Image

അലാവുദ്ദീന്‍ ഖില്‍ജി തിളങ്ങിയ പദ്മാവതി

Published on 30 January, 2018
അലാവുദ്ദീന്‍ ഖില്‍ജി തിളങ്ങിയ പദ്മാവതി
പദ്മാവത് ത്രി-ഡിയില്‍ കണ്ടിറങ്ങിയപ്പോള്‍ എട്ടു നൂറ്റാണ്ടുകള്‍ക്ക് മുന്‍പുള്ള ലോകം പുനര്‍ജനിച്ചതായി തോന്നി. ഒരു പാട് പണം മുടക്കി കൂറ്റന്‍ സെറ്റുകളും സന്ദര്‍ഭങ്ങളും. മൊത്തത്തില്‍ കണ്ടിരിക്കാവുന്ന സിനിമ.

സിനിമ പദ്മാവതിയെപറ്റി ആണെങ്കിലും തിളങ്ങിയത് അലാവുദ്ദീന്‍ ഖില്‍ജി ആണു. ഖില്‍ജിയായി വേഷമിട്ട രണ്‍ വീര്‍ സിംഗ് ഒരോ സീനിലും കരുത്തുറ്റ യുദ്ധ വീരനും തത്വദീക്ഷയൊന്നുമില്ലാത്ത ഭരണാധികാരിയും സ്ത്രീ വിഷയത്തില്‍ തല്പരനും ആയി തിളക്കമാര്‍ന്ന പ്രകടനം കാഴ്ച വച്ചു.

പദ്മാവതിയയായി വേഷമിട്ട ദീപിക പദുക്കോണിനു കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. എങ്കിലും പൗരണിക വേഷത്തില്‍ ദീപിക കൂടുതല്‍ മനോഹരിയായി. ചുരുക്കമുള്ള സന്ദര്‍ഭങ്ങളില്‍ നല്ല അഭിനയവും കാഴ്ച വച്ചു. പദ്മാവതിയുടെ ഭര്‍ത്താവായി വേഷമിട്ട ശഹീദ് കപൂര്‍ പതിവു പോലെ ശരാശരിയില്‍ ഒതുങ്ങി.

സിനിമ കണ്ടു കഴിഞ്ഞപ്പോള്‍ ആര്‍ക്കെങ്കിലും ദ്വേഷ്യം വരണമെങ്കില്‍ മുസ്ലിംകള്‍ക്കാണെന്നു തോന്നി. ഖില്‍ജിയും കുട്ടരുമൊക്കെ ചെയ്ത ക്രൂര ക്രുത്യങ്ങള്‍ക്ക് ആക്ഷേപവും അതിക്രമവും ഇന്നു നേരിടുന്നത് ഇന്ത്യന്‍ മുസ്ലിംകളാണല്ലോ. ചരിത്രത്തില്‍ ചെയ്യപ്പെട്ട ക്രൂര ക്രുത്യങ്ങളുടെ പിന്തുടര്‍ച്ചക്കാരായി ഇന്ത്യന്‍ മുസ്ലിംകളെ ചിത്രീകരിക്കുന്ന ഇക്കാലത്ത് പഴയതൊക്കെ ഒന്നു കൂടി ഓര്‍മ്മിപ്പിക്കുന്നതു നല്ലതോ എന്നതും ചിന്തനീയം.

രജപുത്രരുടെ ധീരതയും തത്വദീക്ഷയും ഉദ്‌ഘോഷിക്കുന്നതിനൊപ്പം ശത്രുവിനു കീഴടങ്ങാന്‍ മടിക്കാത്ത 
രജപുത്ര വനിതകളുടെ ആത്മത്യാഗമായ ജൗഹര്‍' എന്ന ചിതയില്‍ ചാടിയുള്ള കൂട്ട മരണത്തിലൂടെയുള്ള അന്ത്യവും ആണു സിനിമ ചിത്രീകരിക്കുന്നത്. 

ഡല്‍ഹി ഭരിക്കുന്നവരാണു ഇന്ത്യ ഭരിക്കുന്നത്. അവരൊടു ചിത്തോര്‍ പോലുള്ള ചെറുരാജാക്കന്മാര്‍ക്കു പിടിച്ചു നില്‍ക്കാന്‍ ആകുമായിരുന്നോ?

ഖില്‍ജി ചിത്തോര്‍ ആക്രമിക്കുമ്പോള്‍ 55 വയസുണ്ടായിരുന്നുവെന്നു ചരിത്രം. പക്ഷെ സിനിമയില്‍ ഖില്‍ജി നന്നേ ചെറുപ്പക്കാരനാണ്. 1963-ല്‍ ഇറങ്ങിയ തമിഴ് ചിത്രം റാണി പദ്മിനിയില്‍ ഖില്‍ജി ആയി വേഷമിട്ടത് എം.എന്‍. നമ്പ്യാര്‍ ആയിരുന്നു. പദ്മാവതിയായിവൈജയന്തിമാലയും രത്തന്‍സന്‍ ആയി ശിവാജി ഗണേശനും.

ഇന്ത്യയിലെ മികച്ച ഭരണാധികാരികളിലൊരാളായി കരുതപ്പെടുന്ന ഖില്‍ജിയും രാജ രത്തന്‍സന്നും ചരിത്ര പുരുഷന്മാര്‍ ആയിരുന്നുവെങ്കിലും റാണി പദ്മിനി എന്നൊരു വ്യക്തി ജീവിച്ചിരുന്നിട്ടില്ലെന്നും ചരിത്രകാര്‍ന്മാര്‍ പറയുന്നു. എന്തായാലും 15-ം നൂറ്റാണ്ടിലെ സൂഫി കവി പദ്മിനിയുടെ കഥ എഴുതി. അതു ജനകീയമാക്കി. അതു പിന്നെ ചരിത്രം തന്നെ ആയി ജനം കണ്ടു. സതി മാതാവായി ജനം അവരെ ആരാധിക്കുന്നു.

സിംഗാല്‍ രാജകുമാരിയായ പദ്മാവതി കാട്ടില്‍ വേട്ടക്കു പോകുന്നു. മാനിനെ എയ്ത അമ്പ് ചെന്നു പതിച്ചത് അവിടെ എത്തിയ രാജ രത്തന്‍സെന്റെ ശരീരത്തിലാണു. പിന്നീട് അദ്ധേഹത്തെ ചികിത്സിച്ചു ഭേദമാക്കി. ഇരുവരും വിവാഹിതരായി. രത്തന്‍സന്റെ ആദ്യഭാര്യ നഗ്മതിക്കു അസൂയ ഉണ്ടായതില്‍ അത്ഭുതമില്ലല്ലോ..

ഇതിനിടെ രാജാവിന്റെ കിടപ്പു മുറിയില്‍ ഒളിഞ്ഞു നോക്കിയ രാജ പുരോഹിതന്‍ രാഘവ് ചേതനെ നാടുകടത്തുന്നു. പ്രതികാര ദാഹിയായ അയാള്‍ നേരെ ഖില്‍ജിയുടെ പക്കല്‍ ചെന്നു പദ്മാവതിയുടെ സൗന്ദര്യത്തെപറ്റി പറയുന്നു.

ഇതേത്തുടര്‍ന്ന് ഖില്‍ജി ചിത്തോര്‍ കോട്ട ആക്രമിക്കുന്നു. പക്ഷെ വിജയിക്കുന്നില്ല. പിന്നീട് അതിഥിയായി കോട്ടയില്‍ എത്തുന്നു. പദ്മാവതിയെ ഒരു നോക്കു കാണുന്നു.

തന്റെ ക്യാമ്പിലെക്കു രത്തന്‍സെന്നെ ഖില്‍ജി ക്ഷണിക്കുന്നു. ഏകനായെത്തിയ രത്തന്‍സെന്നെ തടവുകാരനാക്കി ഡല്‍ഹിക്കു കടന്നു.

തുടര്‍ന്ന് ഭര്‍ത്താവിനെ രക്ഷിക്കാന്‍ പദ്മാവതി ഒരു സംഘത്തോടൊപ്പം ഡല്‍ഹിയിലെത്തി. ഖില്‍ജിയുടെ ആദ്യ ഭാരയയുടെ സഹായത്തോടെ ഭര്‍ത്താവിനെ രക്ഷപ്പെടുത്തി മടങ്ങി.

പക്ഷെ വീണ്ടും വലിയ സൈന്യവുമായി വന്ന് ഖില്‍ജി കോട്ട ആക്രമിച്ചു. രത്തന്‍സെന്‍ ഖില്‍ജിയുമായുള്ള ദ്വന്ദ യുദ്ധത്തില്‍ വിജയിച്ചു നില്‍ക്കുമ്പ്‌പോള്‍ ചതിയാല്‍ അമ്പ് ഏറ്റ് മരിച്ചു.

തുടര്‍ന്നു പദ്മാവതിയും സ്ത്രീകളെല്ലാവരും കൂടി അഗ്നിയില്‍ എടുത്തു ചാടി മരിച്ചു.

അങ്ങനെ ജീവിതത്തിലും മരണത്തിലും പദ്മാവതി വിജയിച്ചുവെന്നും അവരെ ദേവിയായി ജനം ആരാധിക്കുന്നുവെന്നും പറഞ്ഞു ചിത്രം അവസാനിക്കുന്നു.

ഇതു ചരിത്രമൊ സത്യമോ ഒന്നും അല്ലെന്നും ഒരു ചലച്ചിത്രാവിഷ്‌കാരം മാത്രമാണെന്നും തുടക്കത്തില്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. ചരിത്രം അതേപടി പകര്‍ത്തിയാല്‍ അത് ഡോക്കുമെന്ററിയാകും. നാടകീയത ഇല്ലെങ്കില്‍ ജനം സിനിമ കാണില്ല.
ഖില്‍ജിയുടെ സ്വപനത്തില്‍ പദ്മാവതി വന്നു ന്രുത്തം ചെയ്യുന്ന രംഗം ഒക്കെ ഉണ്ടായിരുന്നത്രെ. അതൊന്നും തീയറ്ററിലെത്തിയില്ല.

എന്തായാലും പ്രക്ഷോഭം കൂട്ടുന്നവര്‍, ആ നാടുകളിലൊക്കെ സ്ത്രീകളുടെ അവസ്ഥ പദ്മാവതിയുടെ കാലത്തേക്കാള്‍ മെച്ചപ്പെട്ടിട്ടുണ്ടോ എന്നു ചിന്തിക്കുന്നത് നന്നയിരിക്കും. ഇന്നും സ്ത്രീകള്‍ക്കു വിദ്യാഭ്യാസവും തുല്യതയുമൊക്കെ കുറഞ്ഞ നാടുകളായി അവ നിലനില്‍ക്കുന്നു.
സിനിമ സതിയെ മഹത്വവല്‍ക്കരിക്കുന്നില്ലെന്നു തുടക്കത്തിലെ പറയുന്നുണ്ട്. ഭര്‍ത്താവ് മരിക്കുമ്പോള്‍ നടത്തുന്ന സതിയും യുദ്ധകാലത്തെ ജൗഹറും വ്യത്യസ്ഥമാണ്. രണ്ടും സ്ത്രീകള്‍ തീയില്‍ ചാടി മരിക്കുന്നതാണു. 
ജൗഹര്‍ മറ്റു നിവ്രുത്തിയൊന്നുമില്ലാതെ വരുമ്പോള്‍ ശത്രുവിന്റെ കയ്യില്‍ പെടാതെയിരിക്കാനുള്ള മാര്‍ഗമാണു.

എന്തായാലും സിനിമ കുറെ കഴിഞ്ഞപ്പോള്‍ ഇഴച്ചില്‍ പോലെ തോന്നി. പിന്നീട് അതു മാറി. മൂന്നു മണിക്കൂര്‍ കഴിയുമ്പോള്‍ സിനിമ പെട്ടെന്നു തീര്‍ന്ന പ്രതീതി. അതിനാല്‍ സിനിമ മോശം എന്നു പറയാനാവില്ല.
എന്നാല്‍ ഇത് കാണാത്തതു കൊണ്ട് വല്ല നഷ്ടവുമുണ്ടൊ എന്നു ചോദിച്ചാല്‍ ഇല്ല എന്നും മറുപടി.
അലാവുദ്ദീന്‍ ഖില്‍ജി തിളങ്ങിയ പദ്മാവതി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക