്‍ നമ്മെത്തന്നെ കണ്ടെത്തുന്നതാകണം പ്രണയം. തണ്ടിലിരിക്കുന്ന പനിനീര്‍ പുഷ്പത്തിന്റെ ഇതളുകള്‍ പൊഴിക്കാതെ തന്നെ ഗന്ധവും സൗന്ദര്യവും അറിഞ്ഞ് ചുംബിക്കുന്നതാണ് വിശുദ്ധ പ്രണയം. വൈദികന്‍ പ്രണയിക്കുന്നു എന്നുപറയുമ്പോള്‍ ആ വാക്കിനു കൊടുക്കുന്ന അര്‍ഥം മനസ്സിലാക്കാന്‍ ശ്രമിക്കണം.

ഇസ്ലാം മതവിശ്വാസിയായ സുഹൃത്തിനൊപ്പമെടുത്ത ഫോട്ടോയും ഫേസ്ബുക്കില്‍ ഹിറ്റ് ആയിരുന്നല്ലോ?

അതങ്ങനെ തീരുമാനിച്ചുറപ്പിച്ച് എടുത്തതാണ്. എന്റെ സുഹൃത്ത് ഷഫീക്കിനൊപ്പം പതിവുപോലെ നടന്നതാണ്. വൈദികവേഷം ധരിച്ച എന്റെകൂടെ മുസ്ലീങ്ങളുടെ തൊപ്പി വെച്ച കൂട്ടുകാരന്‍ നടന്നുവന്നതിലെ കൗതുകം കണ്ട് ചുറ്റും നിന്ന കുറച്ചുപേര്‍ വെറുതെ എടുത്ത ഫോട്ടോ ആണത്. ആരൊക്കെയോ പറഞ്ഞു പറഞ്ഞ് മതത്തിന്റെ പേരില്‍ അകല്‍ച്ച ഉണ്ടാക്കിയതാണ്. യഥാര്‍ത്ഥത്തില്‍ അങ്ങനൊരു ചിന്ത ഇല്ലാത്തതുകൊണ്ട് എനിക്കതില്‍ വലിയ കാര്യം തോന്നിയില്ല. ഇപ്പോഴും മുസ്ലിം സുഹൃത്തിന്റെ ഫ്‌ലാറ്റിന്റെ സ്‌പെയര്‍ കീ എന്റെ കയ്യിലാണ്.

ധ്യാനം മനസ്സിനെ എങ്ങനൊക്കെ മാറ്റും?

ആഴ്ചയിലൊരു ദിവസം ആശ്രമത്തില്‍ മൗനം അനുഷ്ഠിക്കാറുണ്ട്. മണിക്കൂറുകളോളം ഒരുവിഷയത്തെക്കുറിച്ച് സംസാരിക്കുന്ന എനിക്ക് ചില നേരങ്ങളില്‍ ഒന്നും മിണ്ടാതിരിക്കാന്‍ കഴിയുന്നത് ഈ മനോബലം കൊണ്ടാണ്. മനസ്സിനെ നവീകരിക്കുന്ന ധ്യാനമാണ് മൗനം. അത്യാവശ്യമെന്ന് തോന്നുന്നത് മാത്രം ആഗ്രഹിക്കാനും വേണ്ടാത്ത ചിന്തകള്‍ അകറ്റാനും ധ്യാനത്തിലൂടെ കഴിയും.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെക്കുറിച്ച്?

വലം കൈ ചെയ്യുന്നത് ഇടം കൈ അറിയരുതെന്നാണ്. കിട്ടുന്ന പണം നിര്‍ധനരായ കുട്ടികളുടെ പഠനത്തിനായി ഉപയോഗിക്കാറുണ്ട്. സ്വന്തം സ്വത്തുവിറ്റു കിട്ടിയ പണം സഭയെ ഏല്പിച്ചപ്പോള്‍ മക്കളില്ലാത്ത വൃദ്ധ ദമ്പതികള്‍ ചോദിച്ചതിതാണ് : ' ഞങ്ങളെ നല്ല മരണത്തിന് വിട്ടുകൊടുക്കാമോ അച്ചോ?' എന്നെ ആ വാക്കുകള്‍ ഒരുപാട് ചിന്തിപ്പിച്ചു. അവരെപ്പോലുള്ളവരെ സ്വന്തം മാതാപിതാക്കളെപ്പോലെയാണ് ഞങ്ങള്‍ ആശ്രമത്തില്‍ പരിചരിക്കുന്നത്. എന്റെ പ്രായം ഇരുപതുകളിലാണെങ്കിലും അറുപത് കഴിഞ്ഞവരോട് ഇടപഴകാനാണ് കൂടുതല്‍ താല്പര്യം.

മനസ്സിനോട് ചേര്‍ന്ന് നില്‍ക്കുന്ന എഴുത്തുകാര്‍?

മാധവിക്കുട്ടിയെ ഒരുപാട് ഇഷ്ടമാണ്. ഈ കാലഘട്ടത്തില്‍ ജീവിച്ചിരിക്കേണ്ട ഒരാളായിരുന്നു അവരെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.' നെയ്പായസം ' എന്നൊരു ചെറുകഥ വായിച്ചതില്‍ പിന്നെയുള്ള ആരാധനയാണ്. അതിലെ അമ്മ മനസ്സും മറിയത്തെയും ചേര്‍ത്ത് ഞാന്‍ എഴുതിയിട്ടുണ്ട്. മാധവിക്കുട്ടിയുടെ മിക്ക പുസ്തകങ്ങളും എന്റെ ഗ്രന്ഥശേഖരത്തിലുണ്ട്. ഓഷോയുടെയും ഖലീല്‍ ജിബ്രാന്റെയും എഴുത്തിനോടും അങ്ങനൊരിഷ്ടമുണ്ട്.

വായനക്കാരോട് എന്താണ് പറയാനുള്ളത്?

വായിക്കാന്‍ സാധിക്കുന്നവര്‍ വായിക്കുക. കേള്‍ക്കാന്‍ സാധിക്കുന്നവര്‍ കേള്‍ക്കുക. പറയാന്‍ കഴിയുന്നവര്‍ പറയുക. അതെല്ലാം നന്മയിലാകട്ടെ. ചിരിക്കുക , ചിരിപ്പിക്കുക ...

ഒരിക്കലെന്നോടൊരു അമ്മച്ചി ചോദിച്ചു: ' എന്താണച്ചോ ഈ സുവിശേഷം?' അന്ന് ഞാന്‍ പറഞ്ഞ ഉത്തരം ഇതാണ്:' ഒരു വ്യക്തി നമ്മള്‍ പറഞ്ഞ കാര്യം കേട്ട് സന്തോഷിച്ചെങ്കില്‍ , അതാണ് സുവിശേഷം'. അതിന് മതമോ ജാതിയോ വര്‍ഗ്ഗമോ ഒന്നും അതിര്‍ വരമ്പാകേണ്ടതില്ല. ദൈവം ആദത്തെ മണ്ണില്‍ നിന്ന് മെനഞ്ഞുണ്ടാക്കി എന്നാണ് ബൈബിളില്‍ പറഞ്ഞിരിക്കുന്നത്. അപ്പോള്‍ ദൈവം തന്നെയാണ് ഏറ്റവും വലിയ കലാകാരന്‍. അന്ധവിശ്വാസങ്ങളുടെ പേരില്‍ ഉള്ളിലുള്ള കലാവാസനകള്‍ പരിപോഷിപ്പിക്കാതെ പോകരുത്.  
(കടപ്പാട്: മംഗളം) 
മാപ്പിളപ്പാട്ട്, ഭരതനാട്യം, വിശുദ്ധ പ്രണയം: ഫാ. സേവേറിയോസ് തുറക്കുന്ന വാതിലുകള്‍മാപ്പിളപ്പാട്ട്, ഭരതനാട്യം, വിശുദ്ധ പ്രണയം: ഫാ. സേവേറിയോസ് തുറക്കുന്ന വാതിലുകള്‍മാപ്പിളപ്പാട്ട്, ഭരതനാട്യം, വിശുദ്ധ പ്രണയം: ഫാ. സേവേറിയോസ് തുറക്കുന്ന വാതിലുകള്‍മാപ്പിളപ്പാട്ട്, ഭരതനാട്യം, വിശുദ്ധ പ്രണയം: ഫാ. സേവേറിയോസ് തുറക്കുന്ന വാതിലുകള്‍മാപ്പിളപ്പാട്ട്, ഭരതനാട്യം, വിശുദ്ധ പ്രണയം: ഫാ. സേവേറിയോസ് തുറക്കുന്ന വാതിലുകള്‍മാപ്പിളപ്പാട്ട്, ഭരതനാട്യം, വിശുദ്ധ പ്രണയം: ഫാ. സേവേറിയോസ് തുറക്കുന്ന വാതിലുകള്‍മാപ്പിളപ്പാട്ട്, ഭരതനാട്യം, വിശുദ്ധ പ്രണയം: ഫാ. സേവേറിയോസ് തുറക്കുന്ന വാതിലുകള്‍മാപ്പിളപ്പാട്ട്, ഭരതനാട്യം, വിശുദ്ധ പ്രണയം: ഫാ. സേവേറിയോസ് തുറക്കുന്ന വാതിലുകള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക