Image

കൊളോണ്‍ കേരള സമാജം വാര്‍ഷിക പൊതുയോഗം നടത്തി

Published on 09 February, 2018
കൊളോണ്‍ കേരള സമാജം വാര്‍ഷിക പൊതുയോഗം നടത്തി

കൊളോണ്‍: കൊളോണ്‍ കേരളസമാജത്തിന്റെ വാര്‍ഷിക പൊതുയോഗം ജനുവരി 19ന് വൈകുന്നേരം നാലിന് കൊളോണ്‍ റാഡര്‍ത്താലിലെ സെന്റ് മരിയ എംഫേഗ്നസ് ദേവാലയ പാരീഷ് ഹാളില്‍ നടത്തി. സമാജം ജനറല്‍ സെക്രട്ടറി ഡേവീസ് വടക്കുംചേരി അധ്യക്ഷത വഹിച്ചു. ഈശ്വരപ്രാര്‍ത്ഥനയ്ക്കു ശേഷം ജനറല്‍ സെക്രട്ടറിയുടെ സ്വാഗതത്തോടെ യോഗം ആരംഭിച്ചു. സമാജത്തിന്റെ സ്ഥാപകാംഗവും ആദ്യത്തെ വൈസ് പ്രസിഡന്റുമായ ജേക്കബ് ദാനിയേലിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. ആത്മശാന്തിയ്ക്കായി പ്രാര്‍ത്ഥനയും നടത്തി. 

സമാജം ജനറല്‍ സെക്രട്ടറി ഡേവീസ് വടക്കുംചേരി 2017 ലെ വാര്‍ഷിക റിപ്പോര്‍ട്ടും വിവരങ്ങളും നല്‍കി. ട്രഷറാര്‍ ഷീബ കല്ലറയ്ക്കല്‍ പോയ വര്‍ഷത്തെ വരവുചെലവു കണക്കുകളും, ഓഡിറ്റര്‍ ജോസി ചെറിയാന്‍ ഓഡിറ്റ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു. തുടര്‍ന്നു നടന്ന ചര്‍ച്ചകള്‍ക്കു ശേഷം റിപ്പോര്‍ട്ടും, കണക്കുകളും ഐക്യകണ്‌ഠേന പാസാക്കി. സമാജത്തിന്റെ പോയ വര്‍ഷത്തെ പ്രവര്‍ത്തനവും മറ്റു ആഘോഷപരിപാടികളും ചര്‍ച്ചകളില്‍ നിറഞ്ഞു നിന്നു. പ്രവര്‍ത്തനത്തിന്റെ ശ്രേഷ്ഠമായ മികവെന്ന് പൊതുയോഗത്തില്‍ പങ്കെടുത്തവര്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടതില്‍ ഇപ്പോഴത്തെ ഭരണസമിതിയ്ക്ക് അഭിമാനിയ്ക്കാന്‍ വകയുണ്ട്.

സമാജത്തിന്റെ അടുത്ത പ്രവര്‍ത്തന വര്‍ഷത്തെ പരിപാടികള്‍ ജനറല്‍ സെക്രട്ടറി വിശദീകരിച്ചു. വാര്‍ഷിക പൊതുയോഗം, പുതുവര്‍ഷ കുടുംബസംഗമം, യൂത്ത് വിംഗ് സംഗമം 2018, പ്രാവു വളര്‍ത്തല്‍ കേന്ദ്രം സന്ദര്‍ശനം, ഇന്ത്യന്‍ വീക്ക്, ജര്‍മന്‍ കര്‍ഷകശ്രീ അവാര്‍ഡ്, ഫോര്‍ഡ് കാര്‍ കമ്പനി സന്ദര്‍ശനം, ചീട്ടുകളി (56 മല്‍സരം) കൊളോണ്‍ പൊക്കാല്‍, തിരുവോണം/ജൂബിലിയാഘോഷം, കാര്‍ഷിക ക്ലാസ്, കുക്കിംഗ് ക്‌ളാസ് എന്നിവയാണ് പരിപാടികളില്‍ ഉള്‍ക്കൊള്ളിച്ചിരിയ്ക്കുന്നത്. സമാജത്തിന് നിലവില്‍ 140 അംഗങ്ങളാണുള്ളത്. സമാജത്തിന് 35 വര്‍ഷത്തെ പ്രവര്‍ത്തന പാരന്പര്യമുണ്ട്.

യോഗത്തില്‍ ട്രഷറാര്‍ ഷീബ കല്ലറയ്ക്കല്‍ നന്ദി രേഖപ്പെടുത്തി. ജോസ് പുതുശേരി (പ്രസിഡന്റ്) സെബാസ്റ്റ്യന്‍ കോയിക്കര (വൈസ് പ്രസിഡന്റ്), പോള്‍ ചിറയത്ത് (സ്‌പോര്‍ട്‌സ് സെക്രട്ടറി), ജോസ് കുന്പിളുവേലില്‍ (കള്‍ച്ചറല്‍ സെക്രട്ടറി), ജോസ് നെടുങ്ങാട് (ജോ.സെക്രട്ടറി) എന്നിവര്‍ ഭരണസമിതിയംഗങ്ങളും ബൈജു പോള്‍, ഡോ.മരിയ നിക്കോ പുതുശേരി, റീന പാലത്തിങ്കല്‍ എന്നിവര്‍ യൂത്ത് വിംഗ് പ്രതിനിധികളുമാണ്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക