Image

കമല്‍ഹാസന്റെ ദ്രവീഡിയന്‍ രാഷ്ട്രീയ സങ്കല്പങ്ങള്‍ (ഡല്‍ഹികത്ത്- പി.വി.തോമസ് )

പി.വി.തോമസ് Published on 29 January, 2018
കമല്‍ഹാസന്റെ ദ്രവീഡിയന്‍ രാഷ്ട്രീയ സങ്കല്പങ്ങള്‍ (ഡല്‍ഹികത്ത്- പി.വി.തോമസ് )
സൂപ്പര്‍താരം കമല്‍ഹാസന്‍ ഒരു തെന്നിന്ത്യന്‍ രാഷ്ട്രീയ സംഘടന വിഭാവനം ചെയ്യുകയാണ്, മറ്റൊരു സൂപ്പര്‍താരം രജനികാന്തിന് പിന്നാലെ. രണ്ടുപേരുടെയും തട്ടകം തമിഴ്‌നാട് തന്നെ. എന്നാല്‍ കമലിന്റെ ഭാവനക്ക് ഒരു തെല്ല് വ്യത്യാസം ഉണ്ട്. തെല്ല് അല്ല വലിയ വ്യത്യാസം തന്നെ ആണ് അത്, രൂപത്തിലും ഭാവത്തിലും കല്പനയിലും.
കമല്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ പാര്‍ട്ടിയെ ഒരു ദ്രവീഡിയന്‍ മുന്നേറ്റം ആയിട്ടാണ് കാണുന്നത്. ഇത് തമിഴ്‌നാട്ടില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒന്ന് അല്ല. കേരളവും ആന്ധ്രപ്രദേശും, തെലുങ്കാനയും കര്‍ണ്ണാടകവും ഇതില്‍ പെടും. ദ്രവീഡിയന്‍ ഭാഷയായ മലയാളവും, തമിഴും, തെലുങ്കും, കന്നടയും സംസാരിക്കുന്ന അഞ്ച് ദ്രവീഡിയന്‍ സംസ്ഥാനങ്ങളും കമലിന്റെ ചിത്രത്തില്‍ ഉണ്ട്. അതിലേക്ക് പിന്നീട് വിശദമായിട്ട് വരാം.
കമല്‍ ഉദ്ദേശിക്കുന്നത് ഒരു വിശാല ദ്രവീഡിയന്‍ കൂട്ടായ്മ ആണ്. എങ്കില്‍ അതിന് ഒരു ചരിത്രം ഉണ്ട്. ഇതിന് മുമ്പും ദ്രവീഡിയന്‍ ദ്രവീഡിയന്‍ കൂട്ടായ്മ ആണ്. എങ്കില്‍ അതിന് ഒരു ചരിത്രം ഉണ്ട്. ഇതിന് മുമ്പും ദ്രവീഡിയന്‍ മുന്നേറ്റം തമിഴ്‌നാട് ആസ്ഥാനം ആക്കി രൂപം കൊണ്ട് പ്രവര്‍ത്തിച്ചിട്ടുണ്ട്. ദ്രവീഡീയന്‍ ദേശീയത 1930 കളില്‍ തുടങ്ങി 1950-60 കളില്‍ വളരെ ശക്തം ആയിരുന്നു. ഒരു പ്രത്യേക ദ്രവീഡിയന്‍ രാഷ്ട്രം ആയിരുന്നു ഈ മുന്നേറ്റത്തിന്റെ ലക്ഷ്യം. കമല്‍ഹാസന്‍ ഏതായാലും ആ വഴിക്ക് അല്ല. എങ്കിലും അദ്ദേഹം മുറുകെ പിടിക്കുന്ന ആശയം ദ്രവീഡിയന്‍ ഐക്യമത്വം ആണ്.

ആദ്യകാല ദ്രവീഡിയന്‍ മുന്നേറ്റത്തിന്റെ നേതാക്കന്മാര്‍ ആയിരുന്ന പെരിയാര്‍ ഇ.വി.രാമസ്വാമി നായ്ക്കരും മറ്റും- അതില്‍ പില്‍ക്കാലത്ത് സി.എന്‍. അണ്ണാദുരയും കരുണാനിധിയും എല്ലാം ഓരോ പങ്കുകള്‍ വഹിച്ചിട്ടുണ്ട്. തമിഴ്‌നാടും അവിഭക്ത ആന്ധ്രയും കേരളവും കര്‍ണ്ണാടകയും ഒന്നായി ഒരു ദ്രവീഡിയന്‍ ദേശീയത സ്ഥാപിക്കണം എന്ന് വാദിച്ചിരുന്നു. ഈ വിഭാഗീയത രാഷ്ട്രീയത്തെ അമേരിക്കന്‍ ചാരസംഘടന ആയ സി.ഐ.എ. പിന്തുണച്ചിരുന്നു എന്നും ആരോപണങ്ങള്‍ ഉണ്ടായിട്ടുണ്ട്. പ്രത്യേകിച്ചും 1950-60 കളില്‍. ദ്രവീഡിയന്‍ ദേശീയതയുടെ ഉപജ്ഞാതാക്കളുടെ അഭിപ്രായത്തില്‍ തെന്നിന്ത്യന്‍ സംസ്ഥാനങ്ങള്‍ സാംസ്‌ക്കാരികമായും, വംശീയമായും, ഭാഷാപരമായും ആര്യ വംശീയതയുടെ അടയാളമായ വടക്കെ ഇന്‍ഡ്യന്‍ സംസ്ഥാനങ്ങളുമായി ഭിന്നമാണ്. അതുകൊണ്ട് വ്യത്യസ്ഥവും സ്വതന്ത്രവും ആയ ഒരു നിലനില്‍പ് അതിന് ആവശ്യം ആണ്. പെരിയാര്‍ രാമസ്വാമിനായ്ക്കരുടെയും മറ്റും ആവശ്യം അനുസരിച്ച് ദ്രവീഡിയന്‍ സംസ്ഥാനങ്ങളില്‍ ബ്രാഹ്മണ മേധാവിത്വം അവസാനിപ്പിക്കണം. കൂടാതെ ജാതിവ്യവസ്ഥയും മതാചാരങ്ങളും വനിതകളുടെ അടിച്ചമര്‍ത്തലും ഇല്ലാതാക്കണം. സമഗ്രമായ സാമൂഹ്യപരിഷ്‌ക്കരണവും നടപ്പില്‍ വരുത്തണം. ഹിന്ദിയുടെ അടിച്ചേല്‍പിക്കലിനെയും ദ്രവീഡിയന്‍ ദേശീയ മുന്നേറ്റം എതിര്‍ത്തു. പ്രാദേശിക ഭാഷകളുടെ, പ്രത്യേകിച്ചും തമിഴിന്റെ, പുനര്‍ജ്ജീവനവും, ഈ മുന്നേറ്റം ഉള്‍ക്കൊണ്ടിരുന്നു. ഏതായാലും ഈ ദ്രവീഡിയന്‍ ദേശീയ മുന്നേറ്റം ഫലം അണിഞ്ഞില്ല. അതിനുശേഷം 1969-ല്‍ ഡി.എം.കെ.യുടെ വിജയത്തോടെ അണ്ണാദുരെ തമിഴ് ദേശീയത എന്ന ആശയത്തിന് പ്രചാരം നല്‍കി.

ദ്രവീഡിയന്‍ ഐക്യം അല്ലെങ്കില്‍ ദേശീയത എന്ന ആശയത്തിന് ആണ് കമല്‍ഹാസന്‍ ഊന്നല്‍ നല്‍കുന്നത്. അദ്ദേഹം ഒരു പ്രത്യേക ദ്രവീഡിയന്‍ രാഷ്ട്രം തല്‍ക്കാലം ഉദ്ദേശിക്കുന്നില്ല. രാഷ്ട്രീയമായും സാമ്പത്തീകമായും ദ്രവീഡിയന്‍ സംസ്ഥാനങ്ങളുടെ ശബ്ദം ശക്തമായി ദല്‍ഹിയില്‍ എത്തിക്കണം, കേള്‍പ്പിക്കണം അതാണത്രെ അദ്ദേഹത്തിന്റെ പുതിയ രാഷ്ട്രീയ അവതാരത്തിന്റെ ഉദ്ദേശം. കമല്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ പാര്‍ട്ടി ഫെബ്രുവരി 21 ന് പ്രഖ്യാപിക്കും.

കമല്‍ഹാസന്‍ ഒരു കലാകാരന്‍ ആണ്, തികച്ചും നല്ല ഒരു കലാകാരന്‍. രജനികാന്തിനെ പോലെ തന്നെ പരക്കെ അംഗീകരിക്കപ്പെട്ട ഒരു കലാകാരന്‍ ആണ് അദ്ദേഹം. സംശയമില്ല. കലാകാരന്മാര്‍ സ്വപ്‌ന ജീവികള്‍ ആണ്. വികാരജീവികള്‍ ആണ് അവര്‍. രാഷ്ട്രീയത്തില്‍ ഈ സ്വപ്‌നങ്ങളും വികാരങ്ങളും വിലപ്പോകുമോ? എം.ജി.ആറിന്റെയും എന്‍.റ്റി.ആറിന്റെയും കാലം കഴിഞ്ഞില്ലേ?
ഇനി കമല്‍ഹാസന്റെ ദ്രവീഡിയന്‍ രാഷ്ട്രീയ അജണ്ടയിലേക്ക് അല്പം വിശദം ആയി. എല്ലാ തെന്നിന്ത്യന്‍ സംസ്ഥാനങ്ങളെയും ദ്രവീഡിയന്‍ ഐക്യത്തില്‍ ഒരുമിച്ച് അണിനിരത്തുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. ദ്രവീഡിയന്‍ ദേശീയത എന്ന വാക്ക് അദ്ദേഹം ശ്രദ്ധാപൂര്‍വ്വം ഉപയോഗിച്ചിട്ടില്ല എന്ന് ഓര്‍മ്മിക്കണം. കേന്ദ്രവും ആയി രാഷ്ട്രീയ-സാമ്പത്തീക-സാംസ്‌ക്കാരിക വിലപേശലില്‍ ഇത് വളരെ ആവശ്യമായി കമല്‍ കാണുന്നു. 130 സീറ്റുകള്‍ ആണ് അഞ്ച് ദ്രവീഡിയന്‍ സംസ്ഥാനങ്ങള്‍ക്കായി ലോകസഭയില്‍ ഉള്ളത്. 572 അംഗങ്ങളില്‍ ബാക്കി 442-0 ആര്യ ആധിപത്യം ഉണ്ട്. വടക്കെ ഇന്‍ഡ്യന്‍ സംസ്ഥാനങ്ങളില്‍ ആണ്. അതുകൊണ്ട് ദ്രവീഡിയന്‍ സംസ്ഥാനങ്ങള്‍ ഒന്നായി നിലകൊണ്ട് അവരുടെ അവകാശങ്ങള്‍ നേടിയെടുക്കണം. ഇതാണ് കമലിന്റെ രാഷ്ട്രീയ ലക്ഷ്യം.

കമല്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയപാര്‍ട്ടിയുടെ സമാരംഭത്തിന് മുന്നോടി ആയി തമിഴ്‌നാട് മുഴുവനും ഒരു തമിഴക കണ്ടെത്തല്‍ യാത്രയില്‍ ആണ്. യാത്രയുടെ ആരംഭം അദ്ദേഹത്തിന്റെ ജന്മനാടായ രാമനാഥപുരത്തുള്ള മുന്‍ രാഷ്ട്രപതി എ.പി.ജെ.അബ്ദുള്‍ കലാമിന്റെ വസതിയില്‍ നിന്നും ആണ്. അദേദഹത്തിന്റെ വിശാലമായ ദ്രവീഡിയന്‍ രാഷ്ട്രീയ സ്വപ്‌നങ്ങള്‍ പൂവണിയിക്കുവാന്‍ ആണ് ഈ ദ്രവീഡിയന്‍ സങ്കല്പന യാത്ര.
മുഖ്യമന്ത്രിമാരായ ചന്ദ്രബാബു നായിഡുവും(ആന്ധ്രപ്രദേശ്), ചന്ദ്രശേഖരറാവുവും(തെലുങ്കാന), സുദ്ദാരാമയ്യയും(കര്‍ണ്ണാടക), പിണറായി വിജയനും(കേരള) ദ്രവീഡിയന്മാര്‍ ആണ്. കമല്‍ അദ്ദേഹത്തിന്റെ ഒരു തമിഴ് പ്രതിവാര പംക്തിയില്‍ എഴുതി, തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പഴനി സ്വാമിയെ ഒഴിവാക്കികൊണ്ട്. എന്നിട്ട് അദ്ദേഹം ചോദിച്ചു ഈ ദ്രവീഡിയന്‍ നേതാക്കന്മാര്‍ ഒന്നിച്ചു ചേര്‍ന്നാല്‍ ദല്‍ഹിക്ക് ദ്രവീഡിയന്‍ ജനതയെ അവഗണിക്കുവാന്‍ കഴിയുമോ? ചോദ്യം പ്രസക്തം ആണ്. പക്ഷേ,

പക്ഷേ, ഈ അഞ്ച് ദ്രവീഡിയന്‍ സംസ്ഥാനങ്ങള്‍ക്കും ദ്രവീഡിയന്‍ സത്വരാഷ്ട്രീയത്തിന്റെ പേരില്‍ ഒന്നിക്കുവാന്‍ കഴിയുമോ? കമല്‍ഹാസന് തമിഴ്‌നാട് ജയിക്കുവാന്‍ കഴിയുമോ?
എം.ജി.ആര്‍. ഏഴകളുടെ തോഴന്‍ ആയിട്ടാണ് തമിഴ്‌നാട് കീഴടക്കിയത്. 
വെള്ളിത്തിരയിലെ മായശക്തിവേറെ. എന്‍.റ്റി.ആര്‍. തെലുങ്ക് സ്വാഭിമാനത്തിന്റെ പേരില്‍ ആണ് ആന്ധ്രപ്രദേശ് വിജയിച്ചത്. സിനിമയിലെ ഈശ്വര പ്രതിഛായ ഒപ്പവും. അണ്ണാദുരെ, കരുണാനിധി തുടങ്ങിയവര്‍ക്ക് ദ്രവീഡിയന്‍ സത്വ രാഷ്ട്രീയം വന്‍തുണയായി ഒപ്പം ഉണ്ടായിരുന്നു. കമലിനെയും ദ്രവീഡിയന്‍ സത്വരാഷ്ട്രീയം സഹായിക്കുമോ? അദ്ദേഹം തന്നെ ഒരു ബ്രാഫിണ്‍ ആണ്. അത് ദ്രവീഡിയന്‍ സത്വരാഷ്ട്രീയത്തിന് എതിരും ആണ്. അദ്ദേഹം നിരീശ്വരവാദിയും ഇടതുപക്ഷ ചിന്താഗതിക്കാരനും ആണ്. ആദ്യത്തേത് ദ്രവീഡിയന്‍ സത്വ രാഷ്ട്രീയത്തിന്റെ ആള്‍ അടയാളം ആണ്. ദ്രവീഡിയന്‍ സത്വരാഷ്ട്രീയത്തിന് ഇപ്പോഴും പ്രസക്തി ഉണ്ടോ? ആര്യ-ദ്രാവിഡ സംഘട്ടനത്തിന്റെയും ദ്രവീഡിയന്‍ പാലായനത്തിന്റെയും ആര്യ മേധാവിത്വത്തിന്റെയും കഥകള്‍ക്ക് ഇപ്പോഴും ചരിത്രപരമായി നിലനില്‍പുണ്ടോ? കഴമ്പുണ്ടോ? രജനികാന്തിന്റെ ആത്മീയ രാഷ്ട്രീയം എന്താണ്? സംഘപരിവാറിന്റെ ഹിന്ദുത്വരാഷ്ട്രീയം ആണോ? സംഘപരിവാറിന്റെ ഹിന്ദുത്വരാഷ്ട്രീയം ആണോ? അല്ല ശുദ്ധരാഷ്ട്രീയം, സുതാര്യ രാഷ്ട്രീയം ആണെന്ന് അദ്ദേഹം ആണയിട്ടു പറയുന്നു. പക്ഷേ, രജനികാന്തിന്റെ സംഘപരിവാര്‍ ചായ് വ് അറിയാവുന്നവര്‍ക്ക് അത് വിശ്വസിക്കുവാന്‍ പ്രയാസം ആണ്.

എന്തായിരിക്കും കമലിന്റെ ദ്രവീഡിയന്‍ സത്വരാഷ്ട്രീയത്തോട് ഇതര തെന്നിന്ത്യന്‍ ദ്രവീഡ സംസ്ഥാനങ്ങള്‍ക്കുള്ള പ്രതികരണം? കേരളത്തിനും ആന്ധ്രപ്രദേശിനും, കര്‍ണ്ണാടകയ്ക്കും തെലുങ്കാനക്കും എല്ലാം അവരവരുടെതായ പ്രാദേശീക രാഷ്ട്രീയം ഉണ്ട്. അതിന് ബദലായി ഒരു ദ്രവീഡിയന്‍ സത്വരാഷ്ട്രീയം പൊതുവായി വാര്‍ത്തെടുക്കുവാന്‍ അത്ര എളുപ്പം അല്ല. കാവേരി? മുല്ലപ്പെരിയാര്‍? കമലിന്റെ വിജയത്തെ ആശ്രയിച്ചിരിക്കും മറ്റു ചില കാര്യങ്ങള്‍. കമല്‍- രജനി-ഡി.എം.കെ.-എഡി.എം.കെ. സമരത്തില്‍ കമലിന് മേധാവിത്വം കൈവന്നാല്‍ അടുത്ത പടി ആയി അദ്ദേഹത്തിന് അദ്ദേഹത്തിന്റെ ദ്രവീഡിയന്‍ സത്വരാഷ്ട്രീയവും ആയി മുമ്പോട്ട് പോകാം. പക്ഷേ, അതിന് ഇനി വഴി എത്ര കിടക്കുന്നു? .

കമല്‍ഹാസന്റെ ദ്രവീഡിയന്‍ രാഷ്ട്രീയ സങ്കല്പങ്ങള്‍ (ഡല്‍ഹികത്ത്- പി.വി.തോമസ് )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക