Image

ഫാ. മാത്യു നായ്ക്കംപറന്പിലും ഫാ. അഗസ്റ്റിന്‍ മുണ്ടക്കാട്ടും ഡോ. മാരിയോ ജോസഫും വിയന്നയിലേയ്ക്ക്

Published on 02 February, 2018
ഫാ. മാത്യു നായ്ക്കംപറന്പിലും ഫാ. അഗസ്റ്റിന്‍ മുണ്ടക്കാട്ടും ഡോ. മാരിയോ ജോസഫും വിയന്നയിലേയ്ക്ക്

വിയന്ന: വിന്‍സെന്‍ഷ്യന്‍ സഭയുടെ മേല്‍നോട്ടത്തില്‍ വിയന്നയിലെ 12മത് ജില്ലയിലെ അം ഷോഫ് വെര്‍ക് ദേവാലയത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന ധ്യാനകേന്ദ്രത്തില്‍ നടക്കുന്ന വ്യത്യസ്ത ധ്യാനങ്ങളില്‍ കേരളത്തിലെ പ്രശസ്തരായ വചനപ്രഘോഷകര്‍ ശുശ്രൂഷകള്‍ നയിക്കും.

ഫാ. മാത്യു നായ്ക്കംപറന്പില്‍ വിസി നയിക്കുന്ന ധ്യാനം ഏപ്രില്‍ 6 മുതല്‍ 8 വരെ വിയന്നയില്‍ നടക്കും. ഉച്ചകഴിഞ്ഞു 2 മുതല്‍ രാത്രി 8.30 വരെയായിരിക്കും ശുശ്രുഷകള്‍. ഫാ. ആന്റണി തെക്കനാത്ത് വിസി, സിസ്റ്റര്‍ തെരേസ വാരക്കുളം, ബ്രദര്‍ ജോര്‍ജ് കണിച്ചായി എന്നിവരും വചനസന്ദേശം നല്‍കും.

മേയ് 17 മുതല്‍ 21 വരെ നടക്കുന്ന ബൈബിള്‍ കണ്‍വന്‍ഷന്‍ ഫാ. അഗസ്റ്റിന്‍ മുണ്ടക്കാട്ട് വിസി, ഡോ. മാരിയോ ജോസഫ് എന്നിവര്‍ നയിക്കും. ഉച്ചകഴിഞ്ഞു 3 മുതല്‍ രാത്രി 8.30 വരെയായിരിക്കും ശുശ്രൂഷകള്‍.

ഓസ്ട്രിയയില്‍ ബഹുഭാഷാ ധ്യാനങ്ങള്‍ നടത്തുന്ന ഏക ധ്യാനകേന്ദ്രമാണ് വിന്‍സെന്‍ഷ്യന്‍ സഭയുടെ വിയന്നയിലെ ഡിവൈന്‍ മേഴ്‌സി റിട്രീറ്റ് സെന്റര്‍. ഇവിടെ എല്ലാ രണ്ടാം ശനിയാഴ്ചകളിലും ഉച്ചകഴിഞ്ഞു 2 മുതല്‍ വൈകുന്നേരം 6 വരെ മലയാളത്തിലുള്ള ഏകദിന ശുശ്രൂഷകള്‍ നടന്നുവരുന്നു.

ജര്‍മനിയിലെ ബര്‍ലിനില്‍ സെയിന്റ് ക്ലെമന്‍സ് ദേവാലയത്തില്‍ വിന്‍സെഷന്‍ സഭ നടത്തിവരുന്ന ദിവ്യകാരുണ്യ ധ്യാനകേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നേരില്‍ കണ്ട് മനസിലാക്കിയ വിയന്ന അതിരൂപതാധ്യക്ഷന്‍ ഷോണ്‍ബോണ്‍ കര്‍ദ്ദിനാളിന്റെ പ്രത്യേക ക്ഷണമനുസരിച്ചാണ് വിന്‍സെന്‍ഷ്യന്‍ സഭ അവരുടെ പ്രവര്‍ത്തനം വിയന്നയില്‍ തുടങ്ങിയത്. പ്രശസ്ത വചനപ്രഘോഷകനായ ഫാ. ജോര്‍ജ് വടക്കേക്കര വിസിയും ഫാ. സേവ്യര്‍ പോങ്ങാംപാറ വിസിയുമാണ് ധ്യാനകേന്ദ്രത്തിന്റെ ചുമതല വഹിക്കുന്നത്.

വിവരങ്ങള്‍ക്ക്:www.vinzentiner.at
റിപ്പോര്‍ട്ട്: ജോബി ആന്റണി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക