Image

അയോധ്യ കേസ് ഭൂമി തര്‍ക്കം മാത്രമെന്ന് സുപ്രീംകോടതി

Published on 08 February, 2018
അയോധ്യ കേസ് ഭൂമി തര്‍ക്കം മാത്രമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: അയോധ്യ കേസ് ഭൂമി സംബന്ധിച്ച തര്‍ക്കം മാത്രമാണെന്ന് സുപ്രീംകോടതി. കേസ് വാദം കേള്‍ക്കുന്നതിനായി മാര്‍ച്ച് 14ലേക്ക് മാറ്റി. കേസുമായി ബന്ധപ്പെട്ട ചില രേഖകളും പരിഭാഷപ്പെടുത്തിയ രേഖകളും ഇനിയും കോടതിക്ക് മുന്നിലെത്താത്ത സാഹചര്യത്തിലാണിത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ അശോക് ഭൂഷന്‍, അബ്ദുള്‍ നസീര്‍ തുടങ്ങിയവരടങ്ങിയ ബഞ്ചാണ് കേസില്‍ വാദം കേള്‍ക്കുന്നത് നീട്ടിവെച്ചത്. കേസ് ഉപതിരഞ്ഞെടുപ്പുകള്‍ക്ക് ശേഷം പരിഗണിച്ചാല്‍ മതിയെന്ന വഖഫ് ബോര്‍ഡ് അടക്കമുള്ളവയുടെ ആവശ്യം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് നേരത്തെ തള്ളിയിരുന്നു. തുടര്‍ന്നാണ് അന്തിമവാദം ഇന്ന് തുടങ്ങിയത്. 

അയോധ്യ കേസുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ ഫെബ്രുവരി എട്ടിന് അന്തിമ വാദം തുടങ്ങുമെന്ന് കഴിഞ്ഞവര്‍ഷം ഡിസംബര്‍ അഞ്ചിനുതന്നെ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ആവശ്യമായ രേഖകള്‍ അടക്കമുള്ളവ ഹാജരാക്കാന്‍ അന്നുതന്നെ ബന്ധപ്പെട്ട കക്ഷികള്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. കേസില്‍ അലഹബാദ് ഹൈക്കോടതി പുറപ്പെടുവിച്ച വിധിക്കെതിരെ സമര്‍പ്പിക്കപ്പെട്ട 14 അപ്പീലുകളാണ് പ്രത്യേക ബഞ്ച് പരിഗണിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക