Image

ഇതരസംസ്ഥാനമലയാളികളുടെ പ്രശ്നങ്ങള്‍ മുഖ്യധാരയിലേക്ക്

Published on 12 January, 2018
ഇതരസംസ്ഥാനമലയാളികളുടെ പ്രശ്നങ്ങള്‍ മുഖ്യധാരയിലേക്ക്
ഇതര സംസ്ഥാന മലയാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ സജീവമായി അവതരിപ്പിക്കപ്പെട്ട ദിനമാണ് ഇന്ന്ലോകകേരളസഭ ദര്‍ശിച്ചത്. പ്രവാസി എന്ന നിര്‍വചനം അനുസരിച്ചുള്ള പരിഗണനയില്‍ മറ്റു സംസ്ഥാനങ്ങളിലുള്ള മലയാളികള്‍ പലപ്പോഴും ഉള്‍പ്പെടുന്നില്ല എന്ന പരാതി പൊതുവെ ചര്‍ച്ചയില്‍ ഉയര്‍ന്നു. കാമ്പുള്ള ഒട്ടേറെ നിര്‍ദേശങ്ങള്‍ ചര്‍ച്ചയിലുണ്ടായി. പട്ടികജാതി,പട്ടികവര്‍ഗ,നിയമ,സാംസ്‌കാരിക മന്ത്രി എ.കെ.ബാലന്‍, റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍, പി.കരുണാകരന്‍ എം.പി, ഇ.എസ്.ബിജിമോള്‍ എം.എല്‍.എ, മുന്‍ മന്ത്രി കെ.സി.ജോസഫ്, നോര്‍ക്ക സെക്രട്ടറി പി.വേണുഗോപാല്‍ തുടങ്ങിയവര്‍ ചര്‍ച്ച നയിച്ചു.

അന്യസംസ്ഥാനങ്ങളില്‍ ജോലിക്കും മറ്റുമായി പോകുന്ന മലയാളി പെണ്‍കുട്ടികളുടെ സുരക്ഷയ്ക്കായി സഹായകേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നാണ് പ്രമുഖ സാമൂഹികപ്രവര്‍ത്തകയായ സുനിത കൃഷ്ണന്‍ ആവശ്യപ്പെട്ടത്. അവിടങ്ങളില്‍ ലൈംഗികപീഡനത്തിനിരയാകുന്ന പെണ്‍കുട്ടികള്‍ക്ക് അത് അറിയിക്കാന്‍ ഒരു സംവിധാനം ഉണ്ടാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

പ്രവാസി നിക്ഷേപകരെ ഉള്‍പ്പെടുത്തി സാമ്പത്തികവികസനത്തിനായി ഒരു കണ്‍സോര്‍ഷ്യം രൂപീകരിക്കണമെന്നാണ് ദശകങ്ങളായി മഹാരാഷ്ട്രയില്‍ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനരംഗത്തുള്ള പി.ആര്‍.കൃഷ്ണന്‍ ഉന്നയിച്ചത്. 
മലയാളം പരിപോഷിപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍പോലെ പ്രവാസി മലയാളികളുടെ കുട്ടികള്‍ക്ക് കലാബോധം വളര്‍ത്താനും ശ്രമങ്ങള്‍ ഉണ്ടാകണമെന്ന് പ്രമുഖ ചിത്രകാരനായ ബോസ് കൃഷ്ണമാചാരി ആവശ്യപ്പെട്ടു.

ഇതരസംസ്ഥാന പ്രവാസികളുടെ എണ്ണം സംബന്ധിച്ച് കൃത്യമായ കണക്കില്ലാത്തതിന്റെ ബുദ്ധിമുട്ട് പല പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കുവെച്ചു. നൂറുകണക്കിന് വരുന്ന ഇതരസംസ്ഥാന മലയാളി സമാജങ്ങള്‍ക്ക് വ എല്ലാ ഇതരസംസ്ഥാന മലയാളികള്‍ക്കും കേരളത്തില്‍ ഔദ്യോഗികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ നോര്‍ക കാര്‍ഡ് നല്‍കുക, അന്യസംസ്ഥാനങ്ങളില്‍ മരണമടയുന്ന മലായളികളുടെ മൃതശരീരം നാട്ടിലെത്തിക്കാന്‍ നല്‍കുന്ന തുക വര്‍ധിപ്പിക്കുക, പ്രവാസി പെന്‍ഷന്‍ തുക വര്‍ധിപ്പിക്കുക, മലയാളം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ സമ്മേളനത്തില്‍ ഉയര്‍ന്നു. 

മലയാളം മിഷന്റെ ഭാഗമായുള്ള അധ്യാപികമാരുടെ ഓണറേറിയം വര്‍ധിപ്പിക്കണമെന്ന് ആവശ്യമുണ്ടായി. മുംബൈ സര്‍വകലാശാലയില്‍ മലയാളം ചെയര്‍ സ്ഥാപിക്കാനാവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്നാണ് മുംബൈയില്‍നിന്നുള്ള പതിനിധി ആവശ്യപ്പെട്ടത്.

നോര്‍ക്കയുടെ പ്രവര്‍ത്തനങ്ങളും വിവിധ ധനസഹായ പദ്ധതികളും സംബന്ധിച്ച് അന്യസംസ്ഥാനങ്ങളിലെ മലയാളികള്‍ക്കായി ചാനലുകളില്‍ പരസ്യങ്ങള്‍ നല്‍കണമെന്നും ആവശ്യമുയര്‍ന്നു. നോര്‍ക്ക ധനസഹായം നല്‍കുന്നതിനുള്ള വരുമാനപരിധി  അഞ്ചുലക്ഷം രൂപയായി വര്‍ധിപ്പിക്കുന്നത് കൂടുതല്‍പേരെ ഉള്‍ക്കൊള്ളാന്‍ സഹായകമാവുമെന്നും അഭിപ്രായമുണ്ടായി. എഴുത്തച്ഛന്‍ പുരസ്‌കാര ജേതാവ് സച്ചിദാനന്ദന്‍, പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ടി.ജെ.എസ്.ജോര്‍ജ് തുടങ്ങിയവരുംസദസ്സിലുണ്ടായിരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക