Image

വ്യക്തമായ കര്‍മ്മപരിപാടികളുമായി ഫോമാ പ്രസിഡന്റ് സ്ഥാനത്തേക്കു ഫിലിപ്പ് ചാമത്തില്‍

Published on 08 February, 2018
വ്യക്തമായ കര്‍മ്മപരിപാടികളുമായി ഫോമാ പ്രസിഡന്റ് സ്ഥാനത്തേക്കു ഫിലിപ്പ് ചാമത്തില്‍
ഒച്ചപ്പാടും ബഹളവുമൊന്നും ഇല്ലെങ്കിലും ഫോമാ തെരഞ്ഞെടുപ്പ് പ്രചാരണം അണിയറയില്‍ തകൃതിയായി നടക്കുന്നു. മാധ്യമങ്ങള്‍ക്കു പകരം ഫോണ്‍ കോളുകളും സോഷ്യല്‍ മീഡിയയും സ്ഥാനാര്‍ത്ഥികള്‍ ഉപയോഗപ്പെടുത്തുന്നു.

ചിക്കാഗോയില്‍ ജൂണ്‍ അവസാനം നടക്കുന്ന ഫോമ കണ്‍വന്‍ഷന്‍ ഒരു ഇലക്ഷന്‍ കണ്‍വന്‍ഷനായിരിക്കില്ല എന്നാണ് സ്ഥിതിഗതികള്‍ സൂചിപ്പിക്കുന്നത്. മുമ്പൊക്കെ ഇലക്ഷന്റെ ചേരിപ്പോരും വാശിയും വോട്ടര്‍മാരെ കണ്‍വന്‍ഷനില്‍ കൊണ്ടുവരുന്ന സ്ഥിതിയുണ്ടായിരുന്നു. ഇത്തവണ അതു കാണുന്നില്ല. ഇപ്പോഴത്തെ ഫോമ സാരഥികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും അഭിമാനിക്കാം.

അടുത്ത കണ്‍വന്‍ഷന്‍ ഡാളസില്‍ (2020) ആയിരിക്കുമെന്നതില്‍ അവിടെ നിന്നുള്ള പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ ഫിലിപ്പ് ചാമത്തിലിനു സംശയമൊന്നുമില്ല. 1996-ല്‍ അവിഭക്ത ഫൊക്കാന കണ്‍വന്‍ഷനു ശേഷം ഡാളസില്‍ കണ്‍വന്‍ഷന്‍ ഉണ്ടായിട്ടില്ല. അന്നത്തെ കണ്‍വന്‍ഷനാകട്ടെ ഏറ്റവും മികച്ചവയില്‍ ഒന്നായിരുന്നു. ഇന്നിപ്പോള്‍ ഡാളസ് ആകെ മാറി. മലയാളികളുടെ എണ്ണം കൂടുകയും കൂടുതലായി മലയാളികള്‍ അവിടേക്ക് കുടിയേറുകയും ചെയ്യുന്നു. അതിനാല്‍ മികവുറ്റ കണ്‍വന്‍ഷന്‍ നടത്താനുള്ള എല്ലാ സാഹചര്യവും ഡാളസിലുണ്ട് -ഫിലിപ്പ് ചാമത്തില്‍ പറയുന്നു.

ബന്ധപ്പെടുന്നവരെല്ലാം ഇതുതന്നെ പറയുന്നു. അതിനാല്‍ മികച്ച പിന്തുണയാണ് എല്ലാ ഭാഗത്തുനിന്നും ലഭിക്കുന്നത്.

ഇതിനകം വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് സംഘടനാ നേതാക്കളുമായി ബന്ധപ്പെട്ടു. കൂടുതല്‍ സ്ഥലങ്ങള്‍ താമസിയാതെ സന്ദര്‍ശിക്കും- 32 വര്‍ഷമായി ഡാളസ് കര്‍മ്മഭൂമിയാക്കിയ ഫിലിപ്പ് പറഞ്ഞു.

സംഘടന രണ്ടായതില്‍ വിഷമമുണ്ട്. പക്ഷെ ഒന്നിക്കാനുള്ള ഒരു സാധ്യതയും കാണുന്നില്ല. അതിനാല്‍ അതിനായി ശ്രമിക്കുന്നുമില്ല. രണ്ടു സംഘടന ഉള്ളതുകൊണ്ട് കുഴപ്പമില്ല. മലയാളികളുടെ എണ്ണം അത്രയേറെ കൂടിയിരിക്കുന്നു.

അംഗബലം കൊണ്ടും പ്രവര്‍ത്തനം കൊണ്ടും ഫോമ വലിയ നേട്ടങ്ങള്‍ കൈവരിച്ചു. അത് ഒരു പടികൂടി ഉയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങളാണ് താന്‍ ലക്ഷ്യമിടുന്നത്.

ഗ്രാന്‍ഡ് കാനിയന്‍ യൂണിവേഴ്‌സിറ്റിയുമായുള്ള ഫോമയുടെ പാര്‍ട്ട്ണര്‍ഷിപ്പ് നമ്മുടെ സമൂഹത്തെ തന്നെ മാറ്റിമറിച്ചു. ആയിരങ്ങളാണ് ആ പദ്ധതിയിലൂടെ നഴ്‌സിംഗ് ബിരുദധാരികളായത്. ബിരുദമില്ലാതെ നഴ്‌സിംഗ് രംഗത്ത് തുടരാനാവില്ലെന്ന സ്ഥിതി വരുംമുമ്പേ നമുക്ക് അതു നേടിയെടുക്കാന്‍ കഴിഞ്ഞത് നിസാര കാര്യമല്ല.

യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ്- ഡാളസിലെ (യു.ടി.ഡി) 120-ല്‍പ്പരം വിദ്യാര്‍ത്ഥികളെ ഫോമയുമായി ബന്ധപ്പെടുത്തി അണിനിരത്താന്‍ തനിക്കുകഴിഞ്ഞതും ഇതുപോലെ ദൂര്യവ്യാപകമായ ഫലങ്ങള്‍ ഉളവാക്കും. താന്‍ നേതൃത്വത്തിലെത്തിയാല്‍ മലയാ
ളി വിദ്യാര്‍ത്ഥികള്‍ ഏറെയുള്ള യൂണിവേഴ്‌സിറ്റികളില്‍ഫോമാ സ്റ്റുഡന്റ്‌സ് ഫോറം സ്ഥാപിക്കാന്‍ ശ്രമിക്കും . മലയാളി യുവജനതയെ ഒരു കുടക്കീഴില്‍ അണിനിരത്തുകയും അവരുടെ നാനാവിധമായ പ്രശ്‌നങ്ങളില്‍ ഫോമ വഴികാട്ടിയാകുകയും ചെയ്യും.

യുവജനതയ്ക്കുവേണ്ടി പ്രത്യേക കണ്‍വന്‍ഷന്‍ തന്നെ തന്റെ മനസ്സിലുണ്ട്. 2019-ല്‍ ഫോമ യൂത്ത് കണ്‍വന്‍ഷനും അടുത്ത വര്‍ഷം ഫോമ കണ്‍വന്‍ഷനും എന്നതാണ് തന്റെ ലക്ഷ്യം. മയക്കു മരുന്ന് മുതല്‍ പിയര്‍ പ്രഷര്‍ വരെ നിരവധി പ്രശ്‌നങ്ങളാണ് യുവജനത നേരിടുന്നത്. കരിയറില്‍ എങ്ങോട്ട് തിരിയണമെന്ന സന്ദേഹവും ആശങ്കകളും. ഇവയ്ക്കൊക്കെ ഒരു വഴികാട്ടിയാകാണ്‍ ഫോമയ്ക്കു കഴിയണം. കഴിയുമെന്നാണ് തന്റെ വിശ്വാസം. യു.ടി.ഡിയിലെ ഫോമാ സ്റ്റുഡന്റ്‌സ് ഫോറത്തിന്റെ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഈമാസം 17-നാണ്.

മൂന്നു പതിറ്റാണ്ടോളം അമേരിക്കന്‍ എയര്‍ലൈന്‍സില്‍ മെക്കാനിക്കല്‍ ഡിപ്പാര്‍ട്ടുമെന്റിലാണ് ഫിലിപ്പ് പ്രവര്‍ത്തിച്ചത്. 15 വര്‍ഷമായി ഹെല്‍ത്ത് കെയര്‍ സ്ഥാപനം നടത്തുന്നു. ഭാര്യ ഷൈനിയാണ് അതിനു ചുക്കാന്‍ പിടിക്കുന്നത്. മൂന്നു പുത്രന്മാര്‍.

എല്ലാ ഫോമാ കണ്‍വന്‍ഷനിലും ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പമാണ് പങ്കെടുത്തിട്ടുള്ളത്. സംഘടനാ പ്രവര്‍ത്തനത്തോടും പ്രസിഡന്റായി മത്സരിക്കുന്നതിനോടും അവര്‍ക്ക് എതിര്‍പ്പൊന്നുമില്ല.

ഫ്‌ളോറിഡ കണ്‍വന്‍ഷന്‍ വേദിയില്‍ വച്ചു തന്നെ തനിക്കും ഡാലസ് കണ്വന്‍ഷനും പിന്തുണയും സ്‌പോണ്‍സര്‍ഷിപ്പുമായി പലരും മുന്നോട്ടു വന്നത് ശുഭോദര്‍ക്കമായി കരുതുന്നു.

ആര്‍.സി.സി. കാന്‍സര്‍ പ്രൊജക്ട് പോലെ ഉദാത്തമായ ഒരു പദ്ധതി നാട്ടില്‍ നടപ്പാക്കണമെന്ന് ആഗ്രഹമുണ്ട്. കാന്‍സര്‍ പ്രൊജക്ട് കൊണ്ടുവന്ന നാഷണല്‍ കമ്മിറ്റിയില്‍ താനും അംഗമായിരുന്നു. ഡാളസില്‍ 'വൈശാഖ സന്ധ്യ' എന്ന പരിപാടി സംഘടിപ്പിച്ച് അതിന്റെ ലാഭം മുഴുവന്‍ പ്രൊജക്ടിനു നല്‍കുകയുണ്ടായി. 2012 മുതല്‍ നാഷണല്‍ കമ്മിറ്റി അംഗമായിരുന്നു. ഫോമാ ഫൈനാന്‍സ് കമിറ്റി ചെയറായും പ്രവര്‍ത്തിച്ചു. പൊളിറ്റിക്കല്‍ ഫോറം നാഷണല്‍ ചെയര്‍, ഫിലഡല്‍ഫിയ കണ്‍ വന്‍ഷന്‍ 
കണ്‍വീനര്‍  എന്നീ നിലകളും മികച്ച പ്രവര്‍ത്തനം കാഴ്ച വച്ചു.

ഒരു ദശാബ്ദത്തോളമായി സ്വന്തമായും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. നേപ്പാള്‍ ഭൂകമ്പത്തില്‍പ്പെട്ടവര്‍ക്കും, ഹാര്‍വി ദുരന്തബാധിതര്‍ക്കും സഹായമെത്തിക്കുകയുണ്ടായി. സാല്‍വേഷന്‍ ആര്‍മിയുമായി ബന്ധപ്പെട്ട സൂപ്പ് കിച്ചനും സഹായമെത്തിക്കുന്നു.

വിഷമതകള്‍ അനുഭവിക്കുന്നവര്‍ ഇവിടെയുമുണ്ട്. അവരെ അവഗണിക്കാനാവില്ല. അതുപോലെ എച്ച് 1 വിസയിലും മറ്റും വരുന്നവര്‍ നേരിടുന്ന പ്രശ്‌നങ്ങളും കണ്ടില്ലെന്നു നടിക്കാനാവില്ല. ഈ രംഗങ്ങളിലൊക്കെ പ്രവര്‍ത്തിക്കാന്‍ വിദഗ്ധ സമിതികള്‍ ഉണ്ടാകണം.

ചെങ്ങരൂര്‍ സ്വദേശിയായ ഫിലിപ്പ് പന്ത്രണ്ടാം വയസ്സില്‍ ഒരു ക്ലബ് സ്ഥാപിച്ച് പൊതുപ്രവര്‍ത്തന രംഗത്തേക്ക് വന്നതാണ്. കല്ലൂപ്പാറ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ആകുമ്പോള്‍ വയസ് 22. ഇരുപത്തിനാലാം വയസ്സില്‍ യു.എസിലേക്ക്. 

ഡാളസ് മലയാളി അസോസിയേഷന്‍ പ്രസിഡന്റും ഇപ്പോള്‍ ട്രസ്റ്റി ബോര്‍ഡ് ചെയറുമാണ്. സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് സ്ഥാപകാംഗമാണു. ട്രസ്റ്റി, സെക്രട്ടറി, ഓഡിറ്റര്‍, കമ്മിറ്റി അംഗം എന്നീ നിലകളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. ഭദ്രാസന അസംബ്ലി അംഗമായി രണ്ടു പതിറ്റാണ്ടിലേറെയായി സേവനമനുഷ്ടിക്കുന്നു.

ഡി.എം.എ പ്രസിഡന്റായിരിക്കുമ്പോള്‍ ഓണാഘോഷത്തില്‍ അമേരിക്കക്കാരനായ പ്രൊഫ. മോഗ് ആയിരുന്നു അതിഥി. യൂണിവേഴ്‌സിറ്റി ഓഫ് ഓസ്റ്റിനില്‍ മലയാളം പഠിപ്പിക്കുന്ന അന്ധനായ പ്രൊഫസര്‍. അവിടെ മലയാള പഠനം നിര്‍ത്താന്‍ നീക്കമുണ്ടായപ്പോള്‍ അത് ഒഴിവാക്കാന്‍ ഫിലിപ്പിന്റെ നേത്രുത്വത്തില്‍ ഫണ്ട് സമാഹരിച്ച് നല്‍കുകയുണ്ടായി.

നാട്ടിലായിരുന്നെങ്കില്‍ ബിസിനസിലും രാഷ്ട്രീയത്തിലുമായിരിക്കും പ്രവര്‍ത്തിക്കുക എന്നാണ് തിരിഞ്ഞു നോക്കുമ്പോള്‍ കരുതുന്നത്

അമേരിക്കയില്‍ കാര്യമായ വിവേചനമൊന്നും നേരിട്ടിട്ടില്ല.

സെക്രട്ടറി സ്ഥാനത്തേക്ക് ഏറ്റവും അര്‍ഹനായ വ്യക്തിയാണ് ജോസ് ഏബ്രഹാം. 
ട്രഷററായി അറ്റ്‌ലാന്റയില്‍ നിന്നുള്ള റെജി ചെറിയാനും മികച്ച പ്രവര്‍ത്തന പാരമ്പര്യമുള്ള വ്യക്തിയാണ്. 

ചുരുക്കത്തില്‍ ഫോമായുടെ 2018 -20 കാലഘട്ടം ചാരിറ്റിക്കും അമേരിക്കന്‍ മലയാളികളുടെ രാഷ്ട്രീയ പ്രവേശത്തിനും പ്രവാസി സ്വത്ത് സംരക്ഷണം നേടിയെടുക്കുന്നതിനും പ്രാധാന്യം നല്‍കുന്നതായിരുിക്കും.

ഫോമയുടെ കാന്‍സര്‍ പ്രോജക്ട് പോലെ വിപുലമായ ഒരു പ്രോജക്ട് മനസില്‍ ഉണ്ട് .അധികാരത്തില്‍ വരുന്നു എങ്കില്‍ എല്ലാവരുടെയും സഹായത്തോടെ അത് നടപ്പിലാക്കും.കൂടുതല്‍ ആളുകളെ ഫോമയിലേക്കുകൊണ്ടുവരാനും പരിശ്രമിക്കും.

രാഷ്ട്രീയ പ്രവേശനം എന്നത് ഒരു തുടര്‍ പദ്ധതിയാണ് . മലയാളി സമൂഹത്തില്‍ നിന്നും അമേരിക്കന്‍ രാഷ്ട്രീയ രംഗത്തേക്ക് വരുമ്പോള്‍ മലയാളി എന്ന പരിഗണന വേണം ആദ്യം നല്‍കുവാന്‍, അവിടെ അമേരിക്കന്‍ മലയാളികളെ ഒരു കൊടിയുടെ താഴെ നിര്‍ത്തുവാന്‍ നമുക്ക് സാധിക്കണം.

ഇക്കാര്യങ്ങളില്‍ ഫോമയ്ക്കു നിരവധി കാര്യങ്ങള്‍ ചെയ്യുവാന്‍ സാധിക്കുമെന്നാണ് എന്റെ വിശ്വാസം.

പ്രവാസികളുടെ നാട്ടിലെ സ്വത്തു സംരക്ഷണവുമായി ബന്ധപ്പെട്ടു ഉണ്ടാകുന്ന പ്രശ്‌നങ്ങളില്‍ അടിയന്തര പര്‍ഹാരം കാണണം. ഇതിനു പ്രവാസി ട്രൈബുണല്‍ കര്‍മ്മനിരതമാകണം.

ഫോമാ പ്രവാസി പ്രോപ്പര്‍ട്ടി പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ഇക്കാര്യത്തില്‍ വലിയ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ച് കഴിഞ്ഞിട്ടുണ്ട്. അതു ശക്തിപ്പെടുത്തും. നാട്ടില്‍ വസ്തു വാങ്ങിയിട്ട ശേഷം പിന്നീട് അതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന നിരവധി കേസുകള്‍ ഉണ്ട്. എറണാകുളത്തു വര്‍ഷങ്ങള്‍ക്കു മുന്‍പ് അല്പം ഭൂമി വാങ്ങിയിട്ട് ഒരു വര്‍ഷം കഴിഞ്ഞു ചെന്ന് നോക്കിയപ്പോള്‍ വഴി കെട്ടിയടച്ച സംഭവം രാജു ചാമത്തില്‍ പങ്കുവച്ചു . ഇത് ഒരാളുടെ പ്രശ്‌നമല്ല. അമേരിക്കന്‍ മലയാളികളില്‍ ഭൂരിഭാഗം ആളുകളും അനുഭവിക്കുന്നതാണ് .ഇക്കാര്യത്തില്‍ കേരളാ ഗവണ്‍മെന്റില്‍ നിന്നും വ്യക്തമായ നടപടിഉണ്ടായേ പറ്റു.

വുമന്‍സ് ഫോറം, യുത്ത് ഫോറം എന്നിവയുടെ പ്രവര്‍ത്തനം സുപ്രധാനമാണു. അവ കൂടുതല്‍ ശക്തമാക്കും.

അമേരിക്കന്‍ മലയാളികളുടെ ജീവിതത്തെ സാര്‍ഥകമാക്കാന്‍ ഉതകുന്ന വ്യത്യസ്ഥമായ കമ്മ പദ്ധതികളാണു ഫിലിപ്പിന്റെ ലക്ഷ്യം. പുതിയ സാരഥികളുടെ കീഴില്‍ സംഘടന ഒരു പടി കൂടെ വികാസവും മികവും കൈവരിക്കുന്ന ചരിത്രം തന്റെ നേത്രുത്വത്തിലും ഉണ്ടാകും. അതിനുള്ള മികച്ച ടീമിനെയും കണ്ടെത്തും. എല്ലാവരുമായും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനത്തിനു മടിക്കില്ല. 

മലയാളികള്‍ കൂടുതലുള്ള എല്ല സിറ്റികളിലും ഫോമാ കണ്‍ വന്‍ഷന്‍ നടക്കണമെന്നാണു പൊതു വികാരം. അതു പോലെ അതൊരു ഉത്സവമായി മാറണമെന്നും.   ചെലവ് കുറച്ച് കൂടുതല്‍ പേരെ പങ്കെടുപ്പിച്ച് മികച്ച കണ്‍ വന്‍ഷന്‍ എന്നതാണു പൊതുവേയുള്ള ചിന്താഗതി. അതു തന്നെയാണു തന്റെയും ആഗ്രഹം.
വ്യക്തമായ കര്‍മ്മപരിപാടികളുമായി ഫോമാ പ്രസിഡന്റ് സ്ഥാനത്തേക്കു ഫിലിപ്പ് ചാമത്തില്‍
Join WhatsApp News
fomaa lover 2018-02-09 12:14:46
So Chamathil, Jose Abraham and Reji Cherian one panel?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക