Image

തട്ടടിക്കുന്ന ജോലി: മുരളി തുമ്മാരുകുടി

മുരളി തുമ്മാരുകുടി Published on 30 January, 2018
തട്ടടിക്കുന്ന ജോലി: മുരളി തുമ്മാരുകുടി
പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ വീണ്ടും ഒരപകടം, ഇത്തവണ സ്റ്റേജ് പണിക്ക് കോണ്‍ക്രീറ്റ് ചെയ്യാനുണ്ടാക്കിയ തട്ട് പൊളിഞ്ഞുവീണതാണ്. ഭാഗ്യത്തിന് ആള്‍ നാശമുണ്ടായിട്ടില്ല. ഈ താല്‍ക്കാലിക തട്ടുകള്‍ (scaffolding) നിര്‍മ്മാണ ജോലികളുടെ അടിസ്ഥാനമാണ്. ഒരു എന്‍ജിനീയറുടെ ചിന്തയില്‍ വിരിയുന്ന രൂപത്തില്‍ കോണ്‍ക്രീറ്റിനെ വാര്‍ത്തെടുക്കാന്‍ പറ്റും എന്നതാണ് അന്നുവരെ ലഭ്യമായിരുന്ന മറ്റു നിര്‍മ്മാണ വസ്തുക്കളില്‍ നിന്നും കോണ്‍ക്രീറ്റിനെ വ്യത്യസ്തമാക്കിയത്. അതിനാല്‍ scaffolding എങ്ങനെയാണ് സുരക്ഷിതമായി ഉണ്ടാക്കേണ്ടത് എന്നതില്‍ ഒരു സിവില്‍ എന്‍ജിനീയറായ എനിക്ക് നല്ല വിവരം ഉണ്ടാകേണ്ടതാണ്. പക്ഷെ നിര്‍ഭാഗ്യവശാല്‍ അതില്ല. കാരണം 1980 -ലെ കേരള സിവില്‍ എന്‍ജിനീയറിങ് സിലബസില്‍ 'Scffolding' ഒരു വിഷയമല്ല. നാല്പത്തി ഒന്‍പത് കോഴ്സുകള്‍ പഠിച്ചു എന്‍ജീനിയര്‍ ആകാന്‍. കണക്കു തന്നെ അഞ്ചെണ്ണം ഉണ്ടായിരുന്നു, എന്നിട്ടും 'ഒരിത്തിരി സുരക്ഷ', 'ഒരിത്തിരി സ്‌കാഫോള്‍ഡിങ്', ങേ ഹേ... ഒന്നുമുണ്ടായില്ല. എഞ്ചിനീറിംഗില്‍ ഇത് രണ്ടും പഠിച്ചിട്ടില്ല എന്ന് ഇന്ത്യക്ക് പുറത്തു പോയി പറഞ്ഞപ്പോള്‍ 'സത്യം പറ, നീ സിവില്‍ എന്‍ജിനീയര്‍ തന്നെയാണോ' എന്ന ചോദ്യം കേട്ട് എന്റെ മാനം പോയി.

Scaffolding, അല്ലെങ്കില്‍ താല്‍ക്കാലികമായി ഉണ്ടാക്കുന്ന തട്ടുകള്‍, സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, കെമിക്കല്‍ തുടങ്ങിയ എല്ലാ വിഭാഗങ്ങളിലുമുള്ളവര്‍ അറിഞ്ഞിരിക്കേണ്ട കാര്യമാണ്. ഇതിനൊക്കെ ലോകത്ത് ചില കോഡ് ഓഫ് പ്രാക്ടീസ് ഉണ്ട്. കോണ്‍ക്രീറ്റ് കെട്ടിടങ്ങളില്‍ ഡിസൈന്‍ ചെയ്തതു പോലെയാണ് കോണ്‍ക്രീറ്റ് നിര്‍മ്മിക്കുന്നതെന്ന് ഉറപ്പു വരുത്തുന്നത് ഈ തട്ടാണ്. എല്ലാ എന്‍ജിനീയറിങ് നിര്‍മ്മിതിയിലും നിര്‍മ്മിക്കുന്നവരുടെ ജീവന്‍ സ്‌കാഫോള്‍ഡിങ്ങിന്റെ ഉറപ്പിലാണ് നിലകൊള്ളുന്നത്. അതുകൊണ്ടു തന്നെ നല്ല പരിശീലനമുള്ളവര്‍ മാത്രം ചെയ്യേണ്ട പണിയാണ്. ഒരു സ്‌കാഫോള്‍ഡിങ് ഉണ്ടാക്കിക്കഴിഞ്ഞാല്‍ അത് പരിശോധിക്കാനായി മാത്രം സ്‌കാഫോള്‍ഡിങ് ഇന്‍സ്പെക്ടര്‍ എന്നൊരു ജോലിയുണ്ട്, ആ ജോലി കിട്ടാനായി മാത്രം ചില പരിശീലനങ്ങളുണ്ട്. അങ്ങനെ പരിശീലനമുള്ളവര്‍ നിര്‍മ്മിച്ച്, അധികാരമുള്ളവര്‍ ഇന്‍സ്പെക്ഷന്‍ നടത്തിയാല്‍ മാത്രമേ സ്‌കാഫോള്‍ഡിങ് ഉപയോഗിക്കാന്‍ പറ്റൂ. 

 പക്ഷെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കേരളത്തിലെ സിവില്‍ എഞ്ചിനീയറിങ്ങിന്റെ സിലബസ് പരിശോധിച്ചപ്പോഴും സ്‌കാഫോള്‍ഡിങ് ഒരു വിഷയമല്ല. നമ്മുടെ എന്‍ജിനീയര്‍മാര്‍ ബാങ്കിലെ ക്ലര്‍ക്ക് ആവാന്‍ പോയി എന്ന് കുറ്റം പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ. അവര്‍ ചെയ്യേണ്ട ജോലിക്ക് അവരെ നമ്മള്‍ ശരിയായി പരിശീലിപ്പിക്കുന്നുണ്ടോ?

കേരളത്തില്‍ തല്‍ക്കാലം തട്ടടിക്കാന്‍ വലിയ നിബന്ധന ഒന്നുമില്ല. ആര്‍ക്കും എന്ത് വസ്തു ഉപയോഗിച്ചും എപ്പോള്‍ വേണമെങ്കിലും എവിടെയും തട്ടടിക്കാം. അതിടിഞ്ഞു വീണ് കെട്ടിടമോ പാലമോ താഴെ പോയാലും ആരെയും കുറ്റപ്പെടുത്താന്‍ പറ്റില്ല, കാരണം എങ്ങനെയാണത് ചെയ്യേണ്ടതെന്നതിന് പ്രത്യേകിച്ച് കണക്കൊന്നുമില്ലല്ലോ. വീട് തൊട്ടു പാലം വരെ പൊളിഞ്ഞു വീഴുന്ന കഥകള്‍ നാം സ്ഥിരമായി കേള്‍ക്കുന്നു. ആരെയെങ്കിലുമൊക്കെ രണ്ടു ദിവസം കുറ്റപ്പെടുത്തുന്നു, അതോടെ തീര്‍ന്നു കാര്യങ്ങള്‍...

ഇതൊന്നും തട്ടടിക്കുന്ന വിഷയത്തില്‍ മാത്രം ബാധകമല്ല. മുടി വെട്ടുന്നത് മുതല്‍ ഭക്ഷണം ഉണ്ടാക്കുന്നത് വരെ, തിരുമ്മല്‍ ജോലി മുതല്‍ മാന്‍ഹോളില്‍ ഇറങ്ങി പണിയുന്നത് വരെ ഏറെ പരിശീലനം നല്‍കി ചെയ്യേണ്ട ജോലികള്‍ക്കൊന്നും കേരളത്തില്‍ യാതൊരു നിബന്ധനയും ഇല്ല. നാളെ രാവിലെ എനിക്ക് ഇതില്‍ ഏതൊരു തൊഴിലിനും പോകാം, ആരും ഒരു സര്‍ട്ടിഫിക്കറ്റും ചോദിക്കില്ല. ഇപ്പോള്‍ ആളെ കിട്ടാന്‍ ബുദ്ധിമുട്ടില്ലാത്തതിനാല്‍ പ്രവര്‍ത്തി പരിചയവും വേണ്ട, സ്വഭാവ സര്‍ട്ടിഫിക്കറ്റും വേണ്ട. ഇതിന്റെ ഒക്കെ പരിണതഫലമാണ് നാം ഇപ്പോള്‍ കാണുന്നത് .

കഴിഞ്ഞ ദിവസം ഞാനെഴുതിയ പോസ്റ്റില്‍ കേരളത്തിലെ ഓരോ തൊഴില്‍ രംഗത്തും സ്‌കില്‍ കുറഞ്ഞുവരികയാണെന്ന് പറഞ്ഞിരുന്നു. നല്ല തൊഴില്‍ പരിശീലനമുള്ള മലയാളികള്‍ പുറത്തു പോകുന്നു, യാതൊരു തൊഴില്‍ പരിശീലനവുമില്ലാത്ത മറുനാട്ടുകാരെക്കൊണ്ട് നമ്മള്‍ തൊഴില്‍ ചെയ്യിക്കുന്നു. ഇതാരും ശ്രദ്ധിക്കുന്നില്ല (സെക്യൂരിറ്റിക്കാരനെക്കുറിച്ചുള്ള പോസ്റ്റിലാണ് ഈ കാര്യം പറഞ്ഞത്. എന്നാല്‍ ഇക്കാര്യം മിക്കവാറും പേര്‍ ശ്രദ്ധിച്ചില്ല, അങ്ങനെ ആ പോസ്റ്റ് ഫ്‌ലോപ്പ് ആയി). (ഇത് നാട്ടുകാരും മറുനാട്ടുകാരും തമ്മിലുള്ള ഒരു പ്രശ്‌നമല്ല. ആരാണെങ്കിലും പരിശീലനവും തൊഴില്‍ പരിചയവും വേണം. അതാണ് പ്രധാനം)

ആധുനികമായ എന്‍ജിനീയറിങ് കോഡനുസരിച്ച് സ്‌കാഫോള്‍ഡിങ് ഉണ്ടാക്കാന്‍ പരിശീലനം ലഭിച്ച ധാരാളം മലയാളികള്‍ ഇപ്പോള്‍ ഗള്‍ഫിലുണ്ട്. സ്‌കാഫോള്‍ഡിങ് ഇന്‌സ്‌പെക്ഷനില്‍ സര്‍ട്ടിഫിക്കറ്റ് കിട്ടിയവരും. നാട്ടില്‍ നിര്‍മ്മാണ രംഗം നവീകരിക്കുകയും, സ്‌കാഫോള്‍ഡിങില്‍ പരിശീലനമുള്ളവര്‍ വേണമെന്ന് നിയമം വരികയും ചെയ്താല്‍ ഈ പ്രൊഫഷന് ഡിമാന്‍ഡ് കൂടും, ഗള്‍ഫിലുള്ളവര്‍ നാട്ടിലെത്തും, അപകടം ഇല്ലാതാകും, ഇന്ത്യയില്‍ നിര്‍മ്മാണ രംഗത്ത് കേരളം നമ്പര്‍ വണ്‍ ആകും. ഇത്തരം അപകടങ്ങള്‍ ഒരവസരമായി എടുക്കുക. എന്തൊക്കെ സാധ്യതകളാണുള്ളതെന്ന് ശ്രദ്ധിക്കുക.

ഇതൊക്കെ നടക്കുമെന്നുള്ള പ്രതീക്ഷ കൊണ്ട് പറയുന്നതല്ല, നടക്കാവുന്നതാണെന്ന് സൂചിപ്പിക്കുന്നതാണ്. ഇത്തരം അപകടങ്ങള്‍ ഇനിയും കൂടിവരും, സംശയം വേണ്ട. അതിനെതിരെ നിങ്ങള്‍ക്ക് എന്ത് ചെയ്യാന്‍ പറ്റും എന്നെനിക്കറിയില്ല. അമ്പലത്തില്‍ ദൈവത്തിന്റെ തൊട്ടു മുന്നില്‍ വരെ അപകടമുണ്ടാകുന്നതിനാല്‍ നിങ്ങള്‍ വീടുണ്ടാക്കുകയാണെങ്കില്‍ തട്ടുപൊളിഞ്ഞു കീഴോട്ട് പോരാതെ നിങ്ങളെ ''ദൈവം രക്ഷിക്കട്ടെ' എന്ന് പോലും പറയാന്‍ പറ്റാത്ത സ്ഥിതിയായി.

മുരളി തുമ്മാരുകുടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക