Image

കിരോണ്‍ മാര്‍ട്ടിന്‍ പരസ്യ മോഡലിംഗ് രംഗത്തെ ശ്രദ്ധേയന്‍

Published on 31 January, 2018
കിരോണ്‍ മാര്‍ട്ടിന്‍ പരസ്യ മോഡലിംഗ് രംഗത്തെ ശ്രദ്ധേയന്‍

മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ മോഡലിംഗ് പരസ്യരംഗത്ത് തനതായ ഇടം നേടി അങ്കമാലി സ്വദേശിയായ യുവാവ് ശ്രദ്ധേയനാകുന്നു. കിരോണ്‍ മാര്‍ട്ടിനെന്ന ഇരുപത്തിരണ്ടുകാരനാണ് മറുനാടന്‍ വിജയകഥയിലെ നായകന്‍.

ഓസ്‌ട്രേലിയ എന്ന വികസിത രാജ്യത്ത് അത്യന്തം കിടമത്സരം നിറഞ്ഞ മേഖലയാണ് മോഡലിംഗ്. ഈ രംഗത്ത് കടന്നു കയറുകയും വിജയം നേടുകയും ചെയ്യുക എന്നത് അത്ര എളുപ്പമല്ല. എന്നാല്‍ കഠിന പ്രയത്‌നവും പ്രഫഷണലിസവും കൈമുതലാക്കിയ കിരോണ്‍ ഈ മേഖലയിലേക്ക് നടന്നു കയറിയപ്പോള്‍ ചരിത്രം വഴി മാറി.

പരസ്യ രംഗത്തുനിന്നു കൈ നിറയെ ഓഫറുകളാണ് കിരോണ്‍ മാര്‍ട്ടിനെ തേടിയെത്തുന്നത്. നിരവധി പരസ്യങ്ങള്‍ ഇതിനകം തന്നെ കിരോണ്‍ ചെയ്തു കഴിഞ്ഞു. ഡോണ്‍ ബെല്ലാ ഇന്റര്‍നാഷണല്‍ ബ്യൂട്ടി പേയ്ജന്റ് കോണ്ടസ്റ്റില്‍ ഈ വര്‍ഷം ഡിസംബറില്‍ നടക്കുന്ന ഫൈനലിലേക്ക് കിരോണ്‍ യോഗ്യത നേടിയിട്ടുണ്ട്. പരസ്യ രംഗത്ത് സജീവ സാന്നിധ്യമാകുന്നതോടൊപ്പം പഠന രംഗത്തും കിരോണ്‍ പിന്നിലല്ല. തേവര സേക്രഡ് ഹാര്‍ട്ട് കോളജില്‍ നിന്ന് ഡിഗ്രി പൂര്‍ത്തിയാക്കിയ കിരോണ്‍ ഇപ്പോള്‍ ഓസ്‌ട്രേലിയയിലെ ഫെഡറേഷന്‍ യൂണിവേഴ്‌സിറ്റിയില്‍ എംബിഎ ചെയ്തുകൊണ്ടിരിക്കുകയാണ്. ഇതിനിടെ ടാന്‍യ പവ്വല്‍ മോഡല്‍ കോഴ്‌സില്‍ ഗ്രാജുവേഷന്‍ നേടിയ കിരോണ്‍ ഇവര്‍ക്കായുള്ള ഷോകളും ചെയ്തിട്ടുണ്ട്.

അങ്കമാലി ചിറയ്ക്കല്‍ വീട്ടില്‍ അഡ്വ. മാര്‍ട്ടിന്‍ പോളിന്റെയും ഡൈനി മാര്‍ട്ടിന്റെയും മകനായ കിരോണ്‍ ഓസ്‌ട്രേലിയയിലെ മലയാളി അസോസിയേഷന്റെ പിന്തുണയോടെ ഉയരങ്ങളിലേക്ക് നടന്നു കയറുന്‌പോള്‍ അങ്കമാലിക്കാരന്‍ എന്നതില്‍ നമുക്കും അഭിമാനിക്കാം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക