Image

ഇതല്ലേ സര്‍ 'ജൂഡീഷ്യല്‍ ആക്ടിവിസം' (ഷാജന്‍ ആനിത്തോട്ടം)

ഷാജന്‍ ആനിത്തോട്ടം Published on 27 January, 2018
 ഇതല്ലേ സര്‍ 'ജൂഡീഷ്യല്‍ ആക്ടിവിസം' (ഷാജന്‍ ആനിത്തോട്ടം)
ഇന്ത്യന്‍ നീതിന്യായ ചരിത്രത്തിലെ ഏറ്റവും സ്‌ഫോടനാത്മകവും വിവാദപരവുമായ സംഭവവികാസമായിരുന്നു ജനുവരി 12-ാം തീയതി വെള്ളിയാഴ്ച സുപ്രീം കോടതിയിലെ നാല് സീനിയര്‍ ജഡ്ജിമാര്‍ കോടതി നടപടികള്‍ നിര്‍ത്തിവച്ച് നടത്തിയ പത്രസമ്മേളനം. ഭാരതത്തിന്റെ മാത്രമല്ല, ലോകനീതിന്യായചരിത്രത്തില്‍ തന്നെ സമാനതകളില്ലാത്ത ഈ സംഭവം ഇപ്പോള്‍ നിയമലോകത്താകെ ചര്‍ച്ചയായിക്കഴിഞ്ഞു. സുപ്രീം കോടതിയിലെ ഏറ്റവും മുതിര്‍ന്ന ന്യായാധിപന്മാരായ രാജ്ജന്‍ ഗോഗോയ്, ജെ.ചെലമേശ്വര്‍, മദന്‍ ലോകൂര്‍, കുര്യന്‍ ജോസഫ് എന്നിവരാണ് ചീഫ് ജസ്റ്റീസിന്റെ പക്ഷാപാതപരമായ നടപടികളെ പരസ്യമായി വിമര്‍ശിച്ച് രംഗത്തു വന്നത്, അന്നേ ദിവസം കോടതികളുടെ നടപടികളെല്ലാം നിര്‍ത്തിവച്ചുകൊണ്ട്, ജസ്റ്റീസ് ചെലമേശ്വറിന്റെ ഔദ്യോഗിക വസതിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അവര്‍ ഉന്നയിച്ച ആരോപണങ്ങളോടൊപ്പം അവരുടെ നിവര്‍ത്തിയുടെ ഔചിത്യവും തുല്യ പ്രാധാന്യത്തോടെ ലോകം ചര്‍ച്ചചെയ്യുന്നു എന്നതാണ് അസാധാരണമായ ഈ സംഭവവികാസത്തെ ഏറ്റവും ശ്രദ്ധയേമാക്കുന്നത്.

പതിവുപോലെ ഇത്തവണയും രാഷ്ട്രീയക്കാര്‍ കുളം കലക്കി മീന്‍പിടിക്കാനെത്തിക്കഴിഞ്ഞു. ജഡ്ജിമാരുടെ പത്രസമ്മേളനത്തിന്റെ ചൂടാറുന്നതിനുമുമ്പേ തന്നെ സി.പി.ഐ. നേതാവ് ഡി.രാജ, ജസ്റ്റീസ് ചെലമേശ്വറിന്റെ വസതിയിലെത്തി അദ്ദേഹവുമായി ചര്‍ച്ച നടത്തിയത് വലിയ വാര്‍ത്താപ്രാധാന്യമാണ് നേടിയത്. കുട്ടിക്കാലം മുതലുള്ള സുഹൃത്തിനെ വ്യക്തിപരമായ നിലയിലാണ് അദ്ദേഹം കാണാന്‍ പോയതെന്നും ജഡ്ജിമാരുടെ പത്രസമ്മേളനവുമായി അതിന് ബന്ധമൊന്നുമില്ലെന്നുമൊക്കെ അവരുടെ പാര്‍്ട്ടി സെക്രട്ടറി സുധാകര്‍ റെഡ്ഡി.വിശദീകരിയ്ക്കുന്നുണ്ടെങ്കിലും ആടിനെ പട്ടിയാക്കുന്ന അത്തരം വ്യാഖ്യാനങ്ങളൊന്നും ജനം വിശ്വസിക്കുന്നില്ല. ചീഫ് ജസ്റ്റീസിനെ ഇംപീച്ച് ചെയ്യുവാനുള്ള പ്രമേയം ഈ മാസം തന്നെ പാര്‍ലമെന്റില്‍ അവതരിപ്പിയ്ക്കുമെന്നുള്ള സി.പി.ഐ.(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസ്താവന കൂട്ടിചേര്‍ത്തുവായിക്കുമ്പോഴാണ് അണിയറയില്‍ എന്തൊക്കെയോ തയ്യാറെടുക്കുന്നുവെന്ന തോന്നല്‍ നമുക്കൊക്കെയുണ്ടാവുന്നത്.
പരസ്യപ്രസ്താവനകള്‍ ന്യായാധിപന്മാരുടെ അധികാരാവകാശങ്ങളില്‍പ്പെട്ടവയാണോയെന്നതിനേക്കാള്‍, അവര്‍ ഉന്നയിച്ച കാതലായ വിഷയങ്ങള്‍ അത്യന്തം ഗൗരവമുള്ളതാണ് എന്നതാണ് സംശയരഹിതമായ കാര്യം. നമ്മുടെ പരമോന്നത നീതിപീഠത്തില്‍ വല്ലാത്തൊരു പ്രതിസന്ധിയാണ് ഇത് സൃഷ്ടിച്ചിരിക്കുന്നത്. ഓരോ ജഡ്ജിയും ഏതൊക്കെ കേസുകളാണ്, അഥവാ ഓരോ കേസും ഏതൊക്കെ ബെഞ്ചുകളിലേയ്ക്കാണ് വിടേണ്ടതെന്ന് തീരുമാനിയ്ക്കുവാനുള്ള അവകാശം ഇന്നത്തെ വ്യവസ്ഥിതിയില്‍ ചീഫ് ജസ്റ്റീസില്‍ നിക്ഷിപ്തമാണ്. ഈ വിവേചനാധികാരം ചീഫ് ജസ്റ്റീസ് ദീപക് മിശ്ര കുറ്റകരമായും സംശയകരമായും ദുരുപയോഗിക്കുന്നു എന്നാണ് നാല് സീനിയര്‍ ജഡ്ജിമാര്‍ ആരോപിക്കുന്നത്. ജഡ്ജിമാരുടെ മുഖം നോക്കി, എന്നു വച്ചാല്‍ അവരുടെ നിലപാടുകളും സ്വാധീനവുമനുസരിച്ച്, നിര്‍ണ്ണായകമായ കേസുകള്‍, വിചാരണയ്ക്കും വിധിതീര്‍പ്പിനുമായി വിടുന്നുവെന്നത് അതീവ ഗുരുതരമായ ആരോപണമാണ്. ഇത് ഇന്ത്യന്‍ ജുഡീഷ്യറിയുടെ മേല്‍ വലിയൊരു കരിനിഴല്‍ തന്നെയാണ് വീഴ്ത്തിയിരിക്കുന്നത് എന്നതാണ് സത്യം. നീതിന്യായവ്യവസ്ഥിതിയെ ഒന്നാകെ സംശയത്തിന്റെ നിഴലിലാക്കുന്ന നിര്‍ഭാഗ്യകരമായ സ്ഥിവിശേഷമാണത്.

ചീഫ് ജസ്റ്റീസിനെതിരെ ഒരു സുപ്രഭാതത്തില്‍ തോന്നിയ അഭിപ്രായവ്യത്യാസം പത്രസമ്മേളനത്തിലൂടെ വിളിച്ചുകൂവുകയായിരുന്നില്ല തങ്ങള്‍ എന്ന് നാലുപേരും വ്യക്തമാക്കുന്നുണ്ട്. ചീഫ് ജസ്റ്റീസിന്റെ വഴിവിട്ടതും അനുചിതവുമായ പ്രവൃത്തികള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് മാസങ്ങള്‍ക്കു മുമ്പ് തങ്ങള്‍ അദ്ദേഹത്തിനു നല്‍കി ഏഴുപേജുള്ളൊരു കത്തും അവര്‍ പുറത്തു വി്ട്ടിരിക്കുന്നു. മാധ്യമങ്ങളെ കാണുന്നതിനുമുമ്പ് അവസാനവട്ട അനുരജ്ജനശ്രമമെന്ന നിലയില്‍ അന്നുരാവിലെയും ചീഫ് ജസ്റ്റീസിനെ ചെന്ന് കണ്ട കാര്യവും അവര്‍ വിശദീകരിച്ചു. എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോള്‍ കാര്യങ്ങളുടെ കിടപ്പ് രാജ്യത്തെ ജനങ്ങളെയും മാധ്യമങ്ങളെയും ബോധ്യപ്പെടുത്തുവാനാണ് അസാധാരണ നടപടിയെന്ന നിലയില്‍ പത്രസമ്മേളനം വിളിയ്‌ക്കേണ്ട വന്നതെന്നും ജഡ്ജിമാര്‍ ന്യായീകരിയ്ക്കുന്നു.

ലോകത്ത് എല്ലായിടത്തുമെന്നതുപോലെ ഇന്ത്യയിലും ചീഫ് ജസ്റ്റീസെന്നത് അത്യന്തം ആദരണീയവും ഉന്നതവുമായ ഒരു പദവിയാണ്. രാഷ്ട്രപതിയെ വരെ സത്യപ്രതിജ്ഞ ചെയ്യിയ്ക്കുന്ന കുലീനമായ അധികാരസ്ഥാനം! സമന്മാരിലെ പ്രഥമന്‍ മാത്രം(Fort Among equals) എന്നൊക്കെ വാദത്തിനു വേണ്ടി പറയാമെങ്കിലും ചീഫ് ജസ്റ്റീസ് എക്കാലവും മറ്റുള്ളവരേക്കാള്‍ ഏറെ ആദരവര്‍ഹിക്കുന്നു; ലഭിയ്ക്കുകയും ചെയ്യുന്നു. പക്ഷേ ആ പദവിയില്‍ എത്തിച്ചേരുന്നവര്‍ സംശയത്തിന്റെ മുള്‍മുനയില്‍ നില്‍ക്കുമ്പോള്‍ നീതിന്യായവ്യവസ്ഥയ്ക്കു മുഴുവനും കോട്ടം സംഭവിക്കുന്നു. സമീപകാലത്ത് നടക്കുന്ന പല കേസുകളുടെയും വിചാരണ, സംശയകരമായ സാഹചര്യങ്ങളില്‍ ചില പ്രത്യേക ജഡ്ജിമാരുടെ ബെഞ്ചുകളിലേയ്ക്ക് മാറ്റപ്പെടുമ്പോള്‍, ഉന്നതങ്ങളില്‍ എന്തൊക്കെയോ ചരടുവലികള്‍ നടക്കുന്നുവെന്ന് സ്വാഭാവികമായും നാം സംശയിച്ചുപോകും.
സി.ബി.ഐ. ജഡ്ജിയായിരുന്ന ജസ്റ്റീസ് ബി.എച്ച്.ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസ് ഒരു പ്രത്യേക ബഞ്ചിലേയ്ക്ക് വിട്ടത് നിയമലോകത്തും പൊതുസമൂഹത്തിലും ഏറെ ചര്‍ച്ചാവിഷയമായതാണ്. 2005-ല്‍ ഗുജറാത്തില്‍ തീവ്രവാദിയെന്ന് മുദ്രകുത്തപ്പെട്ട് അറസ്റ്റിലായ സൊഹാറാബുദ്ദീന്‍ ദുരൂഹസാഹചര്യത്തില്‍ പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത് വന്‍ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ദിവസങ്ങള്‍ക്കകം ഒപ്പം അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹത്തിന്റെ ഭാര്യ കൗസര്‍ബിയെയും മരിച്ച നിലയില്‍ കണ്ടെത്തി. പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐ.എസ്..ൈയുമായി ബന്ധമുണ്ടെന്നതായിരുന്നു സൊഹ്‌റാബുദ്ദീനെതിരെയുള്ള ഏറ്റവും ശക്തമായ ആരോപണം. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോഡിയെ വകവരുത്തുവാന്‍ തീവ്രവാദ സംഘടനയായ ലഷ്‌കര്‍-ഈ-തോയിബയുമായി സൊഹ്‌റാബുദ്ധീന്‍ ഗൂഢാലോചന നടത്തിയെന്ന് പോലീസ് കുറ്റപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് ഹൈദ്രാബാദില്‍ നിന്നും മഹാരാഷ്ട്രയിലെ സാംഗഌയിലേയ്ക്ക ബസില്‍ യാത്രചെയ്യുകയായിരുന്ന സൊഹ്‌റാബുദ്ദീനെയും ഭാര്യയെയും ഭീകരവിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്ത് അഹമ്മദാബാദിലേയ്ക്ക് കൊണ്ടുപോയത്. പിന്നെ ലോകം കേള്‍ക്കുന്നത് പോലീസുമായുള്ള ഏറ്റുമുട്ടലില്‍ അയാള്‍ കൊല്ലപ്പെട്ടു എന്ന വാര്‍ത്തയാണ്.

തീവ്രവാദികളും രാഷ്ട്രീയ എതിരാളികളും പോലീസും പട്ടാളവുമായുള്ള 'ഏറ്റുമുട്ടലില്‍' കൊല്ലപ്പെടുന്നത് ഒരു വാര്‍ത്തയേ ആകാത്ത ഇന്ത്യയില്‍ പക്ഷേ, സൊഹ്നബുദ്ദീന്റെയും ഭാര്യയുടെയും കൊലപാതകം ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ഇന്ദിരാഗാന്ധിയുടെ ഭരണകാലത്ത് സിക്ക് തീവ്രവാദികള്‍ ഒരുപാടുപേര്‍ ഇങ്ങനെ വ്യാജ ഏറ്റുമുട്ടലില്‍ ഇല്ലായ്മ ചെയ്യപ്പെട്ടിട്ടുണ്ട്. സൊഹ്‌റാബുദ്ദീന്റെ അറിയപ്പെടുന്ന ക്രിമിനല്‍ പശ്ചാത്തലം കൂടി പരിഗണിക്കുമ്പോള്‍ സംഗതി എളുപ്പത്തില്‍ തമസ്‌ക്കരിയ്ക്കപ്പെടുമായിരുന്നു. പക്ഷേ അന്ന് ഗുജറാത്ത് ആഭ്യന്തരമന്ത്രിയായിരുന്ന അമിത് ഷായുടെ ഈ കേസിലെ പങ്കും ഗുജറാത്തിലെയും രാസ്ഥാനിലെയും കെട്ടിട- മാര്‍ബിള്‍ മാഫിയകളുടെ പങ്കാളിത്തവുമെല്ലാം കൂടി മാധ്യമവിചാരണയ്ക്കു വന്നപ്പോള്‍ കേസ് സി.ബി.ഐ.യുടെ അന്വേഷണചുമതലയിലെത്തി. അവരുടെ അന്വേഷണപരമ്പരകള്‍ക്കും തുടര്‍ന്ന് നടന്ന വിചാരണയ്ക്കുമൊടുവില്‍ കേസില്‍ വിധി പറയാനിരിയ്‌ക്കെയാണ് 2014 ഡിസംബര്‍ ഒന്നിന് നാഗ്പൂരില്‍ സഹപ്രവര്‍ത്തകന്റെ മകളുടെ വിവാഹചടങ്ങിനെത്തിയ ജസ്റ്റീസ് ബി.എച്ച്.ലോയ ദുരൂഹസാഹചര്യത്തില്‍ 'ഹൃദ്രോഗം' മൂലം മരിയ്ക്കുന്നത്. തുടര്‍ന്ന് കേസ് ഏറ്റെടുത്ത പുതിയ ജഡ്ജി അമിത് ഷായെ കുറ്റവിമുക്തനാക്കി വിചാരണ ഒഴിവാക്കിക്കൊടുക്കുക കൂടി ചെയ്തപ്പോള്‍ 'ഡെന്മാര്‍ക്കില്‍ എന്തൊക്കെയോ ചീഞ്ഞുനാറുന്നു' എന്ന് ജനം വിലയിരുത്തിത്തുടങ്ങി.

ജസ്റ്റീസ് ലോയയുടെ മരണം ആസൂത്രിതമായി നടത്തിയ ഒരു കൊലപാതകമായിരുന്നു എന്ന തരത്തില്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ പല വെളിപ്പെടുത്തലുകളും നടത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പിതാവും സഹോദരിയും സമീപകാലത്ത് ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റീസ് നടത്തിയ ചില കൈകടത്തലുകളെക്കുറിച്ചും ലോയയെ സ്വാധീനിക്കുവാന്‍ ആയിരം കോടി വാഗ്ദാനം ചെയ്തതുമായ പല വെളിപ്പെടുത്തലുകളും നടത്തിയത് വാര്‍ത്തയില്‍ ഇടം പിടിച്ചിരുന്നു. ജീവഭയം കൊണ്ടാവണം ജസ്റ്റീസ് ലോയയുടെ മകന്‍ തങ്ങള്‍ക്കാരെയും സംശയമില്ലെന്ന് പ്രതികരിച്ചു കഴിഞ്ഞു. പക്ഷേ പൊതുജനത്തിന്റെ കണ്ണില്‍ വര്‍ഷങ്ങള്‍ക്കുശേഷവും ലോയയുടെ മരണം ദുരൂഹമായിത്തന്നെ നിലനില്‍ക്കുകയാണ്. ഈ കേസും സുപ്രീം കോടതിയുടെ സമഗ്ര അന്വേഷണത്തിന്റെ പരിധിയില്‍ വന്നുകൊണ്ടിരിക്കുമ്പോഴാണ് ചീഫ് ജസ്റ്റീസ് സ്വന്തം നിലയിലും സംശയാസ്പദമായും ചില ജസ്റ്റീസ് കേസുകള്‍ ചില പ്രത്യേക ജഡ്ജിമാരുടെ ബഞ്ചുകളിലേയ്ക്ക് റഫര്‍ ചെയ്യുന്നുവെന്ന ആരോപണത്തിന് ബലം നല്‍കുന്നത്.
ചീഫ് ജസ്റ്റീസ് ദീപക് മിശ്രയെ പ്രതിരോധത്തിലാക്കുന്ന മറ്റ് ചില ആരോപണങ്ങള്‍ കൂടി നിയമലോക്തതെ സജീവചര്‍ച്ചയായിക്കഴിഞ്ഞു. ലക്‌നോ മെഡിക്കല്‍ കോളേജ് കോഴക്കേസില്‍ സുപ്രീംകോടതിയിലെ അംഗ ബഞ്ചിന്റെ വിധിയെ അസാധുവാക്കി പുതിയ അഞ്ചംഗ ബെഞ്ച് രൂപീകരിച്ചുകൊണ്ടുള്ള ചീഫ് ജസ്റ്റീസിന്റെ തീരുമാനമുണ്ടായത് കഴിഞ്ഞ നവംബര്‍ മാസത്തിലായിരുന്നു. പ്രശാന്ത് ഭൂഷണനെപ്പോലുള്ള ആദരണീയരായ നിയമജ്ഞര്‍ ഈ തീരുമാനത്തിനെതിരെ ശക്്തമായി നിലകൊണ്ടതും  പരമോന്നത കോടതിയില്‍ നടന്ന തര്‍ക്കങ്ങളും അന്നു മുതല്‍ അങ്ങാടിപ്പാട്ടാണ്. കുപ്രസിദ്ധരായ പ്രസാദ് എഡ്യൂക്കേഷന്‍ ട്രസ്റ്റിന്റെ ചെയ്തികള്‍ മെഡിക്കല്‍ കൗണ്‍സില്‍ ശക്തമായി വിലയിരുത്തി, കോളേജ് അഡ്മിഷനിലെ കോഴവഴികള്‍ അടച്ചുകൊണ്ടിരിക്കുമ്പോഴാണഅ ട്രസ്റ്റിന്റെ വഴിയേ നിയമം തിരിയുന്നു എന്ന അവസ്ഥ വന്നത്. നീതിപീഠങ്ങളുടെ പ്രവര്‍ത്തനങ്ങളും ഇന്ത്യയിലെ പൊതുരംഗവും നിഷ്പക്ഷമായി വീക്ഷിക്കുന്നവരൊയാകെ അസ്വസ്ഥരാക്കുന്നതായിരുന്നു മാധ്യമശ്രദ്ധ ഒരുപാട് നേടിയ ഇത്തരം സംഭവവികാസങ്ങള്‍. ഒടുവില്‍, നാല്  ജഡ്ജിമാരുടെ പത്രസമ്മേളനം വന്നതോടുകൂടി ജീര്‍ണ്ണതയുടെ പുറന്തോട് പൊട്ടിത്തുടങ്ങിയെന്ന് നാം വേദനയോടെ, ആകുലതയോടെ തിരിച്ചറിയുന്നു!

ജഡ്ജിമാരുടെ പരസ്യപ്രതികരണത്തെ ശക്തമായി വിമര്‍ശിക്കുന്നവര്‍ ഒട്ടേറെയുണ്ട്. എല്ലാ കീഴ് വഴക്കങ്ങളും പ്രോട്ടോക്കോളും ലംഘിച്ചുകൊണ്ടാണ് സുപ്രീംകോടതിയിലെ ഏറ്റവും സീനിയറായ ഈ ന്യായാധിപന്മാര്‍ പത്രസമ്മേളനം വിളിച്ചുകൂട്ടിയതെന്ന് ചില മുന്‍ജഡ്ജിമാരുള്‍പ്പെടെയുള്ളവര്‍ കുറ്റപ്പെടുത്തുന്നു. പക്ഷേ തങ്ങള്‍ക്കു മുമ്പില്‍ മറ്റ് വഴികളൊന്നുമില്ലായിരുന്നു എന്നുള്ള ജഡ്ജിമാരുടെ ന്യായീകരണത്തിനാണ് ഇന്ന് നിയമലോകത്ത് കൂടുതല്‍ സ്വീകാര്യത ലഭിച്ചുകൊണ്ടിരിക്കുന്നത്. എഴുതിക്കൊടുത്ത പരാതികള്‍ക്കും നേരില്‍ക്കണ്ട് നടത്തിയ അഭ്യര്‍ത്ഥനകള്‍ക്കു ചീഫ് ജസ്റ്റീസിന്റെ ഭാഗത്തു നിന്നും അനുകൂല പ്രതികരണമുണ്ടാകാതിരിയ്ക്കുമ്പോള്‍, വിഷയം രാജ്യത്തിന്റെ പൊതുചിന്തകള്‍ക്കും ചര്‍ച്ചകള്‍ക്കും വിട്ടുകൊടുക്കുകയല്ലാതെ  മറ്റൊന്നും ചെയ്യാനില്ലെന്ന് ആദരണീയരായ ആ ന്യായാധിപന്മാര്‍ പറയുമ്പോള്‍ നമുക്കത് മുഖവിലയ്‌ക്കെടുക്കേണ്ടിവരും. അള മുട്ടിയാല്‍ ചേരയും കടിയ്ക്കുമെന്നതാണല്ലോ പ്രകൃതി നിയമം.

പ്രശ്‌നം ഇത്രയും വഷളായിട്ടും കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ സ്വീകരിയ്ക്കുന്ന തന്ത്രപരമായ മൗനം ശ്രദ്ധേയമാണ്. സമവായത്തിന് അണിയറയില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും നീക്കങ്ങള്‍ നടക്കുന്നതായാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിയ്ക്കുന്നത്. അതത്രയും നന്ന്. അല്ലെങ്കില്‍ ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലേയ്ക്ക് മാറും; ഇപ്പോള്‍തന്നെ പല കേസുകളുടെയും വിധിതീര്‍പ്പിന്റെ സാധുതയും നീതിബോധവും പല സംശയങ്ങള്‍ക്കും ഇടനല്‍കിയിരിയ്ക്കുന്ന സാഹചര്യങ്ങളില്‍ പ്രത്യേകിച്ചു.

നിലവിലെ നിയമ-ഭരണ വ്യവസ്ഥികളില്‍ കോടതികള്‍ അനാവശ്യ ഇടപെടലുകള്‍ നടത്തുന്നു എന്ന വിമര്‍ശനങ്ങളുയരുന്ന ഒരു കാലഘട്ടത്തിലാണ് നമ്മള്‍ ജീവിയ്ക്കുന്നത്. അത്തരം ഇടപെടലുകള്‍ ജനങ്ങളുടെ അവസാന പ്രതീക്ഷയാണെന്ന് വാദിയ്ക്കുന്നവരുമുണ്ട്. ഉദാഹരണത്തിന്, ഹര്‍ത്താലുകള്‍ക്കും പൊതുവഴികളിലെ പ്രകടനങ്ങള്‍ക്കുമെതിരെയുള്ള കേരള ഹൈക്കോടതിയുടെ വിധിതീര്‍പ്പുകള്‍ ജുഡീഷ്യല്‍ ആക്ടിവിസ'ത്തിന്റെ നല്ല മാതൃകകളായി ജനം  അംഗീകരിയ്ക്കുമ്പോഴും, നിയമസഭയുടെയും എക്‌സിക്കൂട്ടീവിന്റെയും പ്രവര്‍ത്തനങ്ങളില്‍ വിവിധ കോടതികള്‍ നടത്തുന്ന കൈകടത്തലുകളെ നമ്മള്‍ അപലപിയ്ക്കുകയും ചെയ്യുന്നു. ഇപ്പോള്‍ സംഭവിച്ചിരിയ്ക്കുന്നത് കുടത്തിലെ ഭൂതത്തെ തുറന്നുവിട്ടിരിയ്ക്കുന്നു എന്നതാണ്. സുപ്രീംകോടതിയിലെ നാലു സമുന്നതരായ ന്യായാധിപന്മാര്‍ നടത്തിയ പരസ്യപ്രതികരണം നമ്മുടെ നീതിന്യാവ്യവസ്ഥിതിയിലെ ജീര്‍ണ്ണതകളെ തുറന്നുകാട്ടുന്നൊരു തിരുത്തല്‍ വാദമായി നമ്മളംഗീകരിച്ചേ പറ്റൂ. 'രാജാവ് നഗ്നനാണ്' എന്ന് വിളിച്ചു പറയുവാന്‍ ഇപ്പോള്‍ ഒന്നല്ല, നാല് 'കുട്ടികള്‍' ഉണ്ടായിരിയ്ക്കുന്നു എന്നത് നീതിബോധമുള്ള ഒരു ജനതയുടെ വിജയമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക